Categories: Samskriti

ജ്യോതിഷത്തിലെ ‘പലവക’

Published by

എസ്. ശ്രീനിവാസ് അയ്യര്‍

സ്‌കൂള്‍ ക്ലാസ്സുകളില്‍ ‘പലവക’ എന്ന ഒരു നോട്ടുബുക്കുണ്ടാവും. (പഴയ തലമുറയ്‌ക്ക്). കണക്കും ചരിത്രവും ഊര്‍ജതന്ത്രവും ഭാഷയും വേറെവേറെ നോട്ടുപുസ്തകങ്ങളായി പകുക്കപ്പെടും. എല്ലാം കലര്‍ത്താനും ഇടയ്‌ക്ക് വലിച്ചു കീറി കടലാസ്സെടുക്കാനും ഒക്കെയായി ഒരു നോട്ടുപുസ്തകം ഉണ്ടായിരിക്കും അതാണ് ‘പലവക’. ഇന്നത്തെ വിഷയം അങ്ങനെ പലതും കലര്‍ന്നതാണ്. കുട്ടികൃഷ്ണമാരാരുടെ ഒരു ഗ്രന്ഥനാമവും ഓര്‍മ്മയിലുണ്ട് ‘പലരും പലതും’. അതും ഇണങ്ങും, ഇവിടെ. പ്രത്യേകിച്ചൊരു കേന്ദ്രീകൃത വിഷയമില്ലാത്ത ഏതാനും വാക്കുകള്‍ പരിചയപ്പെടുകയാണ്. ഇംഗ്ലീഷില്‍ ‘ാശരെലഹഹമിലീൗ’െ എന്നുപറയില്ലേ, അതുതന്നെ! ഈവിഷയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരട് ഇവ മുഹൂര്‍ത്തകാര്യങ്ങളെ സംബന്ധിക്കുന്നതാണ് എന്നതത്രെ!    

1. നല്ലരാശി: മുഹൂര്‍ത്ത കാര്യങ്ങള്‍ക്ക് ലഗ്‌നമായി രാശി തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ പാപഗ്രഹങ്ങള്‍ ഉണ്ടാവരുത്. പാപഗ്രഹങ്ങള്‍ അതില്‍ നിന്നും പോയിക്കഴിഞ്ഞാലും പോരാ, ശുഭഗ്രഹങ്ങള്‍ രാശിയിലൂടെ കടന്നുപോകണം. അപ്പോള്‍ മാത്രമേ രാശി പവിത്രമാകൂ.  

‘പാപി പോയാല്‍ ശുഭന്‍ ചെന്നേ/രാശി നല്ലൂ മുഹൂര്‍ത്തകേ/ശുഭനുണ്ടെങ്കിലും കൊള്ളാം/രാത്രൗ വാരഫലം നഹി’ എന്ന പദ്യം ഇക്കാര്യം വെളിപ്പെടുത്തുന്നു.  

2. കഴിഞ്ഞ ശ്ലോകത്തിന്റെ നാലാംവരിയില്‍ പറയുന്നത് രാത്രിയില്‍ മുഹൂര്‍ത്തം നിശ്ചയിക്കുമ്പോള്‍ അവയ്‌ക്ക് പ്രത്യേകിച്ച് ഗുണദോഷങ്ങളൊന്നും ഉണ്ടാവുന്നില്ലെന്നാണ്. പാപഗ്രഹങ്ങളുടെ ദിവസങ്ങളായ ഞായര്‍, ചൊവ്വ, ശനി എന്നിവയ്‌ക്ക് പകലില്‍ മുഹൂര്‍ത്തസാധുതയില്ല. തിങ്കള്‍, ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ശുഭഗ്രഹങ്ങളുടെ ദിവസങ്ങള്‍ക്കാണ് മേന്മ. രാത്രിയില്‍ ഇത്തരം കാര്യങ്ങള്‍ ഗുണദോഷരഹിതമാണ് എന്നതാണ് ‘രാത്രൗ വാരഫലം നഹി’ എന്നതിന്റെ പൊരുള്‍. ആഴ്ച നോക്കേണ്ടതില്ല എന്നു സാരം.  

3. പാട്ടു രാശി: ഒരു ദിവസത്തെ അസ്തമയ രാശി. സൂര്യന്‍ അസ്തമിക്കുന്ന രാശി. സൂര്യന്‍ പടിയുന്ന രാശി എന്നാവാം വിവക്ഷ. അത് പറഞ്ഞുപറഞ്ഞ് പാട്ടുരാശിയായി. പ്രായേണ ഉദയരാശിയുടെ ഏഴാം/ആറാം രാശിയാവാം പാട്ടുരാശി. അവയില്‍ ശുഭകര്‍മ്മങ്ങള്‍ പാടില്ലെന്ന് സാരം.  

4. യാത്രാശൂലം: യാത്ര പോകുന്ന വ്യക്തിയുടെ ജന്മനക്ഷത്രം മുതല്‍ യാത്ര തുടങ്ങുന്ന ദിവസത്തെ നക്ഷത്രം വരെ എണ്ണിയാല്‍ 1,3,9,10,11,18,19,20,27 ഇവയില്‍ ഒന്നു വന്നാല്‍ മൃത്യുഭയം ഫലം. 12,13,14,15,16,17 ഇവയില്‍ ഒന്നുവന്നാല്‍ ദുഃഖവും ഫലം. മറ്റു സംഖ്യകള്‍ വന്നാല്‍ ശുഭം.  

5. ഗോധൂളിലഗ്‌നം: സൂര്യോദയവും സൂര്യാസ്തമയവും നടക്കുന്ന സമയം ശുഭകാര്യങ്ങള്‍ ചെയ്യാം എന്നാണ്. പഞ്ചാംഗം വാരം, തിഥി, നക്ഷത്രം, കരണം, നിത്യയോഗം എന്നിവ പരിഗണിക്കേണ്ടതില്ല. ഇത് ഇന്നാരെങ്കിലും പിന്‍തുടരുന്നതായി അറിവില്ല. പശുക്കളെ മേയ്‌ക്കാന്‍ പുറപ്പെടുകയും മടങ്ങിവരികയും ചെയ്യുന്ന സമയമാകയാല്‍ ഗോക്കളുടെ ധൂളി അന്തരീക്ഷത്തില്‍ നിറയും. അത് ദുഷ്ടഗ്രഹങ്ങളുടെ രശ്മികളെ മറയ്‌ക്കുമെന്നാവുമോ സങ്കല്പനം?

6. സ്ത്രീപ്രധാന കര്‍മ്മങ്ങള്‍: ഗൃഹപ്രവേശം, വിവാഹം, സീമന്തം, ഗര്‍ഭാധാനം, പുംസവനം,  

യാഗം/ യജ്ഞം എന്നിവ സ്ത്രീപ്രധാന കര്‍മ്മങ്ങള്‍. ഇവയുടെ മുഹൂര്‍ത്തം ചിന്തിക്കുമ്പോള്‍ സ്ത്രീയുടെ ജന്മരാശിയേയും ജന്മനക്ഷത്രത്തേയും മുന്‍നിര്‍ത്തി വേണം മുഹൂര്‍ത്തം ചിന്തിക്കാന്‍.  

7. ഇരുപത്തിയെട്ട് കെട്ടാന്‍: കുഞ്ഞ് ജനിച്ച് ആദ്യമായി ജന്മനക്ഷത്രം വരുന്നത് ഇരുപത്തിയെട്ടാം ദിവസമാണല്ലോ? ജന്മനാള്‍ തൊട്ട് 27 നക്ഷത്രങ്ങള്‍ കഴിഞ്ഞ് വീണ്ടും ജന്മനാള്‍ വരുംദിനമാണത്. ചിലപ്പോള്‍ വീണ്ടും ജന്മനക്ഷത്രം വരിക 27,28,29 ദിവസങ്ങളിലൊന്നിലാവാം. ഇവിടെ ജനിച്ച ദിവസത്തെ ഒന്നാംനാളായി എണ്ണി 28 ന്റെ അന്ന് ചടങ്ങുകള്‍ നടത്താം. പ്രത്യേക മുഹൂര്‍ത്തം അതിനായി നോക്കേണ്ടതില്ല. പേരിടല്‍, കണ്ണെഴുത്ത്, ആഭരണധാരണം, തൊട്ടിലില്‍ കിടത്തുക, വയമ്പ് കൊടുക്കല്‍ ഇവ അന്നേ ദിവസം നടത്തുകയാണ് ശിഷ്ടാചാരം. അത് മുടങ്ങിയാല്‍ പിന്നെ ഓരോന്നിനും പ്രത്യേകമുഹൂര്‍ത്തം നോക്കേണ്ടതാണ്.  

8. കാല്‍ വിരല്‍ തട്ടിയാല്‍: യാത്രാരംഭത്തില്‍ ഇടത്തേക്കാലിന്റെ ചെറുവിരല്‍ മുതല്‍ പെരുവിരല്‍ വരെയും വലത്തേക്കാലിന്റെ പെരുവിരല്‍ മുതല്‍ ചെറുവിരല്‍ വരെയും കല്ലിലോ, മരത്തിലോ മറ്റോ തട്ടിയാല്‍ ക്രമത്തില്‍ ആ യാത്രയില്‍ ഭക്ഷണയോഗം, വസ്ത്രസിദ്ധി, സ്വര്‍ണനേട്ടം, വ്യാധി, മൃത്യുദുഃഖം എന്നിവയാണ് ഫലങ്ങള്‍. പൊതുവേ യാത്രയുടെ തുടക്കത്തില്‍ കാല്‍വിരല്‍ തട്ടിയാല്‍ അശുഭമാണ് എന്ന വിശ്വാസം തെറ്റാണെന്ന് ഈ വിവരണം വ്യക്തമാക്കുന്നു. ഓരോ വിരലിനും ഓരോ അനുഭവങ്ങളാണ്.  

9. പണം കടം കൊടുക്കാന്‍: ചൊവ്വ, വെള്ളി പാടില്ല. വെളുത്തവാവ് ശനിയാഴ്ച വന്നാല്‍ അന്നും പാടില്ല. കൂടാതെ കാര്‍ത്തിക, മകം, മൂലം, ചതയം, ഉത്രം, പുണര്‍തം, ജന്മനക്ഷത്രം ഇവയും വര്‍ജിക്കണം.  

10: ഗുളിക കാലത്തില്‍ ചെയ്യാവുന്നവ: ധാന്യം നിറക്കാന്‍, എണ്ണതേച്ചുകുളിക്കാന്‍, കൊയ്യുന്നതിന്, നേത്രോന്മീലനത്തിന്, കച്ചവടം തുടങ്ങാന്‍, കടം വീട്ടാന്‍, അലങ്കാരങ്ങള്‍ അണിയാന്‍, ഗൃഹപ്രവേശത്തിന്, ആഭിചാരകര്‍മ്മത്തിന്, ഔഷധ സേവയ്‌ക്ക്, മഹാദാനത്തിന്, വേദാരംഭത്തിന്, കട്ടളവയ്‌ക്കുവാന്‍, തൂണ്‍ നാട്ടുവാന്‍ ഒക്കെ

ഗുളികോദയം അനുകൂല സമയമാണ്.  

ചെറിയ, വലിയ കാര്യങ്ങള്‍ ആണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് പ്രധാനവിഷയങ്ങളാണ് ഇവയെല്ലാമെന്ന് കരുതാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by