Categories: Idukki

അവഗണനയുടെ 22 വര്‍ഷങ്ങള്‍; ഒടുവില്‍ തൊടുപുഴ നഗരസഭാ പാര്‍ക്കിന് ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാറിന്റെ പേര് നല്‍കി, ബിജെപിയുടെ ആവശ്യം യാഥാർത്ഥ്യമായി

ബിജെപി കൗണ്‍സിലര്‍മാരായ ജയലക്ഷ്മി ഗോപന്‍ അവതാരകയും ശ്രീലക്ഷ്മി കെ. സുദീപ് അനുവാജകയുമായി അവതരിപ്പിച്ച പ്രമേയമാണ് മുഴുവന്‍ കൗണ്‍സിലര്‍മാരുടേയും പിന്തുണയോടെ പാസായത്.

Published by

തൊടുപുഴ: നഗരസഭാ പാര്‍ക്ക് ഇനി മുതല്‍ ‘ലാന്‍സ് നായിക് പി.കെ. സന്തോഷ് കുമാര്‍- ഇന്ത്യന്‍ സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി പാര്‍ക്ക്’ എന്ന് അറിയപ്പെടും. അതോടൊപ്പം തന്നെ കാര്‍ഗില്‍ യുദ്ധ സ്മാരകം ഇരിക്കുന്ന സ്‌ക്വയറിന് ‘ലാന്‍സ് നായിക് സന്തോഷ് കുമാര്‍ സ്‌ക്വയര്‍’ എന്ന് പേരിടുവാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ബിജെപി കൗണ്‍സിലര്‍മാരായ ജയലക്ഷ്മി ഗോപന്‍ അവതാരകയും ശ്രീലക്ഷ്മി കെ. സുദീപ് അനുവാജകയുമായി അവതരിപ്പിച്ച പ്രമേയമാണ് മുഴുവന്‍ കൗണ്‍സിലര്‍മാരുടേയും പിന്തുണയോടെ പാസായത്. 1999 ജൂലൈ 6ന് വീരമൃത്യു വരിച്ച തൊടുപുഴ വെട്ടിമറ്റം സ്വദേശിയായ ലാന്‍സ് നായിക് സന്തോഷ് കുമാറിന് നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് തൊടുപുഴയുടെ ഈ ആദരവ് ലഭിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷമായപ്പോള്‍ പാര്‍ക്കിന് ഇന്ത്യന്‍ സ്വാതന്ത്ര്യ സുവര്‍ണ്ണ ജൂബിലി സ്മാരക പാര്‍ക്ക് എന്ന് നാമകരണം ചെയ്തിരുന്നു. ഇത് നിലനിര്‍ത്തി സന്തോഷ് കുമാറിന്റെ പേര് കൂടി ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയില്‍ തീരുമാനിക്കുകയായിരുന്നു. പി.കെ സന്തോഷ്‌കുമാറിന്റെ സ്മരാണാര്‍ത്ഥം തൊടുപുഴ നഗരസഭാ പാര്‍ക്കിന് പ്രസ്തുത പേര് നല്‍കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എ.ബി. വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് യുവമോര്‍ച്ചയുടേയും ബി ജെപിയുടേയും ശ്രമഫലമായി നെഹൃയുവകേന്ദ്രയുടെ നേതൃത്വത്തില്‍ പാര്‍ക്കിന് മുമ്പില്‍ ഒരു രക്തസാക്ഷി മണ്ഡപം നിര്‍മിക്കാന്‍ കഴിഞ്ഞെങ്കിലും സന്തോഷ് കുമാറിന് ജന്മനാട്ടില്‍ ഉചിതമായ ഒരു സ്മാരകം എന്ന സ്വപനം ബാക്കിയായിരുന്നു. പിന്നീട് സേവാഭാരതി, പൂര്‍വ്വ സൈനിക സേവാ പരിഷത്ത്, സന്തോഷ്‌കുമാറിന്റെ കുടുംബാംഗങ്ങള്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍ എല്ലാം ഇതേ ആവശ്യവുമായി നിരന്തരം രംഗത്തുണ്ടായിരുന്നു. എങ്കിലും ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ രണ്ട് പതിറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വന്നു.

സ്മാരകത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അടുത്തിടെ വാഹനം തട്ടി ഇതിന് സമീപത്തെ ടൈലുകള്‍ പൊട്ടുകയും സംരക്ഷണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന വേലിക്ക് കോട്ടം തട്ടുകയും ചെയ്തിരുന്നു.  

അഭിമാന നിമിഷം: പ്രസാദ് വണ്ണപ്പുറം

വര്‍ഷങ്ങളായിട്ടുള്ള ബിജെപിയുടെ ആവശ്യമാണ് പാര്‍ക്കിന്റെ പേര് മാറ്റിയതിലൂടെ യഥാര്‍ത്ഥ്യമായതെന്ന് തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം. സംഘ പരിവാര്‍ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷങ്ങളാണ്. 22 വര്‍ഷത്തെ അവഗണനക്ക് ശേഷം പാര്‍ക്കിന് സന്തോഷ് കുമാറിന്റെ പേര് നല്‍കാന്‍ ധീരമായ നിലപാട് സ്വീകരിച്ച നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വ്യാപാരി വ്യവസായി സംഘം അഭിനന്ദിച്ചു

തീരുമാനം എടുത്ത തൊടുപുഴ നഗരസഭാ അധികൃതരേയും അതിനായി കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്ന ബിജെപി കൗണ്‍സിലര്‍മാരേയും വ്യാപാരി വ്യവസായി സംഘം തൊടുപുഴ താലൂക്ക് കമ്മിറ്റി യോഗം അഭിനന്ദിച്ചു. 22 വര്‍ഷമായി തൊടുപുഴ നിവാസികള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിട്ടുള്ളത്. അതിനവസരം ഒരുക്കിയ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി യോഗത്തില്‍ സംസാരിച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് വിനായക പറഞ്ഞു. വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് റ്റി.എസ്. രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഭാരവാഹികളായ ജില്ലാ സെക്രട്ടറി രഞ്ജു രജിത്കുമാര്‍, രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൂര്‍വസൈനിക് സേവാ പരിഷത്ത് അഭിനന്ദിച്ചു

വൈകിയാണെങ്കിലും ഉചിതമായ തീരുമാനം സ്വീകരിച്ച കൗണ്‍സില്‍ നടപടിയെ പൂര്‍വസൈനിക് സേവാ പരിഷത്ത് അഭിനന്ദിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സോമശേഖരന്‍ ചെമ്പമംഗലത്ത്, ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍, ജന. സെക്രട്ടറി കൃഷ്ണകുമാര്‍ അറയ്‌ക്കല്‍, സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് അമ്പിളി ലാല്‍കൃഷ്ണ തുടങ്ങിയവര്‍ തീരുമാനത്തില്‍ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ചെയര്‍മാനും നന്ദി അറിയിച്ചു. പാര്‍ക്കിന് ധീരജവാന്റെ പേര് നല്‍കുന്നതിന് വരും തലമുറയിലുള്ള കുട്ടികള്‍ക്ക് ദേശസ്നേഹം വളര്‍ത്താനും സൈന്യത്തില്‍ ചേരാനുള്ള താല്‍പര്യം കൂടുന്നതിന് കാരണമാകുമെന്നും പൂര്‍വ സൈനിക് ജില്ലാ പ്രസിഡന്റ് ഹരി സി. ശേഖര്‍ പരഞ്ഞു. ജൂണ്‍ 5ന് നടന്ന സന്തോഷ്‌കുമാര്‍ രക്തസാക്ഷി ദിനത്തിലും ജൂലൈ 26ലെ കാര്‍ഗില്‍ അനുസ്മരണ ദിനത്തിലും ഈ ആവശ്യവുമായി പൂര്‍വസൈനിക് സേവാ പരിഷത്ത് രംഗത്ത് വന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by