മലപ്പുറം: മാപ്പിളക്കലാപത്തിന്റെ ചരിത്രം ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിക്കുകയാണ്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമെന്നും കര്‍ഷകസമരമെന്നും വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ഇടതുവലത് രാഷ്‌ട്രീയ നേതാക്കളും തീവ്രമുസ്ലിം സംഘടനകളും. എന്നാല്‍ നൂറുവര്‍ഷം മുമ്പ് ചരിത്രം കുഴിച്ചുമൂടിയ മലപ്പുറം തുവ്വൂരിലെ കിണറിനെപ്പറ്റി, കഴുത്തറത്ത് അതില്‍ തള്ളപ്പെട്ടവരുടെ ജീവനെപ്പറ്റി ആരും ഒന്നും മിണ്ടുന്നില്ല. 1921 സപ്തംബര്‍ 25നാണ് തുവ്വൂരിലെ കിണറില്‍ 34 ഹിന്ദുക്കളുടെയും രണ്ട് മുസ്ലിങ്ങളുടെയും കഴുത്തറത്ത് തള്ളിയത്. മതം മാറില്ലെന്ന് പറഞ്ഞതാണ് ഹിന്ദുക്കള്‍ ചെയ്ത തെറ്റ്, സഹോദരങ്ങളായ ഹിന്ദുക്കളെ കൊല്ലരുതെന്ന് പറഞ്ഞതാണ് ആ മുസ്ലിങ്ങള്‍ ചെയ്ത തെറ്റ്.
ചരിത്രത്തെ വളച്ചൊടിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ തുവ്വൂര്‍ കിണറിലെ കൂട്ടക്കൊലയെ അപലപിച്ചിരുന്നു, പ്രതിഷേധിച്ചിരുന്നു, സത്യം എന്നെങ്കിലും പുറത്തുവരണമെന്ന ആഗ്രഹത്തോടെ അവര്‍ അറിഞ്ഞതും നേരില്‍ കണ്ടതും എഴുതിവച്ചിരുന്നു.
1921 സപ്തംബറിലെ ആ ക്രൂരകൃത്യത്തിന്റെ വിശ്വസനീയമായ നാള്‍വഴികള്‍ ഇങ്ങനെ: മലപ്പുറം ജില്ലയിലെ തുവ്വൂരിനും കരുവാരക്കുണ്ടിനും ഇടയിലുള്ള മൊട്ടക്കുന്നിന്റെ ചരിവിലാണ് തുവ്വൂര്‍ കിണര്‍. 1921 സപ്തംബര്‍ അവസാനവാരത്തില്‍ ഇതിനടുത്ത് ചെമ്പ്രാശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും നാലയിരത്തോളം അനുയായികളും ഒരു യോഗം ചേര്‍ന്നു. ഇവര്‍ക്കൊപ്പം ബന്ദികളാക്കപ്പെട്ട നാല്‍പ്പതോളം ഹിന്ദുക്കളും ഉണ്ടായിരുന്നു.
സമീപത്തെ മരത്തിന്റെ ചുവട്ടിലുള്ള ഒരു കല്ലില്‍ ചെമ്പ്രശ്ശേരി തങ്ങള്‍ ഇരുന്നു. ഹിന്ദുക്കളെ ഓരോരുത്തരെയായി അദ്ദേഹത്തിന്റെ മുന്നില്‍ അണിനിരത്തി. പട്ടാളത്തെ സഹായിച്ചു എന്നതാണ് അവരില്‍ ആരോപിക്കപ്പെട്ട കുറ്റം. ഇസ്ലാം മതം സ്വീകരിച്ച് കലാപകാരികള്‍ക്കൊപ്പം ചേരാനുള്ള അവസരം തങ്ങള്‍ മുന്നോട്ടുവച്ചു. ഭയന്ന് വിറച്ച ഏതാനും പേര്‍ ജീവന്‍ രക്ഷപ്പെടുമെന്ന ആവേശത്തില്‍ അതിന് സമ്മതിച്ചു. വിസമ്മതിച്ചവര്‍ക്കെല്ലാം ചെമ്പ്രശ്ശേരി തങ്ങള്‍ വധശിക്ഷ വിധിച്ചു. ഇവരെ പിന്നീട് കിണറ്റിന്‍കരയിലേക്ക് കൊണ്ടുവന്നു. ആരാച്ചാര്‍ കിണറ്റുവക്കത്തുള്ള ഒരു ചെറിയ മരത്തിനടുത്ത് നിന്ന് ഓരോരുത്തരെയായി തലവെട്ടി കിണറ്റില്‍ തള്ളി. കിണറ്റിലെറിയപ്പെട്ടിരുന്നവരില്‍ ചിലര്‍ക്ക് ജീവന്‍ ഉണ്ടായിരുന്നു. പക്ഷേ രക്ഷപ്പെടല്‍ അസാധ്യമായിരുന്നു.
മാപ്പിളക്കലാപ രക്തസാക്ഷികള്‍ക്ക് ഒരു സ്മാരകം ഒരുക്കുകയാണെങ്കില്‍ അതിന് ഏറ്റവും ഉചിതമായ സ്ഥലം തുവ്വൂരിലെ ഈ കിണര്‍ നില്‍ക്കുന്ന പ്രദേശമാണ്. എന്നാല്‍ അത് എത്രത്തോളം സാധ്യമാകുമെന്നറിയില്ല. കാരണം തുവ്വൂര്‍ കിണര്‍ സ്ഥിതി ചെയ്തിരുന്ന ആ ഭൂമി ഇപ്പോള്‍ തീവ്രമുസ്ലിം സംഘടനയുടെ സജീവപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലാണ്. രക്തക്കറ ഉണങ്ങാത്ത ആ കിണറും മൂടപ്പെട്ടിരിക്കുന്നു.
വാരിയംകുന്നനെയും ആലിമുസ്ലിയാരെയും മഹാന്മാരാക്കാന്‍ പാടുപെടുന്നവര്‍ തുവ്വൂര്‍ കിണര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അതൊരു ആവശ്യമായി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക