സഹൃദയമനസ്സിന് ആനന്ദാനുഭൂതി പകര്‍ന്ന രചനാസവിശേഷതകൊണ്ട് ശ്രദ്ധേയനായ മഹാകവിയായിരുന്നു എസ്. രമേശന്‍നായര്‍. വൃത്തഭംഗിയാര്ന്ന കവിതകളും ഭാഷയുടെ ഗണിതം കണിശമായി പാലിക്കുന്ന മനോഹരമായ ശ്ലോകങ്ങളും കൊണ്ട് കൈരളിക്ക് അക്ഷരമാല ചാര്‍ത്തിയ കാവ്യരചനാ സിദ്ധിയാണ് നമുക്ക് മുന്നില്‍ അപ്രത്യക്ഷമായത്. ശില്പഭംഗിയിണങ്ങിയ ശൈലീഭദ്രമായ ശ്ലോകങ്ങളും അര്‍ത്ഥ ഗാംഭീര്യം മുഖമുദ്രയാക്കിയ കാവ്യങ്ങളും ലളിത സുന്ദര പദങ്ങളില്‍ നെയ്തെടുക്കുന്ന ഗാനങ്ങളും കൊണ്ട് മലയാളത്തെ നിറച്ചാര്ത്തണിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒരേസമയം വൈവിധ്യമാര്‍ന്ന സാഹിത്യശാഖകളിലൂടെ അനുവാചകര്‍ക്ക് ആഹ്ലാദാനുഭവം സമ്മാനിച്ച രമേശന് നായരെ പോലെ അധികം കവികള്‍ നമുക്കില്ല. നിര്മ്മലഭക്തിയുടെയും നിര്‍മ്മമമായ സ്നേഹത്തിന്റെയും ഉള്ക്കരുത്തുള്കൊണ്ടതായിരുന്നു അദ്ദേഹം രചിച്ച ഭക്തിഗാനങ്ങള്‍. ‘ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം’ എന്നെഴുതിയ കവിക്ക് ഭഗവാന്റെ വരപ്രസാദം ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ആരാധകരാണ് അദ്ദേഹത്തിനുള്ളത്.
ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അക്ഷരശ്ലോകവേദിയില് ചൊല്ലിക്കേട്ട ശ്ലോകം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
‘ഓടീതോടികള് കായലില്‍, പ്രിയരുമൊത്തൂഞ്ഞാലിലോണങ്ങള്കൊ
ണ്ടാടീ പന്തുവരാളിമാ, രതിനു കൈകൊട്ടീ വിരാടന് വിഭു
പാടീ മോഹനചക്രവാകമകമേ നീറുമ്പൊഴും നിന്‍കരം
തേടീ തംബുരുവിന്റെ തേങ്ങ,ലിരുളില്‍ തത്തുന്ന വെട്ടങ്ങളില്‍
ഈ ശ്ലോകത്തിന്റെ രചയിതാവിനെ അന്വേഷിച്ചറിഞ്ഞാണ് ഞാന്‍ രമേശന് നായരുടെ കാവ്യരചനാ വൈഭവത്തെ പരിചയപ്പെടുന്നത്. കവിതകള്‍ ഉറക്കെച്ചൊല്ലി ആസ്വദിച്ചിരുന്ന ശീലം പണ്ടേ ഉണ്ടായിരുന്നതുകൊണ്ടും കവിതകളും ശ്ലോകങ്ങളും നിറയുന്ന അനേകം സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകാന്‍ നിയോഗമുണ്ടായതുകൊണ്ടും മാത്രമാണ് കാവ്യാസ്വാദനത്തില്‍ ചെറിയ താല്പര്യങ്ങള് വളര്‍ന്നത്. ‘സ്വാതിമേഘ’ത്തിലെ ശ്ലോകവും അങ്ങനെ ശ്രദ്ധയില്‍പ്പെട്ടതാണ്. സ്വാതി തിരുനാളിന്റെ സര്‍ഗ്ഗ വ്യാപാരങ്ങളും തിരുവിതാംകൂറിന്റെ ഭൗതിക പരിസരങ്ങളും സൂചിപ്പിക്കുന്നതായി ഈ രചന. രാഗവിസ്മയം തീര്‍ത്ത സ്വാതിതിരുനാളിന്റെ അസാന്നിദ്ധ്യം കൊണ്ടുണ്ടായ ശുഷ്ക സംഗീതത്തിന്റെ നാളുകളെ എത്ര മനോഹരമായിട്ടാണ് കവി ശ്ലോകത്തിലാക്കുന്നത് എന്നു നോക്കൂ.
ഭൂപാളങ്ങളുറങ്ങിയിന്ന് ഹരികാംബോജിയ്ക്കു നാവ, റ്റുഷഃ
കാലാരോഹണസംക്രമത്തിലിടറിത്തെന്നുന്നു ഹംസദ്ധ്വനി
മായാമാളവഗൗള മൗനഭജനം പൂണ്ടു, വയറ്റത്തടി
ച്ചോരോ വേദന പാട്ടു നീട്ടിയിവിടെ ചുറ്റുന്നു വറ്റുണ്ണുവാന്‍
ഇതുപോലെ വ്യത്യസ്തങ്ങളായ പ്രമേയങ്ങളെ അവതരിപ്പിച്ചു കൊണ്ട് എത്രയോ കാവ്യശില്പങ്ങളാണ് അത്ഭുത ഗോപുരങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നത്. അതു തന്നെയാണ് രമേശന്‍നായരുടെ രചനകളെ അന്യൂനവും അത്യാകര്‍ഷകവുമാക്കുന്നത്.
തപസ്യയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത കവിയെ കൂടുതല്‍ അടുത്തറിയുവാനും അദ്ദേഹത്തിന്റെ മാനസ സഞ്ചാരം കുറെയൊക്കെ മനസ്സിലാക്കുവാനും ഭാഗ്യം ലഭിച്ചു. ഒരിക്കല്‍ അദ്ദേഹം തന്റെ കാവ്യസപര്യയുടെ തുടക്കത്തിന് കാരണക്കാരിയായ അമ്മയെക്കുറിച്ചു വാചാലനായി. രാമായണം നിത്യവും പാരായണം ചെയ്യുവാനും കമ്പരാമായണത്തിലേക്ക് ശ്രദ്ധിക്കുവാനും പ്രേരിപ്പിച്ചത് അമ്മയായിരുന്നു. ചെന്തമിഴ് ചിന്തുകളിലൂടെ അപാരമായ ഭാവനാ വിസ്മയങ്ങളുറങ്ങുന്ന തമിഴ്സാഹിത്യ മന്നന്മാരുടെ രചനാ വൈഭവത്തിന്റെ ഉള്ളറകളിലേക്ക് ആനയിച്ചതും അമ്മയായിരുന്നു എന്ന് അദ്ദേഹം ആരാധനയോടെ അനുസ്മരിച്ചു. ചേരന്‍ചെങ്കുട്ടവന്റെ സഹോദരന് ഇളംകോ അടികള്‍ രചിച്ച ‘ചിലപ്പതികാര’വും തിരുവള്ളുവരുടെ അമൂല്യമായ ‘തിരുക്കുറലും’ സുബ്രഹ്മണ്യഭാരതിയുടെ ദേശഭക്തി തുളുമ്പുന്ന കവിതകളും മലയാളികള്‍ക്ക് വിവര്‍ത്തനം ചെയ്തവതരിപ്പിക്കാനുള്ള രമേശന്‍നായരുടെ കഠിനയത്നങ്ങളുടെ മൂലഹേതുവായ ആ മാതൃരത്നത്തെ വണങ്ങുക തന്നെ വേണം.
‘കേരളത്തിന് മണ്ണില്‍ ജീവിച്ചരുളുമിവനാണെന്റെ കാലത്തിളങ്കോ’ എന്ന അക്കിത്തത്തിന്റെ സാക്ഷ്യപ്പെടുത്തലോളം വരുന്ന രമേശന്‍നായരുടെ ഈ തമിഴ് ഭാഷാ സംസര്‍ഗ്ഗത്തെ ശ്ലാഘിയ്ക്കാതെ വയ്യ. തിരുവള്ളുവരുടെ ഒരു കുറളെങ്കിലും ഉദ്ധരിയ്ക്കാതെ അദ്ദേഹത്തിന് പ്രഭാഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയിരുന്നില്ല എന്നതും സ്മരണീയമാണ്. നമ്മുടെ സംസ്കാരത്തിന്റെ ഈടുവയ്പായ രാമായണങ്ങളുടെ അനുശീലനത്തിലൂടെ കടന്നു പോകുന്ന ഒരാള്‍ക്കും കവിയാകാതിരിക്കാന് കഴിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
പാട്ടിന്റെ പാലാഴി തീര്‍ക്കുന്നതില്‍ വിദഗ്ധനായിരുന്നു രമേശന്‍നായര്‍. അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളും നിര്‍മ്മലഭക്തിയുടെ നിറഭാവങ്ങളുണര്ത്തുന്ന ഗാനങ്ങളും അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ‘പുഷ്പാഞ്ജലി’ യും ‘വനമാല’യും ഭക്തിഗാനങ്ങളുടെ ഒരു കാലഘട്ടം തന്നെ സൃഷ്ടിക്കാന്‍ പര്യാപ്തമായ രചനകള്‍ ഉള്‍ക്കൊണ്ടതായിരുന്നു എന്നത് സുവിദിതമാണല്ലോ.
ചലച്ചിത്രഗാനരചനാ രംഗത്ത് നൂറുകണക്കിന് അവിസ്മരണീയ ഗാനങ്ങള്‍ രമേശന്‍നായരുടെ കൈയൊപ്പു പതിഞ്ഞതായുണ്ട്. പുതുമഴയായ് വന്ന് മണ്ണിന്റെ പുതുമണം പരത്തുന്നതുപോലെ ഈ ഗാനങ്ങളിലേറെയും ശ്രോതാവിന്റെ മനസ്സില്‍ ഇറ്റിയ്ക്കുന്ന തേന്തുള്ളികളാവുകയായിരുന്നു. അവാച്യമായ ആനന്ദം പകര്‍ന്നു നല്കാന് കഴിവുള്ള ഗാനങ്ങളുടെ വലിയ പട്ടിക തന്നെ അദ്ദേഹത്തിന്റേതായി നമുക്കു തയ്യാറാക്കാനാകും.
രമേശന്‍നായര്‍ തന്റെ സര്‍ഗ്ഗപരമായ കഴിവുകളെ പ്രയോഗിക്കാത്ത മേഖലകള്‍ കുറവായിരുന്നു എന്നു തന്നെ പറയാം. അവയിലെല്ലാം ആയിരക്കണക്കിന് ആരാധകരെ സൃഷ്ടിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ‘ശതാഭിഷേകം’ എന്ന നാടകവും അതിലെ കഥാപാത്രങ്ങളും ഇന്നും ചര്‍ച്ചാ വിഷയമാണ് എന്നത് ഓര്‍ക്കുക.
തന്റെ ഏറ്റവും പ്രിയപ്പെട്ട രചനകള്‍ വരാനിരിക്കുന്നതേയുള്ളു എന്ന് പറയുമായിരുന്ന കവിയുടെ ഓരോ കാല്‍വെയ്പും ശ്രദ്ധിക്കുകയായിരുന്നു സാഹിത്യകേരളം. ഇതല്ല ഇതല്ല എന്ന ഉപനിഷദ് ചൊല്ലുപോലെ ഓരോ സൃഷ്ടിയും കടന്നു പൊയ്ക്കൊണ്ടിരിക്കൊണ്ടിരിക്കെ ‘ഗുരുപൗര്‍ണ്ണമി’ എന്ന കാവ്യം നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. അപ്പോഴും ഇനിയും വരാനിരിക്കുന്ന രനചകളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഒരു കാവ്യം രചിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ പലതായിരുന്നു. ഒന്നാമതായി സര്‍വ്വശ്രേഷ്ഠമായ ഒരു നരജന്മത്തെ കാവ്യഭാഷയില്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു. കൂടാതെ ഭാരതത്തിന്റെ അനിഷേധ്യവും സനാതനവുമായ ധര്‍മ്മചിന്തയുടെ വേദാന്തഭാഷ്യം സരളമായ മലയാളത്തില്‍ സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാക്കുക എന്നതും ആഗ്രഹിച്ചിരുന്നു. ഈ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമെന്നവണ്ണം അദ്ദേഹത്തിന്റെ ‘ഗുരു പൗര്‍ണ്ണമി’ സഹൃദയര്‍ ഏറ്റുവാങ്ങുകയും ചെയ്തു. ശ്രീനാരായണ ഗുരു ദേവന്റെ പാദങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഒരു സ്മൃതി ഗോപുരമാണ് രമേശന്‍നായരുടെ കാവ്യം എന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ ”മലയാള കവിതയില്‍ എഴുത്തച്ഛന് മുതല്‍ തുടര്‍ന്നു വരുന്ന രചനാ പാരമ്പര്യത്തിന്റെ അവിശ്ചിന്നമായ ധാരയുടെ അനുസ്യൂതിയിലാണ് രമേശന് നായരുടെ കാവ്യവും വന്നു പിറന്നിരിക്കുന്നത്. ആശാന്റെ, ഉള്ളൂര്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, കുഞ്ഞിരാമന്‍നായര്‍, വൈലോപ്പിള്ളി, അക്കിത്തം തുടങ്ങിയവരുടെ കാവ്യരചനാ പാരമ്പര്യത്തിലാണ് രമേശന്‍നായര്‍ക്ക് സ്ഥാനം”.
നാം സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കുകള്‍ കവിതയാക്കുന്ന വിദ്യയാണ് രമേശന്‍നായരെ വ്യത്യസ്തനാക്കുന്നത് എന്ന് ഡോ. എം. ലീലാവതി അഭിപ്രായപ്പെടുന്ന രമണമഹര്‍ഷിയും ഗുരുദേവനും കണ്ടുമുട്ടിയ രംഗം കവി വര്‍ണ്ണിക്കുന്നത് ഡോ. ലീലാവതി ചൂണ്ടിക്കാണിക്കുന്നു.
‘പകലും പകലും ചേര്ന്നാലേതുവെട്ടം നിറഞ്ഞിടും
കുളിരും കുളിരും ചേര്ന്നാലേതു ഭാഷ പിറന്നിടും
കവിയും കവിയും കണ്ടാലേതു കാവ്യം ജനിച്ചിടും
മുനിയും മുനിയും ചേര്ന്നാലേതു വേദം മുഴങ്ങിടും.’
രമേശന്‍നായരുടെ എഴുത്തില്‍ മാത്രമല്ല ജീവിതത്തിലും സംസാരത്തിലും ഈ ലാളിത്യം വളരെ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ സ്വാഭാവികതയും നൈസര്‍ഗ്ഗികമായ വിനയാന്വിത ഭാവവും ആരേയും ആരാധകനാക്കാന്‍ പോരുന്നതായിരുന്നു. തപസ്യയുടെ ‘ഭാഗവതോത്സവം’ പെരുമ്പാവൂരില്‍ നടക്കുമ്പോള്‍ കവിയെ കാണാന്‍ വന്ന കുറെ വീട്ടമ്മമാരുടെ മുന്നില്‍ ‘പൂമുഖവാതില്ക്കല്’ എഴുതിയ ആളാണ് എന്ന് സ്വയം പരിചയപ്പെടുത്തി തൊഴുതു നിന്നത് എന്റെ ഓര്‍മ്മയില്‍ വരുന്നു.
തപസ്യയെ മുന്നില്‍ നിന്നു നയിച്ച വര്‍ഷങ്ങളത്രയും അവിസ്മരണീയങ്ങളായ പരിപാടികള്‍ കൊണ്ട് സംഘടനയുടെ സാംസ്കാരിക പ്രവര്‍ത്തനത്തിന് ശോഭയേറ്റുവാന് അദ്ദേഹത്തിനു സാധിച്ചു. സൗമ്യവും സ്വഭാവികവുമായ കലാസാഹിത്യ പ്രവര്‍ത്തനത്തിന് പുതിയ വര്‍ണ്ണമേളങ്ങള്‍ ചമയ്ക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ആര്‍ഭാടപൂര്‍ണ്ണവും ആവേശകരവുമായ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെങ്ങനെയാണ് എന്ന് തപസ്യ പ്രവര്‍ത്തകരെ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക പ്രവര്‍ത്തന രംഗത്തും കുറച്ച് ‘ആക്രമണോത്സുകരാ’കാനുള്ള പ്രേരണയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. എറണാകുളത്തു നടത്തിയ സംവിധായകന് ഹരിഹരന് വി.എം. കൊറാത്ത് പുരസ്കാര സമര്‍പ്പണപരിപാടി, സംഗീതസംവിധായകന് അര്ജുനന് മാഷിന്റെ സമാദരണസദസ്സ്, മഹാകവി അക്കിത്തത്തിന്റെ നവതി ആഘോഷം, തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് നടന്ന പരിപാടികള്‍ എല്ലാം തപസ്യയുടെ ശക്തമായ സാന്നിദ്ധ്യം നാട്ടില്‍ വിളിച്ചോതുന്നതായി.
കലയുടെയും സാഹിത്യത്തിന്റെ അപഥസഞ്ചാരങ്ങളുടെ കാലമാണല്ലോ ഇത്. ഇവ സംസ്കാരത്തെ എങ്ങിനെ ദുര്‍ബ്ബലപ്പെടുത്തും എന്ന കൃത്യമായ ബോധ്യം സൂക്ഷിച്ച വ്യക്തിയായിരുന്നു രമേശന്‍നായര്‍. സാഹിത്യരംഗത്തെ ദുര്‍നടപ്പുകാരെ അതിശക്തമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിക്കുന്നത് കേട്ടിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം നാസിക് ഡോല് എന്ന വടക്കേ ഇന്ത്യന്‍ വാദ്യോപകരണത്തിന്റെ അതിപ്രസരണത്തിനെതിരെ പ്രതികരിക്കുന്നതു കേട്ടു. നമ്മുടെ നാടിന്റെ സ്വതസിദ്ധമായ വാദ്യകലാപാരമ്പര്യത്തെ ഇകഴ്ത്തികാട്ടുവാനും, നമ്മുടെ ആഘോഷങ്ങള്‍ക്കിടെ അവിശ്വസനീയമായ തരത്തില്‍ ശബ്ദഗോപുരങ്ങള്‍ സൃഷ്ടിക്കുന്ന വാദ്യമേള വിദഗ്ദ്ധരുടെ സര്‍ഗ്ഗശക്തിയെ നിഷേധിക്കുന്നതിനായി ഇറക്കുമതി ചെയ്ത വൃത്തികെട്ട ഉപകരണമാണ് നാസിക് ഡോല് എന്നദ്ദേഹം ആകുലപ്പെടുന്നത് കേട്ടിട്ടുണ്ട്.
പ്രഭാഷണങ്ങളില്‍ രമേശന്‍നായര്‍ ശ്രോതാക്കളെ അമ്പരപ്പിക്കും. പ്രഭാഷണത്തിന് തൊട്ടുമുന്‍പ് പ്രകടമാകുന്ന അസ്വസ്ഥതകള്‍ വരാന്‍ പോകുന്ന പ്രകോപനങ്ങളുടെ മുന്നോടിയായി പലപ്പോഴും തോന്നിയിട്ടുണ്ട്. കുപ്പിച്ചീളുകള്‍ പോലെ തുളച്ചു കയറുന്ന വിമര്‍ശനങ്ങളും ലക്ഷ്യവേധിയായ ഫലിതോക്തികളും ഉള്‍ക്കൊള്ളുന്നതും പ്രേരണയും ആത്മവിശ്വാസവും പകരുന്നതും ആയ വാക്കുകളുടെ അകമ്പടിയോടെയുള്ള ഒരു ഗദ്യപ്രവാഹമാണ് ഓരോ പ്രഭാഷണങ്ങളും. തപസ്യവേദികളില്‍ ഊര്‍ജ്ജദായകങ്ങളായ അനേകം പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഈ വാക്കുകള്‍ ശ്രദ്ധിക്കൂ.
‘പിറന്നനാട്ടില്‍ നാം അന്യരായിക്കൊണ്ടിരിക്കുന്നോ എന്ന ഭീഷണി നാം ഇന്നനുഭവിക്കുന്നു. സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക് എന്നെങ്കിലും ഒരു പ്രഭാതമുണ്ടാകുമോ എന്ന് ചിന്തിക്കണം. നമുക്ക് അവസാനത്തെ ആസ്തിയെങ്കിലും നഷ്ടപ്പെടാതെ നോക്കണം. നമ്മുടെ പൂര്‍വ്വികര്‍ അനുഷ്ഠിച്ച ത്യാഗം വെറുതെ ആകാന്‍ പാടില്ല.’
ശ്രോതാക്കളെ പ്രചോദിപ്പിക്കുവാനും പൊട്ടിച്ചിരിപ്പിക്കുവാനും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുവാനുമുള്ള വകകളൊക്കെ ഒരുക്കിയാണ് പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നത്.
രമേശന്‍നായര്‍ എന്ന ബഹുമുഖ പ്രതിഭയെ നമുക്ക് പരിചയമുണ്ട്. പക്ഷെ അര്‍ദ്ധരാത്രിയില്‍ എഴുന്നേറ്റ് വെളുക്കും വരെ സര്ഗ്ഗചര്യയില് മുഴുകുന്ന മഹാകവിയെ നമുക്ക് പരിചയമുണ്ടോ? രാവിലെ ചായയോടൊപ്പം കഴിക്കുന്ന ബിസ്കറ്റ് പൊട്ടിച്ച് കാക്കകള്‍ക്ക് വിതരണം ചെയ്യുകയും തന്റെ കസേരയില്‍ പോലും വന്നിരിക്കുന്ന അവറ്റകളോടു കുശലം പറയുകയും ചെയ്യുന്ന സഹൃദയത്വത്തെ നമുക്ക് അറിയാന്‍ സാധിച്ചിട്ടുണ്ടോ? ‘ഉഴുതുണ്ടു ജീവിക്കുന്നവര്‍ മാത്രമെ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളു’ എന്ന മഹാസത്യം വിളമ്പുന്ന തിരുക്കുറള്‍ പ്രചരിപ്പിക്കുന്ന ഹൃദയവിശാലതയെ നാം ഉള്‍ക്കൊണ്ടിട്ടുണ്ടോ? കവിയെയും കവി മനസ്സിനെയും കൂടുതല്‍ അറിയാനുള്ള ശ്രമങ്ങളാണ് ഇനി നാം നടത്തേണ്ടത്. അതിനു വേണ്ടി കൂടുതല്‍ പഠനങ്ങളും വിശകലനങ്ങളും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ സംവിധാനം ചെയ്യേണ്ടതുണ്ട്.
രമേശന്‍നായരുടെ കവിതകളും പ്രഭാഷണങ്ങളും നമുക്ക് നഷ്ടമായ അമൂല്യസൗഭാഗ്യങ്ങളെ അന്വേഷിക്കുവാനും കണ്ടെത്തുവാനും പുനഃപ്രതിഷ്ഠിക്കുവാനുമുള്ള പ്രേരണകളായി തോന്നിയിട്ടുണ്ട്. അതിന് പുതിയ തലമുറയെ തയ്യാറാക്കുവാനും അവരില്‍ ആത്മവിശ്വാസം നിറയ്ക്കുവാനും ആന്തരിക ദൗര്‍ബല്യങ്ങളെ കുടഞ്ഞെറിയുവാനുമുള്ള പ്രബോധനങ്ങളാവാറുണ്ട് പലപ്പോഴും അദ്ദേഹത്തിന്റെ രചനകള്‍.
‘അന്യരെ ലക്ഷ്യം വയ്ക്കുമമ്പുനീയഥാകാലം
നിന്നിലേയ്ക്കുന്നം പിഴയ്ക്കാതെയ്തിരുന്നെങ്കില്’
എന്ന് ‘കിരാത’ത്തിലെ അര്‍ജ്ജുനനോടു പറയുന്ന കവി ആ വാക്കുകള്‍ വര്‍ത്തമാനകാല നെറികേടുകള്‍ക്കു നേരെ, നമുക്ക് നേരെ ഉന്നം വയ്ക്കുന്നതായി നാം തിരിച്ചറിയേണ്ടതുണ്ട്. ചുറ്റും കാണുന്ന ശത്രുക്കളല്ല യഥാര്‍ത്ഥ ശത്രു സ്വന്തം മനസ്സിലാണ് എന്ന ദാര്‍ശനിക സത്യം ചൂണ്ടിക്കാണിക്കുകയാണദ്ദേഹം. അത് തിരിച്ചറിയലാണ് നമ്മുടെ ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: