കെ.സേതുമാധവന്(അഖിലഭാരതീയ പൂര്‍വ്വസൈനിക പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി)
ഭാരതത്തിന്റെ അതിര്‍ത്തികളില്‍ വെടിയൊച്ച കേള്‍ക്കുന്ന ദിനങ്ങള്‍ കുറഞ്ഞുവരികയാണ്. ഭാരതത്തിന്റെ ശക്തമായ നേതൃത്വം അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുക്കള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. രാഷ്ട്രത്തിനു വേണ്ടി വീരാഹൂതി ചെയ്യുന്ന സൈനികരാണ് നാടിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത്.
ഈ വേളയിലാണ് കാര്‍ഗില്‍ ദിനം വന്നണയുന്നത്. കാര്‍ഗില്‍ മലനിരകളില്‍, ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നുകയറിയ പാക് പട്ടാളക്കാരെ തുരത്തിക്കൊണ്ട് ത്രിവര്‍ണ്ണ പതാകയുയര്‍ത്തിയ, വിജയക്കൊടി നാട്ടിയ മുഹൂര്‍ത്തമാണിത്. രാജ്യം അഭിമാനത്തോടെ എഴുന്നേറ്റുനിന്ന മുഹൂര്‍ത്തം.
കാര്‍ഗിലില്‍നിന്ന് നാം ഏറെ പാഠം പഠിച്ചു എന്നത് ശരിയാണ്. സൈനിക പ്രതിരോധ മേഖലയിലെ പോരായ്മകള്‍ തിരിച്ചറിയാന്‍ അതൊരു അവസരമായിരുന്നു. യുദ്ധത്തില്‍ നാം ജയിച്ചു; പക്ഷെ, അപ്പോഴും എന്തൊക്കെയാണ് ഇനിയും പരിഹൃതമാവേണ്ടത് എന്നത് അന്നത്തെ ഭരണനേതൃത്വവും സൈനിക മേധാവിമാരും ആഴത്തില്‍ ചിന്തിച്ചു; അതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. വാജ്പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു കാര്‍ഗില്‍ യുദ്ധം. ആയുധങ്ങള്‍ വേണ്ടത്ര ഉണ്ടാക്കുന്നത്, യുദ്ധ വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍. അങ്ങിനെ എല്ലാ രംഗത്തും വലിയ മാറ്റമാണ് വേണ്ടതെന്ന് വിദഗ്ധ സമിതി ശുപാര്‍ശയും നല്കി. വാജ്പേയി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏറെ ചെയ്തെങ്കിലും പിന്നീട് വന്ന യുപിഎ സര്‍ക്കാരുകള്‍ പ്രതിരോധ രംഗത്തെ പാടെ അവഗണിച്ചു. ധീര സൈനികരുടെ ആത്മവിശ്വാസം തളരുന്ന സമീപനമായിരുന്നു അവരുടേത്.
ഏ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് സൂചിപ്പിച്ചത്. മുംബൈ ഭീകരാക്രമണം, അതിര്‍ത്തിയില്‍ സൈനികന്റെ തലയറുത്ത ഭീകരമായ സംഭവം, കാശ്മീരില്‍ ഭീകരര്‍ പട്ടാളത്തെ ആക്രമിച്ചപ്പോള്‍- ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘-തിരിച്ചടിക്കരുത്’- എന്ന തീരുമാനം ഇതെല്ലാം സൈന്യത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ ആത്മവീര്യത്തെ കെടുത്തി. കാശ്മീരിലും മറ്റും സൈനികര്‍ കല്ലേറും തല്ലുംകൊണ്ട് തെരുവിലൂടെ നിരാലംബരായി നടക്കേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നിലപാടിലുള്ള മാറ്റം സുപ്രധാനമായിരുന്നു. ദേശവിരുദ്ധ ശക്തികളുമായി സന്ധിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഭീകരാക്രമണത്തെ അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന നയപ്രഖ്യാപനമായിരുന്നു അത്. ഇങ്ങോട്ട് ഒരു കല്ലെറിഞ്ഞാല്‍ പോലും തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് അനുമതി നല്കി. അത് ആ ധീരസൈനികര്‍ക്ക് ആത്മവിശ്വാസമേകി. രാഷ്ട്രം സൈനികര്ക്കൊപ്പമാണെന്ന സന്ദേശമായിരുന്നു അത്.
ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിരുന്ന കശ്മീരിലടക്കം സാഹചര്യം മാറി. സൈനികരുടെ ഓരോ ആവശ്യത്തിനും സര്‍ക്കാര്‍ ഏറെ പരിഗണ നല്കി. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിച്ചതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കി. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്കി. അതിലെല്ലാം ഉപരിയായി മൂന്ന് സൈനിക മേധാവികള്‍ക്കും മുകളിലായി ഒരു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) നിയമിച്ച സുപ്രധാന തീരുമാനമുണ്ടായി. ദശാബ്ദങ്ങളായി നിലനിന്നിരുന്ന സൈനികരുടെയും പൂര്‍വ സൈനികരുടെയും ആവശ്യമായ ‘ഒരു റാങ്ക് ഒരു പെന്ഷന്’- നടപ്പിലാക്കി.
യുദ്ധഭൂമിയിലെത്തി സൈനികരെ അഭിവാദ്യം ചെയ്ത ഒരു പ്രധാനമന്ത്രി നല്കിയ ആത്മവിശ്വാസം ഏറെയായിരുന്നു. പ്രതിരോധരംഗത്ത് വിപ്ലവകരമായ മാറ്റമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത്. 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനത്തോടെ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആഭ്യന്തര വ്യവസായ രംഗത്ത് നാല് ലക്ഷം കോടിയുടെ കരാറുകളാണ് ഉണ്ടാകുന്നത്. ഭാരതത്തിന്റെ പ്രതിരോധ മേഖലയില്‍ സ്വാശ്രയ സംരംഭങ്ങള്‍ക്ക് ഇത് വലിയ പ്രോത്സാഹനമാകും. രാജ്യത്തെ പ്രതിരോധ വ്യവസായങ്ങള്‍ക്ക് അവരുടെ സ്വന്തം ഡിസൈന്‍ ഉപയോഗിച്ച് അല്ലെങ്കില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചോ നിരോധിത പട്ടികയിലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനാകും. പ്രതിരോധ മേഖലയില്‍ റഡാറുകള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കുകയാണ്.
2024 ന് മുമ്പ് ഇറക്കുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കുന്ന സുപ്രധാനമായ തീരുമാനവും സര്‍ക്കാര്‍ ഏറ്റെടുത്തു. 2015 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 2020 വരെ 260 പദ്ധതികളിലൂടെ ഏകദേശം മൂന്നരലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികളാണ് മൂന്ന് സേനകള്‍ക്കുമായി വാങ്ങിച്ചത്. അടുത്ത ഏഴു വര്‍ഷങ്ങള്‍ക്കകം ഏതാണ്ട് 4 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകള്‍ ആവശ്യമായി വരും. ഇതില്‍ 1,30,000 കോടി രൂപ കരസേനയ്ക്ക് വേണ്ടി മാത്രമായി വേണ്ടിവരും. രാജ്യത്ത് തന്നെ ഇത് നിര്‍മ്മിച്ച് നല്‍കുന്നതിലൂടെ കോടികളാണ് ഭാരതത്തിന് ലഭിക്കുക. ഭാരതം സ്വതന്ത്രമായ കാലഘട്ടത്തില്‍ പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ വന്‍ സാധ്യതകള്‍ നിലനിന്നിരുന്നു. എന്നാല്‍ ദശാബ്ദങ്ങളായി അക്കാര്യത്തില്‍ യാതൊരു പ്രവര്‍ത്തനവും രാജ്യത്ത് ഉണ്ടായില്ല.
നവീനവും സ്വാശ്രയവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിന് പ്രതിരോധ മേഖലയില്‍ ആത്മവിശ്വാസം അനിവാര്യമാണ്. ഈ ആത്മവിശ്വാസമാണ് പുതിയ നേതൃത്വം നല്‍കുന്നത്. ബജറ്റ് മൂലധനത്തേക്കാള്‍ ഭാരതജനതയുടെയും സുരക്ഷാസേനയുടേയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന സമീപനമാണ് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചത്. കാര്‍ഗില്‍ യുദ്ധവിജയദിനത്തില് അവരുടെ വീരസ്മരണകള്‍ക്ക് മുമ്പില്‍ അഭിവാദ്യമര്‍പ്പിക്കുമ്പോള്‍ അവരുടെ വീരബലിദാനം പാഴായില്ലെന്ന് കാര്‍ഗില്‍ യുദ്ധാനന്തര ഭാരതം തെളിയിക്കുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിക്കാനുള്ള കരുത്ത് ഭാരതത്തിന് ഇന്നുണ്ട്. ഇതാണ് കാര്‍ഗില്‍ ദിനത്തില്‍ ആ വീരസേനാനികള്‍ക്ക് ഭാരതത്തിന് നല്‍കാനുള്ള ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: