കല്‍പ്പറ്റ: മാപ്പിള കലാപത്തിലെ വാരിയംകുന്നന് സ്മാരകം നിര്‍മ്മിക്കുന്ന ഇടതു സര്‍ക്കാര്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും ബ്രിട്ടീഷുകാരെ അടിയറവു പറയിച്ച പഴശ്ശിരാജാവിനെയും കുങ്കനെയും ചന്തുവിനെയും മറന്നു. ചോര്‍ന്നൊലിക്കുന്ന പഴശ്ശിമ്യൂസിയവും തകര്‍ക്കപ്പെട്ട തലക്കര ചന്തു സമൃതിമണ്ഡപവും വിസ്മൃതിയിലുള്ള കുങ്കന്‍ നായരും അവഗണനയുടെ പ്രതീകങ്ങളാണ്.
പഴശ്ശി ബലിദാന ദിനാഘോഷം ഭരണാധികാരികള്‍ പേരിനു ചടങ്ങാക്കി മാറ്റി. വരുംതലമുറ പാഠ്യവിഷയമാക്കേണ്ട വനവാസി സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് കൃത്യമായ രേഖപ്പെടുത്തലുകളില്ല. വനവാസി വികാസകേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തന ഫലമായാണ് 1980ല്‍ പഴശ്ശിരാജാവിന്റെ 175-ാം വാര്‍ഷികപരിപാടികള്‍ ഉജ്ജ്വലമായ രീതിയില്‍ ജനഹൃദയങ്ങളിലെത്തിക്കാനായത്.
1802 ഒക്‌ടോബര്‍ 11ന് തലക്കര ചന്തു, എടച്ചന കുങ്കന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 150 പേരടങ്ങുന്ന കുറിച്ച്യനായര്‍ പടയാളികള്‍ പനമരത്തുള്ള നാലാംബോംബെ ഇന്‍ഫന്ററിയുടെ ഒന്നാംബറ്റാലിയനില്‍പ്പെട്ട 70 പട്ടാളക്കാര്‍ വരുന്നക്യാമ്പ് ആക്രമിച്ചു. കമാന്റന്‍ഡ് ക്യാപ്റ്റന്‍ ഡിക്കിന്‍സ്, സഹായി ലഫ്റ്റനന്റ് മാക്‌സ്‌വെല്‍ തുടങ്ങിയവരുള്‍പ്പെടെ മുഴുവന്‍ ബ്രിട്ടീഷുകാരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഇംഗ്ലീഷ് വാഴ്ചക്കെതിരേ വയനാടന്‍ മണ്ണില്‍ വീരോചിതമായ പോരാട്ടങ്ങള്‍ നയിച്ച എടച്ചന കുങ്കന് സ്മാരകം നിര്‍മ്മിക്കാന്‍ വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നടത്തിയ നീക്കങ്ങള്‍ എങ്ങുമെത്തിയില്ല.
ബ്രീട്ടീഷുകാര്‍ക്കെതിരായ പടയില്‍ പഴശ്ശി രാജാവിനൊപ്പം നിന്ന പോരാളികളില്‍ പ്രമുഖരാണ് എടച്ചന നായര്‍ തറവാട്ടിലെ കുങ്കനും കുഞ്ഞോം കാര്‍ക്കോട്ടിടം കുറിച്യത്തറവാട്ടില്‍പ്പെട്ട ചന്തുവും. ഇംഗ്ലീഷ് ആധിപത്യത്തിനെതിരെ വയനാട്ടില്‍ സായുധസമരങ്ങള്‍ നയിക്കുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത പോരാളികളിലെന്തുകൊണ്ടും വ്യത്യസ്തനാണ് എടച്ചന കുങ്കനെന്ന് ചരിത്രകാരന്‍ മുണ്ടക്കയം ഗോപി അഭിപ്രായപ്പെട്ടു. എടച്ചന കുങ്കനു സ്മാരകം പണിയാന്‍ വിമുഖത കാട്ടുന്ന അധികാരികള്‍ക്ക് നാടിന്റെ പൈതൃകത്തെക്കുറിച്ച് ബോധ്യമില്ലെന്ന് അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു.
എഡി 1796 ഏപ്രിലില്‍ പേരിയ ചുരം കയറി വയനാട്ടില്‍ കടന്ന പഴശ്ശിയെ മുന്‍നിര്‍ത്തി പടനയിച്ചവരില്‍ പ്രധാനികള്‍ കുങ്കനും സഹോദരന്‍മാരും മരുമക്കളുമായിരുന്നു. കല്ലോടിക്കടുത്തുള്ള പാതിരിച്ചാലിലാണ് കുങ്കന്‍ താമസിച്ചിരുന്നത്. 1797 മാര്‍ച്ച് 10ന് നടന്ന മംഗലശ്ശേരി പോരാട്ടവും കോറോത്തെ ഏറ്റുമുട്ടലുകളും കുങ്കന്റെ നേതൃത്വത്തിലായിരുന്നു.
1797 മാര്‍ച്ച് 17ന് തലശ്ശേരിക്ക് മടങ്ങിയ കേണല്‍ ഡൗവിന്റെ സംഘത്തെ ഭയപ്പെടുത്തി ഓടിച്ചതും പിറ്റേന്ന് ചുരമിറങ്ങാന്‍ ശ്രമിച്ച മേജര്‍ കാമറൂണിന്റെ 1100 പേരടങ്ങുന്ന പട്ടാളത്തെ വധിച്ചതും തിണ്ടുമ്മലിലുണ്ടായിരുന്ന ലഫ്റ്റനന്റ് ജോണ്‍ ഇംഗ്ലിസിന്റെ പടയെ തൂത്തുവാരിയതും കുങ്കന്റെ ആളുകളാണ്. കമ്പനിയുടെ സിവില്‍, മിലിട്ടറി കത്തിടപാടുകളില്‍ ‘ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവന്‍’ എന്നാണ് കുങ്കനെ പരാമര്‍ശിക്കുന്നത്.
മാനന്തവാടി തൊണ്ടര്‍നാട് പഞ്ചായത്തിലെ തലക്കര തറവാട്ടില്‍ ജനിച്ച ചന്തു വൈദേശിക ആധിപത്യത്തിനെതിരെ പഴശ്ശി രാജാവിനൊപ്പം ധീരമായി പടനയിച്ചു. 1805 നവംബര്‍ 15ന് ചന്തു ബ്രിട്ടിഷുകാരുടെ പിടിയില്‍പ്പെട്ടു.
ബ്രിട്ടീഷുകാര്‍ വകവരുത്തിയ ചന്തുവിന് സ്മാരകം വേണമെന്ന ആശയവുമായി പള്ളിയറ രാമന്‍ അധ്യക്ഷനും എ.വി. രാജേന്ദ്രപ്രസാദ് കാര്യദര്‍ശിയുമായി തലക്കര ചന്തു സ്മാരകസമിതി രൂപീകരിച്ചു. മരണം സംഭവിച്ച് 207 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാര്‍ കഴുത്തറത്തുകൊന്ന ചന്തുവിനായി അവിടെത്തന്നെ പേരിനൊരു സ്മാരകം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: