കാബൂളിന്റെ പ്രാന്തങ്ങളില്‍ താലിബാന്‍ യോദ്ധാക്കള്‍ എത്തിയെന്നറിഞ്ഞപ്പോള്‍ ആ നഗരത്തിലെ യുവാക്കള്‍ എങ്ങനെ പ്രതികരിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജീന്‍സും ടീഷര്‍ട്ടുമിട്ട ചെറുപ്പക്കാര്‍ വീടുകളിലേയ്‌ക്ക് ഓടി. പരമ്പരാഗത സല്‍വാര്‍ കമ്മീസ് എടുത്തണിയാനായിരുന്നു അവരുടെ മരണപ്പാച്ചില്‍. ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ തങ്ങളെ കണ്ടാല്‍ താലിബാന്‍ കശ്മലര്‍ ആക്രമിക്കുമെന്നു അവര്‍ക്കുറപ്പായിരുന്നു. ബ്യൂട്ടി സലൂണ്‍ നടത്തുന്നവരും വല്ലാതെ പരിഭ്രാന്തരായി. സലൂണില്‍ പതിച്ച പെണ്‍ചിത്രങ്ങള്‍ക്ക് മേല്‍ അവര്‍ ചായമടിച്ചു. സ്ത്രീകളുടെ ചിത്രം കണ്ടാല്‍ താലിബാന്‍ പോരാളികള്‍ തങ്ങളുടെ കടകള്‍ അടിച്ചുതകര്‍ക്കുക മാത്രമല്ല, തങ്ങളെ ദേഹോപദ്രവം ചെയ്യുമെന്നുകൂടി അവര്‍ക്കറിയാമായിരുന്നു.
1996 -2001 കാലത്ത് മുല്ലമുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ തേര്‍വാഴ്ച കണ്ടറിയുകയോ കേട്ടറിയുകയോ ചെയ്ത അഫ്ഗാനികള്‍ക്ക് വരാന്‍ പോകുന്നത് എന്തെന്നു ഊഹിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. 2001 ന് ശേഷം അധികാരത്തിനു പുറത്ത് നില്‍ക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ താലിബാന്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കിപ്പോന്നതും മനുഷ്യാവകാശങ്ങള്‍ മന:സാക്ഷികുത്തുമേതുമില്ലാതെ ചവിട്ടിമെതിച്ചുപോന്നതും അവര്‍ കണ്ടതാണ്. അത്തരമൊരു ശക്തി തങ്ങളുടെ നാട്ടില്‍ വീണ്ടും അധികാരം പിടിച്ചടക്കുമ്പോള്‍ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി തങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ജനാധിപത്യാവകാശങ്ങളും സ്വാതന്ത്ര്യവും അപ്രതൃക്ഷമാകുമെന്ന ആശങ്ക അവരെ, സ്വാഭാവികമായി, പിടികൂടി.
ഒന്നാം താലിബാന്‍ ഭരണനാളുകളില്‍ അഫ്ഗാനിസ്ഥാന്‍ സാക്ഷ്യം വഹിച്ചത് പരുഷ(പുരുഷ) ഇസ്ലാമിന്റെ സമഗ്രാധിപത്യത്തിനാണ്. ആ കാലയളവില്‍ എല്ലാ വിയോജനസ്വരങ്ങളും നിഷ്‌ക്കരുണം അടിച്ചമര്‍ത്തപ്പെട്ടു. ആധുനിക ജനാധിപത്യ രാഷ്‌ട്രസംവിധാനം ആഗ്രഹിച്ച ജനതയ്‌ക്ക് താലിബാന്‍ നല്‍കിയത് അതിപ്രാകൃതമതാധിപത്യ രാഷ്‌ട്ര സംവിധാനമാണ്. സ്വതന്ത്രചിന്തകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഭരണാധികാരികളുടെ കണ്ണിലെ കരടായി. തങ്ങളെ ആശയപരമായി എതിര്‍ക്കുന്നവരെ ഭരണകൂടം നിസ്സങ്കോചം നിശ്ശബ്ദരാക്കി.
അങ്ങേയറ്റം പരുഷമായ പുരുഷ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന മുല്ലഉമറും കൂട്ടാളികളും ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് സ്ത്രീകളെയാണെന്നു പറയാം. ലിംഗസമത്വം, ലിംഗനീതി എന്നിവ താലിബാന്‍ നിഘണ്ടുവില്‍ ഇല്ലാത്ത പദങ്ങളാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും ശരീഅത്ത് (ഇസ്ലാമിക നിയമ) വിരുദ്ധമാണെന്ന് വിധിയെഴുതിയ ഭരണാധികാരികള്‍ എട്ട് വയസ്സിനുമുകളിലുള്ള പെണ്‍കുട്ടികള്‍ പൊതുവിദ്യാഭ്യാസം നേടേണ്ടതില്ലെന്ന നിയമം നടപ്പില്‍ വരുത്തി. പ്രായം എട്ട് കഴിഞ്ഞവര്‍ ഖുര്‍ആന്‍ പഠനം മാത്രം നടത്തിയാല്‍ മതി എന്നായിരുന്നു താലിബാന്‍ മേധാവികളുടെ കല്‍പന.
1996 സെപ്തംബര്‍ 30 ന് താലിബാന്‍ പുറപ്പെടുവിച്ച കുപ്രസിദ്ധമായ ഉത്തരവ് സ്ത്രീകള്‍ വെളിയില്‍ ജോലിക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു. വീടിന് പുറത്തു പോകുന്ന സ്ത്രീകള്‍ കണ്ണൊഴികെയുള്ള ശരീരഭാഗങ്ങള്‍ മുഴുവന്‍ മറയ്‌ക്കുന്ന ബുര്‍ഖധരിക്കണമെന്നും ഏറ്റവും അടുത്ത പുരുഷ ബന്ധുവിനോടൊപ്പം മാത്രമേ അവര്‍ പുറത്തു പോകാവൂ എന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു. ഇപ്പറഞ്ഞ നിബന്ധനകള്‍ പാലിക്കാതെ വെളിയിലിറങ്ങുന്ന സ്ത്രീകളെ കണ്ടേടത്ത് വെച്ച് തല്ലാന്‍ ‘മതപോലീസ്’ നിയോഗിക്കപ്പെടുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസവും തൊഴിലും സഞ്ചാരസ്വാതന്ത്ര്യവും മാത്രമല്ല സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടത്. പൊതുസ്ഥലത്ത് വെച്ച് അല്‍പം സ്വരമുയര്‍ത്തി സംസാരിക്കാനുള്ള അവകാശം പോലും അവരില്‍ നിന്ന്കവരപ്പെട്ടു. സ്ത്രീശബ്ദം പുരുഷനെ ആകര്‍ഷിച്ചുകളയും എന്നതാണ് വിലക്കിനുകാരണമായി താലിബാന്‍ പുരോഹിതന്മാര്‍ ചൂണ്ടിക്കാട്ടിയത്. സ്ത്രീകള്‍ വീട്ടിലെ ബാല്‍ക്കണിയിലോ അന്യപുരുഷന്മാര്‍ക്ക് കാണാവുന്ന വിധം ഗൃഹാങ്കണത്തിലോ നില്‍ക്കുന്നത് പോലും ശിക്ഷാര്‍ഹമായ കുറ്റമായി മാറി. റേഡിയോ, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലോ പൊതുപരിപാടികളിലോ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നു വന്നു. സൈക്കിളോ സ്‌കൂട്ടറോ മറ്റു വാഹനങ്ങളോ അവര്‍ ഓടിക്കുന്നതും വിലക്കപ്പെട്ടു. ടാക്‌സിയില്‍ ഒറ്റയ്‌ക്ക് യാത്രചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീയ്‌ക്കില്ലാതായി. അടുത്ത പുരുഷബന്ധുവിനോടൊപ്പം മാത്രമേ സ്ത്രീ ടാക്‌സിയില്‍ യാത്ര ചെയ്യാവൂ എന്നു വന്നു. രോഗം വന്നാല്‍ സ്ത്രീകള്‍ പുരുഷ ഡോക്ടര്‍മാരെ സമീപിക്കുന്നതും ജനറല്‍ ഹോസ്പിറ്റലുകളില്‍ ചികിത്സ തേടുന്നതുംവരെ വിലക്കപ്പെടുകയുണ്ടായി.സ്‌പോര്‍ട്‌സില്‍ പങ്കെടുത്തുകൂടാ എന്നു മാത്രമല്ല, സ്‌പോര്‍ട്‌സ് ക്ലബുകളില്‍ അംഗങ്ങളാകാനോ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കനോ ഉള്ള സ്വാതന്ത്ര്യവും പെണ്ണായി പിറന്നവര്‍ക്ക് നഷ്ടപ്പെട്ടു. എന്തിനേറെ, സ്ത്രീകള്‍ നെയ്ല്‍ പോളിഷിടുന്നത് പോലും ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളുടെ വകുപ്പില്‍ ചേര്‍ക്കപ്പെട്ടു. നെയ്ല്‍ പോളിഷിട്ടതിന് ഒരു യുവതിയുടെ പെരുവിരലിന്റെ അറ്റം ഛേദിച്ചുകൊണ്ട് താലിബാന്‍ കിങ്കരര്‍ ശിക്ഷ നടപ്പാക്കിയത് 1996 ഒക്‌ടോബറിലായിരുന്നു. ‘ഇസ്ലാമിക വേഷ നിയമം’ ലംഘിച്ചാല്‍ അതിനുമുണ്ട് ശിക്ഷ. താലിബാന്‍ നിര്‍ദ്ദേശിച്ച ‘ഡ്രെസ് കോഡ്’ ലംഘിക്കുന്നവരെ മതപോലീസ് ചാട്ടവാറുപയോഗിച്ച് അപ്പപ്പോള്‍ കൈകാര്യം ചെയ്യുന്ന രീതിയത്രെ താലിബാന്‍ വാഴ്ചക്കാലത്ത് നടപ്പാക്കപ്പെട്ടത്.
അപരമതവിശ്വാസത്തോടും സംസ്‌കാരത്തോടും ചിഹ്നങ്ങളോടുമുള്ള കടുത്ത അസഹിഷ്ണുതയും മുല്ലമുഹമ്മദ് ഉമറിന്റെ ഭരണനാളുകളില്‍ ലോകം കണ്ടു. 2001 മാര്‍ച്ചില്‍ ബാമിയാന്‍ താഴ്‌വരയിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കാനുള്ള ഉത്തരവ് താലിബാന്‍ ഭരണകൂടം നല്‍കിയത് മികച്ച ഉദാഹരണമാണ്. ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതും ലോകത്താകമാനമുള്ള ചരിത്രകുതുകികളേയും സഞ്ചാരികളേയും ആകര്‍ഷിച്ചു പോന്നതുമായ പ്രതിമകള്‍ ടാങ്കുകളും ആര്‍ട്ടിലറി ഷെല്ലുകളും സ്‌ഫോടകവസ്തുകളുപയോഗിച്ച് താലിബാന്‍ ഭീകരവാദികള്‍ തവിടുപൊടിയാക്കി. ലോകം വിലമതിക്കുന്ന ഒരു ചരിത്ര സാംസ്‌കാരിക ശേഷിപ്പിനോട് ചെയ്ത ഈ മഹാപാരാധത്തിന് താലിബാന്‍ തലവന്‍ നല്‍കിയ വിശദീകരണമായിരുന്നു വിചിത്രം. പ്രതികള്‍ ഇസ്ലാം മതത്തിന്റെ തത്വങ്ങള്‍ക്കെതിരാണ്. അവ മഹാപാപമായി ഇസ്ലാം കണക്കാക്കിയ വിഗ്രഹാരാധനയിലേക്ക് നയിക്കും. അതിനാല്‍ ബാമിയാനിലെ ബുദ്ധപ്രതികള്‍ മാത്രമല്ല, അഫ്ഗാനിസ്ഥാനിലുള്ള എല്ലാ പ്രതിമകളും നശിപ്പിക്കാനുള്ള ഉത്തരവ് മുല്ലഉമറില്‍ നിന്നു പുറപ്പെട്ടു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാന്‍ ഒരിയ്‌ക്കല്‍ കൂടി താലിബാന്റെ പിടിയിലമരുമ്പോള്‍ ആ രാജ്യത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പ്രവചിക്കാന്‍ വലിയ ക്രാന്തദൃഷ്ടിയുടെ ആവശ്യമില്ല. ആധുനിക ജനാധിപത്യത്തിന്റെ വെളിച്ചത്തിനുപകരം പ്രാകൃത മതാധിപത്യത്തിന്റെ ഇരുട്ട് അവിടെ പിടിമുറുക്കും. മനുഷ്യാവകാശങ്ങള്‍ പുരോഹിതാവകാശങ്ങള്‍ക്ക് വഴിമാറും. വിയോജന സ്വാതന്ത്ര്യവും ലിംഗസമത്വചിന്തകളും പഴങ്കഥയാവും. മതന്യൂനപക്ഷങ്ങളും വംശീയന്യൂനപക്ഷങ്ങളും ഉത്പതിഷ്ണുക്കളും ഭരണകൂടത്താല്‍ നിര്‍ഭയം അടിച്ചൊതുക്കപ്പെടുന്ന അവസ്ഥാവിശേഷം സംജാതമാകും. മുല്ലഉമര്‍ 2013 ല്‍ മരിച്ചെങ്കിലും, അയാളുടെ അനന്തരാവകാശികള്‍ അയാളെക്കാള്‍ ഒട്ടും മോശക്കാരാകാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: