Categories: Kerala

ഇടമലക്കുടിയിലും കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് വീട്ടമ്മയ്‌ക്കും 24 വയസുകാരനും; അവസാനിച്ചത് രണ്ടു വര്‍ഷത്തെ പ്രതിരോധം

കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളുമായി ഇടമലക്കുടി പഞ്ചായത്ത് മുന്നോട്ടു പോകുന്നതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.

Published by

മൂന്നാര്‍: രണ്ടു വര്‍ഷത്തെ പ്രതിരോധത്തിന് അന്ത്യം.കേരളത്തില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. മൂന്നാര്‍ നിന്ന് പത്തുമണിക്കൂറോളം കാട്ടിലൂടെ യാത്ര ചെയ്ത് എത്താന്‍ സാധിക്കുന്ന വനത്തിനുള്ളിലെ ആദിവാസി കോളനിയിലാണ് രോഗം സ്ഥിരീകരിച്ചത്. നാല്‍പ്പത് വയസുള്ള വീട്ടമ്മയ്‌ക്കും 24 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടമ്മയ്‌ക്ക് അസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ശന പ്രതിരോധത്തിന്റെ ഭാഗമായി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയശേഷമേ ആള്‍ക്കാരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കാറൂള്ളൂ. അതിനിനിടെ, രണ്ടാഴ്ചയ്‌ക്കു മുന്‍പ് ഡീന്‍ കുര്യാക്കോസ് എംപിയും വ്‌ളോഗര്‍ സുജിത് ഭക്തനും ഇടമലക്കുടിയിലെ സ്‌കൂള്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു.  

കോവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളുമായി ഇടമലക്കുടി പഞ്ചായത്ത് മുന്നോട്ടു പോകുന്നതിനിടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. പുറമെനിന്ന് ഇടമലക്കുടിയിലേക്ക് വരുന്നവരെ കര്‍ശനമായി തടയണമെന്ന് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്വഴി കുടിയിലേക്ക് വരുന്നവരെ കണ്ടെത്തി മടക്കി അയക്കുന്നതിന് അതിര്‍ത്തികളില്‍ ഊരുമൂപ്പന്‍ന്മാരെ ചുമതലപ്പെടുത്തിയിരുന്നു.

കുടിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി തിരികെ വരുന്നവര്‍ നിര്‍ബന്ധമായും 15 ദിവസം ക്വാറന്റൈനില്‍ കഴിയണമായിരുന്നു. ഇത്തരത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തും. മൂന്നാറിലെത്തി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വനംവകുപ്പ് രണ്ട് ജീപ്പുകള്‍ ആദിവാസികള്‍ക്കായി സൗകര്യപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 26 കുടികളാണുള്ളത്. മുതുവ സമുദായത്തില്‍പ്പെട്ട ഇവര്‍ പാരമ്പര്യമായി ലഭിച്ച ആചാരങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്. കോവിഡ് 19ന്റെ ആരംഭഘട്ടം മുതല്‍ രണ്ടാംതരംഗത്തിന്റെ വ്യാപനം രാജ്യത്തുടനീളമുണ്ടായ സാഹചര്യത്തിലും ഇടമലക്കുടിയില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by