ജാക്സണ്‍വില്ലി (ഫ്ലോറിഡാ) : മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദ വ്യാപനം വര്‍ധിച്ചതോടെ ഫ്ലോറിഡാ സംസ്ഥാനം രാജ്യത്തെ ഡെല്‍റ്റാ വകഭേദത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്പോട്ടായി മാറി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗികളുടെ എണ്ണം ഞായറാഴ്ച 86 ആയിരുന്നത് തിങ്കളാഴ്ച 126 ആയി വര്‍ധിച്ചു. ഒറ്റദിവസം കൊണ്ട് 40 ശതമാനത്തിന്റെ വര്‍ധന.
ഇത്രയും രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ജനുവരി മാസത്തിനുശേഷം ആദ്യമായാണെന്ന് നഴ്സ് സബ്രീന പറഞ്ഞു. കോവിഡ് എവിടെ നിന്ന് ആരംഭിച്ചുവോ ആ അവസ്ഥയിലേക്ക് ഇപ്പോള്‍ മാറികൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സംസ്ഥാനങ്ങളില്‍ ഫ്ലോറിഡാ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. രോഗികള്‍ വര്‍ധിച്ചു വരുന്നതു എവിടെ ചെന്ന് നില്ക്കും എന്നറിയില്ല. ഹോസ്പിറ്റല്‍ ഇന്ഫക്ഷന് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. ചാഡ് നീല്സന് പറഞ്ഞു. രണ്ടു മാസത്തിനു മുമ്പു ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞങ്ങള്‍ ആരും കരുതിയില്ല. അടുത്ത ആഴ്ചകളില്‍ ഇനി എന്തു സംഭവിക്കുമെന്ന് പറയാനും വയ്യ ഡോക്ടര്‍ കൂട്ടിചേര്‍ത്തു.
വാക്സിനേഷന്റെ സൗകര്യം കൂടുതല്‍ ലഭിക്കാതിരുന്ന ജനുവരി മാസത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടേയും മരണപ്പെട്ടവരുടേയും സ്ഥിതിയിലേക്ക് സംസ്ഥാനം മാറുമോ എന്ന് ആശങ്കയും ഇദ്ദേഹം പങ്കുവെച്ചു.
സംസ്ഥാനത്തു വാക്സിനേഷന് സ്വീകരിക്കുന്നതിനു കൂടുതല്‍ പേര് മുന്നോട്ടുവരികയും, കൊവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാവശ്യമാണെന്ന് ജാക്സന്‍വില്ല ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: