കോഴിക്കോട്: കൊവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ട വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ്. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഈ വര്‍ഷം ബോണസും അഡ്വാന്‍സും ഇല്ലെന്ന വാര്‍ത്ത കച്ചവടക്കാര്‍ക്ക് ആശങ്കയാകുകയാണ്.
ഓണനാളുകളിലെ കച്ചവടമാണ് വ്യാപാരികള്‍ക്ക് മിച്ചമുണ്ടാക്കാനവസരം. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും അഡ്വാന്‍സും ഓണവിപണിയിലെത്തുന്നതാണ് പതിവ്. കഴിഞ്ഞ തവണ സര്‍ക്കാര്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്, 2750 രൂപ ഉത്സവബത്ത, 15,000 രൂപ അഡ്വാന്‍സ് എന്നിങ്ങനെ നല്‍കിയിരുന്നു. അത് ഇത്തവണ ഉണ്ടാകില്ല. സാധാരണക്കാര്‍ക്ക് ജോലിയും കൂലിയും ഇല്ലാത്ത സാഹചര്യവമാണ്. അപ്പോള്‍ ഓണക്കച്ചവടവും പ്രതീക്ഷ തെറ്റിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
ബോണസ്-അഡ്വാന്‍സ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകളോട് പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകള്‍. ഇത്തരമൊരു തീരുമാനം പ്രതിപക്ഷ സര്‍ക്കാരാണ് എടുത്തിരുന്നതെങ്കില്‍ ഇടതുപക്ഷ സംഘടനകള്‍ ഏത് സാഹചര്യത്തിലായാലും പ്രതി ഷേധിച്ചേനേ. എന്നാല്‍ ഇപ്പോള്‍ അണികളെ സമാധാനിപ്പിക്കാനുള്ള ന്യായങ്ങള്‍ കണ്ടെത്തുകയാണ് നേതാക്കള്‍.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരും പണം വിപണിയിലിറക്കിയാലേ സാധാരണക്കാരന്റെ കൈയിലും പണമെത്തൂ. അതിനുള്ള വഴി അടയ്ക്കുകയാണ് ബോണസ് നിഷേധത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് വ്യാപാരികളുടെ ആശങ്ക. ഓണം ബോണസ് നികുതിയിനത്തില്‍ സര്‍ക്കാരില്‍ത്തന്നെ എത്താറുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: