കൊല്ലം: ഉറക്കമുണരുന്ന ഒരോ കുട്ടിയും ആദ്യം തിരയുന്നത് തന്റെ ഫോണ്‍ എവിടെയെന്നാണ്. ഗെയിമിങ്ങില്‍ അടിമകളായ ഒരോ കുട്ടിയും ഇന്ത്യയില്‍ പബ്ജി നിരോധിച്ച ശേഷം ആശ്വാസം തേടുന്നത് ഇപ്പോള്‍ ഫ്രീഫയര്‍ എന്ന ലോ എന്‍ഡ് സോഫ്റ്റ്വെയര് ഗെയിമില്‍ ആണ്. ചുരുക്കം പറഞ്ഞാല്‍ ഒരുതരം ഏകാന്ത വാസം. മുറിയില്‍ തന്നെ ഭക്ഷണം പോലും കഴിക്കാതെയുള്ള അപകടകരമായ ഓണ്‍ലൈന്‍ ഗെയിമിങ്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടഞ്ഞതോടെ ഭൂരിഭാഗം കുട്ടികളും ഓണ്‍ലൈന്‍ ‘വില്ലന്‍’ ഗെയിമുകള്‍ക്ക് അടിമപ്പെട്ടുകഴിഞ്ഞു. ഗെയിം കളിക്കാന്‍ ഫോണ്‍ നല്കാത്തതിനെത്തുടര്ന്നു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കുട്ടികള്‍ മുഴുവനും പതിനഞ്ചില്‍ താഴെ പ്രായമുള്ളവരാണ്.
ബ്ലൂ വേയിലിനും പബ്ജിക്കും പിന്നാലെ ഫ്രീഫയര്‍ എന്ന ലോ എന്‍ഡ് ഗെയിം ആണ് വില്ലന്‍ പരിവേഷത്തില്‍ എത്തുന്നത്. ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകളുടെ അപ്ഡേറ്റുകള്‍ക്കായി ലക്ഷങ്ങള്‍ നഷ്ടമായ മാതാപിതാക്കളും കേരളത്തിലുണ്ട്. ഫ്രീ ഫയര്‍ ഗെയിമിന്റെ അപ്ഡേഷനായി മൂന്ന് ലക്ഷം രൂപ നഷ്ടപെട്ടതായി കാട്ടി സൈബര്‍പോലീസിന് ലഭിച്ച ആദ്യപരാതി ആലുവയിലാണ്. എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. പല കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത് സ്വന്തം മക്കള്‍ തന്നെ ആയതിനാല്‍ ആരും പരാതിപ്പെടാറില്ല എന്നതാണ് വാസ്തവം.
സ്കൂളുകള്‍ക്ക് പൂട്ട് വീണതോടെ സാമൂഹിക ജീവിതത്തില്‍ നിന്നും അകന്നു കഴിയുന്ന കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൈല്‍ഡ് സൈക്കോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു. പ്ലേ സ്റ്റോറിലും മറ്റും ഫ്രീഫയര്‍ പോലുള്ള ഗെയിമുകള്‍ സൗജന്യമായതിനാലും കളിക്കാന്‍ എളുപ്പമായതിനാലും ലോ എന്‍ഡ് സ്മാര്‍ട്ട്ഫോണുകളില്‍ പോലും ഇവ പൊരുത്തപ്പെടും. ഇതുകാരണം കുട്ടികള്‍ വേഗം ഇതിന് അടിമകളാകും.
ഇത്തരം പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാര്‍ക്ക് സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമുണ്ട്. പലകോണുകളില്‍ നിന്നു ചാറ്റ് ചെയ്യുന്ന അപരിചിതര്‍ ഒരു തട്ടിപ്പുകാരോ, ലൈംഗിക ചൂഷണക്കാരോ ഡേറ്റാ മോഷ്ടാക്കളോ ആയിരിക്കാം. തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ പതിമൂന്നുകാരന് ആദിത്യന്റെയും മേനംകുളം സ്വദേശിയായ ബിരുദ വിദ്യാര്‍ഥി അനുജിത്ത് അനിലിന്റെയും ജീവനെടുത്തത് ഫ്രീഫയര്‍ എന്ന ഗെയിമാണ്. ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയുമാണ് രാപ്പകലില്ലാതെ ഗെയിമുകള്‍ക്ക് അഡിക്റ്റ് ആകുന്നത്. ഇത് കുട്ടികളില്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ നിരോധിച്ച പബ്ജി പോലുള്ള ഗെയിമിന്റെ അതേ ആപത്ത് ഫ്രീഫയറിനും ഉണ്ടെന്നാണ് ക്ലിനിക്കല്‍ സൈക്കോളിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
കുട്ടികളെ ആകര്‍ഷിക്കുന്നത്
- ആപ് സ്റ്റോറുകളില്‍ ഗെയിം തികച്ചും സൗജന്യമാണ്.
- കളിക്കാന്‍ സൗകര്യപ്രദം, വേഗം പഠിച്ചെടുക്കാന്‍ സാധിക്കും
- ഓണ്‍ലൈനില്‍ ചാറ്റ് ചെയ്ത് കളിക്കാം
- ലോ-എന്‍ഡ് സ്മാര്‍ട് ഫോണുകളില്‍ പോലും പൊരുത്തപ്പെടുന്ന ഗെയിം.
- സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാന്‍ കഴിയും.
പതിയിരിക്കുന്ന അപകടം
- അപരിചിതരുമായി നേരിട്ട് ചാറ്റുചെയ്യാന്‍ കളിക്കുന്നവര്‍ക്ക് കഴിയും.
- ചാറ്റ് ചെയ്യുന്നവര്‍ ചൂഷകരാണോ ഡേറ്റാ മോഷ്ടാക്കളോ എന്ന് തിരിച്ചറിയാന്‍ കഴിയില്ല.
- ഗെയിമിലെ കഥാപാത്രങ്ങളെ പോലെ രക്തം വീഴ്ത്താനും കൈകളില്‍ മുറിവ് ഉണ്ടാക്കാനും കുട്ടികള്‍ ശ്രമിക്കും.
- അമിതമായ ഗെയിമിംഗ് കാഴ്ചശക്തിയെ സാരമായി ബാധിക്കും.
- കുട്ടികളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കും.
കുട്ടികളിലെ മാനസിക പിരിമുറുക്കം തടയുന്നതിന് സര്‍ക്കാര്‍ ഹെല്പ്ലൈന്; (1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക: