നഗരവല്‍ക്കരണം, ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളിയായി സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കുകൂട്ടല്‍ പ്രകാരം 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ നഗര ജനസംഖ്യ ഇരട്ടിയായി ഏകദേശം 877 ദശലക്ഷമായി വര്‍ദ്ധിക്കുമെന്ന് കരുതുന്നു. ഇത് രാജ്യം ഉയര്‍ന്ന നഗരവല്‍ക്കരണം നേരിടേണ്ടിവരുന്നതിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനകം തന്നെ, ഇന്ത്യയുടെ നഗരപ്രദേശങ്ങള്‍ ദേശീയ ജിഡിപിയില്‍ 60% ത്തിലധികം സംഭാവന ചെയ്യുന്നുണ്ട്.
ഇത് 2030 ഓടെ 70% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നഗരവല്‍ക്കരണത്തിനായി നഗരങ്ങള്‍ക്ക് സ്വീകരിക്കാവുന്ന നിയതമായ ഒരു മാതൃകയും ഇല്ല. ഓരോ രാജ്യവും അവിടുത്തെ ജനസംഖ്യ, സംസ്‌കാരം, സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് മികച്ച മാതൃക സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലെ ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് നഗരവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്നിരുന്നാലും, ഉയര്‍ന്ന യുവശക്തി, ഊര്‍ജ്ജസ്വലമായ ജനാധിപത്യം, ശക്തമായ സ്ഥാപന ചട്ടക്കൂടുകള്‍ എന്നിവ നഗരവല്‍ക്കരണത്തിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യക്ക് മികച്ച അവസരം നല്‍കുന്നു.
2014ന് മുമ്പ്, നഗരവല്‍ക്കരണ അജണ്ടയില്‍ പദ്ധതികള്‍ അലസമായ മനോഭാവത്തോടെയാണ് നടപ്പാക്കപ്പെട്ടത്. പദ്ധതിയുടെ എല്ലാ മേഖലകളിലും കേന്ദ്ര ഗവണ്‍മെന്റ് അനാവശ്യ ഇടപെടല്‍ നടത്തിപ്പോന്നു. ആത്യന്തികമായി പദ്ധതികളുടെ നിര്‍വ്വഹണ ചുമതല നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആണെങ്കിലും, ഓരോ പദ്ധതിക്കും ആവശ്യമായ അനുമതിയും അംഗീകാരവും കേന്ദ്ര നഗര മന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. ഈ വക്ര സമീപനം, പദ്ധതിനിര്‍വഹണത്തില്‍ വളരെ സാരമായി ബാധിച്ചു.
ഒരു ഉദാഹരണം സൂചിപ്പിക്കാം. 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷത്തിനിടയില്‍, ഭവനനിര്‍മ്മാണത്തിനായുള്ള ജെഎന്‍എന്‍യുആര്‍എം പദ്ധതിയുടെ കീഴില്‍ ഏകദേശം എട്ട് ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്., അതേസമയം 2015 ജൂണില്‍ ആരംഭിച്ച പിഎംഎവൈ (അര്‍ബന്‍) മിഷന്‍ വഴി, എന്‍ഡിഎ ഗവണ്‍മെന്റ് ആറ് വര്‍ഷത്തിനുള്ളില്‍ 1.13 കോടി വീടുകള്‍ക്ക് അനുമതി നല്‍കുകയും ഇവയില്‍ അമ്പത് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കി വിതരണം നടത്തുകയും ചെയ്തു. അവശേഷിക്കുന്ന വീടുകള്‍ പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ഈ ഗവണ്‍മെന്റ് എന്താണ് ശരിയായി ചെയ്തത്? ഭരണത്തില്‍ കോപ്പറേറ്റീവ് ഫെഡറലിസം കൊണ്ടുവന്നു എന്നതാണ് ഇതിനുത്തരം. മോദി ഗവണ്‍മെന്റിന്റെ നയ സമീപനത്തിന്റെ സാരാംശം ഇതുതന്നെയാണ്. പിഎംഎവൈ(യു) യുടെ കാര്യത്തില്‍, പദ്ധതിനിര്‍വഹണം സംബന്ധിച്ച അംഗീകാരം ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുകയും കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനായി മാത്രമാണ് കേന്ദ്ര മന്ത്രാലയത്തിലേക്ക് വരുന്നത് എന്നത് കൊണ്ടാണ് അനുമതി നല്‍കിയ വീടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായത്.
രണ്ടാമതായി, 2014 മെയ് മുതല്‍, ഈ ഗവണ്‍മെന്റ് ലോകത്തെവിടെയും നടപ്പാക്കപ്പെട്ടതില്‍ വെച്ച് ഏറ്റവുമധികം സമഗ്രവും ആസൂത്രിതവുമായ നഗരവല്‍ക്കരണ പരിപാടിയ്‌ക്ക് തുടക്കം കുറിച്ചു എന്നതാണ്. ഈ സമഗ്രമായ സമീപനം വലിയ ലാഭവിഹിതം നല്‍കിയിട്ടുണ്ട്. 2004 മുതല്‍ 2014 വരെ നഗര വികസന പദ്ധതികളിലെ മൊത്തം നിക്ഷേപം വെറും 1.57 ലക്ഷം കോടിരൂപ മാത്രമാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ (2015-2021) നിക്ഷേപത്തില്‍ ഏഴ് മടങ്ങ് വര്‍ദ്ധന- 11.83 ലക്ഷം കോടി – ഉണ്ടായിട്ടുണ്ട്
‘ഏറ്റവും ദൂരെയുള്ളവര്‍ക്ക് ആദ്യ പരിഗണന’ എന്ന തത്വമാണ് ഈ ഗവണ്‍മെന്റിന്റെ നഗരവല്‍ക്കരണ അജണ്ടയില്‍ കാണാന്‍ കഴിയുന്നത്. നഗരകാര്യ മന്ത്രാലയത്തിന്റെ ഓരോ ദൗത്യത്തിലും നിര്‍ണായകമായ സാമൂഹിക-ലിംഗാധിഷ്ഠിത ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അത് കേവലം ഒരു വീടിന്റെ നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. പകരം, ഓരോ പിഎംഎവൈ വീടും ലിംഗ ശാക്തീകരണത്തിന്റെ പ്രതീകമാണ്. കാരണം വീടിന്റെ അവകാശം വീട്ടിലെ സ്ത്രീ അംഗത്തിന്റെ പേരിലോ അല്ലെങ്കില്‍ അവരുടെ പേര് കൂടി ചേര്‍ന്ന സംയുക്ത ഉടമസ്ഥതയിലോ ആയിരിക്കണം. വീട്ടില്‍ ഒരു ശുചിമുറി എന്ന നിര്‍ബന്ധിത വ്യവസ്ഥ, പെണ്‍കുട്ടിയുടെ നിശബ്ദമായ സുരക്ഷാ ആശങ്കകളെ കൃത്യമായി അഭിസംബോധന ചെയ്തു.
2014 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍ നിന്ന് പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് ദൗത്യത്തെ ദോഷൈകദൃക്കുകള്‍ അപലപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ നഗര പരിവര്‍ത്തനത്തിന്റെ കഥ പറയുമ്പോള്‍, ജനപങ്കാളിത്തത്തിന്റെ ശക്തി സാക്ഷാത്കരിക്കപ്പെട്ടു എന്ന ലളിതമായ കാരണത്താല്‍ ശുചിത്വ ഭാരത ദൗത്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ഞാന്‍ നിസ്സംശയം പറയും. ചെറുപ്പക്കാരും പ്രായമായവരും ആവേശത്തോടെ ഭാഗഭാക്കായ ‘ജന്‍ ആന്തോളന്‍’ വഴി ഉദ്യോഗസ്ഥതല തടസ്സങ്ങള്‍, രാഷ്‌ട്രീയ നിസ്സംഗത, പൗരന്മാരുടെ അലസത എന്നിവയെല്ലാം മറികടന്ന് കൊണ്ട് അതൊരു വിജയമായി മാറി.
അതുപോലെ, അമൃത് മിഷന്‍ 500 നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വിഷയങ്ങളായ ജലവും ശുചിത്വവും അഭിസംബോധന ചെയ്തിട്ടുണ്ട്. ഒരു ശരാശരി പൗരന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതമായ നടപടികള്‍ അവരുടെ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു. നേരത്തെ, നിര്‍വ്വഹണ പോരായ്മയും അതിനെ തുടര്‍ന്നുണ്ടാകുന്ന ഫണ്ട് പാഴാക്കലും നിമിത്തം അടിസ്ഥാനസൗകര്യ വികസനം അവഗണിക്കപ്പെട്ടിരുന്നു.
ഗുണഭോക്താവിന് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആധാര്‍ മുതല്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വരെയുള്ള സാങ്കേതിക വിദ്യകളിലൂടെ സാധിച്ചിരിക്കുന്നു. ഡ്രോണ്‍ മുതല്‍ ബഹിരാകാശ സാങ്കേതികവിദ്യ വരെ ഉപയോഗിച്ച് പദ്ധതിനിര്‍വഹണത്തിന്റെ തത്സമയ പുരോഗതി വിലയിരുത്തി വിശ്വാസ്യത ഉറപ്പാക്കുന്നു.
സ്മാര്‍ട്ട് സിറ്റി മിഷന്‍, ഇന്ത്യന്‍ നഗരങ്ങളില്‍ പുതുമയുടെയും മികവിന്റെയും സംസ്‌കാരം സംയോജിപ്പിക്കുന്നതിനിടയില്‍, മറ്റു ചില ശുഭകരമായ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്നിടത്തെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പൗരന് പ്രത്യക്ഷവും പരോക്ഷവുമായ രീതിയില്‍ നേട്ടങ്ങള്‍ പകര്‍ന്നുനല്‍കുമ്പോള്‍, നാം ശരിയായ പാതയിലാണെന്ന് നമുക്ക് ഉറപ്പിക്കാന്‍ ആവും.
നമ്മുടെ നഗരങ്ങളിലെ ദരിദ്രരില്‍ കൊവിഡ് 19ന്റെ പ്രത്യാഘാതം ഭയാനകമായിരുന്നു. എന്നാല്‍ ഈ മുന്‍നിര ദൗത്യങ്ങളിലൂടെ കൂടുതല്‍ വീടുകള്‍, കൂടുതല്‍ ശുചിമുറികള്‍, കൂടുതല്‍ പൗരസൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിച്ചുകൊണ്ട് നമ്മള്‍ നേടിയ പുരോഗതി കാരണം അതിന്റെ ആഘാതം ഒരു പരിധിവരെ ലഘൂകരിക്കപ്പെട്ടു. നിര്‍ണായകമായ ചരക്ക് നീക്കം നിരീക്ഷിക്കാനും കൊവിഡ് വ്യാപനം തത്സമയം നിരീക്ഷിക്കാനും നഗര ഭരണാധികാരികളെ സഹായിക്കുന്നതില്‍ ഐസിസിസികള്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഇന്ത്യയിലെ എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലും സാര്‍വത്രിക ജലവിതരണം ഉറപ്പുവരുത്തുന്നതിനും 500 നഗരങ്ങളില്‍ ദ്രവ മാലിന്യ സംസ്‌കരണം സാധ്യമാക്കുന്നതിനും 2.8 ലക്ഷം കോടി രൂപ വകയിരുത്തി കൊണ്ട് ജല്‍ ജീവന്‍ നഗര ദൗത്യം ഗവണ്‍മെന്റ് ആരംഭിക്കും. രാജ്യം വെളിയിട വിസര്‍ജ്ജന രഹിത-പദവി നേടിയ ശേഷം, ഈ സര്‍ക്കാര്‍ ഇപ്പോള്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 വഴി,1.41 ലക്ഷം കോടി രൂപ ഉപയോഗിച്ചുകൊണ്ട്, മലിനജല ശുദ്ധീകരണം, മാലിന്യ സംസ്‌കരണം എന്നിവയില്‍ നമ്മുടെ നഗരങ്ങളുടെ കഴിവുകള്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.
നഗരവല്‍ക്കരണത്തെ സുസ്ഥിരമായി വളരുന്നതിനുള്ള ഒരു അവസരമായി ഈ ഗവണ്‍മെന്റ് നോക്കിക്കാണുന്നു. വളര്‍ച്ചയുടെ കാഴ്ചപ്പാടില്‍ ഇത് ഒരു പ്രധാന വിഷയമാണ്. വരും വര്‍ഷങ്ങളില്‍, നവ ഇന്ത്യയുടെ ഏറ്റവും മികച്ച മാതൃകയായി നാഗരിക ഇന്ത്യ ഉയര്‍ത്തിക്കാട്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക