മുകുന്ദന്‍ മുസലിയാത്ത്
പൂരുവിന്റെ പിന്തുടര്‍ച്ചക്കാരനായിരുന്നു ദുഷ്യന്ത മഹാരാജാവ്. സതുരോധനായിരുന്നു ദുഷ്യന്തന്റെ പിതാവ്. പിതൃസഹോദരനായ പ്രതിരഥ പുത്രനാണ് കണ്വമഹര്‍ഷി.
ദുഷ്യന്തന്‍ മൃഗയാലോലുപനായിരുന്നു. ഒരു ദിവസം നായാട്ടിനിടയില്‍ കണ്വാശ്രമ പരിസരത്തെത്തി. അവിടെ പ്രിയംവദയെന്നും അനസൂയയെന്നും പേരുള്ള തോഴിമാരോടൊപ്പം പൂപറിച്ചു നടക്കുന്ന ശകുന്തളയെ കണ്ടു. ശകുന്തള അപ്‌സരസ്സിന്റെ പുത്രിയായിരുന്നു. ആ ശരീരകാന്തി ശകുന്തളയ്‌ക്കും ഉണ്ടായിരുന്നു. ശകുന്തളയുടെ താരുണ്യവും സൗകുമാര്യവും ദുഷ്യന്തനെ ഹഠാദാകര്‍ഷിച്ചു. കണ്വമുനി ആശ്രമത്തിലല്ലായിരുന്നു. അതിനാല്‍ ഗാന്ധര്‍വ്വമെന്ന വിധിയനുസരിച്ച് ദുഷ്യന്തന്‍ ശകുന്തളയെ വിവാഹം കഴിച്ചു. മനപ്പൊരുത്തമുള്ള പത്‌നിമാരെ രാജാക്കന്മാര്‍ സ്വീകരിക്കുന്ന രീതിയാണ് ഗാന്ധര്‍വ്വം.
സര്‍വ്വരാജ ചിഹ്നങ്ങളോടും കൂടിയ ഒരു പുത്രന് ശകുന്തള ജന്മം നല്‍കി. പുത്രനുമൊത്ത് ശകുന്തള രാജകൊട്ടാരത്തിലെത്തി. എന്നാല്‍ പ്രജാപരാധം ഭയന്ന് ദുഷ്യന്തന്‍ ശകുന്തളയെ സ്വീകരിച്ചില്ല. ആ സമയത്ത് ഒരശരീരി വാക്യം മുഴങ്ങി. ‘ഭരസ്വ’ (അപമാനിക്കാതെ അംഗീകരിച്ചാലും) എന്നായിരുന്നു അശരീരി. അതിനാല്‍ പുത്രന് ഭരതനെന്നു പേരിട്ടു.
ഭരതരാജന്ന് ഔരസ പുത്രന്മാരില്ലായിരുന്നു. അതിനാല്‍ മരുത്തുക്കള്‍ ദുഷ്യന്തന് ഒരു പുത്രനെ സമ്മാനിച്ചു. അതാണ് ഭരദ്വാജന്‍. ഭരദ്വാജന്‍ യഥാര്‍ത്ഥത്തില്‍ ബൃഹസ്പതിയുടെ പുത്രനായിരുന്നു. പക്ഷേ ബൃഹസ്പതി ബീജാസ്ഥാപനം നടത്തിയത് സഹോദര പത്‌നിയിലാണ്. അവള്‍ ഗര്‍ഭിണിയായിരുന്നതിനാല്‍ ഗര്‍ഭസ്ഥ ശിശു ബൃഹസ്പതീ ബീജത്തെ ചവിട്ടി പുറത്തിട്ടു. കുപിതനായ ബൃഹസ്പതി ഗര്‍ഭസ്ഥശിശുവിനെ ശപിച്ച് അന്ധനാക്കി മാറ്റി. ആ കുട്ടിയാണ് വിഖ്യാതനായ ദീര്‍ഘതമസ്സെന്ന മുനി. ബൃഹസ്പതീബീജം പെട്ടെന്നു വളര്‍ന്നു ഒരു പുത്രനായി. എന്നാല്‍ അവനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായില്ല. പുത്രനെ ഭരിക്കാന്‍ രണ്ടുപേരും തയ്യാറാകാതിരുന്നതിനാല്‍ അവന്ന് ഭരദ്വാജനെന്ന പേരു വന്നു. ഈ ഭരദ്വാജനാണ് ഭരതപുത്രനായി അംഗീകരിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക