കൊച്ചി: രണ്ട് വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ അമ്മമാര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) ഏല്‍പ്പിച്ചത് എഴുപത്തഞ്ച് കുട്ടികളെ. മാര്‍ച്ച് 2019 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കണക്കാണിത്. കൂടുതലും അവിവാഹിതരായ അമ്മമാരാണ്് കുഞ്ഞുങ്ങളെ കമ്മിറ്റിക്ക് കൈമാറിയതെന്നാണ് ഞെട്ടിക്കുന്ന വിവരം. പ്രണയ ബന്ധത്തിലേര്‍പ്പെട്ട കൗമാരക്കാര്‍ മാതാപിതാക്കളുടെ അറിവോടെയും പ്രേരണയോടെയുമാണ് കുഞ്ഞുങ്ങളെ കമ്മിറ്റിയെ ഏല്‍പ്പിക്കുന്നത്. മെട്രോസിറ്റിയിലെ സാമൂഹ്യ സാഹചര്യങ്ങളിലുണ്ടായ വലിയ മാറ്റങ്ങളും ഇതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
വിവാഹിതരും അവിവാഹിതരുമായ നിരവധി ആളുകള്‍ ഇവിടെ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കാറുണ്ട്. ഇവരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. സഹായങ്ങള്‍ ആവശ്യമുള്ള അമ്മമാര്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ ചെയ്ത് കൊടുക്കാറുണ്ട്. കൗമാരക്കാരായ കുട്ടികളാണ് ഏറെയുമെന്നും കൊച്ചി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിറ്റി കെ. ജോസഫ് പറഞ്ഞു. പ്രസവത്തിന് ശേഷം കൗണ്‍സിലിങ് കൊടുത്തിട്ടാണ് അമ്മമാര്‍ പോകുന്നത്.
കുഞ്ഞുങ്ങളെ തിരികെ വാങ്ങാന്‍ അറുപത് ദിവസംവരെ അമ്മമാര്‍ക്ക് സമയം നല്‍കും. അതിന് ശേഷം ചില ഉപാധികളോടെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശിശുവിനെ ഏറ്റെടുക്കുന്നത്. കുഞ്ഞിനെ കമ്മിറ്റിക്ക് കൈമാറിയാല്‍ മൂന്ന് ദിവസത്തിനകം കാര (സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി)യിലും സാറ (സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയിലും) അറിയിച്ച് രജിസ്റ്റര്‍ ചെയ്യണം. ആറുവയസ്സുവരെ കമ്മിറ്റിയുടെ കീഴിലായിരിക്കും കുഞ്ഞുങ്ങള്‍. അതിന് ശേഷം പ്രായം അനുസരിച്ച് മറ്റ് അഡോപ്ഷന്‍ സെന്ററുകളിലേക്ക് കുഞ്ഞുങ്ങളെ മാറ്റും. ദത്തെടുക്കാന്‍ താല്പര്യമുള്ളവര് കാരവഴി രജിസ്റ്റര്‍ ചെയ്യണം. ആറു വയസ്സിന് ശേഷം കുട്ടികളെ മറ്റ് ഇടങ്ങളിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: