തൃപ്പൂണിത്തുറ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ ക്ഷേത്രങ്ങളിലെ ആയിരക്കണക്കിന് ഓട്ടു വിളക്കുകളും, ഉരുളികളും ലേലം ചെയ്തു വില്‍ക്കുന്നു. ചോറ്റാനിക്കരയില്‍ നിന്ന് മാത്രം 3000 കിലോ ഓട്ട് വിളക്കുകളാണ് കഴിഞ്ഞദിവസം ലേലം ചെയ്തത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ലേലം നടത്തുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം വൈകുകയാണ്. സാധാരണ ഒന്നാം തീയതി ലഭിക്കാറുള്ള ശമ്പളം കഴിഞ്ഞ മാസം 13ന് ആണ് ലഭിച്ചത്. ഈമാസം അതും ഉണ്ടായിട്ടില്ല.
കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ സര്‍ക്കാര്‍ 25 കോടി രൂപ നല്കിയിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ശമ്പളം വിതരണം ചെയ്തത് ഈ തുക ഉപയോഗിച്ചായിരുന്നു. 2500 ഓളം ജീവനക്കാരുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ഒരു മാസം ശമ്പളം കൊടുക്കാന്‍ മാത്രം അഞ്ച് കോടി രൂപ വേണം. പെന്‍ഷന്‍ കൊടുക്കാന്‍ 80 ലക്ഷം രൂപയും.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ 403 ക്ഷേത്രങ്ങളില്‍ നിന്ന് കൊവിഡിന് മുമ്പ് പ്രതിദിനം 25 ലക്ഷം രൂപയാണ് കിട്ടിയിരുന്നത്. കൊവിഡ് രൂക്ഷമായതിന് ശേഷം ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ല. മാസം ആറ് കോടി ആയിരുന്നു വരുമാനം. ഇപ്പോള്‍ മൂന്ന് കോടിയായി കുറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് പ്രധാനക്ഷേത്രങ്ങള്‍ അടക്കം ദീര്‍ഘനാള്‍ അടച്ചിട്ടതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: