Categories: Article

ഐക്യ, അഖണ്ഡ, ജനാധിപത്യ, മതേതരത്വ ഇന്ത്യയിലേക്ക്

പരസ്പരശത്രുതയുള്ള ചെറുരാജ്യങ്ങളായി വിഭജിച്ച് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ സ്വതന്ത്രമായ 565 നാട്ടുരാജ്യപ്രവിശ്യകളാക്കി ചിതറിച്ചു നിര്‍ത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങള്‍ക്ക് തന്ത്രപൂര്‍വ്വം തടയിടുന്നതില്‍ നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം വിജയിച്ചു.

Published by

അശോക് ഭാന്‍

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യക്ക്  സ്വതന്ത്ര്യം ലഭിച്ച നാളില്‍, 1947 ആഗസ്ത് 15ന്, ‘വിധിയുമായുള്ള കൂടിക്കാഴ്ച’ (ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി) എന്ന പേരില്‍ പ്രസിദ്ധമായ പ്രസംഗത്തില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു  ഇന്ത്യയുടെ ചരിത്രത്തെതന്നെ അതിജീവിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച്  സംസാരിക്കുകയുണ്ടായി. 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നായി കൊണ്ടാടപ്പെടുന്ന  പ്രസംഗത്തില്‍ അദ്ദേഹം ദീര്‍ഘദര്‍ശിയെന്നോണം പറഞ്ഞു: “ഇന്ത്യക്കാര്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ‘വിധിയുമായി കൂടിക്കാഴ്ച’ (ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി) നടത്തി”. ഇപ്പോഴിതാ നമ്മുടെ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമെത്തിയിരിക്കുന്നു. പൂര്‍ണ്ണമായോ പൂര്‍ണ്ണമായ അളവിലോ അല്ല, അതിന്റെ സാരംശത്തില്‍ തന്നെ പഴയ പ്രതിജ്ഞ വീണ്ടെടുക്കാനുള്ള സമയമെത്തി.

‘അര്‍ധരാത്രി മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരും. ആ നിമിഷം എത്തി, അത് അപൂര്‍വ്വമായി മാത്രമേ ചരിത്രത്തില്‍ വരാറുള്ളൂ. പഴയതില്‍ നിന്നും പുതിയതിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍, ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തിന്റെ ആത്മാവ് വീണ്ടും ശബ്ദം കണ്ടെത്തുമ്പോള്‍…..ഇത്തരത്തിലുള്ള ഒരു ശുഭമുഹൂര്‍ത്തത്തില്‍ ഇന്ത്യയെയും അവളുടെ ജനങ്ങളെയും അതിനപ്പുറമുള്ള മനുഷ്യരാശിയെയും സേവിക്കുന്നതിനായി നമ്മള്‍ സമര്‍പ്പണത്തിന്റെ പ്രതിജ്ഞയെടുക്കും,’ – സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നെഹ്രു പറഞ്ഞു.

സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തില്‍, ഒരു പിടി ശക്തരായ രാജാക്കന്മാര്‍ തങ്ങളുടെ നാട്ടുരാജ്യങ്ങളെ സ്വതന്ത്രമായി നിലനിര്‍ത്താനുള്ള ഒരു ഗൂഢപദ്ധതി ആസൂത്രണം ചെയ്തിരുന്നു. രാജാക്കന്മാരുടെ ചേംബറിലെ ചാന്‍സലറാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. മുഹമ്മദി ജിന്ന, ലോര്‍ഡ് വാവെല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എന്നിവരുടെ നേരിട്ടുള്ള ആശിര്‍വാദത്തില്‍ ഭോപാലിലെ നവാബാണ് പ്രിന്‍സെസ്താന്‍ (രാജാക്കന്‍മാരുടെ രാജ്യം) എന്ന പേരില്‍ ഇന്ത്യയ്‌ക്കും പാകിസ്ഥാനും പുറമെ  മൂന്നാമതൊരു സ്വതന്ത്ര രാജ്യം കൂടി ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നും സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

565 നാട്ടുരാജ്യങ്ങള്‍ ചേര്‍ന്നുള്ള ഈ പ്രദേശം പാകിസ്ഥാന്‍, ഇന്ത്യ എന്നീ രണ്ട് സ്വതന്ത്ര രാഷ്‌ട്രങ്ങള്‍ക്ക് പുറമെ മൂന്നാമതൊരു സ്വതന്ത്രരാജ്യമായി നിലനിര്‍ത്തുക എന്നതായിരുന്നു പദ്ധതി. വിടപറഞ്ഞുപോകുന്ന ബ്രീട്ടീഷുകാരുടെ സംരക്ഷണത്തില്‍ ഈ നാട്ടുരാജ്യങ്ങളുടെ യൂണിയന്‍ മറ്റൊരു രാജ്യമെന്നോണം പരമാധികാരം നിലനിര്‍ത്തും. ഇത്തരമൊരു ദുഷ്ടപദ്ധതി വിജയിച്ചിരുന്നെങ്കില്‍ പുതുതായി രൂപം കൊണ്ട് മറ്റ് രണ്ട് സ്വതന്ത്രരാജ്യങ്ങളുടെ (ഇന്ത്യയുടെയും പാകിസ്ഥാന്റെയും) നിലനില്‍പ് അപകടത്തിലായേനെ. പക്ഷെ മൂന്ന് പേര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍,  മൗണ്ട് ബാറ്റന്‍ പ്രഭു എന്നിവര്‍ ഈ നാട്ടുരാജ്യങ്ങളുടെ ഭരണാധികാരികളുമായി ഓരോ ഘട്ടത്തിലും ഏറ്റുമുട്ടി. അതുവഴി ബ്രിട്ടീഷ് ഇന്ത്യയെ സ്വതന്ത്രാധികാരമുള്ള പല നാട്ടുരാജ്യങ്ങളായി വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ ഹീന പദ്ധതി തകര്‍ക്കാനും അവര്‍ക്ക് സാധിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1929ലെ ലാഹോര്‍ സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വരാജ് പ്രഖ്യാപനം അഥവാ സ്വതന്ത്ര ഇന്ത്യയുടെ പ്രഖ്യാപനം വിളംബരം ചെയ്യപ്പെട്ടു. 1930 ജനവരി 26 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയ്‌ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം കിട്ടുന്നതുവരെ നിസ്സഹകരണസമരത്തില്‍ സ്വയം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനം ആഘോഷിക്കുക വഴി ജനങ്ങള്‍ക്കിടയില്‍ ഒരു ദേശീയാഭിനിവേശം സൃഷ്ടിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം, അതുവഴി ബ്രിട്ടീഷ് സര്‍ക്കാരിനെ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നല്‍കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ നിര്‍ബന്ധിക്കുക എന്നതും ലക്ഷ്യമായിരുന്നു. 1930 മുതല്‍ 1946 വരെ കോണ്‍ഗ്രസ് ജനവരി 26 സ്വാതന്ത്ര്യദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ജനവരി 26ന് യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. അതില്‍ പങ്കെടുക്കുന്നവര്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. ഇത്തരം യോഗങ്ങള്‍ സമാധാനപരവും, ഭയഭക്തി നിറഞ്ഞതും പ്രസംഗങ്ങളോ പ്രഖ്യാപനങ്ങളോ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ളതും ആയിരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്രു തന്റെ ആത്മകഥയില്‍ എഴുതുന്നുണ്ട്. ഇത്തരം സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം സമുഹത്തില്‍ അസ്പൃശ്യരായവര്‍ക്ക് എന്തെങ്കിലും സേവനം ചെയ്യുക, അല്ലെങ്കില്‍ നൂല്‍നൂല്‍ക്കുക, ഹിന്ദു-മുസല്‍മാന്‍മാരുടെ പുനസമാഗമം സംഘടിപ്പിക്കുക എന്നിവ പോലുള്ള എന്തെങ്കിലും ക്രിയാത്മക ജോലികള്‍ കൂടി ആകാമെന്ന് ഗാന്ധി വിഭാവനം ചെയ്തിരുന്നു. 1947ല്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ 1950 ജനവരി 26 മുതല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വരികയും ചെയ്തു.

മൗണ്ട് ബാറ്റന്റെ കടന്നു വരവ്

രണ്ടാം ലോകമഹായുദ്ധത്തോടെ തങ്ങളുടെ ഖജനാവ് കാലിയായെന്ന് 1946ല്‍ ബ്രിട്ടന്‍ തിരിച്ചറിഞ്ഞു. സ്വന്തം രാജ്യത്ത് ജനസമ്മതിയില്ലെന്നും തങ്ങള്‍ക്ക് അന്താരാഷ്‌ട്ര പിന്തുണയില്ലെന്നും വര്‍ധിച്ചുവരുന്ന അസ്വാരസ്യങ്ങളുടെ ഇന്ത്യയില്‍ സ്വന്തം സൈന്യത്തെ വെച്ച് നിയന്ത്രണം നിലനിര്‍ത്തുക ബുദ്ധിമുട്ടാണെന്നും ബ്രിട്ടന്‍ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയ്‌ക്ക് അങ്ങേയറ്റം പോയാല്‍ 1948 ജൂണോടെ പൂര്‍ണ്ണമായും സ്വയംഭരണം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്‍റ് ആറ്റ്‌ലി 1947 ഫിബ്രവരി 20ന് പ്രഖ്യാപിച്ചു.

എന്നാല്‍ പുതിയ വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു ഈ സ്വയം ഭരണാധികാരദിനം അല്‍പം കൂടി നേരത്തെയാക്കി. കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള സംഘര്‍ഷം ഇടക്കാല സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ചേക്കുമെന്ന് അദ്ദേഹം കണക്ക് കൂട്ടി. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ കീഴടങ്ങിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ആഗസ്ത് 15 അധികാരക്കൈമാറ്റത്തിനായി മൗണ്ട് ബാറ്റന്‍ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ഇന്ത്യയെ രണ്ട് രാഷ്‌ട്രങ്ങളായി വിഭജിക്കുന്ന ആശയം അംഗീകരിച്ചതായി 1947 ജൂണ്‍ 3ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതുതായി രൂപവല്‍ക്കരിക്കുന്ന രണ്ട് രാജ്യങ്ങള്‍ക്കും പരമാധികാരം നല്‍കുന്നതോടൊപ്പം ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ നിന്നും വേര്‍പ്പെട്ട് പോകാനുള്ള അവകാശവും നല്‍കും.

1947 ആഗസ്ത് 15 മുതല്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ സ്വതന്ത്ര പരമാധികാരമുള്ള രണ്ട് രാജ്യങ്ങളായി ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കുന്നതിനുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം-1947 ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കി. പുതിയ രാജ്യങ്ങളുടെ നിയമനിര്‍മ്മാണസഭകള്‍ക്ക് പൂര്‍ണ്ണ നിയനിര്‍മ്മാണ അധികാരം അനുവദിച്ചുകൊടുത്തു. ഈ നിയമത്തിന് 1947 ജൂലായ് 18ന് ബ്രിട്ടീഷ് രാജഭരണത്തിന്റെ സമ്മതപത്രം ലഭിച്ചു.

സ്വാതന്ത്ര്യത്തോട് തൊട്ടുള്ള മാസങ്ങളില്‍ പുതുതായി വരയ്‌ക്കപ്പെട്ട രാജ്യാതിര്‍ത്തികളില്‍കൂടി ദശലക്ഷണക്കണക്കിന് ഹിന്ദു, സിഖ്, മുസ്ലിം അഭയാര്‍ത്ഥികള്‍ അങ്ങോട്ടുമിങ്ങോട്ടും കൂട്ടപ്പലായനം ചെയ്തു. പഞ്ചാബില്‍, സിഖ് പ്രദേശത്തെ രണ്ടാക്കി വിഭജിച്ച അതിര്‍ത്തിയില്‍ വന്‍തോതില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായി. അക്രമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഏകദേശം രണ്ടരലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ആളുകള്‍ കൊല്ലപ്പെട്ടു. കൂട്ടക്കുരുതി തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഗാന്ധിജി  കൊല്‍ക്കത്തയില്‍ താമസിച്ചു. പാകിസ്ഥാന്റെ ജന്മദിനമായ 1947 ആഗസ്ത് 14ന് പാകിസ്ഥാന്‍ എന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രം പിറന്നു. കറാച്ചിയില്‍ ആദ്യ ഗവര്‍ണര്‍ ജനറലായി മുഹമ്മദാലി ജിന്ന സത്യപ്രതിജ്ഞ ചെയ്തു.  

സ്വാതന്ത്ര്യലബ്ധിയുടെ ഭാഗമായി ഇന്ത്യയുടെ നിയമനിര്‍മ്മാണസഭ അതിന്റെ അഞ്ചാം സമ്മേളനം 1947 ആഗസ്ത് 14ന് രാത്രി 11 മണിക്ക് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഹാളില്‍ ചേര്‍ന്നു. ഈ സുപ്രധാന യോഗത്തില്‍ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. നിയമസഭയിലെ അംഗങ്ങള്‍ രാജ്യത്തിന് വേണ്ടി പൂര്‍ണ്ണമനസ്സോടെ സേവനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. രാജ്യത്തെ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നു ഒരു സംഘം സ്ത്രീകള്‍ നിയമസഭയില്‍ ഇന്ത്യയുടെ പുതിയ ദേശീയ പതാക അവതരിപ്പിച്ചു. ന്യൂദല്‍ഹിയില്‍, ഇന്ത്യ സ്വതന്ത്രരാഷ്‌ട്രമാകുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗികച്ചടങ്ങുകള്‍ നടന്നതോടെ ഇന്ത്യ പുതിയ ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി മാറി. നെഹ്രു ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു. വൈസ്രോയി മൗണ്ട് ബാറ്റന്‍ ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറലായി തുടര്‍ന്നു. ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത ജനങ്ങള്‍ ഗാന്ധിയുടെ പേര് ഉറക്കെ അനുസ്മരിച്ചു. എന്നാല്‍ ഈ ഔദ്യോഗിക സ്വാതന്ത്ര്യദിനച്ചടങ്ങില്‍ ഗാന്ധിജി മാത്രം പങ്കെടുത്തില്ല. പകരം അദ്ദേഹം 24 മണിക്കൂര്‍ ഉപവസിച്ചു. പകരം, കൊല്‍ക്കത്തയില്‍ കൂടിച്ചേര്‍ന്ന ജനങ്ങളെ ഗാന്ധിജി അഭിസംബോധന ചെയ്തു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

കശ്മീരും 370ാം വകുപ്പും

സ്വാതന്ത്ര്യത്തിന് ശേഷം, സ്വതന്ത്ര ഇന്ത്യയില്‍ കശ്മീര്‍ എന്നും അസാമാധനത്തിന്റെ മേഖലയായി നിലകൊണ്ടു. മാറിമാറി വന്ന സര്‍ക്കാരുകള്‍ അവിടുത്തെ സംഘര്‍ഷത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കശ്മീര്‍ പ്രശ്‌നത്തിന്റെ മൂലകാരണം കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370-ാം വകുപ്പാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍370-ാം വകുപ്പ് എടുത്തുകളയുന്ന ഭരണഘടനാഭേദഗതി വരുത്തിയ മോദി സര്‍ക്കാരിന്റെ നീക്കം കശ്മീരിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.  കശ്മീരികളില്‍ നിന്നും അന്താരാഷ്‌ട്ര സമൂഹത്തില്‍ നിന്നും വന്‍പ്രതികരണം പതീക്ഷിക്കപ്പെട്ട മാറ്റമായിരുന്നു ഇത്. എന്നാല്‍ ഇതില്‍ പങ്കാളികളായ എല്ലാവരില്‍ നിന്നും നിശ്ശബ്ദമായ എതിര്‍പ്പ് മാത്രമായിരുന്നു ഉണ്ടായത്.  

അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യ 21-ാം നൂറ്റാണ്ടിലെ ഒഴിച്ചുകൂടാനാവത്ത സാമ്പത്തിക, ഭൗമരാഷ്‌ട്രീയ, തന്ത്രപ്രധാന ശക്തിയായി മാറി. പ്രത്യേകിച്ചും ലോകത്തിലെ വന്‍ജനാധിപത്യശക്തിയായും ചൈനയുടെ വളര്‍ന്നുവരുന്ന ആധിപത്യത്തിനെതിരെ നിലകൊള്ളുന്ന എതിര്‍ശക്തിയായി ഇന്ത്യ മാറുകയും ചെയ്തു. ഇപ്പോഴും പാകിസ്ഥാന്‍  അന്താരാഷ്‌ട്രവേദികളില്‍ കശ്മീരിനെ ഒരു ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ വിദഗ്ധമായ നയതന്ത്ര നീക്കങ്ങള്‍ കാരണം, കശ്മീരിന്മേലുള്ള അന്താരാഷ്‌ട്ര താല്പര്യങ്ങള്‍ പ്രകടമായിതന്നെ കുറഞ്ഞിരിക്കുന്നു.

കശ്മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്തതിനെതിരായ തിരിച്ചടികള്‍ ഇല്ലാതാക്കാന്‍ ഇന്ത്യയുടെ സജീവമായ നയതന്ത്ര നീക്കങ്ങള്‍ക്ക് സാധിച്ചു. ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതും 35എ നിയമം റദ്ദാക്കിയതും  ജമ്മുകശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതും ഉള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ ഇപ്പോള്‍ കശ്മീരികള്‍ക്കും ദഹിച്ചുതുടങ്ങിയിരിക്കുന്നു.  അന്താരാഷ്‌ട്ര സമൂഹവും കശ്മീര്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് കുറച്ചിരിക്കുന്നു. എന്തായാലും കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ സമയോചിതമായിരുന്നുവെന്ന് പറയാതെ വയ്യ.  

ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി കൂട്ടിയിണക്കിയ നീക്കത്തെ രാജ്യത്തെ ജനത പരക്കെ സ്വാഗതം ചെയ്തുകഴിഞ്ഞു. കശ്മീര്‍ ജനത ഇപ്പോള്‍ ഐക്യ, അഖണ്ഡ, ജനാധിപത്യ, മതേതര സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു….

അശോക് ഭാന്‍

(മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും  രാഷ്‌ട്രീയ വിശകലന വിദഗ്ധനുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക