ദേവിയുടെ മാഹാത്മ്യം പദംതോറും പ്രകീര്‍ത്തിക്കുന്ന മഹാപുരാണമാണ് ശ്രീമദ് ദേവീമഹാഭാഗവതം. വിഷ്ണുഭാഗതം പോലെ 12 സ്‌കന്ദങ്ങള്‍, 18,000 ശ്ലോകങ്ങള്‍. ഒരു ബൃഹദ്വിജ്ഞാനകോശം തന്നെയാണ് ശ്രീമദ് ദേവീമഹാഭാഗവതം എന്നുപറയാം.
നാദരൂപിയായ സൗന്ദര്യത്തിന്റെ അധിദേവതയാണ് ദേവി. ഇച്ഛജ്ഞാനക്രിയാക്തികളുടെ സഞ്ചലനത്താല്‍ നാദം വാചകവും ദ്യോതകവുമായി സ്വരൂപം തേടുന്നു. ബോധത്തിന്റെ ലാവണ്യദീപ്തിയാല്‍ സംഗീതസാഹിത്യങ്ങളായി സുപരിണാമം ആര്‍ജ്ജിക്കുന്നു. കാലമാകട്ടെ താളം ചേര്‍ത്ത് നാദപരിണാമങ്ങളൊരുക്കുകയായി.
അനിച്ഛാപൂര്‍വമായി ആകാശത്തിലുണ്ടാകുന്ന നാദം ‘അനാഹതം’. സര്‍വസാധാരണമായ പ്രപഞ്ചനാദം ‘ആഹതം’. നാദമില്ലാതെ ഗീതമില്ല. ശബ്ദമില്ലാതെ സ്വരങ്ങളില്ല. നാദസഹായമില്ലാതെ നര്‍ത്തനമില്ല. ത്രിമൂര്‍ത്തികളും പരാശക്തിയും നാദാത്മകരാകുന്നു. രാഗതാളലയസ്വരശ്രുതികളാല്‍ നാദം പ്രപഞ്ചത്ത വസന്തം പോലെ സേവിക്കുകയായി. വാഗര്‍ത്ഥസംപൃക്തതയായി കാളിദാസനും ചിത്തരഞ്ജിനിയായി ‘നാദതനുമനിശം’ എന്ന് ത്യാഗരാജനും നാദമാഹാത്മ്യത്തെ അനുഗാനം ചെയ്തിരിക്കുന്നു. ആപാദമധുരവും ആലോചനാമൃതവുമായി സംഗീതമപി സാഹിത്യം എന്ന ചൊല്ലും നമ്മുടെ സംസ്‌കൃതിയുടെ തനിമയിലുണ്ട്.
ദേവീപൂജയും നവരാത്രിയും ദേവീഭാഗവതം 5-ാം സ്‌കന്ദം 34-ാം അധ്യായം വിശദീകരിക്കുന്നു. ഏറ്റവും പ്രധാനം നവരാത്രി വ്രതമാകുന്നു. വ്രതത്തിന്റെ ഫലസിദ്ധി ഭാഗവതത്തിലിങ്ങനെ:
‘ആരാകിലും സര്‍വലോകാ-
നന്ദങ്ങളുമണത്തിട്ടും
ദേഹാന്തത്തില്‍ പരമമാം
ദേവീലോകവുമാര്‍ന്നിടും
നവരാത്രവ്രതം സര്‍വ-
വ്രതങ്ങളിലുത്തമം
ശിവാസമ്പൂജനം ശ്രേഷ്ഠം
സര്‍വൗഖ്യ പ്രദായകം.
ദേവീഭക്തിക്ക് സമ്പന്നമായ സാഹിത്യ സംസ്‌കാരമാണ് ഭാരതത്തിലുള്ളത്. സ്‌തോത്രങ്ങളും സ്തപങ്ങളും സങ്കീര്‍ത്തനങ്ങളുമായി പരശതം കൃതികള്‍ സംസ്‌കൃതത്തിലുണ്ട്. ശക്തിസ്വരൂപിണിയും ജ്ഞാനസ്വരൂപിണിയും കാമസ്വരൂപിണിയുമായ ദേവി എന്നും എവിടെയും ആരാധിക്കപ്പെടുന്നു. ദേവീമാഹാത്മ്യം ബംഗാളില്‍ ‘ചണ്ഡി’ എന്നും മധ്യഭാരതത്തില്‍ ദുര്‍ഗാസപ്തശതിയെന്നും അറിയപ്പെടുന്നു. വഴിയാത്രയില്‍ ‘ദേവീമാഹാത്മ്യം’ കൈയിലുണ്ടെങ്കില്‍ ആപത്താര്‍ക്കുമൊട്ടുണ്ടാവില്ല എന്നതാണ് രൂഢിയായ വിശ്വാസം.
ദേവിയുടെ മഹിമാതിരേകം തിരിച്ചറിഞ്ഞ ആദിശങ്കരാചാര്യര്‍ ഭാവത്തിന്റെ പരകോടിയില്‍ ദേവിയെ വിളിച്ചിങ്ങനെ. ശബ്ദബ്രഹ്്മമയി, ചരാചരമയി, ജ്യോതിര്‍മയി, വാങ്മയി, നിത്യാനന്ദമയി, പരാത്പരമയി, മായാമയി, ശ്രീമയി. ഇതിനുമപ്പുറം സ്വരപ്രശംസ ദേവിക്ക് വേറെ വേണോ? ഇവര്‍ക്കായി നൂറ്റെട്ടിലേറെ ദേവീക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ആധുനികകാലഘട്ടത്തില്‍ ദേവിയെ ആരാധിച്ചാരാധിച്ച് നിര്‍വൃതിയടഞ്ഞവര്‍ രണ്ടുപേരാണ് – ശ്രീരാമകൃഷ്ണപരമഹംസനും മഹാകവി സുബ്രഹ്്മണ്യഭാരതിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: