കുമരകം: വെള്ളത്താല്‍ ചുറ്റപ്പെട്ട കുമരകത്ത് കുടിവെള്ളം കിട്ടാതെ ജനം ദുരിതത്തില്‍. ജലസ്രോതസുകളാകെ മലിനമായതോടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍.
താഴത്തങ്ങാടിയില്‍ നിന്നും പമ്പ് ചെയ്ത് കുന്നുംപുറത്തെ പ്ലാന്റില്‍ ശുദ്ധീകരിച്ചാണ് ഇവിടെ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. കുമരകം ചന്തയിലും ചൂളഭാഗത്തും ഉള്ള ഓവര്‍ ഹെഡ് ടാങ്കുകളില്‍ സംഭരിച്ചാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.
ഒരോ പ്രദേശത്തും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജല വിതരണം. രണ്ടാഴ്ച മുമ്പുവരെ വലിയ പരാതികളില്ലാതെ നടന്നുവന്നിരുന്ന ജല വിതരണത്തെക്കുറിച്ച് ഇപ്പോള്‍ നാട്ടുകാരുടെ പരാതി പ്രളയമാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ പുലര്‍ച്ചെ മുതല്‍ എത്തിക്കൊണ്ടിരുന്ന വെള്ളം പന്ത്രണ്ടോടെ നിന്നു പോകുകയാണെന്നാണ് പരാതി. കാത്തിരുന്ന് വെള്ളം ശേഖരിച്ചാലും ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം മാത്രമാണ് ലഭിക്കുന്നത്. ഇത് പാചകത്തിനു പോലും തികയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഒരു കാലത്ത് കുടിക്കാന്‍ പോലും ഉപയോഗിച്ചു കൊണ്ടിരുന്ന നദികളിലെ വെള്ളം ഇപ്പോള്‍ ഉപയോഗശൂന്യമാണ്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലിരിക്കുന്നതിനാല്‍ വെള്ളത്തിനായി യാത്ര ചെയ്യാനും പറ്റാതെ ദുരിതത്തിലാണ് കുമരകം നിവാസികള്‍. താഴത്തങ്ങാടിയിലേയും ചെങ്ങളം ശുദ്ധീകരണ ശാലയിലേയും മോട്ടോറുകള്‍ കേടായതാണ് ജല വിതരണത്തിന് തടസ്സം ഉണ്ടായതിന് കാരണമെന്നും രണ്ടു ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും ജലവിതരണ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: