ഭാരതത്തെ രാമരാജ്യമാക്കിത്തീര്‍ക്കുക മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്നു. ഗാന്ധിജിക്ക് ശേഷം കുറച്ചുകാലം കൂടി ഈ ആശയം ഗാന്ധിയന്മാര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. പക്ഷേ പിന്നീട് എപ്പോഴോ രാമരാജ്യത്തിനും രാമനും കപട മതേതരവാദികള്‍ വര്‍ഗീയതയുടെ പട്ടം ചാര്‍ത്തിക്കൊടുത്തു. രാമരാജ്യമെന്നാല്‍ ഹിന്ദു രാജ്യമാണെന്നും രാമരാജ്യത്തില്‍ അഹിന്ദുക്കള്‍ രാജ്യം വിട്ടു പോവേണ്ടി വരുമെന്നും ഉള്ള പ്രസ്താവനകള്‍ വോട്ടുബാങ്കുകള്‍ക്കുവേണ്ടി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ രാമായണം വിഭാവനം ചെയ്ത രാഷ്‌ട്ര സങ്കല്‍പ്പം എല്ലാ മൗലികാവകാശങ്ങളോടും കൂടിയ ജാതി മത ചിന്താഗതികള്‍ക്കതീതമായ ഒന്നാണെന്നത് നാം വിസ്മരിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിന്റെ സ്വാധീനത്താലാവാം വാത്മീകിയുടെ രാഷ്‌ട്ര സങ്കല്‍പം ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. സംസ്‌കൃതത്തിലെ അദ്ധ്യാത്മ രാമായണമാവട്ടെ അത്രയൊന്നും മഹത്വം അവകാശപ്പെടാനില്ലാത്ത കൃതിയാണു താനും. എഴുത്തച്ഛന്റെ തര്‍ജ്ജമയാണ് ആ കൃതിയെ മഹത്തരമാക്കിയത്.
രാമായണത്തിലെ രാഷ്‌ട്ര ജീവിതം
രാമായണത്തിലെ രാമനിലൂടെ വാല്മീകി തന്റെ രാഷ്ട്ര സങ്കല്‍പ്പത്തെ വെളിപ്പെടുത്തുന്നുണ്ട്. അയോദ്ധ്യാകാണ്ഡത്തിലെ ആറാം സര്‍ഗ്ഗത്തിലെ എഴുപത്തിയാറ് ശ്ലോകങ്ങളിലൂടെയാണ് തന്റെ രാഷ്ട്ര സങ്കല്‍പ്പം രാമന്‍, ഭരതന് ഉപദേശിക്കുന്നത്. പിതൃചരമ വൃത്താന്തം അറിഞ്ഞു അയോദ്ധ്യയിലെത്തിയ ഭരതന്‍, ജ്യേഷ്ഠനാണ് ഭരണാധികാരിയാവാന്‍ സര്‍വ്വത്ര യോഗ്യന്‍ എന്നതിനാല്‍ ജ്യേഷ്ഠനായ രാമചന്ദ്രനെ തിരികെ കൊണ്ടുപോകാന്‍ ചിത്രകൂടത്തിലെത്തുന്നതാണ് സന്ദര്‍ഭം. ഔദ്യോഗികമായി ദശരഥ വൃത്താന്തം രാമന്‍ അറിഞ്ഞിട്ടില്ല. ഭരതനെ ആലിംഗനം ചെയ്തുകൊണ്ട് രാമന്‍ അനുജനോട് ”ഉണ്ണി അച്ഛന്‍ എവിടെ? അവിടുന്നു ജീവിച്ചിരിക്കുമ്പോള്‍ നീ വനത്തിലേക്കു വന്നുവല്ലേ” എന്നു ചോദിച്ചാണു സ്വീകരിക്കുന്നത്. തുടര്‍ന്ന് 73 ശ്ലോകങ്ങളില്‍ അങ്ങനെ ചെയ്യുന്നില്ലേ എന്ന ചോദ്യ രൂപത്തില്‍, പിതൃവൃത്താന്തം പറയാന്‍ ഭരതന് അവസരം കൊടുക്കാതെ തുടര്‍ച്ചയായി ക്ഷേമ രാഷ്‌ട്രം എങ്ങനെയായിരിക്കണം എന്ന് വ്യക്തമാക്കുകയാണ്. പിതൃവൃത്താന്തം അറിഞ്ഞാല്‍ പിന്നെ ദീര്‍ഘമായ ഒരു ഉപദേശത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നത് കൊണ്ടാവും വാത്മീകി ഈയവസരത്തില്‍ രാമനെക്കൊണ്ട് തുടര്‍ച്ചയായ ഒരു തത്വോപദേശത്തിനു മുതിരുന്നത്. പ്രാഥമികമായി പിതാവിന്റെ, ഗുരുക്കന്മാരുടെ, അമ്മമാരുടെ ഒക്കെ വിശേഷം ചോദിച്ചശേഷം ഇങ്ങനെയൊക്കെയല്ലേ രാജ്യത്ത് നടക്കുന്നത് എന്ന് വിസ്തരിച്ച് ചോദ്യ രൂപത്തില്‍ രാമന്‍ ഭരതനോട് ചോദിക്കുന്നത്. രാമന്‍ അയോദ്ധ്യ വിട്ടിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ. ഭരതനാകട്ടെ തന്റെ ബാല്യകൗമാരങ്ങള്‍ കഴിച്ചു കൂട്ടിയത് കേകയ രാജ്യത്താണു താനും. അയോദ്ധ്യയില്‍ എന്താണ് നടക്കുന്നതെന്ന് ഭരതന് വ്യക്തമായി യാതൊരു ധാരണയുമില്ലെന്ന് രാമനറിയാം. അയോദ്ധ്യ, ഭാവിയില്‍ രാമന്റെ വനവാസ കാലത്ത് ഭരിക്കാനുള്ളത് ഭരതനാണ്. അതിനാല്‍ അയോദ്ധ്യയില്‍ ഇങ്ങനെയൊക്കെയാണ് ഭരണം നടത്തേണ്ടതു എന്ന് ഭരതന് നല്‍കുന്ന സൂചനകളാണീ ചോദ്യങ്ങള്‍. ചക്രവര്‍ത്തി ദശരഥനോടൊപ്പം കഴിച്ച് കൂട്ടിയത് കൊണ്ട് ഒരു ഭരണാധികാരിയുടെ ധര്‍മ്മം എന്തെന്ന് അച്ഛനില്‍ നിന്നും ഗുരുവില്‍നിന്നും രാമനു വേണ്ടത്ര പരിശീലനം കിട്ടിക്കാണാനാണ് സാധ്യത. പ്രാഥമികമായ നാട്ടുവിശേഷങ്ങള്‍ക്കു ശേഷം രാമന്‍ വിഷയത്തിലേക്കു കടക്കുകയാണ്.
ധര്‍മ്മരാജ്യം
ഒരു ധര്‍മ്മ രാഷ്‌ട്രത്തില്‍ ദേവന്മാര്‍, പിതൃക്കന്മാര്‍, ഭൃത്യന്മാര്‍, ഗുരുക്കന്മാര്‍, പിതൃതുല്യര്‍, വൃദ്ധന്മാര്‍ എന്നിവര്‍ ആദരിക്കപ്പെടണം എന്നാണ് രാമന്റെ ആദ്യത്തെ നിര്‍ദേശം. ഗുരുക്കന്മാരേയും ദേവന്മാരെയും പോലെ ഭൃത്യന്മാരും വൃദ്ധന്മാരും ആദരിക്കപ്പെടേണ്ടതാണ് എന്ന ആശയം ശ്രദ്ധേയമാണ്. തുടര്‍ന്ന് മന്ത്രിമാരുടെ യോഗ്യതകളും മന്ത്രാലോചനകളില്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളുമാണ് രാമന്‍ ചര്‍ച്ച ചെയ്യുന്നത്. മന്ത്രിമാര്‍ ശൂരന്മാരും രാജാവിന് സമന്മാരും ഇന്ദ്രിയ വിജയം നേടിയവരും കുലീനരും ആയിരിക്കണം. രാജാവിന്റെ വിജയത്തിന് ആധാരം മന്ത്രിമാരുമായുള്ള രഹസ്യമായ ആലോചനകളാണ്. മന്ത്രിമാരുമായി ആലോചിക്കുന്ന രഹസ്യങ്ങള് നാട്ടില്‍ പരസ്യമാകാതെ രഹസ്യമായി വയ്‌ക്കാന്‍ ശ്രമിക്കണം. മന്ത്രിസഭാ രഹസ്യങ്ങള്‍ പുറത്തറിയാന്‍ ഇടവരരുത്. ആയിരം മൂര്‍ഖന്മാരുടെ ഉപദേശത്തെക്കാളും ഒരു പണ്ഡിതന്റെ ഉപദേശമാണ് രാജാവിന് പ്രയോജനപ്പെടുക. മന്ത്രിമാരെ വിശ്വസിക്കാതെ തനിയെ ഒരു തീരുമാനമെടുക്കരുത്, അതേസമയം ഏറെപ്പേരോട് ആലോചിച്ചും ഒരു തീരുമാനം എടുക്കരുത്. മധ്യമമാര്‍ഗ്ഗമാണ് ഉത്തമം. ചെലവ് കുറഞ്ഞതും ലാഭമേറിയതുമായ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതിനു മുമ്പ് സാമന്ത രാജാക്കന്മാര്‍ അറിയാന്‍ ഇടവരരുത്. പ്രധാന കാര്യങ്ങള്‍ ചെയ്ത് കഴിഞ്ഞേ ജനങ്ങള്‍ അറിയാവൂ.(നോട്ട് നിരോധനം പോലത്തെ സുപ്രധാനമായ തീരുമാനങ്ങള്‍ വിശ്വസ്തരോട് മാത്രം രഹസ്യമായി ആലോചിച്ച് തീരുമാനിച്ചത് ഇതിന് ഉദാഹരണമാണ്)
രാഷ്‌ട്ര സുരക്ഷ
അടുത്ത പ്രധാനപ്പെട്ട വിഷയം രാഷ്‌ട്ര സുരക്ഷയാണ്. സൈന്യാധിപന്‍ കൂസലില്ലാത്തവരും ശൂരനും ബുദ്ധിമാനും ശുചിയും, ധൈര്യവാനും, കുലീനതയുള്ളവനും സമര്‍ത്ഥനുമായിരിക്കണം. സേനാംഗങ്ങളും പരാക്രമികളും ശൂരന്മാരും ശക്തന്മാരും യുദ്ധ വിശാരദന്മാരുമായിരിക്കണം. സൈന്യത്തിനുവേണ്ട ശമ്പളവും ഭക്ഷണവും നന്നായി നല്‍കണം. ഭക്ഷണത്തിലും വേതനത്തിലും സേന അതൃപ്തരായാല്‍ അത് രാഷ്‌ട്രത്തിനു വലിയ അനര്‍ത്ഥമായിത്തീരും. സേനയുടെ താവളങ്ങളും കോട്ടകളും സുരക്ഷിതമായിരിക്കണം. കോട്ടകളിലെല്ലാം ജലവും ധനധാന്യാദികളും ആവശ്യത്തിനുണ്ടാകണം. രാഷ്‌ട്ര സുരക്ഷിതത്വം സേനാബലത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
സാമ്പത്തിക നയം
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ പ്രാധാന്യത്തെപ്പറ്റി രാമന്‍ ഭരതനെ ഉപദേശിക്കുകയാണ്. വരവ് കൂടുതലും ചിലവ് കുറവുമായിരിക്കണം. സമ്പത്ത് അപാത്രങ്ങളില്‍ ചെന്നു ചേരരുത് എന്നതാണു പ്രധാനം. (രാഷ്‌ട്ര സമ്പത്ത് അഴിമതി മൂലം ചിലരില്‍ എത്തിച്ചേരുന്നത് ഇന്ന് നമുക്ക് അനുഭവമാണല്ലോ?) പിതൃകാര്യം, ദേവകാര്യം, വിപ്രന്മാര്‍ (ജ്ഞാനികള്‍, പണ്ഡിതന്മാര്‍)യോദ്ധാക്കള്‍, മിത്രങ്ങള്‍ എന്നിവര്‍ക്കുവേണ്ടിയാണ് പണം ചെലവു ചെയ്യേണ്ടത്-എളുപ്പം തീര്‍ക്കാവുന്നതും ഉടന്‍ ഫലം കിട്ടുന്നവയ്‌ക്കുമായിരിക്കണം പ്രാധാന്യം.
നീതി രാജ്യം
ഒരു രാഷ്‌ട്രത്ത് നീതിന്യായ വ്യവസ്ഥയാണ് കൃത്യമായി നടത്തേണ്ട വിഷയം. ജനങ്ങളെ രക്ഷിക്കലാണ് ഒരു ഭരണാധികാരിയുടെ കടമ. ധനികനും ദരിദ്രനും ഭരണാധികാരികളുടെ മുന്നില്‍ തുല്യന്മാരായിരിക്കണം. ശിക്ഷ അതിരു കടന്നതാകരുത്. അതേസമയം നിര്‍ദോഷിയായ ഒരാള്‍ അനവധാനത മൂലം ശിക്ഷിക്കപ്പെടാന്‍ ഇടവരരുത്. അകാരണമായി ശിക്ഷിക്കപ്പെടുന്ന ഒരു നിരപരാധിയുടെ കണ്ണുനീര്‍ രാഷ്‌ട്രത്തിന്റെ തകര്‍ച്ചക്കു കാരണമായിത്തീരും. എക്കാലത്തും പ്രസക്തമായ ഒരാശയാണ് സ്ത്രീകളും കുട്ടികളും വൃദ്ധരും സുരക്ഷിതരായിരിക്കണമെന്നത്. ഇന്നും ഈ മൂന്നുവിഭാഗങ്ങളുടെ സുരക്ഷയാണ് ഒരു ക്ഷേമ രാഷ്‌ട്ര സങ്കല്‍പ്പത്തിന്റെ അടിത്തറ.
യുദ്ധതന്ത്രം
രാജാവിനെ ചാരചക്ഷുസ എന്നാണ് പ്രാചീന ഭാരതത്തില്‍ പറഞ്ഞിരുന്നത്. ചാരന്മാര്‍ എത്താത്ത ഒരു മേഖല ഒരിടത്തും ഉണ്ടാകരുത്. ശത്രുപക്ഷത്തെ 18 പേരുടെയും മിത്ര പക്ഷത്തെ പതിനഞ്ചുപേരുടെയും കൃത്യമായ നടപടികള്‍ രാജാവ് ചാരന്മാരിലൂടെ അറിഞ്ഞിരിക്കണം.
1) മന്ത്രിമാര്‍ 2) പുരോഹിതര്‍ 3) യുവരാജാവ് 4) സേനാപതി 5) ദ്വാരപാലകന്‍ (സെക്യൂരിറ്റി) 6) അന്തഃപുര കാര്യസ്ഥന്‍ 7) കാരാഗൃഹാധിപന്‍ (ജയില്‍ വകുപ്പ് മേധാവി) 8) ഖജനാവുകാരന്‍ (ട്രഷറി മേധാവി) 9) രാജാവിന്റെ സന്ദേശവാഹകന്‍ 10) ന്യായാധിപന്‍ 11) ധര്‍മാചാര്യന്‍ 12) ഗ്രാമമുഖ്യന്‍ 13) പട്ടാളക്കാര്‍ക്ക് ശമ്പളം നല്‍കുന്നയാള്‍ 14) ശമ്പളം കൈപ്പറ്റുന്നവന്‍ 15) നഗരരക്ഷകന്‍(പോലീസ്) 16)അതിര്‍ത്തി കാവല്‍ക്കാര്‍ (17) ശിക്ഷ നടപ്പാക്കുന്നവര്‍ 18) പുഴ, മല, വനം, കോട്ട എന്നിവയുടെ കാവല്‍ക്കാര്‍ എന്നീ ശത്രുപക്ഷത്തെ പതിനെട്ടു പേരെയാണ് ചാരന്മാര്‍ വീക്ഷിക്കേണ്ടത്. ആദ്യത്തെ മൂന്നുപേര്‍ ഒഴികെയുള്ളവര്‍ സ്വപക്ഷത്തുനിന്നും ശ്രദ്ധാപൂര്‍വം വീക്ഷിക്കപ്പെടണം. എത്ര ശക്തമായ രഹസ്യാന്വേഷണ വകുപ്പാണ് ഒരു ക്ഷേമ രാജ്യത്തില്‍ രാമന്‍ വിഭാവനം ചെയ്തിരുന്നത് എന്ന് ആരേയും അദ്ഭുതപ്പെടുത്തുന്നതാണ്.
അമ്പാസഡര്‍മാരെ (രാജദൂതന്‍) നിയമിക്കുന്നതിലും രാജാവ് നിഷ്‌കര്‍ഷ ഉള്ളവനായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ രാമന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്വാനും കര്‍മ്മ കുശലനും പ്രതിഭാശാലിയും സ്വദേശിയും ആയിരിക്കണം രാജദൂതന്‍. രാജാവ്, മന്ത്രി, ഭൂമി, കോട്ട, ഖജനാവ്, സൈന്യ-മിത്ര വര്‍ഗ്ഗം എന്നിവ രാജ്യത്തിന്റെ ഏഴ് അവയവങ്ങളാകയാല്‍ അവയെ ഒന്നിച്ച് കരുത്തരാക്കി നിര്‍ത്തുന്നതാണ് രാജാവിന്റെ യോഗ്യത.
രാജധര്‍മ്മം
ത്രിവര്‍ഗ്ഗവും ത്രിവിദ്യയും രാജാവിന് നിഷ്‌കര്‍ഷിക്കുന്നു. ത്രിവര്‍ഗ്ഗമെന്നാല്‍ ഉത്സാഹ ശക്തി, മന്ത്ര ശക്തി, പ്രഭു ശക്തി എന്നിവയാണ്. ത്രിവിദ്യയെന്നാല്‍ ത്രയീ, വാര്‍ത്ത, ദണ്ഡനീതി എന്നിവയും. ത്രയി എന്നാല്‍ മൂന്നുവേദങ്ങള്‍. വാര്‍ത്ത എന്നാല്‍ കൃഷി, ഗോരക്ഷ, വാണിജ്യം എന്നിവ ചേര്‍ന്നതാണ്. നീതി നിര്‍വഹണവും ന്യായപാലനുമാണ് ദണ്ഡനീതി. എത്ര സമര്‍ത്ഥമായാണു ഓരോ ഭരണാധികാരിയും ശ്രദ്ധിക്കേണ്ട വിഷയങ്ങളെപ്പറ്റി രാമന്‍ ഭരതനെ ഉപദേശിക്കുന്നത് എന്ന് കാണാം.
വന സംരക്ഷണം നദീ സംരക്ഷണം, ജലസേചനം, വന്യമൃഗ സമ്പത്ത് സംരക്ഷണം, കന്നുകാലി സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു ഭരണാധികാരി ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ശ്രീരാമചന്ദ്രന്‍ ഇവിടെ ഭരതന് ഉപദേശം നല്‍കുന്നു.
യഥാര്‍ത്ഥ ജനനായകനില്‍ ഉണ്ടാകാന്‍ പാടില്ലാത്ത പതിനാലു ദോഷങ്ങളെപ്പറ്റി രാമന്‍ അനുജനെ ഉപദേശിക്കുന്നുണ്ട്. അതേപോലെ തന്നെ ഒരു ഭരണാധികാരി ഒഴിവാക്കേണ്ടുന്ന പത്തു ദോഷങ്ങളെപ്പറ്റിയും രാമന്‍ ഉപദേശിക്കുന്നുണ്ട്. ഭരണാധികാരി ജനങ്ങള്‍ക്ക് സമീപിക്കാനും തങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് ഉണര്‍ത്തിക്കാനും കഴിയുന്നവനായിരിക്കണം. നല്ല സ്വാദുള്ള പദാര്‍ത്ഥങ്ങള്‍ കിട്ടുമ്പോള്‍ തനിച്ചു കഴിക്കരുത്. എല്ലായ്‌പ്പോഴും കൂട്ടുകാരോടുകൂടി പങ്കിട്ട് കഴിക്കണമെന്ന ഉപദേശത്തോടയാണ് രാമന്‍ തന്റെ മാതൃകാ രാഷ്‌ട്രസങ്കല്‍പ്പം ഭരതനു മുന്നില്‍ അവതരിപ്പിക്കുന്നത്.
ലോകത്തിലെ ആദി കാവ്യമാണു രാമായണം. ശ്രീമഹാഭാരതവും അതില്‍ അന്തര്‍ഗതമായ ഗീതയും രചിക്കപ്പെടുന്നതിന് ആയി രക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് രാമായണം രചിക്കപ്പെട്ടു. പക്ഷേ രാമായണം ഇരുപത്തി ഒന്നാം നൂറ്റാണ്ടിനുപോലും മാതൃകയായ ഒരു രാഷ്‌ട്ര ധര്‍മ സങ്കല്‍പ്പം മുന്നോട്ടുവയ്‌ക്കുന്നുവെന്നത് ഒരു മഹാത്ഭുതം തന്നെയാണ്. എല്ലാവര്‍ക്കും തുല്യനീതിയും ക്ഷേമവും ഉറപ്പ് നല്‍കുന്ന ആരെയും പ്രീണിപ്പിക്കാത്ത ഒന്നായിരുന്നു രാമന്റെ രാഷ്‌ട്രസങ്കല്‍പ്പം. അതുതന്നെയാണ് രാമരാജ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: