ബി.എം.എസ് രൂപീകരിച്ചിട്ട് 65 വര്‍ഷവും കേരളത്തില്‍ 53 വര്‍ഷവും പൂര്‍ത്തിയാവുന്ന സുദിനമാണ് 2021 ജൂലൈ 23. ദത്തോപാന്ത് ഠേംഗ്ഡിജി എന്ന ധിഷണാശാലിയായ സംഘപ്രചാരകന് 1955 ജൂലൈ 23 നാണ് ബിഎംഎസിന് രൂപം നല്‍കിയത്.
1920 ല്‍ കോണ്ഗ്രസ്സുകാര് ചേര്‍ന്നു രൂപംകൊടുത്ത എ.ഐ.ടി.യു.സി, സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും പിടിച്ചെടുത്തിരുന്നു. 1947 ല്‍ കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയെന്ന നിലയില്‍ ഐ.എന്‍.ടി.യു.സി ആരംഭിച്ചു. ഈ സംഘടനകളില്‍ നിന്ന് ഭിന്നിച്ചാണ് അസംതൃപ്ത വിഭാഗങ്ങള്‍ യു.ടു.യു.സിയും എച്ച്.എം.എസ് അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ആരംഭിച്ചത്. 1962 ലെ ഇന്ത്യാ-ചൈന യുദ്ധ സമയത്ത് മുറിവേറ്റ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം ദാനം ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം കൊടുക്കുന്നത് തെറ്റാണന്നു വാദിച്ചവരാണ് സി.പി.ഐ(എം) രൂപീകരിച്ചത്. 1964 ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനുശേഷം 1970 ല്‍ സി.ഐ.ടി.യു രൂപീകരിക്കപ്പെട്ടു.
ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ പോരായ്മയായി ഠേംഗ്ഡിജി കണ്ടത്, അവര്‍ പിന്തടരുന്ന വൈദേശീയ ആശയങ്ങളും നയസമീപനങ്ങളുമാണ്. കമ്മ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗ സംഘര്ഷസിദ്ധാന്തം ഭാരതത്തിന് ഒരിക്കലും യോജിക്കുന്നതെല്ലന്ന് ഠേംഗ്ഡിജി വിലയിരുത്തി. ഇ.എം.എസ് എഴുതിയ ‘കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍’ എന്ന പുസ്കത്തിന്റെ 122-ാം പേജില്‍ ‘തൊഴിലാളി വര്‍ഗ്ഗത്തിന്റെ അന്തിമലക്ഷ്യം മുതലാളിത്തത്തിന്റെ അടിത്തറ തകര്‍ത്ത് പുതിയ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കണം, അതിന് തൊഴിലാളി സംഘടനകളെ ഉപയോഗപ്പെടുത്തണം’ എന്നാണ്. സത്യത്തില്‍ ഇതാണല്ലോ കേരളത്തില്‍ അണികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്!.
വര്‍ഗസമരം ഭാരതത്തിന് യോജിക്കുന്നതല്ലെന്ന് ഠേംഗ്ഡിജി വിലയിരുത്തുകയും ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് അനുയോജ്യമായ ആശയങ്ങള്‍ ആവിഷ്കരിക്കാനുമാണ് ശ്രമിച്ചത്. വര്‍ഗ്ഗസംഘര്‍ഷമല്ല സമന്വയമാണ് വേണ്ടതെന്ന കാഴ്ചപ്പാടോടെ പരസ്പരാശ്രയത്വം (ഞലുെീിശെ്ല ഇീീുലൃമശേീി) എന്ന തികച്ചും വ്യത്യസ്തമായ ആശയം മുന്നോട്ട് വെച്ചു. ദേശീയബോധമുള്ള തൊഴിലാളി- തൊഴിലാളിവത്കൃത വ്യവസായം- വ്യവസായവത്കൃത രാഷ്ട്രം എന്നീ മുദ്രാവാക്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഭാരത സംസ്കൃതിയുടെ ഭാഗമായി നിലനിന്നിരുന്ന ശുക്രനീതിയെ അവലംബിച്ചുകൊണ്ട് ഇദംപ്രഥമമായി ബോണസ് എന്നത് ലാഭവിഹിതമല്ല മറിച്ച് മാറ്റിവയ്ക്കപ്പെട്ട വേതനമാണെന്ന ആശയം തൊഴില്‍ കാര്യകമ്മീഷനു മുമ്പില്‍ വയ്ക്കുവാനും അതു നേടിയെടുക്കുവാനും ഠേംഗ്ഡിജിക്കും ബി.എം.എസിനും കഴിഞ്ഞു. ഭാരത്തിന്റെ ദേശീയ തൊഴില്‍ദിനത്തെ സംബന്ധിച്ചും അദ്ദേഹത്തിന് തന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇതിഹാസങ്ങളിലൂടെയും പുരാണങ്ങളിലൂടെയും ഭാരതത്തില്‍ ഏറെ പരിചിതനായ, എല്ലാത്തരം നിര്‍മ്മിതികളുടെയും ദേവനായ വിശ്വകര്‍മ്മാവിന്റെ ജയന്തിദിനമാണ് ബി.എം.എസ് ദേശീയ തൊഴിലാളി ദിനമായി സ്വീകരിച്ചതും. അദ്ധ്വാനം ആരാധനയാണ് എന്ന ആശയത്തിലൂടെ ഏതു തൊഴിലും മഹത്വമുള്ളതാണെന്നും അത് സമര്‍പ്പണബുദ്ധിയോടെ ചെയ്യേണ്ടതാണെന്നും തൊഴിലാളികളെ ഓര്‍മ്മിപ്പിച്ചു.
1955 ജൂലൈ 23ന്, തിലകജയന്തി ദിനത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒത്തുചേര്‍ന്ന ഠേംഗ്ഡിജി അടക്കമുള്ള മുപ്പത്തഞ്ചോളം വരുന്ന പ്രവര്‍ത്തകരില്‍, രാഷ്ട്രീയാതീത തൊഴിലാളി സംഘടന എന്ന പ്രമേയം വായിച്ചത് സ്വര്‍ഗീയ മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ് ആയിരുന്നു. ഇന്ന് ഭാരതീയ മസ്ദൂര്‍ സംഘം 2.5 കോടി അംഗങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറിയിരിക്കുന്നു. അന്തര്‍ദേശീയ തൊഴിലാളി ഫോറമായ ഐ.എന്‍.ഒയില്‍ ഭാരതത്തിനു നേതൃത്വം കൊടുക്കുന്നത് ബി.എം.എസ്സാണ്. ഇന്ത്യന്‍ തൊഴിലാളി പാര്‍ലമെന്റ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ (ഐ.എല്‍.സി) വൈസ് ചെയര്‍മാര്‍, ദത്തോപാന്ത് ഠേംഗ്ഡിജി വര്‍ക്കേഴ്സ് എഡ്യൂക്കേഷന്‍ ഡവലപ്മെന്റ് ബോര്‍ഡ് ചെയര്മാന് തുടങ്ങിയ വിവിധ ബോര്‍ഡുകളുടേയും, കമ്മിറ്റികളുടേയും ഉന്നതസ്ഥാനത്ത് ഭാരതീയ മസ്ദൂര്‍ സംഘം നേതൃത്വപരമായ പങ്കു വഹിക്കുന്നു. ഇത് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ, പി.എഫ്, ബോണസ് തുടങ്ങി സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യമടക്കമുള്ള കാര്യങ്ങളില്‍ അനുകൂലമായ പല നല്ല തീരുമാനങ്ങളും കൈക്കൊള്ളാന്‍ സഹായകരമായിട്ടുണ്ട്. എന്നാല്‍ തൊഴിലാളികള്‍ക്കു ദോഷകരമാവുന്ന സര്‍ക്കാര്‍ നയങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതിനും ബി.എം.എസ് ഒരു മടിയും കാണിച്ചിട്ടില്ല.
ഈ വര്‍ഷത്തെ സ്ഥാപക ദിനം സ്ത്രീശക്തി സാമൂഹ്യസുരക്ഷയ്ക്ക് എന്ന മുദ്രാവാക്യവുമായി കുടുംബസംഗമങ്ങളും സേവാദിനവുമായാണ് ആഘോഷിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിലധികമായി കൊവിഡ് എന്ന മഹാമാരി തകര്‍ത്തെറിഞ്ഞത് സാധാരണക്കാരന്റെ ജീവിതമാണ്. ജോലിയും കൂലിയുമില്ലാതെ നരകയാതന അനുഭവിക്കുന്നവരില്‍ വലിയ വിഭാഗവും സാധാരണക്കാരായ തൊഴിലാളികളാണ്. ഒരു കിറ്റുകൊണ്ടോ, സൗജന്യ റേഷന്കൊണ്ടോ പരിഹരിക്കാവുന്നതല്ല അവരുടെ പ്രശ്നങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം- ചികിത്സാ ചെലവ്, തിരിച്ചടവ് മുടങ്ങിയ വിവിധ വായ്പകള്‍ തുടങ്ങി നിരവധിയായ പ്രശ്നങ്ങളാണ് സാധാരണക്കാരന് അഭിമുഖീകരിക്കുന്നത്. ഇതിനു പുറമെ അടച്ചിടല്‍ ഉയര്‍ത്തുന്ന നിരവധി മാനസിക ശാരീരിക, ആരോഗ്യപ്രശ്നങ്ങള്‍ വേറെയും. കേരളമാകട്ടെ കൊവിഡ് പ്രതിസന്ധിക്ക് പുറമെ മറ്റു ഗുരുതരമായ സാമൂഹിക പ്രശ്നങ്ങള്‍ കൂടി നേരിടുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നത് സ്ത്രീധന പീഡനവും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളുമാണ്.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലാകട്ടെ 627 കുട്ടികളാണ് ഇരകളായിട്ടുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളിലാകട്ടെ 2693 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. 43 കുട്ടികള്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. അഞ്ചു വയസ്സുള്ള കുട്ടികള്‍ മുതല്‍ 90 വയസ്സുള്ളവര്‍ വരെ ഇരകളായിട്ടുണ്ട്. വര്‍ഷത്തില്‍ 60 ലേറെ സ്ത്രീധന പീഡനങ്ങള്‍ സംസ്ഥാനത്തു നടക്കുന്നതായാണ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷനില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതാകട്ടെ 11,187 കേസുകള്‍. വാളയാറിലേതടക്കം പാര്ട്ടിക്കാര് പ്രതിയാവുന്ന കേസുകളില്‍ സര്‍ക്കാര്‍ എടുക്കുന്ന പ്രതികള്ക്കനുകൂലമാവുന്ന സമീപനങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രോത്സാഹനമാവുന്നത് ലജ്ജാകരമായ കാര്യമാണ്.
അഞ്ചലില്‍ മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചാണ് ഉത്രയെന്ന പെണ്‍കുട്ടിയെ കൊന്നത്. ഏറ്റവുമവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണം ഉള്‍പ്പെടെ എത്ര പെണ്‍കുട്ടികളാണ് ക്രൂരമായ സ്ത്രീധന പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്. പലതും കൊലപാതകമാണെങ്കിലും തെളിയിക്കാന്‍ കഴിയാതെ പ്രതികള്‍ രക്ഷപ്പെടുന്നു. വിവാഹശേഷം ഒരു വര്‍ഷത്തിനകം ഏറ്റവും കൂടുതല്‍ ബന്ധങ്ങള്‍ വേര്‍പ്പെടുന്നത് കേരളത്തിലാണ്, മണിക്കൂറില്‍ നാലില്‍ അധികം വിവാഹമോചന ഹരജികളാണ് കുടുംബ കോടതികളില്‍ ഫയല്‍ ചെയ്യപ്പെടുന്നത്.
കേരളമിന്ന് രാജ്യത്തിന്റെ ആത്മഹത്യാ മുനമ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. അക്കാര്യത്തിലും നാം രാജ്യത്ത് ഒന്നാം സ്ഥാനത്തുതന്നെയാണ്. സര്‍ക്കാര്‍ മദ്യം വില്‍ക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. 14000 മുതല്‍ 16000 കോടി രൂപയുടെ മദ്യമാണ് മലയാളി ഒരു വര്‍ഷം കുടിച്ചു തീര്‍ക്കുന്നത്. മയക്കുമരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടേയും ഉപഭോഗം യുവാക്കളില്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. കള്ളക്കടത്തും കരിഞ്ചന്തയും, തട്ടിപ്പും വെട്ടിപ്പും, രാഷ്ട്രീയ അതിക്രമവും സ്ത്രീപീഡനവും തീവ്രവാദവും എല്ലാം ചേര്‍ന്ന സങ്കീര്‍ണത മലയാളിയുടെ മനോനിലയെത്തന്നെ തകര്‍ത്തിരിക്കുന്നു.
എന്തുകൊണ്ട് വളര്‍ന്നു വരുന്ന തലമുറ പ്രത്യാശ നഷ്ടപ്പെട്ടവരായി അധ:പ്പതിക്കുന്നു? കമ്മ്യൂണിസത്തിന്റെ ഉത്പ്പന്നമാണ് ഈ ദുരവസ്ഥ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം മനുഷ്യന്റെ വിചാര വിവേകശീലവും മനുഷ്യത്വവുമാണ്. ആത്മസാക്ഷാത്ക്കാരമാണ് മനുഷ്യന് ആത്യന്തികമായി നേടാനുള്ളത് എന്ന് ഭാരത്തിന്റെ സ്മൃതികളും പുരാണങ്ങളും, ഇതിഹാസങ്ങളും നമ്മെ പഠിപ്പിക്കുമ്പോള്‍, ആചാരങ്ങളേയും വിശ്വാസ പ്രമാണങ്ങളേയും തച്ചുടയ്ക്കുകവഴി ഒരു തലമുറയെ അരാജകത്വത്തിലേക്കും തള്ളിവിടാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് വേണ്ടത് തുടര്‍ഭരണം മാത്രമാണ്. സുനില്‍.പി ഇളയിടത്തെപ്പോലുള്ളവര്‍ സ്ത്രീധന പീഡന കൊലയ്ക്കു കാരണം നാട്ടില്‍ നിലനില്‍ക്കുന്ന കുടുംബ സങ്കല്പമാണെന്ന് പുലമ്പുന്നു. ഒരുതൊഴിലാളി സംഘടന എന്ന നിലയിലും സാമൂഹ്യസംഘടന എന്ന നിലയിലും ബി.എം.എസിന് ഇക്കാര്യത്തില്‍ ഉത്ക്കണ്ഠയുണ്ട്. പതിനായിരത്തോളം വരുന്ന യൂണിറ്റ് തല കുടുംബ സംഗമങ്ങളില്‍ സ്ത്രീധനം പോലുള്ള ദുരന്തങ്ങള്‍ക്ക് അറുതി വരുത്തുന്നതിനുള്ള ബോധവത്കരണം നടത്തും.
വ്യവസായ സൗഹൃദ അന്തരീക്ഷം തകരുന്നു
സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്ക് ഒരു പ്രധാനകാരണം കേരളത്തിലെ തൊഴിലില്ലായ്മയാണ്. 75 ലക്ഷത്തോളം മലയാളികള്‍ കേരളത്തിനുവെളിയിലാണ് തൊഴില്‍ തേടിപ്പോയിരിക്കുന്നത്. 18 വയസ്സിനും 25 വയസ്സിനുമിടയില്‍ പ്രായമുള്ള വിദ്യാസമ്പന്നരില്‍ തൊഴില്‍ രഹിതരുടെ അഖിലേന്ത്യാ ശരാശരി 20% ആയിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് 40.1 ശതമാനമാണ്. 70 ലക്ഷത്തോളം ചെറുപ്പക്കാര്‍ കേരളത്തില്‍ തൊഴിലില്ലാത്തവരായുള്ളപ്പോള് വ്യാപാര സൗഹൃദ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം (ഈസ് ഓഫ് ഡ്യൂയിംഗ് ബിസ്സിനസ്സ്) 28-ാമതാണെന്നു വരുമ്പോള്‍ നാം ഇക്കാര്യത്തില്‍ എത്ര പരിതാപകരമായ അവസ്ഥയിലാണിന്നെന്ന് ആര്‍ക്കും ബോദ്ധ്യമാവും. ഒരു ഉപഭോക്തൃ സംസ്ഥാനമല്ലാതെ ഉദ്പാദക സംസ്ഥാനമാകാന്‍ നമുക്ക് കഴിയുന്നില്ല. രാഷ്ട്രീയ ഇടപെടലുകളും, പ്രാദേശീയ നേതാക്കന്മാരുടെ ചട്ടമ്പിത്തരവും, സര്‍ക്കാരിന്റെ പിടിപ്പുകേടും വകുപ്പുകളുടെ ഏകോപനമില്ലായ്മയും, ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയുമടക്കം നിരവധിയായ ഘടകങ്ങളാണ് ഈ ദുരവസ്ഥയ്ക്കു കാരണം. ഒന്നാം പിണറായി സര്‍ക്കാറിന്റെ വാഗ്ദാനങ്ങള്‍ ജലരേഖയായി. വ്യവസായ സംരംഭങ്ങളിലൂടെ സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളുന്നിെല്ലന്നു മാത്രമല്ല അനധികൃത നിയമനങ്ങളും അനാവശ്യ നിയമനങ്ങളുമായി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുകയാണ്. പരമാവധി കടം വാങ്ങി ധൂര്‍ത്തടിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാരും. 2016 മെയില്‍ 1.5 ലക്ഷം കോടിയുണ്ടായിരുന്ന കടബാദ്ധ്യത 4.25 ലക്ഷം കോടിയായി വര്‍ദ്ധിച്ചു കഴിഞ്ഞു.
കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാം
കൊവിഡിന്റെ രണ്ടാം വരവില്‍ വലഞ്ഞ തൊഴിലാളികള്‍ക്കും കുടുംബത്തിനും താങ്ങും തണലുമാകാന്‍ ബി.എം.എസ്സിനു കഴിഞ്ഞു. വാര്‍ഡ് തലം വരെയുള്ള ഹെല്‍പ്പ് ഡെസ്ക്കുകള്‍ സജീവമാക്കി 14 ജില്ലയിലും സഹായമെത്തിക്കാന്‍ കഴിഞ്ഞു. ക്വാറന്റൈന് സംവിധാനം, വാഹന സൗകര്യം. രോഗികള്‍ക്കുള്ള സമാശ്വാസം-ചികിത്സ, ഭക്ഷ്യക്കിറ്റ്, പച്ചക്കറി തുടങ്ങി 3.5 കോടിയോളം വരുന്ന സഹായമെത്തിക്കാന്‍ ബി.എം.എസിന് കേരളത്തില്‍ കഴിഞ്ഞു. ഇതിനിടയില്‍ കുടുംബാംഗങ്ങളും പ്രവര്‍ത്തകരുമായി 127 ഓളം പേര് മരണപ്പെട്ടു. ഇന്ന് നടക്കുന്ന സേവനദിനപരിപാടിയില് മരണമടഞ്ഞ കുടുംബത്തിനുള്ള സാമ്പത്തികസഹായം വിതരണം ചെയ്യും.
വിവിധ സംഘടനകളായ കെ.എസ്.ടി.ഇ.എസ്, എന്‍ജിഒ സംഘ്, എഫ്.എല്‍ടി.യു, എന്‍ടിയു ഏഷ്യനെറ്റ്, ബാങ്ക്, പൊതുമേഖലാ ജീവനക്കാര്‍ പ്രൈവറ്റ് ടെലികോം ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികള്‍ ഈ സംരംഭവുമായി ഏറെ സഹകരിച്ചു. ഇത് ബി.എം.എസിനു നല്കിയ ആത്മവിശ്വാസം വളരെ വലുതാണ്. കൂടുതല്‍ ആത്മവിശ്വാസത്തോടെയും കരുത്തോടെയും സമൂഹത്തിന്റെ പ്രതിസന്ധിയില്‍ നമ്മുടെ പരമാവധി കര്‍മ്മശേഷി ഉപയോഗിച്ച് പ്രവര്‍ത്തിക്കാമെന്ന പ്രതിജ്ഞയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: