Categories: Samskriti

നന്മകള്‍ കണ്ടെത്താം…

ആരുടെ നിഗ്രഹത്തിനാണോ താന്‍ അവതരിച്ചത്, ആ രാവണന്റെ പ്രതാപവും പൈതൃകവും ശക്തിയും ഭക്തിയും മറ്റു കഴിവുകളും വാഴ്ത്താന്‍ ശ്രീരാമന്‍ മടിക്കുന്നില്ല. യുദ്ധത്തിനിടെ രാവണനു തളര്‍ച്ചയുണ്ടെന്നറിഞ്ഞ രാമന്‍ പറയുന്നു:

Published by

നന്മകള്‍ ഉള്‍ക്കൊള്ളുക, തിന്മകള്‍ വര്‍ജിക്കുക എന്ന സന്ദേശമാണ് പൊതുവെ ഇതിഹാസങ്ങളും പുരാണങ്ങളും മനുഷ്യരാശിക്ക് നല്‍കുന്നത്. നന്മയുടെ വിജയവും തിന്മയുടെ പരാജയവും രാമായണത്തിലും കാണാം. എന്നാല്‍ ശത്രുക്കളെ എതിര്‍ക്കുമ്പോഴും അവരില്‍ നന്മയുടെ അംശമുണ്ടെങ്കില്‍ അതിനെ അംഗീകരിക്കാനും പ്രകീര്‍ത്തിക്കാനും മടിക്കരുതെന്നും രാമായണം ഓര്‍മിപ്പിക്കുന്നു.

ആരുടെ നിഗ്രഹത്തിനാണോ താന്‍ അവതരിച്ചത്, ആ രാവണന്റെ പ്രതാപവും പൈതൃകവും ശക്തിയും ഭക്തിയും മറ്റു കഴിവുകളും വാഴ്‌ത്താന്‍ ശ്രീരാമന്‍ മടിക്കുന്നില്ല. യുദ്ധത്തിനിടെ രാവണനു തളര്‍ച്ചയുണ്ടെന്നറിഞ്ഞ രാമന്‍ പറയുന്നു:  

”ആമയം പാരം നിനക്കുണ്ടു മാനസേ

പോയാലുമിന്നു ഭയപ്പെടായ്‌കേതുമേ

നീയിനി ലങ്കയില്‍ ചെന്നങ്ങിരുന്നാലും  

ആയുധവാഹനത്തോടൊരുമ്പെട്ടുകൊ

ണ്ടായോധനത്തിനു നാളെ വരണം നീ”

സൗമനസ്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായ ഈ യുദ്ധമര്യാദ മാതൃകാപരം തന്നെ.  

തന്റെ ബാണമേറ്റു മരിച്ചുവീണ രാവണനെക്കുറിച്ച്,

”എന്നോടഭിമുഖമായ് നിന്നുപോര്‍ചെയ്തു

നന്നായ് മരിച്ച മഹാശൂരനാമിവന്‍”

എന്നാണ് രാമന്‍ പറയുന്നത്.  

”രാവണന്‍ തന്നുടല്‍ സംസ്‌കരിച്ചീടുക

പാവകനെ ജ്വലിപ്പിച്ചിനിസ്സത്വരം”

എന്ന രാമന്റെ നിര്‍ദേശം അനുസരിക്കാന്‍ വിഭീഷണന്‍ ആദ്യം മടിക്കുന്നു.  

”ഇവനോളമിത്ര പാപം ചെയ്തവരില്ല ഭൂതലേ

യോഗ്യമല്ലേതുമടിയനിവനുടല്‍ സംസ്‌ക്കരിച്ചീടുവാന്‍”  

എന്നുണര്‍ത്തിച്ച വിഭീഷണനോട് രാമന്‍ വീണ്ടും വ്യക്തമാക്കുന്നു:  

”മല്‍ബ്ബാണമേറ്റു രണാന്തേ മരിച്ചൊരു  

കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍”

രാമവാക്യത്തിന്റെ പൊരുള്‍ മനസ്സിലാക്കിയ വിഭീഷണന്‍ ‘അഗ്നിഹോത്രികളെ  സംസ്‌കരിക്കുന്നവണ്ണം’ രാവണദേഹം ദഹിപ്പിച്ചു. എല്ലാവരും രാവണന് സദ്ഗതി നേര്‍ന്നു. രാവണനെ ദുര്‍മാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട് ശ്രീരാമസന്നിധിയിലെത്തിയ വിഭീഷണനെ സുഗ്രീവന്‍ സംശയിക്കുമ്പോള്‍ ഹനൂമാന്‍ ആ സംശയമകറ്റുന്നു.  

”വന്നു ശരണം ഗമിച്ചവന്‍ തന്നെ നാം

നന്നു രക്ഷിക്കുന്നതെന്നുടെ മതം

നക്തഞ്ചരാന്വയത്തിങ്കല്‍ ജനിച്ചവര്‍

ശത്രുക്കളേവരുമെന്നു വന്നീടുമോ?

നല്ലവരുണ്ടാമവരിലുമെന്നുള്ള-

തെല്ലാവരും നിരൂപിച്ചു കൊള്ളേണമേ”  

രാക്ഷസരുടെ വംശത്തില്‍ ജനിച്ചവരെ മുഴുവന്‍ ശത്രുക്കളായി കരുതരുതെന്നും അവരിലും നല്ലവരുമുണ്ടാകുമെന്നും ആ നന്മ കാണാതിരിക്കരുതുമെന്നുള്ള ഹനൂമാന്റെ വിശദീകരണം ശ്രീരാമന്‍ അംഗീകരിക്കുന്നു.  

എതിര്‍കക്ഷികളെയും പ്രസ്ഥാനങ്ങളെയും അന്ധമായി അടച്ചെതിര്‍ക്കുകയും അവയിലെ നന്മകള്‍ നിരാകരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്ന് പൊതുവെയുള്ളത്. പ്രതിപക്ഷ ബഹുമാനമെന്നത്      

പലപ്പോഴും വാക്കുകളിലൊതുങ്ങുന്നു. ശത്രുത തീര്‍ക്കുന്നതിനു പകരം ശത്രുക്കളെ ഇല്ലാതാക്കാനാണ് പലരുടെയും ശ്രമം. വ്യക്തികളിലും പ്രസ്ഥാനങ്ങളിലും അനുദിനമെന്നോണം ഈ ദുഷ്പ്രവണത വളര്‍ന്നുകൊണ്ടിരിക്കെ രാമായണപാഠങ്ങള്‍ക്ക് പ്രസക്തിയേറുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by