Categories: Astrology

നിസര്‍ഗ ദശ

ജ്യോതിര്‍ ഗമനം

ജ്യോതിഷത്തില്‍ ധാരാളം ദശാസമ്പ്രദായങ്ങളുണ്ട്. അവയില്‍ ‘നക്ഷത്രദശാപദ്ധതി’യാണ് കേരളീയര്‍ പിന്‍തുടരുന്നത്. കാലചക്രദശയെക്കുറിച്ചും ചിലപ്പോള്‍ പണ്ഡിതന്മാര്‍ പറഞ്ഞേക്കും. ശൂലദശ, യോഗിനിദശ, നാരായണദശ, ശ്രീദശ, അംശകദശ, അഷ്ടോത്തരിദശ എന്നിങ്ങനെ ഇരുപതിലധികം ദശകള്‍ പ്രമാണഗ്രന്ഥങ്ങളില്‍ പലയിടത്തായി ചിതറിക്കിടപ്പുണ്ട്. ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ ‘അഷ്ടോത്തരിദശ’യെക്കുറിച്ച് എഴുതിയിരുന്നു. ആകെ ദശാവര്‍ഷങ്ങള്‍ കൂട്ടിയാല്‍ 108 എന്നുകിട്ടും. അതാണ് ആ പേരുണ്ടാവാന്‍ കാരണം. ഇന്ന് ലളിതമായ, എന്നാല്‍ പ്രാധാന്യമുള്ള ‘നിസര്‍ഗ ദശ’യെക്കുറിച്ചാണ് ചിലതെഴുതുന്നത്…  

നിസര്‍ഗം എന്നാല്‍ സ്വാഭാവികം എന്നര്‍ത്ഥം. വളരെ യാഥാതഥ്യമായത് എന്ന് അതില്‍ നിന്നുമറിയാം. സത്യത്തോട്, സംഭവ്യതയോട് കൂടുതല്‍ അടുത്തത് എന്നും ഊഹിക്കാം.    

നിസര്‍ഗദശ അഥവാ നൈസര്‍ഗികദശയില്‍ സപ്തഗ്രഹങ്ങള്‍ക്കുമാത്രമാണ് ദശാധിപത്യം. രാഹുകേതുക്കളെ പരിഗണിക്കുന്നില്ല. ദശാക്രമം ഇങ്ങനെയാണ്:      

1. ചന്ദ്ര ദശ  1 വര്‍ഷം    

2. കുജ ദശ  2  വര്‍ഷം  

3. ബുധ ദശ 9 വര്‍ഷം  

4. ശുക്ര ദശ 20 വര്‍ഷം  

5. വ്യാഴ ദശ 18 വര്‍ഷം  

6. രവി ദശ   20 വര്‍ഷം  

7. ശനി ദശ  50 വര്‍ഷം  

ആകെ   120 വര്‍ഷം.  

നിസര്‍ഗ ദശയുടെ ക്രമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഗ്രഹങ്ങളുടെ ബലമനുസരിച്ചാവും അനുഭവവും. വിശിഷ്യാ ബലവാന്മാരായി ഉപചയങ്ങളില്‍ (3,6,10,11) നിന്നാല്‍ ശുഭാനുഭവങ്ങള്‍ ദശാകാലത്ത് വന്നെത്തുന്നതായിരിക്കുമെന്നുണ്ട്. ഗ്രഹനിലയില്‍ ചന്ദ്രന് ലഗ്നത്തെക്കാള്‍ ബലമുണ്ടെങ്കില്‍ നിസര്‍ഗദശ ഫലപ്രദമാണെന്നും കേട്ടിട്ടുണ്ട്. ഗ്രഹങ്ങള്‍ തങ്ങളുടെ പരമോച്ചത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് ഇത്രയും വര്‍ഷങ്ങള്‍ കിട്ടുക എന്നും അല്ലാത്തപക്ഷം ചില ഗണിതക്രിയകള്‍ നടത്തി ദശാവര്‍ഷങ്ങള്‍ സൂക്ഷ്മപ്പെടുത്തണമെന്നും വായിച്ചതോര്‍ക്കുന്നു. അസ്തംഗതഹരണം, ശത്രുക്ഷേത്രഹരണം, വ്യയാദിഹരണം, ക്രൂരക്ഷേത്രഹരണം തുടങ്ങിയവ നടത്തിവേണം യഥാര്‍ത്ഥ ദശാവര്‍ഷം കണ്ടെത്താനെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. തികച്ചും സാങ്കേതികമായ വിഷയങ്ങളാണവ. ജ്ഞാനകുതുകികളായ വിദ്യാര്‍ത്ഥികള്‍ ഗ്രന്ഥങ്ങളില്‍ നിന്നും, ഗുരുമുഖത്തില്‍ നിന്നും അവ അറിയട്ടെ.  

ഇപ്പോള്‍ നാം പിന്തുടരുന്ന നക്ഷത്രദശയും നിസര്‍ഗദശയും ജാതകത്തില്‍ ഒത്തുചേര്‍ന്നുവന്നാല്‍ അവയുടെ ഫലസിദ്ധി വര്‍ദ്ധിക്കും. അതുപോലെ ചില ഫലങ്ങള്‍ പറയുമ്പോള്‍ അത് ഏതു ഗ്രഹത്തിന്റെ നിസര്‍ഗദശയിലാവും സംഭവിക്കുക എന്ന് ആചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അവിടവിടെ നിസര്‍ഗദശയെക്കുറിച്ച് പരാമര്‍ശം ഉണ്ടെന്നുസാരം.  ഇതൊക്കെയാണെങ്കിലും നക്ഷത്രദശയും അതിലെ അപഹാരഛിദ്രാദികളും നേടിയെടുത്തിട്ടുള്ള വിശ്വാസസാക്ഷ്യം ഉയര്‍ന്നതാണ്. ആ ഹൃദയബന്ധം മറ്റൊരു ദശാപദ്ധതിക്കും പിടിച്ചുവാങ്ങാനോ ബദലാവാനോ കഴിയില്ല. കേരളീയ ജ്യോതിഷത്തിന്റെ ഹൃദയധമനി തന്നെയാണ് അത്.  

അഴിയുന്തോറും കൂടുതല്‍ മുറുകി വരുന്ന ഒരു പ്രതിഭാസമാണ് ജ്യോതിഷം. ഓരോ പുലരിയും കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും വേണ്ടിയുള്ളതായിരിക്കും. അതാണ് അതിന്റെ നിത്യനൂതനത്വം..  

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക