തിരുവനന്തപുരം: രാജന്‍ കേസില്‍പ്പെട്ട് കെ. കരുണാകരന്‍ രാജിവെച്ചതുപോലെ, ചരിത്രത്തിന്റെ വിചിത്രമായ ആവര്‍ത്തനമെന്നോണം രണ്ടാം പിണറായി സര്‍ക്കാരും അലപായുസ്സായി താഴെ വീഴുമോ? ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ച് ശേഷം ഇടതുചായ് വുള്ള പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ ‘മാതൃഭൂമി’ ഓണ്‍ലൈനില്‍ എഴുതിയ ഇംഗ്ലീഷ് പംക്തിയിലെ ലേഖനത്തിലാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.
1977ലെ കരുണാകരന്റെ മൃഗീയ വിജയവും പിണറായി വിജയന്‍ 2021ല്‍ നേടിയ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയവും തമ്മില്‍ സാമ്യമുണ്ടെന്നും ലേഖകന്‍ പറയുന്നു. 1977ല്‍ 140ല്‍ 111 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷത്തോടെ കെ. കരുണാകരന്‍ അന്ന് അധികാരത്തില്‍ വന്നത്. എന്നാല്‍ ആര്‍ഇസി കോളെജിലെ രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ കാണതായതിനെത്തുടര്‍ന്ന് അച്ഛന്‍ ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഉടക്കിയാണ് കരുണാകരന്‍ സര്‍ക്കാര്‍ താഴെ വീണത്. അന്ന് രാജനെ മാര്‍ച്ച് 21നകം കോടതിയില്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രിയായ കരുണാകരനോട് ജസ്റ്റിസ് പി. സുബ്രഹ്മണ്യം പോറ്റി ഉത്തരവിട്ടതോടെ മറ്റ് ഗത്യന്തരമില്ലാതെ കരുണാകരന്‍ രാജിവെക്കുകയായിരുന്നു. കരുണാകരനെ ഒരു പാട്ടിലൂടെ കളിയാക്കിയ രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നുവെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു കരുണാകരന്റെ രാജി.
140ല്‍ 99 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒരുപിടി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ചരിത്രത്തിന് ചിലപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആവര്‍ത്തിക്കാനുള്ള നിഗൂഢമായ അഭിരുചിയുണ്ടെന്നും മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ കരുണാകരന് 30 ദിവസത്തിനുള്ളില്‍ രാജിവെക്കേണ്ടിവന്നതുപോലെ രണ്ടാം പിണറായി സര്‍ക്കാരിനും രാജിവെക്കേണ്ടി വരുമോ- എം.ജി. രാധാകൃഷ്ണന്‍ ചോദിക്കുന്നു.
പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു മാസം മുമ്പ് പാലക്കാട് ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നതായി ലേഖനത്തില്‍ പറയുന്നു. പിണറായിയുടേയത് ശ്രേഷ്ഠജാതകമാണെന്നും കേസരിയോഗമുണ്ടെന്നും പറഞ്ഞ ജ്യോത്സ്യന്‍ പക്ഷെ പിണറായിക്ക് ബ്രാഹ്മണശാപം ഉള്ളതായും പ്രവചിച്ചിരുന്നു. ശബരിമലയില്‍ നിന്നുള്ള ശാപമാണിത്. ഇതിന് പരിഹാരമായി പാലക്കാട് ജ്യോത്സ്യന്‍ നിര്‍ദേശിച്ചിരിക്കുന്നത് ശബരിമലയില്‍ നീരാഞ്ജനം എന്ന വഴിപാട് ചെയ്യണമെന്നും ഗണപതിക്ക് മുന്നില്‍ തേങ്ങയുടക്കണമെന്നുമാണ്. വെറും നൂറ് രൂപയേ ഉള്ളൂ നീരാഞ്ജനം വഴിപാടിന്. ശനിദോഷം കളിയാന്‍ അയ്യപ്പസ്വാമിയുടെ ശ്രീകോവിലില്‍ നാളികേരത്തില്‍ നെയ്യൊഴിച്ച് എള്ളിന്‍തിരി കത്തിച്ചശേഷം അയ്യപ്പവിഗ്രഹത്തെ ഉഴിഞ്ഞ് അഗ്നിനാളം വന്ദിക്കുന്നതാണ് നീരാഞ്ജനം വഴിപാട്. അത് നടത്തിയാല്‍ ഈ ബ്രാഹ്മണശാപത്തില്‍ നിന്നും സഖാവിന് ഊരിപ്പോരാം. കറ കളഞ്ഞ കമ്മ്യൂണിസ്റ്റായ പിണറായി പക്ഷെ അതിന് മുതിരുമോ?- ലേഖനം ചോദിക്കുന്നു.
എന്തായാലും ബ്രാഹ്മണശാപം ഫലിക്കുന്നതുപോലെ അധികാരത്തിലേറിയതിന് ശേഷം പിണറായി സര്‍ക്കാരിന് പ്രശ്നങ്ങളള്‍ ഒഴിഞ്ഞ നേരമില്ല. മുട്ടില്‍ മരംമുറി, നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷം, മന്ത്രി എ.കെ. ശശീന്ദ്രന്റെ ലൈംഗികാപവാദക്കേസില്‍ നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാനുള്ള ഫോണ്‍വിളി, കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള പാര്‍ട്ടിഗുണ്ടകളുടെ സ്വര്‍ണ്ണക്കടത്ത്, പാര്‍ട്ടി സഖാക്കള്‍ ചുക്കാന്‍ പിടിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 100 കോടി തിരിമറി…എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നെന്നോണം എത്രയോ പ്രതിസന്ധികള്‍. ഏറ്റവുമൊടുവില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ കസ്റ്റംസിന് നല്‍കിയ മൊഴിയും പുറത്തുവന്നിരിക്കുകയാണ്- യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് കോടികളുടെ ഡോളര്‍ യുഎഇ നയതന്ത്ര ചാനലിന്റെ പരിരക്ഷയോടെ കടത്തിയിരിക്കുന്നു എന്നതാണ് സരിത്തിന്റെ വെളിപ്പെടുത്തല്‍.
ബ്രാഹ്മണശാപം ഉഗ്രശാപമായി മാറും മുമ്പ്, പാലക്കാട് ജ്യോത്സ്യന്‍ നിര്‍ദേശിച്ചതുപോലെ ശബരിമലയില്‍ നീരാഞ്ജനം നടത്താനും ഗണപതിക്ക് മുന്‍പാകെ തേങ്ങയുടക്കാനും പിണറായി തയ്യാറാകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: