കാബൂള്‍: ഉന്നത ബിരുദങ്ങള്‍ അനാവശ്യമാണെന്നും അതിന് ഒരു വിലയുമില്ലെന്ന് താലിബാന്‍ വിദ്യാഭ്യാസമന്ത്രി. ഉന്നതവിദ്യാഭ്യാസത്തെ തള്ളിപ്പറയുന്ന ഇദ്ദേഹത്തിന്റെ വിവാദ വീഡിയോ ഇപ്പോള്‍ വൈറലാണ്. ടോളോ ടിവി റിപ്പോര്‍ട്ടറും വോയ്സ് ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ടറുമായി സെയ്ദ് സുലൈമാന്‍ അഷ്നയാണ് ഈ വിവാദ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
പിഎച്ച്ഡിയും ബിരുദാനന്തരബിരുദവും ഇന്ന് വിലയില്ലാത്തതാണെന്നും താലിബാന്‍ വിദ്യാഭ്യാസമന്ത്രി ഷേഖ് മൊള്‍വി നൂറുള്ള മുനീര്‍ ബുധനാഴ്ച പറഞ്ഞു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ ഈ മറുപടി.
‘അധികാരത്തിലെത്തിയ താലിബാന്റെ മുല്ലമാര്‍ക്കും താലിബാന്‍ നേതാക്കള്‍ക്കും ഡോക്ടറേറ്റോ ബിരുദാനന്തരബിരുദമോ ഇല്ല. എന്തിന് ഒരു ഹൈസ്‌കുള്‍ സര്‍ട്ടിഫിക്കറ്റ് പോലും ഇല്ല. എന്നിട്ടും അവര്‍ എല്ലാവരേക്കാളും മഹാന്മാരാണ്,’ അദ്ദേഹം പറഞ്ഞു.
സ്വകാര്യ സര്‍വ്വകലാശാലകളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും അഫ്ഗാനിസ്ഥാനില്‍ തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. പക്ഷെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കര്‍ട്ടന്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടാണിരിക്കുന്നത്. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് സ്ത്രീകളായ അധ്യാപികമാരാണ്. അതുപോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ ക്ലാസ്മുറികളിലിരുന്നാണ് പഠിക്കുന്നതെന്നും ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടികളെ വേറെ കെട്ടിടത്തിലിരുത്തി പഠിപ്പിക്കണമെന്നും താലിബാന്‍ നിര്‍ദേശിക്കുന്നു. പൊതുവേ പെണ്‍കുട്ടികളുടെ ഹാജര്‍നില കുറവാണെന്ന് സ്വകാര്യ സര്‍വ്വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പറയുന്നു. എങ്കിലും താലിബാന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: