Categories: Kerala

വ്യാജ ചെമ്പോല; ദേശാഭിമാനി വാര്‍ത്തക്കു പിന്നില്‍ പി രാജീവ്; രാഘവ വാരിയരുടെ പങ്കിലും ദുരൂഹത

Published by

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു രേഖപ്പെടുത്തിയിരിക്കുന്ന വ്യാജ ചെമ്പോലയെക്കുറിച്ച് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിനു പിന്നില്‍ മന്ത്രി പി രാജീവിന്റെ പ്രത്യേക താല്‍പര്യം. ശബരിമല വിഷയത്തില്‍ സര്‍ക്കാറും സിപിഎമ്മും പ്രതിരോധത്തില്‍ നില്‍ക്കുമ്പോളാണ്  ദേശാഭിമാനിയില്‍ വാര്‍ത്ത വന്നത്. ചെമ്പോലയെ ആധികാരിക രേഖയായി അവതരിപ്പിച്ച പത്രം ആചാരാനഷ്ഠാനങ്ങളെ ക്കുറിച്ച് വിശ്വാസികള്‍ പറയുന്നതെല്ലാം തെറ്റെന്നു സ്ഥാപിക്കുകയും ചെയ്തു. അന്ന് ദേശാഭിമാനിയുടെ  ചീഫ് എഡിറ്ററായിരുന്ന പി രാജീവ് പ്രത്യേകം നിര്‍ദ്ദേശിച്ചതനുസരിച്ചാണ്  വാര്‍ത്ത നല്‍കിയത്.

സുപ്രീം കോടതി വിധിക്കുശേഷം മോന്‍സന്റെ ചെമ്പോലയ്‌ക്കു സ്ഥിരീകരണം നല്‍കിയതു ഇടതു ചരിത്രകാരന്‍ എം.ആര്‍.രാഘവ വാരിയരാണ്. അദ്ദേഹത്തിന്റെ പങ്കിലും ദുരൂഹതയുണ്ട്. മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ ചെമ്പോല കാണാന്‍ എത്തിയവരോട് ആധികാരികത വ്യക്തമാക്കിയതു അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു.

വാരിയരെ പൈതൃക പഠന കേന്ദ്രത്തിന്റെ ഡയറക്ടറാക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ ‘കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ സമ്മാനിക്കുകയും ചെയ്തു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നപുരസ്‌കാരം മുഖ്യമന്ത്രിയാണ് സമ്മാനിച്ചത്. എം.ആര്‍.രാഘവ വാരിയര്‍ക്ക് ചെമ്പോല വ്യാജമെന്ന് അറിയാമായിരുന്നു എന്നാണ് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷണ്‍ പറയുന്നത്. അദ്ദേഹത്തെ നേരില്‍ കണ്ടു  വ്യാജ ചെമ്പോലയാണെന്നു പറഞ്ഞിരുന്നതായും ശശിഭൂഷണ്‍ വെളിപ്പെടുത്തി.

ചെമ്പോലയെക്കുറിച്ച് ആധികാരികം എന്ന നിലയില്‍ ലേഖനം വന്നത് ജസ്യൂട്ട് പാതിരിമാരുടെ പ്രസദ്ധീകരണമായ എഴുത്ത് മാസികയിലാണ്. കൊ.വ.843 (സി ഇ 1668)ലെ ചീരപ്പന്‍ ചിറ ചെപ്പേട് ആകസ്മികമായി താന്‍  കണ്ടെടുത്തതായി അവകാശപ്പെട്ട് സന്തോഷ് ഇ ആണ് ലേഖനം എഴുതിയത്.

എപ്പിഗ്രാഫി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2018 ലെ വാര്‍ഷിക സമ്മേളനത്തില്‍  ഡോ. എം.ആര്‍. രാഘവവാര്യര്‍ ഉള്‍പ്പെട്ട സദസ്സില്‍ താന്‍ ചെപ്പേട് അവതരിപ്പിച്ചതായി ലേഖകന്‍ അവകാശപ്പെടുന്നുണ്ട്്

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗത്തിന്റെ ഗവേഷണ പ്രബന്ധാവതരണ വേദിയില്‍ 2018 സെപ്തംബര്‍ 28 നു ചെപ്പേടിനെ വിശകലനം ചെയ്തു കൊണ്ട് ഒരു അവതരണം നടത്തുകയും 2018 നവംബറില്‍ തിരൂര്‍ മലയാള സര്‍വകലാശാലയില്‍ നടന്ന കേരള ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ ശബരിമലയെ സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധത്തില്‍ ഈ ചെപ്പേട് ഉപാദാനരൂപേണ അവതരിപ്പിക്കുകയും ഉണ്ടായി. എന്നുമാണ് സന്തോഷ് ഇ ലേഖനത്തില്‍ പറയുന്നത്.

ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച വന്നിരുന്നു. അതിനു പിന്നിലും ആസൂത്രിത ഗൂഡാലോചന ഉണ്ടായിരുന്നു എന്ന സംശയം ശക്തമാണ്.  ആ പരിപാടിയില്‍ ചെമ്പോലയെ ന്യായികരിക്കാനെത്തിയത്  എം ആര്‍ രാഘവ വാരിയര്‍ ആയിരുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക