ഭാരതത്തില്‍ ഏറ്റവും ആഴത്തിലും വ്യാപ്തിയിലും സൈദ്ധാന്തിക അടിത്തറയോടു കൂടി വേരുറപ്പിച്ചിട്ടുള്ള പ്രാദേശിക വിഘടന പ്രവണത ദ്രാവിഡ വാദമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ചിന്തകര്‍ ബീജാവാപം ചെയ്ത ആര്യ – ദ്രാവിഡ വംശീയ സങ്കല്‍പ്പങ്ങള്‍ നിരവധി സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ജര്‍മ്മന്‍ നാസിസത്തിന്റെ അടിത്തറ തന്നെ ആര്യന്‍ വംശീയ മേന്മയെക്കുറിച്ചുള്ള മിഥ്യാഭിമാനത്തിനു മേല്‍ പടുത്തുയര്‍ത്തിയ രാഷ്‌ട്രീയമാണല്ലോ. മാനവരാശിയ്‌ക്ക് അതുണ്ടാക്കിയ നാശം അചിന്ത്യമായിരുന്നു. തുടക്കത്തില്‍ ഒരു പ്രത്യേക ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ഭാഷകള്‍ സംസാരിച്ചിരുന്ന ജനസമൂഹങ്ങള്‍ എന്നതായിരുന്നു ആര്യ സങ്കല്‍പ്പമെങ്കില്‍, പിന്നീട് ശാരീരിക പ്രത്യേകതകള്‍, പ്രത്യേക ജനിതക ഘടന, പ്രത്യേക മത – അനുഷ്ഠാന രീതികള്‍, പ്രത്യേക പ്രദേശത്തു നിന്നുള്ള ഉത്ഭവം തുടങ്ങി നിരവധി അനുബന്ധ ഘടകങ്ങള്‍ ഈ വംശീയ വാദത്തോട് ചേര്‍ത്ത് പറയാന്‍ തുടങ്ങി. അവയെ പിന്തുണച്ചു കൊണ്ട് നാളിതുവരെ മുന്നോട്ട് വയ്‌ക്കപ്പെട്ട വാദങ്ങള്‍ക്കെല്ലാം ശക്തമായ എതിര്‍വാദങ്ങളും, നിരത്തിയ തെളിവുകള്‍ക്കെല്ലാം കടുത്ത വെല്ലുവിളികളും ഉണ്ടായിട്ടുമുണ്ട്. എങ്കിലും നിരന്തരമായ ആവര്‍ത്തനത്തിലൂടെ ഒരു വലിയ സമൂഹത്തിന്റെ മനസ്സില്‍ ഈ വംശീയ വിഘടനവാദം വളര്‍ത്തിയെടുക്കുന്നതില്‍ സ്ഥാപിത താല്‍പ്പര്യക്കാരായ പണ്ഡിതന്മാര്‍ വിജയിച്ചിട്ടുണ്ട്. തുടക്കത്തില്‍ ആര്യന്‍ എന്നത് മറ്റു സമകാലീന സമൂഹത്തേക്കാള്‍ മുന്നേറിയ സംസ്കാരത്തിന്റെ പേരായിരുന്നു. പില്‍ക്കാലത്ത് കൂടുതല്‍ പരിഷ്കൃതവും പ്രാചീനവുമായ നാഗരികതയുടെ അവശിഷ്ടങ്ങള്‍ സിന്ധു നദീതടത്തില്‍ കണ്ടെത്തുകയുണ്ടായി. അതോടെ അവരെ ആര്യന്മാരില്‍ നിന്ന് വ്യത്യസ്ഥരെന്ന നിലയില്‍ ദ്രാവിഡ വംശമായി പ്രഖ്യാപിച്ചു. സ്വഭാവികമായും ആര്യന്മാര്‍ പുറമേ നിന്നു വന്ന വെറും നാടോടികളും, അധിനിവേശകരുമായി ചിത്രീകരിയ്‌ക്കപ്പെട്ടു. ആര്യന്‍ അധിനിവേശം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ, പിന്നീടവരെ കുടിയേറ്റക്കാരാക്കി മാറ്റി സിദ്ധാന്തത്തെ ഒന്നു മയപ്പെടുത്തി. ഭാരതത്തിന്റെ തനതു ജനതയുടെയും സംസ്കൃതിയുടെയും ശേഷിപ്പുകള്‍ ബാക്കിനില്‍ക്കുന്നത് ദക്ഷിണേന്ത്യയിലാണ് എന്ന സിദ്ധാന്തത്തില്‍ ഊന്നിയാണ് ദ്രാവിഡവാദം തഴച്ചു വളരുന്നത്. എന്നാല്‍ നമ്മുടെ ഏറ്റവും പ്രാചീനമായ സാഹിത്യത്തിലും കൃതികളിലും ഒന്നും തന്നെ അത്തരം വിഭജനത്തിന്റെ യാതൊരു തെളിവുകളും ഇല്ല. മാത്രവുമല്ല, എത്രയൊക്കെ തട്ടുകളിലാക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യയുടെ മറ്റെല്ലാ പ്രദേശങ്ങളിലേയും ജനങ്ങളെ പോലെ ദാക്ഷിണാത്യരും ചരിത്രാതീത കാലം മുതല്‍ ഈ രാഷ്‌ട്രത്തെ ഒരൊറ്റ സാംസ്കാരിക സത്തയായിട്ടാണ് കണ്ടിരുന്നത് എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട് താനും. അതിവിപുലമായ തമിഴ് സാഹിത്യ ലോകത്തു നിന്ന് അത്തരം ചില മുത്തുകള്‍ കണ്ടെത്തി ഭാരതീയ സമൂഹത്തിന്റെ മുന്നില്‍ സമര്‍പ്പിയ്‌ക്കുകയാണ് ജടായു ബെംഗളൂരു എന്ന പേരില്‍ അറിയപ്പെടുന്ന ശങ്കര നാരായണന്‍.
ഇലക്ട്രോണിക്സ് വിദഗ്ദനായ ശങ്കര നാരായണന്‍ ഭാരതീയ സാംസ്ക്കാരിക സാഹിത്യ സാമൂഹ്യ വിഷയങ്ങളില്‍ പഠനം നടത്തുകയും, പ്രഭാഷണങ്ങള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയിലൂടെ തന്റെ കണ്ടെത്തലുകള്‍ സമൂഹത്തോട് പങ്ക് വയ്ക്കുകയും ചെയ്യുന്നു. തമിഴ് സാഹിത്യത്തില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള പണ്ഡിതനാണ് ജടായു. tamilhindu.com എന്ന വെബ്സൈറ്റിന്റെയും വലം മാസികയുടേയും സ്ഥാപകരില്‍ ഒരാളും എഡിറ്ററുമാണ് അദ്ദേഹം.
നമസ്തേ ! എല്ലാവര്‍ക്കും സുപ്രഭാതം
രാഷ്‌ട്ര നിര്‍മ്മാണത്തില്‍ തമിഴ് സാഹിത്യത്തിന്റെ സംഭാവനകള്‍ എന്നതാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ചയുടെ വിഷയം. അതിലേക്ക് കടക്കുന്നതിനു മുമ്പ് തമിഴ് സാഹിത്യത്തിന്റെ പഴമയും വ്യാപ്തിയും എത്രയാണെന്ന് നോക്കാം. 2300 വര്‍ഷത്തെ ചരിത്രം അതിനുണ്ട്. എല്ലാ അര്‍ത്ഥത്തിലും ക്ലാസ്സിക്കല്‍ എന്നു വിശേഷിപ്പിക്കാവുന്ന തമിഴ് സാഹിത്യം, പ്രകൃതി, പാലി, സംസ്കൃതം തുടങ്ങിയ ഇന്ത്യയിലെ മറ്റേതൊരു ക്ലാസ്സിക്കല്‍ ഭാഷാ സാഹിത്യത്തോടുമൊപ്പം പ്രതിഷ്ഠിയ്‌ക്കാവുന്ന ഒന്നാണ്.
ഇതിന്റെ ആഴവും പരപ്പും ചെറുതായി ഒന്നു പരിചയപ്പെടുത്താം. സംഘകാല കൃതികളാണ് തമിഴിലെ ഏറ്റവും പ്രാചീന ഗ്രന്ഥങ്ങള്‍. സംഘം എന്നറിയപ്പെടുന്നത് കവികളുടേയും പണ്ഡിതന്മാരുടേയും കൂട്ടായ്മയാണ്. സംഘകാല സാഹിത്യത്തിന് 600 വര്‍ഷങ്ങളുടെ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. 300 ബിസിഇ മുതല്‍ 300 സിഇ വരെയുള്ള കാലത്തെയാണ് സംഘകാലം എന്ന് പണ്ഡിതന്മാര്‍ വിശേഷിപ്പിയ്‌ക്കുന്നത്. പില്‍ക്കാലത്ത് സംഘകാല സാഹിത്യം രണ്ടു സമാഹാരങ്ങളായി ക്രോഡീകരിയ്‌ക്കപ്പെടുകയുണ്ടായി. എട്ട് ഭാഗങ്ങളുള്ള ആദ്യത്തെ സമാഹാരം ‘എട്ടു തൊഗൈ’ എന്നും, പത്തു ഭാഗങ്ങളുള്ള രണ്ടാമത്തെ സമാഹാരം ‘പത്തു പാട്ട്’ എന്നും അറിയപ്പെടുന്നു. ഏതാണ്ട് അഞ്ഞൂറ് കവികളുടെ കാവ്യങ്ങള്‍ ഇതില്‍ സമാഹരിച്ചിരിയ്‌ക്കുന്നു. അതു കഴിഞ്ഞ് സംഘാനന്തര കാലഘട്ടം വരുന്നു. അക്കാലത്തെ പ്രധാനപ്പെട്ട 18 കൃതികള്‍ ‘പതിനെന്‍ കീഴ്‌ക്കണക്ക്’ എന്ന പേരില്‍ പ്രശസ്തമാണ്. തമിഴിലെ വളരെ ഉല്‍കൃഷ്ട സാഹിത്യ സൃഷ്ടികളായി മാനിക്കപ്പെടുന്നവയാണ് ഇവ. മൂല്യബോധനകൃതി എന്ന നിലയില്‍ പ്രശസ്തമായ തിരുക്കുറള്‍ ആണ് അതില്‍ ഏറ്റവും പ്രധാനം. അതു കഴിഞ്ഞ് പുരാതനമായ തോല്‍കാപ്പിയം മുതല്‍ മദ്ധ്യകാലഘട്ടത്തിലെ നന്നൂല്‍ വരെ നമുക്ക് തമിഴില്‍ വ്യാകരണ ഗ്രന്ഥങ്ങള്‍, കവിതകള്‍, സൗന്ദര്യ ശാസ്ത്ര കൃതികള്‍ തുടങ്ങിയവയുണ്ട്. അതു കഴിഞ്ഞ് മഹാ കാവ്യങ്ങളുടേയും, ഇതിഹാസങ്ങളുടേയും കാലഘട്ടം വരുന്നു. തമിഴില്‍ കാവ്യങ്ങളുടെ വലിയൊരു കലവറ തന്നെയുണ്ട്.
ചിലപ്പതികാരം, മണിമേഖലൈ, കമ്പരാമായണം, പെരിയപുരാണം, വില്ലിഭാരതം തുടങ്ങിയവ തമിഴിലെ മഹാകാവ്യങ്ങളില്‍ ചിലതാണ്. പിന്നെ വൈഷ്ണവവും ശൈവവുമായ ഭക്തി സാഹിത്യത്തിന്റെ വലിയ ശേഖരം തന്നെയുണ്ട്. ഇത് തമിഴിന്റെ ഒരു പ്രത്യേകതയാണ്. ഏതാണ്ടെല്ലാ ഭാരതീയ ഭാഷകളിലും വലിയ അളവില്‍ വൈഷ്ണവ സാഹിത്യവും കുറച്ച് ശൈവകൃതികളും ഉള്ളപ്പോള്‍, തമിഴില്‍ ശൈവ ഭക്തിസാഹിത്യം തിരുമുറൈ എന്ന പേരില്‍ 15000 വാക്യങ്ങളുള്ള പന്ത്രണ്ട് പുസ്തകങ്ങളായി ക്രോഡീകരിച്ചിരിയ്‌ക്കുന്നു. ഏതാണ്ട് 4000 വരികള്‍ ഉള്ള വൈഷ്ണവ സാഹിത്യം ‘നാലായിര ദിവ്യ പ്രബന്ധം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഇവയാണ് സംസ്കൃതഭാഷയ്‌ക്ക് പുറത്തുള്ള ഭാരതത്തിലെ ഏറ്റവും പഴയ ഭക്തിസാഹിത്യ കൃതികള്‍. ഇതുമായി ബന്ധപ്പെട്ട് വ്യാഖ്യാനങ്ങള്‍, ഭാഷ്യങ്ങള്‍, അവലോകനങ്ങള്‍ തുടങ്ങി വേറെയും ധാരാളം ഗ്രന്ഥങ്ങള്‍ ഉണ്ട്. ഇവയെ പിന്തുടര്‍ന്ന് മധ്യകാല കൃതികളായി ദാര്‍ശനിക ഗ്രന്ഥങ്ങള്‍, അപദാന സാഹിത്യം തുടങ്ങി മറ്റു പല സാഹിത്യ രൂപങ്ങളും ഉണ്ടായിട്ടുണ്ട്.
പിള്ളൈ തമിള്‍ അത്തരത്തിലുള്ള ഒരു വിശേഷ സാഹിത്യ രൂപമാണ്. ഒരു ആരാധനാ മൂര്‍ത്തിയെയോ, ചക്രവര്‍ത്തിയെയോ, അല്ലെങ്കില്‍ ഒരു മഹാപുരുഷനെയോ പത്തു മാസത്തില്‍ കുറഞ്ഞ പ്രായമുള്ള കൈക്കുഞ്ഞായി സങ്കല്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും പ്രവൃത്തികളേയും ഒക്കെ കുഞ്ഞിന്റെ ലീലകളിലൂടെ കണ്ടു കൊണ്ട് കവി വര്‍ണ്ണിയ്‌ക്കുന്ന രീതിയാണത്. ഉദാഹരണമായി ഭഗവാന്‍ ശിവന്റെയോ, സ്കന്ദന്റെയോ പേരില്‍ ഒരു കവി പിള്ളൈ തമിള്‍ രചിച്ചാല്‍ ഭഗവാന്റെ എല്ലാ മഹദ് കൃത്യങ്ങളും മൂന്നോ നാലോ മാസം പ്രായമുള്ള ഒരു കുഞ്ഞ് ചെയ്യുന്ന രീതിയില്‍ ഭാവന ചെയ്തുകൊണ്ടാണ് എഴുതുക. ഇത് തമിഴിലെ സവിശേഷമായ ഒരു സാഹിത്യ രൂപമാണ്. പിന്നെ മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളേയും പോലെ തമിഴിലും ആധുനിക നവോത്ഥാന സാഹിത്യം, സാമൂഹ്യ പരിഷ്കരണ കൃതികള്‍, ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട രചനകള്‍ തുടങ്ങിയവയും ഉണ്ടായിട്ടുണ്ട്. തമിഴ് സാഹിത്യത്തെ പറ്റി ഞാന്‍ ഇപ്പറഞ്ഞ രൂപരേഖയില്‍ ഭാരതീയ സാഹിത്യത്തിലെ ധാരാളം പൊതുഘടകങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഏത് ഭാരതീയ ഭാഷാസാഹിത്യം എടുത്താലും ഇതുപോലെയൊക്കെ തന്നെയായിരിയ്‌ക്കും. എന്നാല്‍ തമിഴിന് തീര്‍ച്ചയായും അതിന്റേതായ ശോഭയും ആശയ പ്രകാശന രീതിയുമെല്ലാം ഉണ്ട് എന്നത് വിസ്മരിയ്‌ക്കുന്നില്ല. അതൊക്കെ മാറ്റിവച്ചാല്‍ തമിഴ് സാഹിത്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ഭാരതീയം തന്നെയാണ്.
ഈ മഹത്തായ സാഹിത്യം തമിഴ്നാടിനു പുറത്ത് വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. അത് തമിഴ്നാട്ടുകാരും ഇന്ത്യാ ഗവണ്‍മെന്‍റും പരിഹരിയ്‌ക്കേണ്ട വിഷയമാണ്. മൊഴിമാറ്റത്തിലൂടെയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വേണ്ടത്ര പ്രചാരണം കൊടുത്ത് ഈ കുറവ് പരിഹരിയ്‌ക്കണം.
എപ്പോഴൊക്കെ തമിഴിനെ കുറിച്ച് സംസാരിച്ചാലും നമുക്ക് അഗസ്ത്യനെ വിസ്മരിയ്‌ക്കാന്‍ കഴിയില്ല. നമുക്കെല്ലാവര്‍ക്കും അഗസ്ത്യനെ കുറിച്ച് അറിയാം. അദ്ദേഹം വേദത്തിലെ ഋഷിയാണ്. ചില ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തെ സപ്തര്‍ഷിമാരില്‍ ഒരാളായും കണക്കാക്കുന്നു.
ഏറ്റവും പ്രാചീന ഭാരതീയ ഗ്രന്ഥമായ ഋഗ്വേദത്തില്‍ തന്നെ അദ്ദേഹത്തിന്റേതായ സൂക്തങ്ങള്‍ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും മറ്റ് പല പുരാണങ്ങളിലും അഗസ്ത്യനെ പറ്റി പറയുന്നുണ്ട്. എല്ലാ പ്രാചീന സംസ്കൃത കൃതികളിലും പ്രാചീന തമിഴ് കൃതികളിലും പറയുന്ന അഗസ്ത്യന്റെ ചരിതം ഒരേപോലെയാണ്. ഉദാഹരണത്തിന് അഗസ്ത്യ മഹര്‍ഷി സമുദ്രത്തെ തന്റെ കമണ്ഡലുവില്‍ അടക്കിയ കഥ നമുക്കെല്ലാമറിയാം. അസുരന്മാര്‍ സമുദ്രത്തിനടിയില്‍ ഒളിച്ചപ്പോള്‍ ദേവന്മാര്‍ക്ക് അവരെ കണ്ടെത്താന്‍ കഴിയാതെ വന്നു. തുടര്‍ന്ന് സമുദ്രത്തെ വറ്റിച്ചു തരണമെന്ന് ദേവന്മാര്‍ അഗസ്ത്യനോട് അഭ്യര്‍ഥിച്ചു. അഗസ്ത്യര്‍ സമുദ്രത്തെ തന്റെ കമണ്ഡലുവില്‍ അടക്കി. ഇതാണ് ഒരു കഥ. മറ്റൊന്ന് അഗസ്ത്യരാണ് വിന്ധ്യാചല പാര്‍വ്വതം മറികടന്ന് ദക്ഷിണാപഥത്തില്‍ കാലു കുത്തിയ ആദ്യത്തെ വൈദിക ഋഷി എന്നതാണ്. ഇതെല്ലാം സംസ്കൃത ഗ്രന്ഥങ്ങളിലും തമിഴ് ഗ്രന്ഥങ്ങളിലും ഒരേപോലെ തന്നെയാണുള്ളത്. പുരാണങ്ങള്‍ അനുസരിച്ച് അദ്ദേഹം മലയ പര്‍വ്വതത്തില്‍ ആണ് ജീവിച്ചത്. ഇന്ത്യന്‍ സംസ്കൃതിയില്‍ മലയ പാര്‍വ്വതം മഹത്തായ ഏഴ് പര്‍വ്വതങ്ങളില്‍ (സപ്ത ഗിരികള്‍) ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ ഏറ്റവും തെക്കുള്ള പൊതിഗൈ മലയാണ് ഈ മലയപാര്‍വ്വതം. അവിടെയാണ് അഗസ്ത്യര്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. ആ ഭാഗത്ത് പല സ്ഥലങ്ങള്‍ക്കും അഗസ്ത്യരുമായി ബന്ധപ്പെട്ട പേരുകളുണ്ട്.
നമുക്കറിയാം തമിഴ് വ്യാകരണ നിയമങ്ങള്‍ അനുസരിച്ച് അഗസ്ത്യരെ തമിഴില്‍ അഗത്തിയര്‍ എന്നാണ് വിളിക്കുക. തമിഴ് സംസ്ക്കാരം അനുസരിച്ച് ആദ്യത്തെ ദിവ്യമായ തമിഴ് ശബ്ദങ്ങള്‍ പിറവി കൊണ്ടത് ശിവന്റെ ഡമരുവില്‍ നിന്നാണ്. അവ നല്‍കപ്പെട്ടത് അഗസ്ത്യര്‍ക്കാണ്. അതാണ് അഗസ്ത്യരുടെ മഹിമ. അഗസ്ത്യരെയാണ് തമിഴ് ഭാഷയുടെ പിതാവ് ആയി കണക്കാക്കുന്നത്. സംസ്കൃത വ്യാകരണവും പാണിനിയുടെ അഷ്ടാദ്ധ്യായിയും പരിചയമുള്ളവര്‍ക്ക് അറിയാം ഇതിനു സാമ്യമുള്ള ഒരു കഥ അവിടെയുമുണ്ട്.
‘നൃത്താവസാനേ നടരാജരാജോ നനാദ ഢക്കാം നവപഞ്ചവാരം’
ശിവന്‍ തന്റെ ഡമരു നാദം മുഴക്കിയപ്പോള്‍ ആദി ശബ്ദങ്ങള്‍ അതില്‍ നിന്ന് പുറപ്പെട്ടുവെന്നും, അവയില്‍ നിന്നാണ് പാണിനി മഹര്‍ഷി മഹേശ്വര സൂത്രങ്ങള്‍ രചിച്ചതെന്നുമാണ് ഐതിഹ്യം. സംസ്കൃത വ്യാകരണത്തിന്റെ ഉത്ഭവം അവിടെ നിന്നാണ്. നോക്കൂ തത്തുല്യമായ ഒരു കഥ തമിഴിനും പറയാനുണ്ട്. തിരുവിളയാടര്‍ പുരാണം പോലെ പില്‍ക്കാലത്തുണ്ടായ ചില ഗ്രന്ഥങ്ങളില്‍ പറയുന്നത് ശിവന്‍ ഡമരു നാദം മുഴക്കിയപ്പോള്‍, അതിന്റെ ഒരു മുഖത്തു നിന്ന് സംസ്കൃതവും, മറ്റേ മുഖത്തു നിന്ന് തമിഴും ഉണ്ടായി എന്നാണ്. അതുകൊണ്ട് ഇവ രണ്ടും ദിവ്യഭാഷകളാണ്. രണ്ടും മനുഷ്യരാശിയ്‌ക്കുള്ള ഭഗവാന്‍ ശിവന്റെ സമ്മാനങ്ങളാണ്. ഇങ്ങനെയാണ് ഈ ഐതിഹ്യം ഉണ്ടായത്.
അഗത്ത്യം എന്നറിയപ്പെടുന്ന ആദ്യ തമിഴ് വ്യാകരണ ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം അഗസ്ത്യര്‍ക്കാണ്. എന്നാല്‍ അതിപ്പോള്‍ നിലവിലില്ല. മറ്റ് ഗ്രന്ഥങ്ങളില്‍ ഈ പേര് പരാമര്‍ശിയ്‌ക്കപ്പെടുന്നതില്‍ നിന്നാണ് നമുക്ക് അതിനെപ്പറ്റി അറിവ് കിട്ടുന്നത്. പ്രകൃതി ക്ഷോഭം പോലുള്ള എന്തെങ്കിലും കാരണത്താല്‍ അത് നഷ്ടപ്പെട്ടു പോയതാവാം. ഈ നിരയില്‍ വരുന്ന അടുത്ത ഗ്രന്ഥം തോല്‍കാപ്പിയം ആണ്. മഹാ പണ്ഡിതനായിരുന്ന തോല്‍കാപ്പിയര്‍ (പൊതുവര്‍ഷം രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും മദ്ധ്യേ) ആണ് അതിന്റെ കര്‍ത്താവ്. അഗസ്ത്യരുടെ 12 ശിഷ്യന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. തമിഴ് പാരമ്പര്യത്തില്‍ അഗസ്ത്യരുടെ പരമ്പര അണിമുറിയാതെ തുടരുന്നു. മധുരയില്‍ നടന്ന സംഘത്തില്‍ അഗസ്ത്യര്‍ തമിഴ് കവികള്‍ക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. അവിടെ വച്ച് ശൈവ – ശാക്തേയ സമ്പ്രദായങ്ങളിലെ ആചാര്യനും ഗുരുവും ആയി അദ്ദേഹം ആദരിയ്‌ക്കപ്പെടുകയും ആരാധിയ്‌ക്കപ്പെടുകയുമുണ്ടായി. തമിഴ്നാട്ടിലെ പുരാതനമായ ക്ഷേത്രങ്ങളിലും ഇന്ത്യയില്‍ എമ്പാടും അദ്ദേഹത്തിന്റെ വിഗ്രഹങ്ങള്‍ കാണാം. ആയുര്‍വേദത്തിന്റെ ഒരു രൂപവും തമിഴ്നാട്ടില്‍ ഏറെ പ്രശസ്തവുമായ സിദ്ധവൈദ്യത്തിന്റെ പിതാവായി ഗണിയ്‌ക്കപ്പെടുന്നതും അഗസ്ത്യരാണ്. സംസ്കൃത പാരമ്പര്യത്തില്‍ അനേകം പൗരാണിക വിജ്ഞാനങ്ങളുടെ പിതൃത്വം വ്യാസന് കല്‍പ്പിക്കപ്പെടുന്നതു പോലെ, തമിഴ് പാരമ്പര്യത്തില്‍ അതേ സ്ഥാനമാണ് അഗസ്ത്യര്‍ക്ക് കല്‍പ്പിക്കപ്പെട്ടിരിയ്‌ക്കുന്നത്. എന്നാല്‍ അതേസമയം അഗസ്ത്യര്‍ വൈദിക ഋഷിയും കൂടിയാണ് എന്നതാണ് നമ്മള്‍ ഓര്‍മ്മിയ്‌ക്കേണ്ട കാര്യം. അദ്ദേഹം ഭാരതീയ സംസ്കൃതിയില്‍ അന്യനല്ല. ഇന്തോനേഷ്യ, കംബോഡിയ, തായ്ലാണ്ട്, മലേഷ്യ തുടങ്ങിയ പല ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും അദ്ദേഹം ആരാധിയ്‌ക്കപ്പെടുന്നു. അതാണ് കൗതുകകരമായ മറ്റൊരു കാര്യം. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്താ എന്ന സ്ഥലത്തെ പ്രാംബാനന്‍ ക്ഷേത്രത്തില്‍ അഗസ്ത്യരുടെ മനോഹരമായ ഒരു വിഗ്രഹമുണ്ട്. അവര്‍ അദ്ദേഹത്തെ വിളിയ്‌ക്കുന്നത് ശിവ ഋഷി എന്നാണ്. പല തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും പരമ്പരാഗതമായി വിശ്വസിയ്‌ക്കപ്പെടുന്നത് അവരുടെ ദ്വീപുകളിലേക്ക് സംസ്ക്കാരം കൊണ്ടുവന്നത് അഗസ്ത്യര്‍ ആണ് എന്നാണ്. നോക്കൂ, അഗസ്ത്യര്‍ വിന്ധ്യാചലം കടന്ന് തെക്കന്‍ ദിക്കിലേക്ക് വന്ന് തമിഴിനെ പോഷിപ്പിച്ചു എന്ന നമ്മുടെ വിശ്വാസത്തോട് ഇത് എത്രമാത്രം സാമ്യം പുലര്‍ത്തുന്നു. ഈയെല്ലാ പാരമ്പര്യത്തിലും ഐതിഹ്യങ്ങളിലും നമ്മള്‍ ഇവിടെ മഹത്തായ ഒരു ഏകതാനത ദര്‍ശിയ്‌ക്കുന്നു.
സംഘം സാഹിത്യത്തില്‍, വൈദിക ധര്‍മ്മത്തേയും ഭാരതഭൂമിയേയും എടുത്തു പറഞ്ഞിരിയ്‌ക്കുന്നതു കാണുമ്പോള്‍ ഏതൊരാള്‍ക്കും അത്ഭുതവും ആഹ്ളാദവും ഉണ്ടാകും എന്നതുറപ്പാണ്. സംഘകാലത്തെ മഹത്തായ കൃതികളില്‍ ഒന്നായ പുറനാനൂറില്‍ നിന്നൊരു പദ്യം ഇതാ
വടാ അത് പനിപടു നെടുവറൈ വടക്കും
തെനാ അത് ഉരുകെഴ് കുമാരിയിന്‍ തെര്‍ക്കും
ഗുണാ അത് കറൈപൊരു തൊടുകടല്‍ ഉണക്കും
കൂടാ അത് തൊന്‍റുമുതീര്‍ പൗവ്വത്തിന്‍ കുടക്കും
ഇത് കേള്‍ക്കുമ്പോള്‍ വളരെ വ്യത്യസ്തതയുള്ളതായി തോന്നും. ഇക്കാലത്തെ തമിഴ് ജനതയ്‌ക്കു പോലും രണ്ടായിരം വര്‍ഷം പഴക്കമുള്ള ഈ കവിത മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതാണ് അതിന്റെ അര്‍ത്ഥം.
ഹിമം മൂടിയ വടക്കുള്ള പര്‍വ്വതത്തിന് വടക്കോട്ടും, തെക്കുള്ള മഹത്തായ കുമാരിക്ക് തെക്കോട്ടും, അലകളിളകുന്ന കിഴക്കുള്ള കുഴിക്കപ്പെട്ട സമുദ്രത്തിന് കിഴക്കോട്ടും, പടിഞ്ഞാറുള്ള പ്രാചീനമായ സമുദ്രത്തിന് പടിഞ്ഞാറേയ്‌ക്കും അങ്ങയുടെ കീര്‍ത്തി പരക്കട്ടെ.
ഇപ്രകാരമാണ് ഒരു രാജാവിന് കവി (കാരി കിഴാര്‍) മംഗളം ആശംസിയ്‌ക്കുന്നത്. ഭാരത വര്‍ഷത്തിന്റെ പ്രകൃത്യാ ഉള്ള എല്ലാ അതിരുകളും ഇവിടെ മനോഹരമായി പരാമര്‍ശിയ്‌ക്കപ്പെടുന്നു. വടക്കുള്ള ഉന്നത പര്‍വ്വതം ഹിമാലയമല്ലാതെ മറ്റൊന്നല്ല. ഈ പദ്യത്തില്‍ ഹിമാലയത്തിന്റെ പേര് പറയുന്നില്ല. എന്നാല്‍ മറ്റു പല പദ്യങ്ങളിലും ഇമയം എന്ന ഹിമാലയത്തിന്റെ തമിഴ് നാമം പരാമര്‍ശിയ്‌ക്കുന്നുണ്ട്.
വേറൊരു മനോഹരമായ കാര്യം കിഴക്കുള്ള കുഴിയ്‌ക്കപ്പെട്ട സമുദ്രത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്നതാണ്. പുരാണങ്ങള്‍ അനുസരിച്ച് കിഴക്കുള്ള സമുദ്രത്തെ സാഗരം എന്നാണ് വിളിയ്‌ക്കുന്നത്. കാരണം അത് സാഗരന്‍ എന്ന രാജാവ് കുഴിച്ചതാണ് എന്നാണ് കഥ. എന്നാല്‍ പടിഞ്ഞാറുള്ള സമുദ്രം തുടക്കം മുതലേ പ്രകൃത്യാ ഉള്ളതാണ്. ഈ സൂക്ഷ്മമായ പുരാണ സങ്കല്‍പ്പം വളരെ മനോഹരമായി ഈ പദ്യത്തില്‍ കവി ഉള്‍ക്കൊള്ളിച്ചിരിയ്‌ക്കുന്നു. ഇവിടെ മംഗളം ആശംസിയ്‌ക്കപ്പെടുന്ന രാജാവിന്റെ പേരും രസകരമാണ്. ‘പാണ്ഡ്യന്‍ പല്‍ യാഗസാലൈ മുടുകുടുമി പെരുവഴുതി’ എന്നാണ് അദ്ദേഹത്തിന്റെ പേര്. അനേകം യാഗശാലകള്‍ ഉള്ള പാണ്ഡ്യ രാജാവ് എന്നാണ് ഇതിന്റെ അര്‍ത്ഥം. മറ്റു പല ഗ്രന്ഥങ്ങളിലും വേദങ്ങള്‍, യജ്ഞങ്ങള്‍, ബ്രാഹ്മണങ്ങള്‍ തുടങ്ങി വേദങ്ങളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉണ്ട്.
തമിഴ് നാടിന്റെ അഞ്ചു തരം ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട അഞ്ച് ദേവതകള്‍ ഉണ്ട്. കുറിഞ്ചി എന്നറിയപ്പെടുന്ന മലമ്പ്രദേശം, സ്കന്ദനാണ് അവിടത്തെ ദേവന്‍. മുല്ലൈ എന്നറിയപ്പെടുന്നത് മേച്ചില്‍ പ്രദേശങ്ങളാണ്. വിഷ്ണു അല്ലെങ്കില്‍ കൃഷ്ണന്‍ ആണ് ഈ ദേശത്തെ ദൈവം. മരുതം എന്ന തണ്ണീർത്തടങ്ങളില്‍ മഴയുടെ അധിപനായ ഇന്ദ്രനാണ് മൂര്‍ത്തി. നെയ്തല്‍, എന്നറിയപ്പെടുന്ന തീരപ്രദേശങ്ങളില്‍ വരുണനാണ് ദേവത. പാലൈ എന്നറിയപ്പെടുന്നത് വരണ്ട് ഉണങ്ങിയ പ്രദേശങ്ങളാണ്. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നിലച്ചു പോയതിനാല്‍ ജീവിയ്‌ക്കാന്‍ വേണ്ടി ജനങ്ങള്‍ കൊള്ള പോലും ചെയ്യാന്‍ തയ്യാറാവുന്ന അത്തരം പ്രദേശങ്ങളില്‍ കൊട്രവൈ എന്ന പേരില്‍ ദുര്‍ഗ്ഗയാണ് ആരാധിയ്‌ക്കപ്പെടുന്നത്. ഈ അഞ്ചു ദേവതകളെ നോക്കിയാല്‍ അവയെല്ലാം വൈദിക ഹിന്ദു ദേവതകള്‍ ആണെന്ന് കാണാം. പ്രാചീന തമിഴ് സമൂഹവും അതേ ദേവതകളെ തന്നെയാണ് ആരാധിച്ചിരുന്നത്.
ഇതാ ഇവിടെ രസകരമായ വേറൊരു കവിതയുണ്ട്. വളരെ ദരിദ്രനായ ഒരു മനുഷ്യന്‍ ചോള രാജാവിന്റെ അടുക്കല്‍ പോയി അദ്ദേഹത്തെ സ്തുതിയ്‌ക്കുന്നു. രാജാവ് അയാള്‍ക്ക് യഥേഷ്ടം സമ്മാനങ്ങള്‍ കൊടുത്ത് സന്തോഷിപ്പിയ്‌ക്കുന്നു. കിട്ടിയ സമ്മാനങ്ങളെല്ലാം ചുമന്നു കൊണ്ട് ആ സാധു മനുഷ്യന്‍ തന്റെ ഗ്രാമത്തിലേക്ക് പോകുന്നു. അയാളുടെ കുടുംബവും ബന്ധുക്കളും ആ സമ്മാനങ്ങള്‍ കണ്ട് ആവേശഭരിതരായി തുള്ളിച്ചാടുന്നു. ആഭരണങ്ങളും, മാലകളും, രത്നങ്ങളും ഒക്കെ കണ്ട് എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്നു. അവരുടെ ആ സ്ഥിതിയെ കവി ഉപമിയ്‌ക്കുന്നത് രാവണന്‍ കടത്തിക്കൊണ്ട് പോവുന്ന വഴിയില്‍ സീതാദേവി ഉപേക്ഷിച്ച ആഭരണങ്ങള്‍ കണ്‍മുന്നില്‍ വീണു കണ്ട കുരങ്ങന്മാരുടെ അവസ്ഥയുമായിട്ടാണ്. മഹാപുരുഷനായ രാമന്റെ ഭാര്യയാണ് സീത. ഇതാണ് ആ കവി പറയുന്നത്.
കടുന്തെരല്‍ ഇരാമന്‍ ഉടന്‍പുണര്‍ സീതൈയൈ
വലിത്തകൈ അരക്കന്‍ വൗവിയ ഞാന്‍റൈ
നിലഞ്ചേര് മതര്‍ അണി കണ്ട കുരങ്കിന്‍
ചെമ്മുഖപ്പെരുങ്കിളൈ ഇഴൈപ്പൊലിന്താ അങ്ക്…
ഇവിടെ രാമായണത്തിലെ ഒരു സംഭവത്തെ തന്റെ കവിതയിലെ ഉപമയായി കവി ഉപയോഗിയ്‌ക്കുകയാണ്. അദ്ദേഹം എഴുതുന്നത് രാമായണമല്ല എന്നോര്‍ക്കണം. മറിച്ച് തന്റെ ജീവിതത്തിലെ ഒരു സ്ഥിതിവിശേഷത്തെ വര്‍ണ്ണിയ്‌ക്കാന്‍ രാമായണത്തിലെ ഒരു രംഗത്തെ അദ്ദേഹം ഉപമിയ്‌ക്കുന്നുണ്ടെങ്കില്‍ രാമായണം തമിഴ് ജനതയുടെ ഇടയില്‍ എത്രമാത്രം ആഴത്തില്‍ വ്യാപിച്ചിട്ടുണ്ടാവണം എന്ന് ഊഹിയ്‌ക്കാവുന്നതേ ഉള്ളൂ. തന്റെ അനുവാചകരില്‍ എല്ലാവര്‍ക്കും രാമകഥ നല്ല പരിചിതമാണെങ്കില്‍ മാത്രമേ ഒരു കവിയ്‌ക്ക് ഇതുപോലെ ഉപമിയ്‌ക്കാന്‍ കഴിയൂ.
അതുപോലെ മറ്റൊരു കവിതയില്‍ വളരെ കൗതുകം ഉണര്‍ത്തും വിധം മഹാഭാരതത്തെ പരാമര്‍ശിയ്‌ക്കുന്നു. അവിടെ കവി പറയുന്നു, അല്ലയോ ചേര രാജാവേ, അങ്ങാണല്ലോ മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരുടേയും കൗരവരുടേയും പടകളെ മുഴുവന്‍ ഊട്ടിയത്.
ആ രാജാവ് പോയി സൈന്യത്തിന് മുഴുവന്‍ ഭക്ഷണം കൊടുത്തു എന്നത് അസാദ്ധ്യമാണ്. അതൊരു പക്ഷേ കുരുവംശത്തോടുള്ള ആ രാജാവിന്റെ ബന്ധം കാവ്യാത്മകമായ ശൈലിയില്‍ കവി സൂചിപ്പിച്ചതാവാം. അതുപോലെ ത്രിപുരങ്ങളെ ദഹിപ്പിച്ചത്, വിഷം കുടിച്ചത് തുടങ്ങിയ എല്ലാ ശൈവ കഥകളും പറയുന്നുണ്ട്. വിഷ്ണുവിന്റെ അവതാരങ്ങളായ നരസിംഹം, വരാഹം, വാമനന്‍, പരശുരാമന്‍ തുടങ്ങിയ കഥകളും സംഘകാവ്യങ്ങളില്‍ കടന്നു വരുന്നു. സ്കന്ദന്റെ അഥവാ തമിഴിലെ മുരുകന്റെ ജനനം, അസുര നിഗ്രഹങ്ങള്‍ തുടങ്ങിയ എല്ലാ കഥകളും സംസ്കൃത ഗ്രന്ഥങ്ങളില്‍ ഉള്ളതു പോലെ തന്നെയാണ് തമിഴ് ഗ്രന്ഥങ്ങളിലും ഉള്ളത്. വൈദിക ഋഷിമാരുടെ പേരുകളുള്ള കവികളെ നമുക്ക് കാണാം. കപിലന്റെ പേരിനെ അനുസ്മരിച്ചു കൊണ്ട് കപിലര്‍, ഗൗതമനെ ഓര്‍മ്മിപ്പിച്ച് ഗോതമനാര്‍, രുദ്രന്‍ എന്ന പേരില്‍ നിന്ന് ഉരുത്തിരങ്കണ്ണനാര്‍, എന്തിന് വാത്മീകിയുടെ പിന്‍പറ്റിക്കൊണ്ട് വാല്മീകിയാര്‍ എന്നു പേരുള്ള കവി പോലുമുണ്ട്. ഇപ്രകാരമാണ് സംഘ കാവ്യങ്ങളില്‍ ഭാരതീയ പ്രതീകങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഇനി തിരുക്കുറളിലേക്ക് വന്നാല്‍ ഭാരതീയ വിജ്ഞാനത്തിന്റെ അന്യാദൃശവും ഏറ്റവും ഉന്നതവുമായ ഒരു ഗ്രന്ഥം ആണ് അതെന്ന് ഞാന്‍ പറയും. കുറളിന് തമിഴ് ജനത എക്കാലത്തും വളരെ വലിയ സ്ഥാനമാണ് കല്‍പ്പിച്ചിട്ടുള്ളത്. തമിഴ് വേദം എന്നാണ് തിരുക്കുറള്‍ അറിയപ്പെടുന്നത്. അതായത് ഒരു സ്മൃതി അല്ലെങ്കില്‍ ധര്‍മ്മശാസ്ത്രം എന്ന നിലയ്‌ക്കാണ് മാനിയ്‌ക്കപ്പെടുന്നത്. പൊതുവര്‍ഷം മൂന്നാം നൂറ്റണ്ടിലാണ് ഇത് രചിയ്‌ക്കപ്പെട്ടത്. എന്നാല്‍ അതിന്റെ കര്‍ത്താവായ തിരുവള്ളുവരെ കുറിച്ച് വളരെ കുറച്ച് വിശദാംശങ്ങളേ ചരിത്രത്തില്‍ ഉള്ളൂ. ആകെക്കൂടി നമുക്കറിയാവുന്നത് അദ്ദേഹം അക്കാലത്ത് ജീവിച്ചിരുന്ന ഒരു മഹര്‍ഷിയായിരുന്നു എന്നതാണ്. മൂന്നു ഭാഗങ്ങളാണ് തിരുക്കുറളിന് ഉള്ളത്. അറം, പൊരുള്‍, ഇമ്പം. ഇവ സംസ്കൃത ഗ്രന്ഥങ്ങളില്‍ ത്രിവര്‍ഗ്ഗം എന്നറിയപ്പെടുന്ന ധര്‍മ്മം അര്‍ത്ഥം കാമം എന്നീ പുരുഷാര്‍ഥങ്ങളാണ് അഥവാ മനുഷ്യ ജീവിതത്തിലെ ലക്ഷ്യങ്ങളാണ്. ഇവിടെ മോക്ഷം പ്രത്യേകമായി പറയപ്പെടുന്നില്ല, മറിച്ച് അത് ധര്‍മ്മത്തിന്റെ തന്നെ ഭാഗമാണ്. മഹാഭാരതം പോലെയുള്ള ഗ്രന്ഥങ്ങളിലും ഇത് അങ്ങനെ തന്നെയാണ്. സംസ്കൃത ഗ്രന്ഥങ്ങളിലും മോക്ഷം പിന്നീട് നാലാമത്തെ പുരുഷാര്‍ത്ഥമായി ചേര്‍ക്കപ്പെടുകയായിരുന്നു എന്ന് സംസ്കൃത പണ്ഡിതന്മാര്‍ പറയുന്നു.
തിരുക്കുറളില്‍ എമ്പാടും വേദങ്ങളേയും യജ്ഞങ്ങളേയും ഋഷികളേയും ഗോക്കളേയും പ്രകീര്‍ത്തിയ്‌ക്കുന്നു. ഹിന്ദു ദേവതമാരായ ഇന്ദ്രനും വിഷ്ണുവും ലക്ഷ്മിയും കടന്നു വരുന്നു. അഹിംസയ്‌ക്ക് വലിയ സ്ഥാനം കല്‍പ്പിച്ചിരിയ്‌ക്കുന്നു. അതുകാരണം ചില പണ്ഡിതന്മാര്‍ ഇതിനെ വൈദികം എന്നതിനേക്കാള്‍ ഒരു ജൈന ഗ്രന്ഥമായി കണക്കാക്കുന്നുണ്ട്. എന്നാല്‍ അപ്പോഴും ഇത് ഭാരതീയം തന്നെയാണ്. ബുദ്ധ ജൈന പാരമ്പര്യങ്ങള്‍ വൈദികത്തോളം തന്നെ ഹൈന്ദവമാണ്. തിരുക്കുറളില്‍ വലിയൊരളവില്‍ സംസ്കൃത പദങ്ങള്‍ ഉണ്ട്. നിരവധി സംസ്കൃത സാരോപദേശങ്ങള്‍ക്ക് തത്തുല്യമായ ആശയങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന്
ഒരു കുറള്‍ പറയുന്നു ആമ തന്റെ അവയവങ്ങളെ ഉള്ളിലേക്ക് വലിയ്‌ക്കുന്നതു പോലെ ഇന്ദ്രിയങ്ങളെ സംയമനം ചെയ്യണം. ഇത് ഗീതയിലുള്ള ഇതേ ആശയത്തിന്റെ തനിയാവര്‍ത്തനമാണ്.
‘യദാ സംഹരതേ ചായം കൂര്‍മോംഗാനീവ സര്‍വശഃ’
തിരുക്കുറലിന് പാരമ്പര്യ രീതിയിലുള്ള പത്ത് വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാം പത്തും പതിമൂന്നും നൂറ്റാണ്ടുകള്‍ക്കിടയ്‌ക്ക് ഉണ്ടായവയാണ്. അവയില്‍ ഏറ്റവും മഹത്തായി ഗണിയ്‌ക്കപ്പെടുന്നത് പരിമേലഴകര്‍ എന്ന മനീഷിയുടേതാണ്. അദ്ദേഹം ഒരു വലിയ വേദ പണ്ഡിതനായിരുന്നു. തന്റെ നിരൂപണത്തില്‍ വൈദിക ധര്‍മ്മവും തിരുക്കുറലും തമ്മിലുള്ള ബന്ധത്തെ വളരെ വിശദമായി അദ്ദേഹം ചര്‍ച്ച ചെയ്യുന്നു.
നമുക്കിനി കാവ്യങ്ങളെ പറ്റി ചിന്തിയ്‌ക്കാം. ചിലപ്പതികാരം ഒരു സാധാരണ സ്ത്രീയായ കണ്ണകിയുടെ കഥയാണ്. പാണ്ഡ്യ രാജാവിനാല്‍ അന്യായമായി കൊലചെയ്യപ്പെട്ട തന്റെ ഭര്‍ത്താവിന് നീതി കിട്ടാന്‍ വേണ്ടി അവള്‍ ഒരു സാധാരണ വീട്ടമ്മയുടെ നിലയില്‍ നിന്ന് പോരാളിയായി തീരുന്ന കഥയാണിത്. അവള്‍ മധുരാ നഗരം കത്തിച്ച് ചാമ്പലാക്കുന്നു. അതോടു കൂടി പത്തിനി അഥവാ പതിവ്രതാ ദേവി എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. അതായത് ഈ കഥ തന്നെ ഭാരതീയത നിറഞ്ഞതാണ് എന്ന് നമ്മള്‍ കാണുന്നു. പൊതുവര്‍ഷം രണ്ട് നാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഈ കഥ രചിച്ചത് ഇളങ്കോ അടികള്‍ എന്ന ഒരു ജൈന സന്യാസിയാണ്. എന്നാല്‍ ഇതില്‍ ഹിന്ദു ആശയങ്ങളും പ്രതീകങ്ങളും നിറഞ്ഞിരിയ്‌ക്കുന്നു. ചേര ചോള പാണ്ഡ്യ എന്നീ മൂന്നു മഹത്തായ രാജ്യങ്ങളുടെ ദൃഡീകരണം ഇതില്‍ പറയുന്നു. രാമായണത്തിലും മഹാഭാരതത്തിലും കൂടി ഇത് പറയുന്നുണ്ട്. ഹിമാലയത്തോടും ഗംഗയോടുമുള്ള അവയുടെ ബന്ധവും കൗതുകകരമാണ്. കണ്ണകി ദേവിയായി മാറിയപ്പോള്‍, കണ്ണകിയുടെ പേരില്‍ ഒരു ക്ഷേത്രം പണിയണമെന്ന് ചേര രാജാവായ ചെങ്കുട്ടുവന്‍ തീരുമാനിച്ചു. അദ്ദേഹം വലിയൊരു സൈന്യവുമായി പുറപ്പെട്ട് വഴിയില്‍ എതിരിട്ട രാജാക്കന്മാരെ പരാജയപ്പെടുത്തി ഹിമാലയ സാനുക്കളില്‍ എത്തുന്നു. അവിടെ നിന്നും പവിത്രമായ ശില കൊണ്ടുവന്ന് ഗംഗാജലത്തില്‍ അഭിഷേകം ചെയ്യുന്നു. കുടങ്ങളില്‍ ഗംഗാജലം ശേഖരിച്ച് അതോടൊപ്പം കൊണ്ടു വന്ന് തന്റെ രാജ്യത്ത് കണ്ണകിയ്‌ക്കു വേണ്ടി ക്ഷേത്രം പണിയുന്നു. പുരാതനമായ ഈ കാവ്യത്തില്‍ എത്ര മനോഹരമായാണ് തെക്കും വടക്കും തമ്മില്‍ ബന്ധിപ്പിച്ചിരിയ്‌ക്കുന്നത്.
അടുത്തത് മണിമേഖലൈ എന്ന ബൗദ്ധ കൃതിയാണ്. ഇത് ചിലപ്പതികാരത്തിന് ഒരു തുടര്‍ച്ചയാണ്. ബൗദ്ധ ഭിക്ഷുണി ആയി മാറി വളരെ മഹത്തായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു സ്ത്രീയുടെ കഥയാണിത്. ഈ കാവ്യത്തില്‍ ദാര്‍ശനിക സംവാദങ്ങളെ കുറിച്ച് പറയുന്നു. സാംഖ്യ, വൈശേഷിക, വേദാന്ത, യോഗ തുടങ്ങിയ ആറ് ദര്‍ശനങ്ങളിലെ പണ്ഡിതന്മാര്‍ തമ്മില്‍ നടക്കുന്ന സംവാദങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞിരിയ്‌ക്കുന്നു. അതുപോലെ ജീവകചിന്താമണി, സംകൃതത്തില്‍ നിന്നും പരിഭാഷപ്പെടുത്തിയ ഉദയനന്റെ കഥയായ ഉദയനകുമാരകാവ്യം, യശോധരകാവ്യം തുടങ്ങി അനേകം കാവ്യങ്ങളുണ്ട്. പൈശാചി ഭാഷയിലുള്ള പ്രശസ്തമായ ബൃഹദ് കഥ, പെരുങ്കഥൈ എന്ന പേരില്‍ തമിഴില്‍ പുനരാവിഷ്ക്കരിച്ചിട്ടുണ്ട്.
കാവ്യങ്ങളുടെ ഈ പാരമ്പര്യം പിന്തുടര്‍ന്ന് തമിഴിലെ എക്കാലത്തേയും മികച്ച കൃതിയായി കണക്കാക്കപ്പെടുന്ന കമ്പരാമായണം വരുന്നു. അതിന് പതിനായിരം വരികളുണ്ട്. ഉന്നതവും മോഹിപ്പിയ്‌ക്കുന്നതുമായ കാവ്യഭംഗി അതിലുണ്ട്. അടിസ്ഥാനപരമായി ഇത് വാത്മീകി രാമായണത്തിന്റെ പുനരാഖ്യാനമാണ്. മൂലകൃതിയില്‍ നിന്ന് വളരെ കുറച്ചു മാത്രം വ്യതിയാനത്തോടെയും, സൂക്ഷ്മമായ അലങ്കാരങ്ങളോടെയും മഹാകവി കമ്പരാണ് ഇത് രചിച്ചത്. ഇതിലെ ഏറ്റവും പ്രധാന വ്യത്യാസം, വാത്മീകിയില്‍ നിന്ന് വ്യത്യസ്തമായി കമ്പര്‍ രാമന്റെയും സീതയുടെയും അവതാരത്വവും ദിവ്യത്വവും തുടക്കം മുതലേ സ്ഥാപിയ്‌ക്കുന്നു എന്നതാണ്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന ആശയം ഭാരതത്തില്‍ എല്ലായിടവും പ്രചരിയ്‌ക്കുകയും ശ്രീരാമക്ഷേത്രങ്ങള്‍ വ്യാപകമാവുകയും ചെയ്തതിനു ശേഷം പത്താമതോ പതിനൊന്നാമതോ നൂറ്റാണ്ടില്‍ രചിയ്‌ക്കപ്പെട്ടതാണ് കമ്പരാമായണം. രാവണന്‍ വളരെ ശക്തനായ ഒരു പ്രതിനായകനായി ചിത്രീകരിയ്‌ക്കപ്പെടുന്നുണ്ടെങ്കിലും രാക്ഷസീയ ദുര്‍വികാരങ്ങളുള്ള വ്യക്തിയായി തന്നെയാണ് വര്‍ണ്ണിച്ചിരിയ്‌ക്കുന്നത്. കമ്പരാമായണത്തില്‍ ഒരിടത്തും അദ്ദേഹത്തെ പ്രശംസിയ്‌ക്കുന്നില്ല. പൊടുന്നനെ ചില തമിഴര്‍ രാവണനെ പുകഴ്‌ത്തുന്നതും മഹാനായ ദ്രാവിഡ രാജാവായി വാഴ്‌ത്തുന്നതുമൊക്കെ നമ്മളിപ്പോള്‍ കാണുന്നു. അതെല്ലാം ഇരുപതാം നൂറ്റാണ്ടിലെ തട്ടിക്കൂട്ടലുകളാണ്. രാവണനെ അപ്രകാരം മഹത്വപ്പെടുത്തുന്ന യാതൊന്നും തന്നെ തമിഴ് പാരമ്പര്യത്തില്‍ ഇല്ല. കമ്പരാമായണത്തിന്റെ ശൈലിയും ആശയപ്രകാശനവും സംസ്കൃത മഹാകാവ്യങ്ങളുടെതിന് സമാനമാണ്.
അതുകഴിഞ്ഞ് പെരിയ പുരാണം വരുന്നു. ശിവഭക്തന്മാരായ അറുപത്തിമൂന്ന് നായന്‍മാരുടെ കഥ പറയുന്ന കൃതിയാണിത്. വിശുദ്ധന്മാരുടെ മഹച്ചരിതം എന്ന് പറയാം. പില്‍ക്കാലത്ത് വന്ന അതുപോലുള്ള മറ്റു പല ഗ്രന്ഥങ്ങളുടേയും മുന്നോടിയായിരുന്നു ആ ഗ്രന്ഥം. ഉത്തരേന്ത്യയിലെ വിശുദ്ധന്മാരുടെ കഥ പറയുന്ന ഹിന്ദിയിലെ ‘ചൗരാസി വൈഷ്ണവോം കീ വാര്‍ത്ത’ പോലെ ഭാരതത്തില്‍ മുഴുവന്‍ പില്‍ക്കാലത്ത് ഉണ്ടായ ഭക്തിസാഹിത്യത്തിന് പ്രചോദനമായത് പന്ത്രണ്ടാം നൂറ്റാണ്ടിലെ പെരിയപുരണമായിരുന്നു.
പതിനാലാം നൂറ്റാണ്ടില്‍ മഹാകവി വില്ലിപുത്തൂരാര്‍ രചിച്ച വില്ലിഭാരതം, തമിഴില്‍ മഹാഭാരത കഥ പറയുന്ന കൃതിയാണ്. 4300 വരികളുള്ള ഈ കൃതി വളരെ നാടകീയതകളും വൈകാരികതകളും നിറഞ്ഞ ശൈലിയിലുള്ളതാണ്. ഇന്നും നാടന്‍ കലാരൂപങ്ങളിലൂടെ ഈ കൃതി ജീവിയ്‌ക്കുന്നു. തമിഴ് നാടിന്റെ ഗ്രാമപ്രദേശങ്ങളില്‍ കുറേയേറെ ദ്രൗപദീ ക്ഷേത്രങ്ങള്‍ ഉണ്ട്. അവിടെയാണ് ഇത്തരം കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിയ്‌ക്കാറുള്ളത്.
ഇനി ഭക്തി സാഹിത്യത്തിലേക്ക് വരാം. ഏതാനും നൂറ്റാണ്ടു കാലത്തേക്ക് ഭാരതത്തില്‍ മുഴുവനും അലയടിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം തമിഴ് ദേശമാണ് എന്നു ഞാന്‍ പറയും. ഇത് എന്റെ ഭാവനയല്ല. മറിച്ച് നമ്മുടെ പാരമ്പര്യത്തില്‍ തന്നെ പറയപ്പെട്ടിട്ടുള്ളതാണ്. ഭക്തിദേവിയുടെ കഥ പറയുന്ന ഭാഗം ശ്രീമദ് ഭാഗവതത്തിലുണ്ട്.
യുവതിയായ ഭക്തിദേവി വൃദ്ധരും ക്ഷീണിതരുമായ തന്റെ രണ്ടു പുത്രന്മാരെ വിളിച്ചുണര്‍ത്തുന്നതായി പറയുന്നു. ജ്ഞാനവും വൈരാഗ്യവുമാണ് ആ പുത്രന്മാര്‍. നിങ്ങള്‍ രണ്ടുപേരും വളരെ ക്ഷീണിച്ചവരാണ്. നിങ്ങളെ ഞാന്‍ വീണ്ടും ശക്തരാക്കി മാറ്റാം എന്നവള്‍ പറയുന്നു. എന്നിട്ട് ഭക്തിദേവി പറയുന്നു
‘ഉത്പന്നാ ദ്രാവിഡേ ചാഹം’ (ശ്രീമദ് ഭാഗവതം)
‘ഞാന്‍ ദ്രാവിഡ ദേശത്ത് ജനിച്ചു’. ദ്രാവിഡ ദേശം തെക്ക് ദിക്കിലുള്ള തമിഴ് ദേശമാണ്. എന്നിട്ട് ഞാന്‍ കര്‍ണ്ണാടകയില്‍ കുറച്ച് വളര്‍ന്നു. പിന്നെ മഹാരാഷ്‌ട്രയില്‍ സഞ്ചരിച്ചു. അങ്ങനെ പല ദേശങ്ങള്‍ കടന്ന് കൃഷ്ണഭൂമിയായ വൃന്ദാവനത്തില്‍ എത്തി. ഇവിടെ നിങ്ങളെ രണ്ടു പേരേയും കണ്ടെത്തി. ഇത് ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ഹിന്ദി ഭക്തി സാഹിത്യത്തില്‍ ഇങ്ങനെ ഒരു വരിയുണ്ട്.
‘ഭക്തി ദ്രാവിഡ ഊപജീ, ലായേ രാമാനന്ദ്’
(ഭക്തി ദ്രാവിഡ ദേശത്ത് ജനിച്ചു. രാമാനന്ദ് അവളെ ഇവിടെ കൊണ്ടു വന്നു)
രാമാനന്ദ് മഹാനായ കബീര്‍ ദാസിന്റെ ഗുരുവായിരുന്നു എന്ന് നമുക്കെല്ലാമറിയാം. ഭക്തി ജനിച്ചത് തമിഴ് ദേശത്താണ് എന്ന കാര്യം ഉത്തരേന്ത്യന്‍ ഭക്തിപ്രസ്ഥാനം തന്നെ അംഗീകരിയ്‌ക്കുന്ന വസ്തുതയാണ് എന്ന് നമുക്കിവിടെ കാണാം. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിയ്‌ക്കണം. ദ്രാവിഡം എന്നത് ദേശത്തിന്റെ തെക്കന്‍ പ്രദേശത്തെ കുറിയ്‌ക്കാന്‍ ഉപയോഗിയ്‌ക്കുന്ന വാക്കാണ്. ഒരു വംശത്തേയോ, വര്‍ഗ്ഗത്തേയോ കുറിയ്‌ക്കുന്ന പദമല്ല. ഇത് വളരെ പ്രധാനമാണ്. ഇതേപോലെ തമിഴ് ഭക്തി സാഹിത്യത്തില്‍ ആര്യ എന്ന പദം ഉല്‍കൃഷ്ട ഗുണങ്ങളെ കുറിയ്‌ക്കാനാണ് ഉപയോഗിച്ചിരിയ്‌ക്കുന്നത്. ശിവനേയും രാമനേയും ഒക്കെ അഭിസംബോധന ചെയ്യാന്‍ ആര്യന്‍ എന്ന വാക്ക് ഉപയോഗിയ്‌ക്കുന്നു. തമിഴ് ഭക്തി പ്രസ്ഥാനം അതുപോലുള്ള ഇന്ത്യയിലെ മറ്റെല്ലാ പ്രസ്ഥാനങ്ങളുടെയും മുന്‍ഗാമിയാണ്. അതിന്റെ കാലം ആറു മുതല്‍ ഒമ്പത് വരെയുള്ള നൂറ്റാണ്ടുകളാണ്. ഇതിന് രണ്ടു ധാരകള്‍ ഉണ്ടായിരുന്നു. നായന്മാര്‍ എന്നറിയപ്പെടുന്ന ശിവഭക്തരുടെ പരമ്പരയും, ആഴ്വാര്‍മാര്‍ എന്നറിയപ്പെടുന്ന വൈഷ്ണവ ഭക്തരുടെ പരമ്പരയും. നായന്‍മാര്‍ അറുപത്തിമൂന്നു പേരാണ്. അവരില്‍ സമൂഹത്തിന്റെ എല്ലാ തുറകളിലും നിന്ന് വന്നവര്‍ ഉണ്ടായിരുന്നു. സ്ത്രീകളും ഉണ്ടായിരുന്നു. കൃഷിക്കാര്‍, കച്ചവടക്കാര്‍, വേട്ടക്കാര്‍, കശാപ്പുകാര്‍ തുടങ്ങി എല്ലാ സമുദായങ്ങളിലും നിന്നുള്ളവരാണ് അവര്‍. അവരില്‍ നാലു പേര്‍ കവികളുമായിരുന്നു. അവരെ ആചാര്യന്മാരായിട്ടാണ് കണക്കാക്കുന്നത്. തമിഴ് നാട്ടിലുള്ള പല ശിവ ക്ഷേത്രങ്ങളിലും പോയി അവര്‍ മനോഹരങ്ങളായ കവിതകള്‍ പാടി. അവയെല്ലാം ക്രോഡീകരിച്ചാണ് ശൈവസിദ്ധാന്തം രൂപപ്പെട്ടത്. അതുപോലെ ആഴ്വാര്‍മാര്‍ പന്ത്രണ്ടു പേരായിരുന്നു, എല്ലാവരും കവികള്‍. പ്രശസ്ത ഭക്ത കവയിത്രിയായ ആണ്ടാള്‍ അവരില്‍ ഒരാളായിരുന്നു. ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി കണ്ടു കൊണ്ടുള്ളതായിരുന്നു അവരുടെ ഭക്തി കാവ്യങ്ങള്‍. ആ നിലയ്‌ക്ക് ഉത്തരേന്ത്യയിലെ മീരാഭായിയുടെ മുന്‍ഗാമിയായിരുന്നു ആണ്ടാള്‍. നാലായിരം ദിവ്യപ്രബന്ധം എന്നപേരിലാണ് ആഴ്വാര്‍മാരുടെ കവിതകള്‍ ക്രോഡീകരിച്ചിരിയ്‌ക്കുന്നത്. ശതഗോപ എന്നറിയപ്പെട്ടിരുന്ന നമ്മാള്‍വാര്‍ ഒരു ദാര്‍ശനികനായ ഋഷിയായിരുന്നു. അദ്ദേഹത്തിന്റെ കവിതകളില്‍ നിന്നാണ് രാമാനുജാചാര്യര്‍ പില്‍ക്കാലത്ത് വിശിഷ്ടാദ്വൈതം എന്ന പേരിലറിയപ്പെട്ട വേദാന്ത ദര്‍ശനം രൂപപ്പെടുത്തിയത്. അങ്ങനെ അദ്വിതീയമായ ഒരു വേദാന്ത ചിന്താപദ്ധതി തന്നെ രൂപപ്പെടുന്നതിന് തമിഴ് ഭക്തിസാഹിത്യം പ്രചോദനമേകി. രാമാനുജാചാര്യര്‍ തന്നെ ഇക്കാര്യം അംഗീകരിയ്‌ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മഹത്തായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂലം പല മാര്‍ഗ്ഗങ്ങളിലൂടെ വൈഷ്ണവ ഭക്തി ഇന്ത്യയില്‍ മുഴുവനും പ്രചരിച്ചു. നമുക്ക് ഗുരുക്കന്മാരുടെ ഒരു പരമ്പര തന്നെയുണ്ട്. വല്ലഭാചാര്യന്‍, നിംബാര്‍ക്കാചാര്യന്‍, രാമനന്ദാചാര്യന്‍ തുടങ്ങി ശ്രീകൃഷ്ണ ചൈതന്യന്‍, ഗോസ്വാമി തുളസീദാസ് വരെയുള്ള എല്ലാവരും തങ്ങളുടെ പ്രചോദനകേന്ദ്രമായി പറയുന്നത് ശ്രീ രാമാനുജാചാര്യനെയാണ്. അദ്ദേഹത്തിന്റെ പ്രചോദനമാകട്ടെ ആഴ്വാര്‍മാരുടെ കാവ്യങ്ങളും. ഈ ഭക്തിപ്രസ്ഥാനം മറാഠി, ഹിന്ദി, രാജസ്ഥാനി, ഗുജറാത്തി, ബംഗ്ലാ, ആസാമീസ്, ഒഡിയ തുടങ്ങി എല്ലാ ഭാഷകളിലേയും സാഹിത്യത്തിന് ഓജസ്സും ജീവനും പകര്‍ന്നു. ഈയെല്ലാ ഭാഷകളിലും ഭക്തികാവ്യങ്ങള്‍ ഒരു സുപ്രധാന സാഹിത്യ ശാഖ തന്നെയാണ്.
ഇതുപോലെയാണ് തമിഴിലെ ശൈവഭക്തി സാഹിത്യവും. കാശ്മീരിലെ ശൈവ സമ്പ്രദായവുമായും, കര്‍ണാടകത്തിലെ വീരശൈവ പാരമ്പര്യവുമായും, ഉത്തരേന്ത്യയിലെ നാഥ – സിദ്ധ സമ്പ്രദായങ്ങളുമായും അതിന് ബന്ധമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഉത്തരേന്ത്യന്‍ നവനാഥ സിദ്ധന്മാരിലെ പ്രമുഖനായ ഗോരഖ് നാഥ്, തമിഴ്നാട്ടിലും മാനിയ്‌ക്കപ്പെടുന്ന 18 സിദ്ധരില്‍ ഒരാളാണ്. തമിഴ് നാട്ടിലെ ഭക്തിപ്രസ്ഥാനം പത്താം നൂറ്റാണ്ടോടു കൂടി അതിന്റെ സമ്പൂര്‍ണ്ണ സ്വാധീനവും സമൂഹത്തില്‍ ചെലുത്താന്‍ കഴിയുന്ന വിധം വളര്‍ന്നിരുന്നു. എല്ലാ ഗ്രന്ഥങ്ങളും എഴുതി സൂക്ഷിയ്‌ക്കാന്‍ തുടങ്ങി. സാമ്പ്രദായികമായി വേദങ്ങളും മറ്റും പഠിപ്പിയ്‌ക്കുന്നതു പോലെ എല്ലാവരേയും അവ പഠിപ്പിച്ചു. ശിലയിലും ലോഹത്തിലുമുള്ള സിദ്ധന്മാരുടെ വിഗ്രഹങ്ങള്‍ ഉണ്ടാക്കാനും ക്ഷേത്രങ്ങളിലും മറ്റും സ്ഥാപിച്ച് ആരാധന നടത്താനും തുടങ്ങി. വ്യാഖാനങ്ങളും ഭാഷ്യങ്ങളും എഴുതപ്പെട്ടു. ഈ ഭക്തി കാവ്യങ്ങളെ ആസ്പദമാക്കിയുള്ള സംഗീതവും നൃത്തരൂപങ്ങളും വളര്‍ന്നു വന്നു. ഇന്നും നമ്മള്‍ തമിഴ് നാട്ടില്‍ പോകുമ്പോള്‍ വളരെ വലിയ മഹാക്ഷേത്രങ്ങള്‍ കാണുന്നു. അവയെല്ലാം തമിഴിലെ ഈ ഭക്തിപ്രസ്ഥാനത്തിന്റെ ജീവിയ്‌ക്കുന്ന മാതൃകകളാണ്. അവിടെ ചുറ്റിനടക്കുമ്പോള്‍ ഒരുഭാഗത്ത് വേദങ്ങളും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്യുന്നതും, അതോടൊപ്പം തൊട്ടടുത്തായി തമിഴിലെ പ്രാര്‍ഥനകളും സ്തുതികളും ചൊല്ലുന്നതും കാണാം. കവി മാണിക്കവാസകര്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഈ ക്ഷേത്രക്കാഴ്ച മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്.
‘ഒരു വശത്ത് ചിലര്‍ വീണമീട്ടി മധുരമായ ശബ്ദത്തില്‍ പാടുന്നു. വേറൊരു ഭാഗത്ത് ബ്രാഹ്മണര്‍ ഋഗ്വേദം ജപിയ്‌ക്കുന്നു. വേറൊരു ഭാഗത്ത് ആളുകള്‍ തമിഴ് സ്തോത്രങ്ങള്‍ പാടുന്നു. ചിലര്‍ കരയുന്നു. ചിലര്‍ നമസ്ക്കരിയ്‌ക്കുന്നു. മറ്റുചിലര്‍ കൈകളില്‍ പൂമാലയേന്തി നില്‍ക്കുന്നു.’ ഭക്തിയുടെ വേലിയേറ്റത്തില്‍ ആറാടി അദ്ദേഹം ഇങ്ങനെ വര്‍ണ്ണിയ്‌ക്കുന്നു. ഇന്നും തമിഴ് നാട്ടില്‍ നിങ്ങള്‍ക്ക് ഈ കാഴ്ച കാണാന്‍ കഴിയും. തമിഴ് ഭക്തി സാഹിത്യത്തിന്റെ ജീവിയ്‌ക്കുന്ന ഉദാഹരണങ്ങളാണ് അവയൊക്കെ.
ആധുനിക തമിഴ് സാഹിത്യം
മറ്റെല്ലാ ഭാരതീയ ഭാഷകളേയും പോലെ, തമിഴ് സാഹിത്യവും എല്ലാ പ്രവാഹങ്ങളിലൂടെയും കടന്നു പോയി. ആധുനികത തന്നെ ഒരു പുതിയ കാര്യമാണ്. അച്ചടിയുടെ കടന്നു വരവ്, പുസ്തകങ്ങളുടെ പ്രചാരത്തിലുണ്ടായ വര്‍ദ്ധനവ്, അതിലൂടെ താളിയോലകളുടെയും കൈയ്യെഴുത്ത് പ്രതികളുടേയും കാലത്തു നിന്ന് പുസ്തകങ്ങളിലേക്കുള്ള മാറ്റം. ഇതെല്ലാം സാഹിത്യലോകത്തിന് ഒരു വലിയ മാറ്റമായിരുന്നു. ആധുനികതയുടെ കൂടെ ദേശീയത, സാമൂഹ്യ പരിഷ്ക്കാരങ്ങള്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരബിന്ദോ തുടങ്ങിയവരിലൂടെ ഉണ്ടായിവന്ന ഹിന്ദു നവോഥാനം, തമിഴ് സ്വത്വബോധം, ദ്രാവിഡവാദം, മാര്‍ക്സിസം, പാശ്ചാത്യ സാഹിത്യ ലോകത്തുനിന്നുള്ള സ്വാധീനങ്ങള്‍, ഉത്തരാധുനികത തുടങ്ങി എല്ലാം തമിഴിലും സ്വാധീനം ചെലുത്തി.
ഇതെല്ലാം തുടങ്ങിയത് സുബ്രഹ്മണ്യ ഭാരതിയില്‍ നിന്നാണ്. ആധുനിക തമിഴ് സാഹിത്യത്തിലെ മുന്‍ഗാമിയും, ആരാധനാ പാത്രവുമായിരുന്നു അദ്ദേഹം. ദേശീയവാദി, പത്രപ്രവര്‍ത്തകന്‍, തത്വചിന്തകന്‍, സാമൂഹ്യ പരിഷ്ക്കര്‍ത്താവ്, മാനവവാദി, വേദാന്തി ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഒരു ബഹുമുഖ പ്രതിഭ. പാഞ്ചാലി ശപഥം എന്ന പേരില്‍ അദ്ദേഹം ഒരു മഹത്തായ ആധുനിക കാവ്യം രചിച്ചു. അതില്‍ ദ്രൗപദിയെ അവതരിപ്പിച്ചിരിയ്‌ക്കുന്നത് ഭാരതമാതാവിനെ പ്രതീകവല്‍ക്കരിച്ചു കൊണ്ടാണ്. ബ്രിട്ടീഷ് കോളണി വാഴ്ചക്കാര്‍ ഭാരതമാതാവിനെ അടിമപ്പെടുത്തിയതിനെ കൗരവ സഭയിലെ ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തോട് ഉപമിച്ചാണ് ചിത്രീകരിയ്‌ക്കുന്നത്. കൗരവരെ നിഷ്ക്കാസനം ചെയ്യുമെന്ന് പാണ്ഡവരും പാഞ്ചാലിയും പ്രതിജ്ഞ എടുക്കുന്നു. സ്വതന്ത്യ്രത്തിനു വേണ്ടിയുള്ള ആഹ്വാനമായിരുന്നു ഇത്. തമിഴ് സാഹിത്യത്തില്‍ ധര്‍മ്മം, സ്നേഹം, സാഹോദര്യം, സ്വാതന്ത്ര്യം, തിന്മയ്‌ക്കെതിരെ പോരാടാനുള്ള അഭിവാഞ്ച തുടങ്ങിയവയുടെ മൂര്‍ത്തി രൂപമായിരുന്നു സുബ്രഹ്മണ്യഭാരതി. അദ്ദേഹത്തിനു ശേഷം വന്ന നോവലുകളുടേയും ചെറുകഥകളുടേയും കര്‍ത്താക്കളായ പ്രശസ്തരും പ്രമുഖരുമായ എഴുത്തുകാരില്‍ ചിലരുടെ പേരുകള്‍ ഞാന്‍ ഇവിടെ പറയാം. അവരെല്ലാവരും ഒന്നൊഴിയാതെ ദേശീയവാദികളായിരുന്നു. ദ്രാവിഡവാദത്തിന് രാഷ്‌ട്രീയ രംഗത്ത് ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ജനങ്ങളുടെ ആദരവ് പിടിച്ചുപറ്റിയ പ്രശസ്തരായ ഒരു സാഹിത്യകാരനും ആ ആശയത്തോട് യോജിച്ചില്ല എന്നത് വളരെ കൗതുകകരമാണ്. എന്തിന് മാര്‍ക്സിസത്തോട് പോലും അവര്‍ കൂറ് കാണിച്ചില്ല.
കല്‍ക്കി കൃഷ്ണമൂര്‍ത്തി (1899 – 1954)
ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹം, ചോള, പല്ലവ രാജ്യങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ള കല്പനാസൃഷ്ടികള്‍ രചിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു.
ജയകാന്തന്‍ (1934 – 2015)
ജ്ഞാനപീഠം അവാര്‍ഡ് ജേതാവ്. ദുരിത ജീവിതങ്ങളെ ആസ്പദമാക്കിയുള്ള കൃതികള്‍ രചിച്ചു. മാക്സിസം, ആദ്ധ്യാത്മകത, മിസ്റ്റിസിസം തുടങ്ങിയ ആശയങ്ങളുമായി ഇടപഴകലുകള്‍ ഉണ്ടായിരുന്നെങ്കിലും ദേശീയ മൂല്യങ്ങള്‍ക്കു വേണ്ടിയാണ് അദ്ദേഹം ഉറച്ചു നിന്നത്.
ലാ സാ രാമാമൃതം (1916 – 2007)
മഹത്തായ നോവലുകള്‍ രചിച്ച എഴുത്തുകാരന്‍. സ്ത്രീത്വത്തെ, ഉണ്‍മയ്‌ക്കു പിന്നിലെ സ്ത്രൈണതയെ, ശക്തിയെ നോക്കിക്കാണുന്ന എഴുത്തുകള്‍.
അശോക മിത്രന്‍ (1931 -2017)
നാഗരിക ജീവിതം നയിയ്‌ക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലെ സങ്കീര്‍ണ്ണതകള്‍, സൂക്ഷ്മമായ അംശങ്ങള്‍ ഒക്കെ സ്പര്‍ശിയ്‌ക്കുന്ന കഥകള്‍ എഴുതിയ സാഹിത്യകാരന്‍. അദ്ദേഹവും ഒരു ദേശീയവാദിയായിരുന്നു
ജയമോഹന്‍ (1962- )
ഇപ്പോള്‍ ജീവിച്ചിരിയ്‌ക്കുന്ന സാഹിത്യകാരന്‍. ഒന്നാന്തരം എഴുത്തുകാരന്‍. അദ്ദേഹത്തിന്റെ കൃതിയായ വിഷ്ണുപുരം അഖില ഭാരതീയ പശ്ചാത്തലത്തില്‍ ബുദ്ധദര്‍ശനം തുടങ്ങിയ ദാര്‍ശനിക ചിന്തകളെയൊക്കെ സ്പര്‍ശിച്ചു കൊണ്ട് എഴുതപ്പെട്ട നോവലാണ്. മഹാഭാരതത്തെ ആസ്പദമാക്കി പുതിയൊരു ഫിക്ഷന്‍ ഇപ്പോള്‍ എഴുതി കൊണ്ടിരിയ്‌ക്കുന്നു. ഉത്തരാധുനികതയുടെ സ്വാധീനത്തില്‍ പെട്ടുപോയെങ്കിലും അദ്ദേഹം ഭാരതീയതയ്‌ക്കു വേണ്ടി നിലകൊള്ളുന്ന സാഹിത്യകാരനാണ്.
ഇനി സാഹിത്യ നിരൂപകരെ നോക്കിയാലും വെങ്കട്ട് സ്വാമിനാഥനെ (1933 – 2015) പോലുള്ള മികച്ച നിരൂപകര്‍ ഉണ്ടായിരുന്നു. സാഹിത്യത്തിലും കലയിലും ഉണ്ടാകുന്ന മാര്‍ക്സിസ്റ്റ് സങ്കുചിത സ്വാധീനത്തെ എതിര്‍ക്കുകയും തുറന്നു കാണിയ്‌ക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
ഒരു വിവാദ വിഷയത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് എന്റെ ഈ ചര്‍ച്ച അവസാനിപ്പിക്കാം.
തമിഴ് സാഹിത്യത്തേയും സംസ്ക്കാരത്തേയും തമിഴ് സ്വത്വത്തെ തന്നെയും വളച്ചൊടിയ്‌ക്കാനും തെറ്റായി പ്രതിനിധീകരിയ്‌ക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് നമുക്കെല്ലാമറിയാം. ഇപ്രകാരം ചെയ്യുന്നതിനുള്ള കാരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ്രാവിഡവാദികള്‍ നേരിട്ട ഒരു പ്രത്യേക തരം ധര്‍മ്മസങ്കടമായിരുന്നു. രസകരമായ വിഷയമാണ്. ഞാനത് ചുരുക്കി പറയാം. ദ്രാവിഡവാദ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ അതൊരു ശുദ്ധമായ വംശീയ വാദമായിരുന്നു. കാഡ് വെല്‍ (Robert Caldwell) മുന്നോട്ടു വച്ച ആര്യ – ദ്രാവിഡ സംഘര്‍ഷത്തിന്റെ സിദ്ധാന്തമായിരുന്നു അത്. അതായിരുന്നു ഈ ജനകീയ പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം. അതൊരു ബൗദ്ധിക മുന്നേറ്റമായിരുന്നില്ല. അത് തുടങ്ങിയത് ബ്രാഹ്മണ വിരോധമായിട്ടായിരുന്നു. പെട്ടെന്ന് തന്നെ അത് ഹിന്ദു വിരുദ്ധവും, ഉത്തരേന്ത്യന്‍ വിരുദ്ധവും ഒക്കെയായി മാറി. പിന്നീടത് ഇന്ത്യാ വിരുദ്ധം തന്നെയായി മാറി.
എന്നാല്‍ അവര്‍ എപ്പോഴും ദ്രാവിഡ – തമിഴ് സ്വാഭിമാനത്തെ കുറിച്ച് പറഞ്ഞിരുന്നു. ആര്യന്മാരേക്കാള്‍ ദ്രാവിഡന്മാര്‍ കൂടുതല്‍ ശ്രേഷ്ഠരാണ് എന്നൊക്കെയായിരുന്നു മുന്നോട്ടു വച്ച വാദങ്ങള്‍. ഈ വാദം തെളിയിക്കാന്‍ അവര്‍ തമിഴ് സംസ്ക്കാരത്തില്‍ നോക്കി. എന്നാല്‍ ഞാനിവിടെ ചൂണ്ടിക്കാണിച്ചതുപോലെ തമിഴ് സംസ്ക്കാരത്തില്‍ മുഴുവനും ഹിന്ദു ആശയങ്ങളും, ധാര്‍മ്മിക സങ്കല്‍പ്പങ്ങളും വേദപാരമ്പര്യവും നിറഞ്ഞിരിയ്‌ക്കുന്നതായിട്ടാണ് അവര്‍ കണ്ടത്. കൂടാതെ മഹാ ക്ഷേത്രങ്ങളും. അതിനെ എന്തു ചെയ്യാന്‍ കഴിയും ? തങ്ങളുടെ ശ്രദ്ധയില്‍ പെട്ടതിനെയെല്ലാം അവര്‍ ഹിന്ദുവിമുക്തമാക്കാന്‍ തുടങ്ങി. സംഘം സാഹിത്യം, തിരുക്കുറല്‍, ചിലപ്പതികാരം തുടങ്ങി എല്ലാറ്റിന്റെയും ഹിന്ദുത്വത്തെ നിഷേധിയ്‌ക്കാന്‍ തുടങ്ങി. എങ്ങനെ അവരത് ചെയ്തു ? തമിഴ് ഗ്രന്ഥങ്ങളിലെ വേദങ്ങള്‍, യജ്ഞങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ധര്‍മ്മം തുടങ്ങിയ ഹിന്ദു ആശയങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ഒളിപ്പിയ്‌ക്കാന്‍ തുടങ്ങി. ബോധപൂര്‍വ്വം അവയൊന്നും വെളിച്ചം കാണാതെയാക്കി. പാഠപുസ്തകങ്ങളില്‍ വളരെ പൊതുവായ ആശയങ്ങള്‍ ഉള്ള കവിതകള്‍ മാത്രം തെരെഞ്ഞെടുത്ത് ഉള്‍ക്കൊള്ളിയ്‌ക്കാന്‍ തുടങ്ങി. ഒപ്പം തിരുക്കുറല്‍ പോലുള്ള കൃതികളെ ധര്‍മ്മ ശാസ്ത്രം എന്നതിനു പകരം മതേതര സാഹിത്യം ആയി ചിത്രീകരിയ്‌ക്കാന്‍ തുടങ്ങി. പലപ്പോഴും ഇത് വളരെ അസംബന്ധം നിറഞ്ഞ നിലവാരത്തിലേക്ക് പോയി. വിഡ്ഡികളെ പോലെ ചില വാക്കുകള്‍ വിഭജിച്ചു നോക്കി. പരിഹാസ്യവും വ്യാജവുമായ പദാര്‍ത്ഥ നിര്‍ണ്ണയ രീതി കൊണ്ടു വന്നു. അടിസ്ഥാനമില്ലാത്ത അര്‍ത്ഥങ്ങള്‍ കണ്ടുപിടിച്ചു.
ചില ഉദാഹരണങ്ങള്‍ പറയാം. തമിഴ് വളരെ പ്രാചീനമായ ഭാഷയാണെന്ന നിലയ്‌ക്ക് പലതിനും അതില്‍ സ്വന്തമായ വാക്കുകള്‍ ഉണ്ട്. ഉദാഹരണത്തിന് വേദങ്ങളെ ‘മറൈ’ എന്നാണ് തമിഴില്‍ പറയുക. കാരണം അത് ഒളിഞ്ഞിരിയ്‌ക്കുന്നത് അഥവാ മറഞ്ഞിരിയ്‌ക്കുന്നത് (ഗൂഡം) എന്നാണ് വിശ്വാസം. അതുപോലെ ശ്രീ എന്നതിന് തമിഴിലെ സ്വന്തം വാക്ക് ‘തിരു’ എന്നാണ്. വിഷ്ണുവിന് ‘മാല്‍’ എന്നാണ് പറയുക. അങ്ങനെ ശ്രീ യുമായി ചേര്‍ന്ന് വിഷ്ണു തിരുമാല്‍ ആയി മാറുന്നു. മാല്‍ എന്നതിന് മോഹിപ്പിയ്‌ക്കുന്ന എന്ന അര്‍ത്ഥവും ഉണ്ട്. കാരണം വിഷ്ണു മോഹിപ്പിയ്‌ക്കുന്നവനുമാണ്. ഇതെല്ലാം എടുത്തിട്ട് അവര്‍ പറഞ്ഞു, മറൈ എന്നത് വേദങ്ങളല്ല, മറ്റേതോ അറിയപ്പെടാത്ത തമിഴ് ഗ്രന്ഥമാണ്. തിരു എന്നാല്‍ ലക്ഷ്മി അല്ല, സമൃദ്ധി എന്നു മാത്രമാണ് അര്‍ത്ഥം എന്നവര്‍ വ്യാഖ്യാനിച്ചു. എന്നാല്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു. കാരണം വേറെ ചിലയിടത്ത് ‘നാന്‍മറൈ’ എന്നു പറയുന്നു. അര്‍ത്ഥം നാലു വേദങ്ങള്‍ എന്നാണ്. അപ്പോള്‍ അവര്‍ പറഞ്ഞു ഇത് ഋഗ്, യജുര്‍, സാമ, അഥര്‍വ വേദങ്ങളല്ല, തമിഴരുടെ നഷ്ടപ്പെട്ടു പോയ നാല് രഹസ്യ ഗ്രന്ഥങ്ങളാണ്. അപ്പോള്‍ വേറൊരു സ്ഥലത്ത് പരമര്‍ശിയ്‌ക്കുന്നു ‘നാന്‍മറൈ ആറംഗം’. അര്‍ത്ഥം ആറ് അംഗങ്ങളുള്ള നാല് വേദങ്ങള്‍. അതായത് വേദാംഗങ്ങള്‍. തീര്‍ച്ചയായും പണ്ഡിതന്മാര്‍ ഈ അപഹാസ്യമായ വ്യാഖ്യാനങ്ങളെ പൊളിച്ചു കാണിച്ചു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പൊതു സമൂഹത്തിനിടയില്‍ ഈ തെറ്റായ ആശയങ്ങള്‍ പ്രചരിച്ചു. നല്ലൊരു ശതമാനം തമിഴ് ജനങ്ങളും ഇത്തരം ആശയങ്ങളെ കൊണ്ട് ഇപ്പോള്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടിരിയ്‌ക്കുകയാണ്.
പിന്നീടവര്‍ പഴയ ഭാഷ്യങ്ങളേയും, വ്യാഖ്യാനങ്ങളേയും അധിക്ഷേപിച്ചു. അതെല്ലാം ബ്രാഹ്മണ ഗൂഡാലോചനയുടെ അജണ്ടകള്‍ വച്ച് രചിയ്‌ക്കപ്പെട്ടവയാണ് എന്നാണ് പറഞ്ഞത്.
ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ, പതിമൂന്നാം നൂറ്റാണ്ടോടുകൂടി തന്നെ തിരുക്കുറലിന് പത്ത് ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാം തന്നെ തിരുക്കുറലിന്റെ കൃത്യമായ അര്‍ത്ഥം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ദ്രാവിഡവാദികള്‍ പറഞ്ഞത് ആ ഭാഷ്യങ്ങളെല്ലാം തിരുക്കുറലിനെ തെറ്റായി വ്യാഖ്യാനിയ്‌ക്കാനായി നടത്തിയ ബ്രാഹ്മണ ഗൂഡാലോചനയുടെ ഫലങ്ങളാണ് എന്നാണ്. ഇരുപതാം നൂറ്റാണ്ടില്‍ തിരുക്കുറലിനെ മതേതര ഗ്രന്ഥമായി വേഷം കെട്ടിക്കാനാണ് ഈ പ്രയത്നം. മറ്റൊന്ന് ജൈന സാഹിത്യത്തെ ഹിന്ദു സാഹിത്യത്തിന് എതിരായി സ്ഥാപിയ്‌ക്കുക എന്നതാണ്. എന്നിട്ട് ജൈന കൃതികളാണ് യഥാര്‍ത്ഥ തമിഴ് സാഹിത്യമെന്നും, വൈദിക ഹിന്ദു ഗ്രന്ഥങ്ങള്‍ ബ്രാഹ്മണ ഗൂഡാലോചനയുടെ നിര്‍മ്മിതികളാണെന്നും സിദ്ധാന്തിയ്‌ക്കുക. എന്നാല്‍ തമിഴ് സാഹിത്യത്തില്‍ തെളിയുന്ന, ഈ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയും സമന്വയവും ബോധപൂര്‍വ്വം മറച്ചു വച്ചുകൊണ്ടാണ് ഇതു പറയുന്നത്. അസംബന്ധത്തിന്റെ പുതിയ മാനങ്ങള്‍ രചിച്ചു കൊണ്ട് അവര്‍ കമ്പ രാമായണത്തെ പോലും ഹിന്ദു വിമുക്തമാക്കാന്‍ തുടങ്ങി. തുടക്കത്തില്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ത്തു. ബ്രാഹ്മണന്മാരുടെ പിണിയാളായ കമ്പരുടെ ആര്യന്‍ ഗൂഡാലോചനയില്‍ നിന്നുണ്ടായ രചന എന്നതായിരുന്നു അപ്പോള്‍ വാദം. എന്നാല്‍ കമ്പര്‍ ബ്രാഹ്മണനായിരുന്നില്ല. അദ്ദേഹം കരകൗശല വിദഗ്ദരുടെ സമുദായത്തില്‍ നിന്നുള്ളയാളാണ് എന്നത് വേറെ കാര്യം. അതുകഴിഞ്ഞ്, കമ്പരാമായണത്തെ കവിതാസ്വാദനത്തിന് മാത്രമുള്ള ഉപാധിയാക്കി തരംതാഴ്‌ത്തി. അതില്‍ നല്ല കവിതയുണ്ട്, അതില്‍ക്കൂടുതല്‍ ഒന്നുമില്ല. ഇങ്ങനെ സ്ഥാപിച്ചു കൊണ്ട് ധര്‍മ്മം, മൂല്യങ്ങള്‍ തുടങ്ങിയവയെ എല്ലാം അതില്‍ നിന്ന് അന്യമാക്കി മാറ്റി.
അതുകഴിഞ്ഞ് കമ്പരേയും വാത്മീകിയേയും രണ്ടു തട്ടിലാക്കി താരതമ്യം ചെയ്ത് ഭിന്നിപ്പുണ്ടാക്കി. അവിടം കൊണ്ടും നിന്നില്ല. അത്ഭുതങ്ങളില്‍ അത്ഭുതം എന്തെന്നാല്‍ അവര്‍ തമിഴ് ഭക്തിസാഹിത്യത്തെ തന്നെ ഹിന്ദു വിമുക്തമാക്കാന്‍ ശ്രമം നടത്തി എന്നതാണ്. അത് ഇപ്പോഴും നടന്നു കൊണ്ടിരിയ്‌ക്കുന്നു. തമിഴ് ശൈവവും തമിഴ് വൈഷ്ണവവും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലെ ശൈവ-വൈഷ്ണവങ്ങളില്‍ നിന്ന് വളരെ വ്യത്യാസമുള്ളതാണ് എന്നായി വാദം. ഇതിനെ ചുറ്റിപ്പറ്റി പല അപഹാസ്യമായ സാമൂഹ്യശാസ്ത്ര അപനിര്‍മ്മിതികളും സിദ്ധാന്തങ്ങളും തമിഴ് നാട്ടില്‍ പ്രചരിപ്പിയ്‌ക്കുന്നുണ്ട്.
തമിഴ് സ്തോത്രങ്ങളെ ദുരുപയോഗപ്പെടുത്തി കൊണ്ട് ക്ഷേത്രാരാധനകളില്‍ തമിഴ് – സംസ്കൃത അഭിപ്രായ ഭിന്നത സൃഷ്ടിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നു. ഒരു സമയത്ത് ക്ഷേത്രങ്ങളിലെ വേദ മന്ത്രങ്ങളെ മാറ്റിയിട്ട് അവിടെ തമിഴ് ഭക്തി കവിതകള്‍ ഉപയോഗിക്കണം എന്നായി ആവശ്യം. കേള്‍ക്കുന്നവര്‍ക്ക് മഹത്തായ ഒരു ആശയം പോലെ തോന്നുന്ന ഇതിന് പിന്നിനു ജനങ്ങളെ തമ്മിലടിപ്പിയ്‌ക്കുന്ന ഒരു അജണ്ട ഒളിഞ്ഞിരിയ്‌ക്കുന്നുണ്ട്. തമിഴ് സാഹിത്യ ലോകത്തെ ഇത്ര ശ്രദ്ധയോടെ ഹിന്ദു വിമുക്തമാക്കി കഴിഞ്ഞാല്‍ എല്ലാറ്റിനും ഒടുവില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കൈയ്യടക്കാനുള്ള ഫലഭൂയിഷ്ട ഭൂമിയായി തമിഴകം മാറും. എന്തെന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്നു തമിഴ് സാഹിത്യം ഹിന്ദുവല്ല, മറിച്ച് മതേതരമാണ് എന്ന്. അപ്പോള്‍ ക്രിസ്ത്യാനികള്‍ അതിനു മുകളില്‍ പുതിയ സിദ്ധാന്തങ്ങള്‍ അവതരിപ്പിയ്‌ക്കാന്‍ തുടങ്ങും. തിരുക്കുറളില്‍ ക്രിസ്ത്യന്‍ ആശയങ്ങളാണ്, തമിഴ് ഭക്തിസാഹിത്യം ക്രൈസ്തവ മൂല്യങ്ങള്‍ നിറഞ്ഞവയാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഇങ്ങനെയാണ് ഈ പരിപാടി മുന്നോട്ടു പോകുന്നത്. വളച്ചൊടിയ്‌ക്കാനും തെറ്റായി പ്രതിനിധീകരിയ്‌ക്കാനുമുള്ള ഈ ശ്രമങ്ങള്‍ക്ക് കാരണം മാര്‍ക്സിസ്റ്റുകള്‍, ദ്രാവിഡവാദക്കാര്‍, മറ്റ് വിഘടനവാദികള്‍ എന്നിവരുടെ തമിഴ് നാട്ടിലെ സ്വധീനമാണ്. സാമൂഹ്യ, രാഷ്‌ട്രീയ രംഗങ്ങളില്‍ അവര്‍ കുറേയൊക്കെ ദുര്‍ബലരായി കഴിഞ്ഞു. അതൊരു സാവധാനത്തിലുള്ള തുടര്‍ച്ചയായ പതനമായിരുന്നു. എങ്കിലും അത് നടന്നു കഴിഞ്ഞു. എന്നാല്‍ അക്കാദമിക, സാഹിത്യ, സാംസ്കാരിക മേഖലകളില്‍ അവരുടെ സ്വാധീനം ഇപ്പോഴുമുണ്ട്. വന്യമായ വളച്ചൊടിയ്‌ക്കലുകള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിയ്‌ക്കുന്നു. എല്ലായിടത്തും മാദ്ധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളുടെ സമൃദ്ധി തന്നെയുണ്ട്.
നമ്മള്‍ എന്താണ് ചെയ്യേണ്ടത് :
1. തമിഴ് സ്വത്വവും ഹിന്ദു സ്വത്വവും ഭാരതത്തിന്റെ രാഷ്‌ട്രത്വവും സമന്വയിപ്പിച്ചു കൊണ്ട്, അവ തമ്മിലുള്ള പരസ്പര പൂരകത്വവും ഒരുമയും ഊന്നിപ്പറഞ്ഞു കൊണ്ടുള്ള ഭാവാത്മകമായ ചര്‍ച്ചകളും പ്രഭാഷണങ്ങളും സംഘടിപ്പിയ്‌ക്കുക.
2. വ്യാജ സിദ്ധാന്തങ്ങളേയും വളച്ചൊടിച്ച പ്രചരണങ്ങളേയും തുറന്നു കാണിച്ചു കൊണ്ട് തെറ്റു തിരുത്തുന്നതിനുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങളും ഉണ്ടാവണം. ഈ പ്രഭാഷണം തന്നെയാണ് അതിന് ഒരു ഉദാഹരണം.
3. തമിഴ് സാഹിത്യത്തെ കുറിച്ച് വായിയ്‌ക്കാവുന്ന കുലീനമായ വിവരണങ്ങള്‍ തമിഴിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും പ്രസിദ്ധീകരിയ്‌ക്കണം.
4. സാഹിത്യ കൂട്ടായ്മകള്‍, വായനക്കാരുടെ കൂട്ടായ്മകള്‍, പുസ്തക പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ പൊതു സമൂഹത്തില്‍ ഇതിനെ പറ്റി ബോധവല്‍ക്കരണം നടത്തണം.
ഈ ദുഷ്പ്രചരണത്തെ മറികടക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ചിലവ മാത്രമാണ് ഇവിടെ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: