കൊച്ചി : കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അസം സ്വദേശിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ സ്വദേശി പിടിയില്‍. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലാണ് ഇയാള്‍ കരാര്‍ ജോലിയാണ് ചെയ്തിരുന്നത്. ഈദ് ഗുള്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്.
സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഈദ് ഗുള്‍ ജോലി ചെയ്ത് മടങ്ങിയശേഷമാണ് ആള്‍മാറാട്ടം നടത്തിയത് തിരിച്ചറിയുന്നത്. ഒപ്പം ജോലി ചെയ്തിരുന്നയാള്‍ ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നും അഫ്ഗാന്‍ സ്വദേശിയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മൂന്ന് വര്‍ഷത്തോളമാണ് ഇയാള്‍ അബ്ബാസ് ഖാന്‍ എന്ന പേരില്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്തത്. ഏതാനും ആളുകള്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്യാര്‍ഡ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈദ് ഗുളിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ഉയര്‍ന്നതോടെയാണ് ഈദ് ഗുള്‍ ഷിപ്പിയാര്‍ഡില്‍ നിന്നും മുങ്ങിയത്. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി കൊല്‍ക്കത്തയിലുണ്ടെന്നു തിരിച്ചറിയുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും അബ്ബാസ് ഖാന്‍ എന്നയാളുടെ ഐഡി കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതിക്ക് ഭീകര ബന്ധമുണ്ടോ എന്ന വിവരം ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: