തൃശ്ശൂര്‍: നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സിമന്റ്, കമ്പി എന്നിവയ്ക്കുണ്ടായ വന്‍ വിലവര്‍ധനയാണ് നിര്‍മാണ മേഖലയെ തളര്‍ത്തുന്നത്. കൊവിഡ് കാല മാന്ദ്യത്തിന് ശേഷം പതുക്കെ ചലിച്ചു തുടങ്ങുന്ന സമയത്തുണ്ടായ വിലക്കയറ്റം മേഖലയ്ക്ക് കനത്ത ആഘാതമായി.
സിമന്റ് ഒരു ചാക്കിന് 50 രൂപ വരെയാണ് പല കമ്പനികളും വര്‍ധിപ്പിച്ചത്. സപ്തംബറില്‍ ഒരു ചാക്ക് സിമന്റിന് 390 വരെയായിരുന്നു വില. ഈ മാസം 400 രൂപയിലെത്തിയെങ്കില്‍ കഴിഞ്ഞ ദിവസം 450 രൂപയായി ഉയര്‍ന്നു. കമ്പിയുടെ വില ഒരു വര്‍ഷത്തിനിടെ 30 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. കിലോയ്ക്ക് 50 രൂപയ്ക്ക് താഴെയുണ്ടായിരുന്നത് 64 രൂപയിലെത്തി. കഴിഞ്ഞാഴ്ച കിലോയ്ക്ക് 55 രൂപയായിരുന്നു വില. ഈ മാസം ഒന്നു മുതല്‍ കിലോയ്ക്ക് 64 രൂപയായി വര്‍ധിച്ചു.
സമീപകാലത്തൊന്നും സിമന്റ്, കമ്പി എന്നിവയുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയിലുള്ള വ്യാപാരികള്‍ പറയുന്നത്. കരിങ്കല്ല്, ചെങ്കല്ല്, ഹോളോബ്രിക്സ്, മെറ്റല്‍, എംസാന്‍ഡ് തുടങ്ങിയവയുടെ വിലയും വര്‍ധിച്ചു. കരാറുകാരും വെട്ടിലായി. സിമന്റിനും കമ്പിക്കും വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. വിലവര്‍ധന കാരണം സര്‍ക്കാരിന്റെ ഭവനപദ്ധതിയിലുള്‍പ്പെട്ടവരുടെ വീടുകളുടെ നിര്‍മാണവും ഇപ്പോള്‍ നടക്കുന്നില്ല.
വില്‍പ്പന കുറഞ്ഞു
നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സാധാരണക്കാരെ മാത്രമല്ല വന്‍കിട നിര്‍മാണ പദ്ധതികളെയും സാരമായി ബാധിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ സിമന്റ്, കമ്പിയടക്കമുള്ളവയുടെ കച്ചവടം മെച്ചപ്പെട്ട് വരികയായിരുന്നു. പുതിയ വീട് പണിയാനൊരുങ്ങുന്നവര്‍ക്കും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവ് തിരിച്ചടിയായി. നിര്‍മാണം നടക്കാത്തതിനാല്‍ സിമന്റ്, കമ്പി എന്നിവയുടെ വില്‍പ്പന കുറഞ്ഞു. ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും വില്‍പ്പന കാര്യമായി നടക്കുന്നില്ല. വരുംദിവസങ്ങളില്‍ സിമന്റിനും കമ്പിക്കും വില ഇനിയും കൂടാനാണ് സാധ്യത.
-ആല്വിന് ആന്റണി (പ്രൊപ്രൈറ്റര്‍, സെന്റ് മേരീസ് ഹാര്‍ഡ്വെയേഴ്സ്, പൂങ്കുന്നം, തൃശ്ശൂര്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: