Categories: Samskriti

സൗഹൃദത്തിന്റെ ഫലം

Published by

നല്ല സുഹൃദ്ബന്ധങ്ങള്‍ ജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്പത്താണ്. ജീവിതയാത്രാക്ലേശമകറ്റാന്‍ സുഹൃത്തുക്കള്‍ നമ്മെ സഹായിക്കുന്നു. പലരും മനസ്സ് പൂര്‍ണമായി തുറക്കാറുള്ളത് പ്രിയസുഹൃത്തുക്കളുടെ മുന്നിലാണ്. പ്രതിസന്ധികളില്‍ അവരുടെ വാക്കോ പ്രവൃത്തിയോ പ്രാര്‍ഥനയോ നമുക്ക് കൂട്ടാകും. മാതൃകാപരമായ സൗഹൃദം കൊണ്ട് വികാരഭരിതമായ പല രംഗങ്ങളും രാമായണത്തിലുണ്ട്. താനും ദശരഥനും തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ച് ജടായുവിന്റെ അനുസ്മരണം അവയിലൊന്നു മാത്രം.

വനസഞ്ചാരത്തിനിടയില്‍ ജടായുവിനെ രാക്ഷസനെന്നു ധരിച്ച് ശ്രീരാമന്‍ വധിക്കാനൊരുങ്ങുമ്പോള്‍ ആ പക്ഷി ശ്രേഷ്ഠന്‍ പറയുന്നു:

”വധ്യനല്ലഹം തവ താതനു ചെറുപ്പത്തി-

ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും”

അതുകേട്ട ശ്രീരാമന്‍ വധശ്രമത്തില്‍ നിന്ന് പിന്തിരിയുന്നു.

”ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്ടം!  കഷ്ടം!

കിങ്കരപ്രവരനായ് വാഴുക മേലില്‍ ഭവാന്‍’

എന്നു പറഞ്ഞാണ് ശ്രീരാമന്‍ യാത്ര തുടരുന്നത്. പിന്നീട് സീതാന്വേഷണത്തിനിടയില്‍ ശ്രീരാമന്‍ ജടായുവിനെ സംശയിക്കുമ്പോഴും  

”വധ്യനല്ലഹം തവ ഭക്തനായൊരു ദാസന്‍  

മിത്രമെത്രയും തവ താതനു വിശേഷിച്ചും”

എന്നു ജടായു പറയുന്നുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ദശരഥന്റെയും ജടായുവിന്റെയും സൗഹൃദം ഒരു കുളിര്‍കാറ്റു പോലെ നമ്മുടെ അന്തരംഗത്തെ തഴുകും. ആ സൗഹൃദത്തിലും അതി ധന്യമായ തന്റെ പൈതൃകത്തിലും ശ്രീരാമന്‍ ഭാവതരളിതനാകുന്ന നിമിഷങ്ങളാണവ.  

സുഖത്തിലുണ്ടാം സഖിമാരനേകം

ദുഃഖംവരുമ്പോള്‍ പുനരാരുമില്ല

എന്നതാണ് പല സൗഹൃദങ്ങളുടെയും സ്ഥിതി. യഥാര്‍ഥ സൗഹൃദം സുഖത്തിലെന്ന പോലെ ദുഃഖത്തിലും ദൃഢമായിരിക്കും. രാവണനുമായി ഏറ്റുമുട്ടി നിലംപതിക്കുകയും  

പിന്നീട് പ്രാണന്‍ വെടിയുകയും ചെയ്ത തന്റെ പിതൃമിത്രമായ പക്ഷീന്ദ്രന്റെ ‘ഉത്തമാംഗത്തെയെടുത്ത് ശ്രീരാമന്‍ ഉത്സംഗ സീമ്‌നി’ ചേര്‍ക്കുന്നു. ജടായുവിന്റെ സംസ്‌കാര കര്‍മവും കഴിഞ്ഞേ ശ്രീരാമന്‍ മടങ്ങുന്നുള്ളൂ. മിത്രത്തിന്റെ പുത്രനുവേണ്ടിയാണ് ജടായു ജീവാര്‍പ്പണം ചെയ്തത്.  

വനത്തില്‍ ശ്രീരാമനെത്തിയതറിഞ്ഞ ഗുഹന്‍

‘സ്വാമിയായിഷ്ട വയസ്യനായുള്ളോരു  

രാമന്‍ തിരുവടിയെ കണ്ടു വന്ദിപ്പാന്‍’

ആത്മഹര്‍ഷത്തോടെയാണ് എത്തുന്നത്. തന്റെ രാജ്യം തന്നെ ആ ആത്മമിത്രം രാമനു സമര്‍പ്പിക്കാനൊരുങ്ങുന്നു. ‘ഭവാന്‍ മത്സഖിയല്ലോ’ എന്നു പറഞ്ഞ് രാജ്യപരിപാലനം ഗുഹനെത്തന്നെ രാമന്‍ ഏല്‍പ്പിക്കുന്നു.

”ലക്ഷ്മീപതിയായ രാഘവസ്വാമിയും

ലക്ഷ്മീ ഭഗവതിയാകിയ സീതയും

വൃക്ഷമൂലേ കിടക്കുന്നതുകണ്ടതി-

ദുഃഖം കലര്‍ന്ന ബാഷ്പാകുല”  

നാകുന്ന ഗുഹനെ, തത്ത്വോക്തികള്‍ കൊണ്ടാണ് ലക്ഷ്മണന്‍ സമാശ്വസിപ്പിക്കുന്നത്.  

ശ്രീരാമന് സുഗ്രീവനുമായും വിഭീഷണനുമായുണ്ടാകുന്ന സൗഹൃദവും അതിവേഗം പൂത്തുലയുന്നു! ദശരഥന്റെ സൗഹൃദങ്ങള്‍ അനന്തര തലമുറയിലേക്കു നീളുകയും കൂടുതല്‍ ദൃഢമാകുകയും ചെയ്യുന്നു. സൗഹൃദത്തിന്റെ ഫലവും വിലയും വ്യക്തമാക്കിത്തരുന്ന രാമായണ പാഠങ്ങളാണിവ.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by