തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ച വി.കെ. പ്രശാന്ത് എംഎല്‍എ പുലിവാലു പിടിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശമാണ് വൈറലായത്. ഇതോടെ വിമര്‍ശനവുമായി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തെത്തി.
വി.കെ. പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു ”ഇന്നലെ നടത്തിയ ആര്‍ടിപിസിആറില്‍ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ശ്രദ്ധിക്കുക. കൊവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതുസമൂഹത്തില്‍ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ ആഴ്ചയിലാണ് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുത്തത്. അതുവരെ പിടിച്ച് നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ.”
ഈ പോസ്റ്റിന് താഴെയാണ് വിമര്‍ശനങ്ങളുമായി അലോപ്പതി ഡോക്ടര്‍മാര്‍ എത്തിയത്. ഉത്തരവാദിത്തപ്പെട്ട പൊസിഷനിലുള്ള ഒരാള്‍ ഇങ്ങനെ പറയുന്നത് വലിയ കഷ്ടമാണെന്നും ഹോമിയോ കൊവിഡിനെ പ്രതിരോധിക്കും എന്നത് അശാസ്ത്രീയമാണെന്നും ജനപ്രതിനിധിയായ, നിരവധി വ്യക്തികളെ സ്വാധീനിക്കാന്‍ സാധിക്കുന്നവര്‍ ഇങ്ങനെ പറയുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമൊന്നുമൊക്കെയുള്ള പോസ്റ്റുകള്‍ നിറഞ്ഞു. ഇതോടെ പ്രതിരോധ മരുന്നിന്റെ ഗുണങ്ങള്‍ വിവരിച്ചു ഹോമിയോ ഡോക്ടര്‍മാരും കമന്റുകള്‍ പങ്കുവെയ്‌ക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: