അഭിപ്രായ സ്വാതന്ത്യത്തിനുള്ള പരിശ്രമങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ഭരണകൂടവെറിക്കെതിരായ പോരാട്ടത്തിന് നൊബേലിന്റെ തിളക്കം. ഫിലിപ്പീനില്‍ പിറന്ന മരിയ റസ്സയും റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറാത്തോവും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യസംരക്ഷണത്തിനും സമാധാനത്തിനും നല്കിയ മഹത്തായ സംഭാവനകളുടെ പേരിലാകും. മരിയയുടെ സ്വന്തം ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറും ദിമിത്രി സ്ഥാപിച്ച നൊവായ ഗസെറ്റ എന്ന പത്രവും വധഭീഷണികളെ അതിജീവിച്ച് മുന്നേറിയ ചരിത്രം ലോകത്തോട് പറയും.
മതഭീകരതയ്ക്കെതിരെയും ഭരണകൂടഭീകരതയ്ക്കെതിരെയും നിര്‍ഭയം എഴുതുകയും പ്രചരിപ്പിക്കുകയുമായിരുന്നു ഇരുവരും. അധികാരശക്തികള്‍ക്ക് വഴങ്ങാത്തതിന് ദിമിത്രി നേരിട്ടത് കൊന്നുകളയുമെന്ന ഭീഷണിയായിരുന്നു. പത്രമാരംഭിച്ച് ആറ് മാസത്തിനുള്ളില്‍ ആറ് സഹപ്രവര്‍ത്തകരെയാണ് അവര്‍ വധിച്ചത്. എന്നിട്ടും കൂസാതെ ദിമിത്രി ആവിഷ്കാരസ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം എഴുതി. അഴിമതിയെയും മനുഷ്യാവകാശലംഘനങ്ങളെയും തുറന്നുകാട്ടി. ഒരുകാലത്ത് സോവിയറ്റ് ആര്‍മിയുടെ പോരാളിയായിരുന്ന ദിമിത്രി മാധ്യമപ്രവര്‍ത്തനരംഗത്തും പ്രകടിപ്പിച്ചത് സൈനികന്റെ ശൗര്യമാണ്
മയക്കുമരുന്നും അധികാരദുര്‍വിനിയോഗവും അഴിമതിയും കൊടികുത്തിവാണ ഫിലിപ്പീന് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരെ പോരാടുകയായിരുന്നു മരിയ. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാ
ഠം പോലും അറിയുമായിരുന്നില്ല മരിയയ്ക്ക്. എന്നാല്‍ ഫിലിപ്പീന് കൗമാരങ്ങളെ വേട്ടയാടിയ മയക്കുമരുന്ന് മാഫിയയ്ക്കെതിരെ, അവരെ സംരക്ഷിക്കുന്ന പ്രസിഡന്റ് ഡ്രിഗോ ഡുട്ടെര്‍ട്ടിന്റെ അനധികൃത ഇടപെടലുകള്‍ക്കെതിരെ പൊരുതുക എന്നത് ജനാധിപത്യപരമായ തന്റെ ദൗത്യമാണെന്ന തിരിച്ചറിവിലാണ് മരിയ കൊടുങ്കാറ്റായത്.
അന്വേഷണാത്മക ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സ്ഥാപനത്തിലൂടെ മരിയ അഭിപ്രായസംരക്ഷണത്തിന്റെ കാവല്‍പ്പോരാളിയായി. പ്രസിഡന്റ് ഡുട്ടെര്‍ട്ടിന്റെ ഭരണകൂടം വേട്ടയാടിയിട്ടും നിര്‍ഭയയായി അവര്‍ സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് നിലയുറപ്പിച്ചു. നീതി നടപ്പാക്കേണ്ട ജഡ്ജിയും വിവാദങ്ങളിലകപ്പെട്ട വ്യവസായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്തിയതിന് തടവായിരുന്നു ഡുട്ടെര്‍ട്ട് ഭരണകൂടം മരിയയ്ക്ക് വിധിച്ചത്.
ലോകമെമ്പാടും ഭീകരവാദമുയര്‍ത്തുന്ന ഭീഷണികള്‍ വരച്ചു കാട്ടുന്നതായിരുന്നു മരിയ റസ്സയുടെ പുസ്തകങ്ങള്‍. അല്‍ഖ്വയ്ദ അടക്കമുള്ള ഭീകരസംഘടനകളുടെ ഏഷ്യയിലെ ഇടെപടലുകളെ വിശദമായി പ്രതിപാദിക്കുന്നതാണ് 2003ല്‍ പ്രസിദ്ധീകരിച്ച സീഡ്സ് ഓഫ് ടെറര്‍ എന്ന മരിയയുടെ പുസ്തകം. 2013ല്‍ പ്രസിദ്ധീകരിച്ച ‘ഫ്രം ബിന്‍ ലാദന് ടു ഫെയ്സ്ബുക്’ ഭീകരവാദ ആശയങ്ങള്‍ക്ക് ശക്തി പകരുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകളെപ്പറ്റി വിശദമായി പരാമര്‍ശിക്കുന്നതാണ്.
പ്രതികൂല സാഹചര്യങ്ങളിലും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും നിലകൊള്ളുന്ന ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളാവുകയാണ് മരിയ റസ്സയും, ദിമിത്രി മുറാത്തോവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: