Categories: Main Article

ഓര്‍മയില്‍ നിറഞ്ഞ് മാധവന്‍നായര്‍

കറുത്ത് കുറുതായ വപുസ്സ്, വെളുത്ത് നെടുതായ മനസ്സ് എന്ന് വള്ളത്തോള്‍ വിശേഷിപ്പിച്ച കെ. മാധവന്‍ നായര്‍ മാതൃഭൂമി പത്രത്തിന്റെ തുടക്കക്കാരന്‍ മാത്രമല്ല കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രഥമഗണനീയനുമാണ് . '' മാതൃഭൂമിയുടെ ഹൃദയം മാധവന്‍ നായരായിരുന്നുവെന്ന് നിങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹത്തെ പിന്തുടരാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തന്നുപോയ പൈതൃകത്തെ നിങ്ങള്‍ ബുദ്ധിപൂര്‍വ്വം വിനിയോഗിക്കണം '' എന്നായിരുന്നു 1934 ജനുവരി 13 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കെ. മാധവന്‍ നായരുടെ ഛായാപടം അനാച്ഛാദനം ചെയ്തുകൊണ്ട് ഗാന്ധിജി നല്‍കിയ നിര്‍ദേശം. എന്നാല്‍ മാധവന്‍ നായരെ മറക്കേണ്ടത് കേരളത്തിലെ ചിലരുടെ ആവശ്യമായിരുന്നു. മാപ്പിളക്കലാപത്തിലെ വില്ലന്മാര്‍ക്ക് സ്മാരകങ്ങള്‍ പണിയുമ്പോള്‍, മലബാറിനെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മാധവന്‍ നായര്‍ വിസ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗദിനത്തില്‍ മാധവന്‍നായരുടെ കൊച്ചുമകള്‍ പത്മിനി പൂലേരി എഴുതുന്നു

Published by

പത്മിനി പൂലേരി

( മാധവന്‍നായരുടെ കൊച്ചുമകള്‍ )

സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യപരിഷ്‌ക്കര്‍ത്താവും, ആദ്യ ത്തെ കെ.പി.സി.സി പ്രസിഡന്റുമായ കെ. മാധവന്‍ നായരുടെ ചരമദിനമാണ് ഇന്ന്. അമ്പത്തിയൊന്നാം വയസ്സില്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹം ചെയ്തുതീര്‍ത്തത് ഒരുപാട് കാര്യങ്ങളായിരുന്നു. അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം രാജ്യമെങ്ങും ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ മലബാര്‍ കലാപം എന്ന ചരിത്രഗ്രന്ഥം ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നു.  

ഭാരതസ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം നമ്മള്‍ ആഘോഷിക്കുമ്പോള്‍, മറന്നുപോയ സ്വാതന്ത്ര്യസമര സേനാനികളെ തിരിച്ചറിയാന്‍ ദേശീയതലത്തില്‍ ശ്രമം നടക്കുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം അത്തരുണത്തില്‍ ഓര്‍മിക്കപ്പെടണം,സമാദരിക്കപ്പെടണം. എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതാക്കാനും അദ്ദേഹം അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍  ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍, കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ഈ മഹാനായ മനുഷ്യനെ ആദരിക്കാന്‍ നമ്മുടെ സര്‍ക്കാരും മറ്റ് സംഘടനകളും മുന്നോട്ട് വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പ്രേരകമായ പുതിയ തുടക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു അദ്ദേഹം.

കോഴിക്കോട് സാമൂതിരി കോളേജില്‍ താഴ്ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനുള്ള സംവിധാനമൊരുക്കുന്നതിന് അദ്ദേഹം മുന്‍കൈയെടുത്തു. അന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന മിശ്രഭോജനം സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. കോഴിക്കോട് തളി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലേക്ക് താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച സാമൂതിരി എസ്റ്റേറ്റ് കലക്ടറുടെ ഉത്തരവിനെതിരെ കെ. മാധവന്‍ നായര്‍, മഞ്ചേരി രാമയ്യര്‍, കെ.പി. കേശവമേനോന്‍, സി.കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയസമരം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1920 ഏപ്രില്‍ 28ന് മഞ്ചേരി രാമയ്യര്‍ ആനിബസന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മലബാര്‍ ജില്ലാ രാഷ്‌ട്രീയ സമ്മേളനം മഞ്ചേരിയില്‍  സംഘടിപ്പിച്ചത് മാധവന്‍ നായരായിരുന്നു.  ഐക്യകേരളമെന്ന ആശയം മുന്നോട്ട് വെച്ച കെ. മാധവന്‍ നായര്‍ അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ സെഷനില്‍ പങ്കെടുത്തു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവയെ ഒരു സംസ്ഥാനമായി ഒരുമിച്ച് കൊണ്ടുവരണമെന്ന ചരിത്രപ്രാധാന്യമുള്ള പ്രമേയം അദ്ദേഹം അവതരിപ്പിച്ചു. മലബാര്‍ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി അദ്ദേഹം നിയോഗിക്കപ്പെടുകയും ചെയ്തു. അന്ന് കെ.പി.സി.സിക്ക് പ്രസിഡന്റ് പദവി ഉണ്ടായിരുന്നില്ല.  

1921 ജനുവരി 30 ന് കോഴിക്കോട് ചാലപ്പുറത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് ഈ നിയോഗമുണ്ടായത്.  നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് കോഴിക്കോട്ട് വെച്ച് ഫെബ്രുവരിയില്‍ അദ്ദേഹം അറസ്റ്റിലായി ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടു.  സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് കേരളത്തില്‍ നിന്ന് അറസ്റ്റിലാവുന്ന ആദ്യ നേതാവായിരുന്നു അദ്ദേഹം.  

മാപ്പിളലഹളയില്‍ എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്ത് കോഴിക്കോട്ടെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാനും അഭയമൊരുക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. ആഴ്ചവട്ടം ഫ്രാന്‍സിസ് റോഡ്, വാഴപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ഈ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടത്.  

മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു മാധവന്‍ നായര്‍. സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് മാതൃഭൂമി ആരംഭിച്ചത്. ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുന്നതിന് മാതൃഭൂമിക്ക് 20,000 രൂപ ആവശ്യമുണ്ടായിരുന്നു. 12,000 രൂപയോളം സമാഹരിച്ചു. ബാക്കി ആവശ്യമായ തുക കെ മാധവന്‍ നായര്‍  സ്വന്തമായി സംഭാവന നല്‍കുകയായിരുന്നു.

1924 മാര്‍ച്ച് 25 കേരള അയിത്തോച്ചാടന സമിതിയുടെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹമാണ് മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്.

മെയ് 15ന് വൈക്കം സത്യാഗ്രഹത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ട് ഗാന്ധിജിയെ ബോംബെയിലെത്തി ജുഹുവില്‍ വെച്ച് നേരില്‍ കണ്ടു. കേരളത്തിലെ പിന്നാക്ക സമൂഹങ്ങളിലെ ശോചനീയാവസ്ഥ വിശദീകരിച്ചു കൊണ്ട് അടിയന്തരമായി നടത്തേണ്ട പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെകുറിച്ച് വ്യക്തമാക്കി ഇരുപതു പേജുള്ള  കത്ത് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനൊപ്പം  അദ്ദേഹം ഗാന്ധിജിക്ക് നല്‍കി. തുടര്‍ന്നാണ് മെയ് 8 ന് ഗാന്ധിജി വൈക്കം സന്ദര്‍ശിക്കുന്നത്.

1924 ന് വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലുടനീളം അദ്ദേഹം വ്യാപകമായി സഞ്ചരിച്ചു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ ഫണ്ട് ശേഖരിക്കണമെന്ന് അദ്ദേഹം ഗാന്ധിജിയോട് അഭ്യര്‍ത്ഥിച്ചു.

1925 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും തുടര്‍ന്ന് മദ്രാസ് പ്രസിഡന്‍സി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതും മാധവന്‍ നായരായിരുന്നു. അധികാരത്തോട് ആര്‍ത്തിയില്ലാതിരുന്ന അദ്ദേഹം വാഗ്ദാനം ചെയ്യപ്പെട്ട മന്ത്രിസ്ഥാനം വേണ്ടെന്നു വച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന കാരണത്താലാണ് അദ്ദേഹം അത് നിരസിച്ചത്. ഭൂപരിഷ്‌കരണത്തിനും കുടിയാന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിനും ശബ്ദമുയര്‍ത്തിയത് അദ്ദേഹമായിരുന്നു.  

1927ല്‍ മദ്രാസ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  4 ദിവസം നീണ്ടുനിന്ന ജന്‍മി കുടിയാന്‍ വട്ടമേശ സമ്മേളനത്തില്‍  കുടിയാന്മാര്‍ക്ക് അനുകൂലമായി പങ്കെടുത്തത് മാധവന്‍ നായരായിരുന്നു. ഭൂപരിഷ്‌കരണത്തിനായുള്ള അദ്ദേഹത്തിന്റെ നിതാന്തപ്രവര്‍ത്തനം കാരണം കുടിയാന്മാരെ പിന്തുണയ്‌ക്കുന്ന ഒരു ബില്‍ 1929 ഒക്ടോബര്‍ 15ന് പാസായി.

മാതൃഭൂമി നഷ്ടത്തിലായപ്പോള്‍ മാധവന്‍ നായര്‍ ഭാര്യയുടെ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും പണയം വെച്ച് പതിമൂവ്വായിരം രൂപ കടംവീട്ടി. കടമടച്ചിരുന്നില്ലെങ്കില്‍ മാതൃഭൂമിയുടെ കെട്ടിടങ്ങളും പ്രിന്റിംഗ് പ്രസ്സും മറ്റും വില്‍ക്കേണ്ടി വരുമായിരുന്നു. 1930ല്‍ മേയ് 17ന് കെ.കേളപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്  മാധവന്‍ നായരാണ് ഉപ്പു സത്യാഗ്രഹത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. പൊതുപ്രവര്‍ത്തനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി വനിതാവിഭാഗം സംഘടിപ്പിച്ചത് മാധവന്‍ നായരുടെ നേതൃത്വത്തിലായിരുന്നു. വിദേശനിര്‍മ്മിത വസ്തുക്കള്‍ ബഹിഷ്‌ക്കരിക്കാനും, ഖാദി വസ്ത്രങ്ങള്‍ നെയ്യാനും ധരിക്കാനും, മദ്യനിരോധന പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനും അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തു.  

1930ല്‍ കെ. കേളപ്പന്റെ നിരാഹാര സമരം ഫലം കാണാത്തതിനെ തുടര്‍ന്ന്, ജയിലില്‍ നിന്ന് തിരിച്ചെത്തിയ ശേഷം  ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഭാഗമായുള്ള ഗുരുവായൂര്‍ റഫറണ്ടത്തിന്റെ ഡയറക്ടറായി മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. റഫറണ്ടത്തെ സഹായിക്കാന്‍ ഗാന്ധിജി കസ്തൂര്‍ബാ ഗാന്ധി,ഊര്‍മിളാ ദേവി, രാജഗോപാലാചാരി എന്നിവരെ അയച്ചിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹം വിജയകരമായ പരിസമാപ്തിയിലെത്താന്‍ സഹായകരമായത് ഈ ഹിതപരിശോധന കൂടിയായിരുന്നു.  

1921ലെ മലബാറിലെ മാപ്പിള ലഹളയുടെ ഏക ദൃക്‌സാക്ഷി വിവരണമായ 1921ലെ മലബാര്‍ കലാപം എന്ന ഗ്രന്ഥം രചിച്ചു. ഗാന്ധിജിയുടെ കേരള സന്ദര്‍ശന വേളകളില്‍ അദ്ദേഹം ഗാന്ധിജിയുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് തല്‍സമയവിവര്‍ത്തനം നടത്തുമായിരുന്നു. ഗാന്ധിജി തന്റെ ‘എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍’ എന്ന പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ മാധവന്‍നായര്‍ക്ക് അനുമതി നല്‍കി. 1928 മെയ് 24നാണ് മാതൃഭൂമി അത് പ്രസിദ്ധീകരിച്ചത്.  

ലുക്കീമിയ ബാധിതനായ അദ്ദേഹം 1933 സെപ്തംബര്‍ 28നാണ് തന്റെ അമ്പത്തിയൊന്നാം വയസ്സില്‍ അന്ത്യശ്വാസം വലിക്കുന്നത്. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടുകയും മലബാര്‍ കലാപത്തിന്റെ യഥാര്‍ത്ഥചരിത്രം രേഖപ്പെടുത്തുകയും ചെയ്ത ആ സ്വാതന്ത്ര സമരനേതാവിനെ 1947നു ശേഷം ആരും ഓര്‍മ്മിച്ചതേയില്ല.  

മാതൃഭൂമിയുടെ ആദ്യനാളുകളെകുറിച്ചുള്ള പരാമര്‍ശങ്ങളിലോ സ്വാതന്ത്ര്യസമരത്തെകുറിച്ചുള്ള ഗ്ര ന്ഥങ്ങളിലോ ഒന്നും കെ. മാധവന്‍ നായര്‍ പരാമര്‍ശിക്കപ്പെട്ടില്ല. അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിന്  ഉചിതമായ സ്മാരകം പോലും ഇന്ന് കേരളത്തിലില്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലെങ്കിലും അത് ഉണ്ടാവുമെന്ന് പ്രാര്‍ത്ഥിക്കാം.

പത്മിനി പൂലേരി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക