കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെ വന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് കരുതുന്ന നിരവധി പേര് നമുക്കിടയിലുണ്ട്. ‘ഏറിയാല്‍ അല്‍പ്പം ചൂടുകൂടുമെന്ന് മാത്രം’ അത്തരക്കാര്‍ പറയുന്നു. അതുകൊണ്ട് അവരാരും കാലാവസ്ഥാ മാറ്റത്തെ ഭയക്കുന്നില്ല. ചെറുക്കാന്‍ ശ്രമിക്കാറുമില്ല. പക്ഷേ സത്യമതല്ല. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയെത്തന്നെ തകിടം മറിക്കും. മഴയെ പറപറത്തും. മരുഭൂമിയെ സൃഷ്ടിക്കും. രോഗങ്ങളെ വാരിവിതറും. ആളുകളെ അഭയാര്‍ത്ഥികളാക്കി അയല്‍നാടുകളിലേക്ക് പറപ്പിക്കും. കരയിലും കടലിലും വറുതിയുണ്ടാവുകയും ചെയ്യും.
അതിനൊരു സൂചനയാണ് തുര്‍ക്കിയിലെ മര്‍മര കടലില്‍ പ്രത്യക്ഷപ്പെട്ട വഴുവഴുത്ത മാലിന്യപ്പാളി. ഇംഗ്ലീഷില്‍ മറൈന്‍ മ്യൂസിലേജ് എന്ന് പറയും. ചിലര്‍ സീ സ്നോട്ട് അഥവാ കടല്‍ മൂക്കിള എന്നാണതിനെ അറപ്പോടെ വിളിക്കുന്നത്. ഇസ്താംബൂളിന് തെക്ക് ഭാഗത്തായി കടലില്‍ മൈലുകള്‍ വിസ്താരത്തില്‍ പരന്നുകിടക്കുന്ന ഈ മാലിന്യപ്പാളി കടല്‍ ജൈവവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൈലുകള്‍ നീണ്ട ഈ മാലിന്യപരവതാനിയുടെ അടിയില്‍പ്പെട്ട കടല്‍ മത്സ്യങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിക്കുന്നു. ആരോഗ്യമുള്ളവ അതില്‍നിന്ന് ഓടിയകലുന്നു. മീനുകള്‍ ഇല്ലാതായതോടെ മത്സ്യത്തൊഴിലാളികള്‍ ജോലിയില്ലാത്തവരായി മാറി. മത്സ്യം ഇല്ലെന്നു മാത്രമല്ല തങ്ങളുടെ ബോട്ടുകളില്‍ അവ പറ്റിപ്പിടിച്ചിരുന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മത്സ്യവലയുടെ ഉള്ളില്‍ കയറിക്കൂടിയും മാലിന്യപ്പാളി അവരെ കുഴയ്ക്കുന്നു.
നഗരത്തിലെ ഓവ് ചാലുകളും വമ്പന്‍ വ്യവസായശാലകളും നദികളിലേക്ക് ഒഴുക്കുന്ന കൊഴുപ്പും പ്രോട്ടീനും രാസസംയുക്തങ്ങളുമൊക്കെ ഒത്തുചേര്‍ന്നാണ് കടലിലെ ഈ മാലിന്യപ്പാളിക്ക് രൂപംനല്കുന്നത്. ഈ പോഷകങ്ങള്ക്കൊപ്പമാണ് കാര്‍ഷിക വൃത്തിയിലെ അവശിഷ്ട മാലിന്യങ്ങളായ നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയവയുടെ സംയുക്തങ്ങളുടെയും വരവ്. ആഗോളതാപനത്തില്‍ ചൂട് കൂടിയ സമുദ്ര ജലം അവയ്ക്ക് അരങ്ങൊരുക്കുന്നു. കടലിലെ കോടാനുകോടി വരുന്ന സസ്യപ്ലവകങ്ങളും (ഫൈറ്റോ പ്ലാഗ്ടണ്)ജന്തു പ്ലവഗങ്ങളും (സൂപ്പര്പ്ലാഗ്ടണ്) മറ്റ് സൂക്ഷ്മജീവികളുമൊക്കെച്ചേരുമ്പോള് മാലിന്യപ്പാളി തയ്യാര്‍.
വെള്ളത്തില്‍ പോഷകങ്ങളുടെ ആധിക്യം വല്ലാതെ കൂടുന്ന അവസ്ഥയെ യൂട്രോഫിക്കേഷന് എന്നുവിളിക്കുന്നു. ആ അവസ്ഥയില്‍ ആല്‍ഗകള്‍ എന്ന് വിളിക്കുന്ന സസ്യപ്ലവകങ്ങള്‍ പെറ്റുപെരുകുന്നു. ഇവ നശിക്കുമ്പോള്‍ കടലിലെ സൂക്ഷ്മജീവികള്‍ അവയെ വിഘടിപ്പിക്കാനായി തയ്യാറെടുക്കും. ആ അവസ്ഥയിലാണ് ജലത്തിലെ പ്രാണവായു തീരെ ഇല്ലാതാവുന്നതും സമുദ്ര ആവാസവ്യവസ്ഥ മൃതമാകുന്നതും. അത്തരം അവസ്ഥയിലാണ് കടലുകളില്‍ മൃതമേഖല അഥവാ ‘ഡെഡ് സോണ്‍’ ഉണ്ടാവുക. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മൃതമേഖല നമ്മുടെ അറബിക്കടലില്ത്തന്നെയാണ്. ഗള്‍ഫ് ഓഫ് ഒമാനില്‍ ഏതാണ്ട് 63700 ചതുരശ്ര മൈല്‍ വിസ്താരത്തില്‍. രണ്ടാം സ്ഥാനം ഗള്‍ഫ് ഓഫ് മെക്സിക്കോയിലെ 6000 ചതുരശ്ര മൈല്‍ വലിപ്പമുള്ള മൃതമേഖലയ്ക്കാണ്.
നമുക്ക് മര്‍മര കടലിലേക്ക് മടങ്ങി വരാം. കടലില്‍ താഴേക്ക് പടരുന്ന ഈ മാലിന്യപ്പാളി പവിഴപ്പുറ്റുകളെപ്പോലും ശ്വാസംമുട്ടിച്ചു കൊല്ലുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍മരയിലെ ഈ കടല്ക്കുഴപ്പങ്ങള് കരിങ്കടലിനെയും ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ശങ്കിക്കുന്നു. അപായകാരികളായ എസ്ചെറിഷ്യ കോളെ എന്ന ബാക്ടീരിയയുടെ പെരുപ്പവും മര്‍മരയില്‍ ഉണ്ടാകുമെന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ടുതന്നെ തുര്‍ക്കി സര്‍ക്കാര്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. തുര്‍ക്കി പരിസ്ഥിതി മന്ത്രി മുരാത് കുരും വിവിധ അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. സഹായം ലഭിച്ചാലും മാലിന്യപ്പാളിയെ ഉന്മൂലനാശനം ചെയ്യാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. അതിന് ജനകീയ പിന്തുണയും വേണം. അതിനാല്‍ അദ്ദേഹം ജനങ്ങളോട് പറയുന്നു-കടലിലും പുഴയിലും ദയവു ചെയ്ത് മാലിന്യം വലിച്ചെറിയരുതേ…
കാലവര്‍ഷം കനത്ത ഈ കാലത്ത് ഭൂമിയാകെ പച്ചക്കുട പിടിക്കാനൊരുങ്ങുമ്പോള്‍ നാം പരിചയപ്പെടേണ്ട ഒരു ഉത്തരേന്ത്യന്‍ കര്‍ഷകനെ കൂടി ഈ കോളത്തില്‍ ഇന്ന് അവതരിപ്പിക്കട്ടെ. പേര് മാതാ പ്രസാദ് തിവാരി. ഉത്തര്‍പ്രദേശിലെ ജാലുന്‍ ജില്ലയിലെ മീഗ്നി ഗ്രാമവാസി. പണ്ട് ഗ്രാമത്തിലെ ട്രാക്ടര്‍ കമ്പനിയുടെ വിതരണക്കാരനായിരുന്നു. ഗ്രാമത്തില്‍ വറ്റിവരണ്ടു കിടന്ന കൃഷി ഭൂമി രണ്ട് പതിറ്റാണ്ട് മുന്‍പ് അദ്ദേഹത്തെ മാടി വിളിച്ചു. മാതാ പ്രസാദ് ജോലി വിട്ട് കൃഷിയിടത്തിലേക്കിറങ്ങി. ഫലങ്ങള്‍ തരുന്ന മരങ്ങളിലൂടെ നാട്ടിലെ ദാരിദ്ര്യം മാറ്റാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ”മരം പ്രാണവായു തരുന്നു. ഭക്ഷണം തരുന്നു. തണല്‍ തരുന്നു. വരള്‍ച്ച അകറ്റുന്നു.” അദ്ദേഹം സ്വയം പറഞ്ഞു.
സ്വന്തം രണ്ടര ഹെക്ടര്‍ ഊഷരഭൂമിയിലായിരുന്നു മാതാ പ്രസാദിന്റെ തുടക്കം. അങ്ങനെ ഒരു പുതുമഴക്കാലത്ത് അദ്ദേഹം വിത്തു പാകിത്തുടങ്ങി. മാവ്, പ്ലാവ്, പേര, ആത്ത, നെല്ലി, ജാമുന് (ഇന്ത്യന്‍ ബ്ലാക് ബെറി), നാരകം, ഇന്ത്യന്‍ ജുജുബ് എന്നിങ്ങനെയുള്ള പലതരം ഫലവൃക്ഷങ്ങള്‍. ആല്, വേപ്പ്, അത്തി തുടങ്ങിയ തണല്‍ മരങ്ങള്‍. അതൊരു യജ്ഞം തന്നെയായിരുന്നു. ആദ്യം ആളുകള്‍ കളിയാക്കി. പിന്നെ ഭ്രാന്താനെന്ന് പുച്ഛിച്ചു. അപ്പോഴേക്കും മാതാ പ്രസാദിന്റെ തോട്ടത്തില്‍ 25000 മരങ്ങള്‍ വളര്‍ന്നു തുടങ്ങിയിരുന്നു. ആ പഴത്തോട്ടത്തിന്റെ കീര്‍ത്തി നാടിനു പുറത്തേക്ക് പടര്‍ന്നു തുടങ്ങിയിരുന്നു. മാതാ പ്രസാദിന്റെ വിജയം ഏറെ കര്‍ഷകരെ മീഗ്നി ഗ്രാമത്തിലെത്തിച്ചു. ഏതാണ്ട് 250 പഴത്തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹം ഗ്രാമീണരെ സഹായിച്ചു. വിത്ത് മുളപ്പിച്ച് ചെടികളുണ്ടാക്കാന് നഴ്സറി തുടങ്ങി. കാലം മുന്നോട്ടുപോകവേ അദ്ദേഹം 250 വനിതകള്‍ അടങ്ങുന്ന ഒരു ‘ഹരിയാലി’ സംഘത്തിന് രൂപംനല്കി. അവര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് അയല്‍നാടുകളില്‍ പ്രചരണം നടത്തി. തെരുവ് നാടകം കളിച്ചു. ജാഥകള്‍ നടത്തി. കൃഷിയിടത്തില്‍ ഉപദേശങ്ങളുമായി നേരിട്ടെത്തി കര്‍ഷകരെ ബോധവല്‍ക്കരിച്ചു.
ഇന്ന് മാതാ പ്രസാദ് തിവാരി സംതൃപ്തനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 40 ലക്ഷത്തോളം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ‘ബാഗിയാവാല ബാബ’ അഥവാ ഫലവൃക്ഷത്തോട്ടങ്ങളുടെ ബാബ (ഓര്‍ച്ചാര്‍ഡ് മാന്‍) എന്നാണ് മാതാപ്രസാദ് അറിയപ്പെടുന്നത്. താന്‍ നട്ടു വളര്‍ത്തിയ പഴത്തോട്ടത്തില്‍ ഒരു കുടില്‍ കെട്ടി അദ്ദേഹം ഒരു അവധൂതനെപ്പോലെ ജീവിക്കുന്നു. ജലവിനിയോഗം, മണ്ണ് സംരക്ഷണം, ജൈവകൃഷി, തൊഴില്‍ വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ക്കായി മുഴുവന്‍ സമയവും ചെലവിടുന്നു. വീട്ടില്‍ പോകുന്നതിനെക്കാളും തോട്ടത്തില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നു. ”എന്നെ കൂടുതല്‍ ആവശ്യം ഈ പഴത്തോട്ടത്തിനാണ്”, അദ്ദേഹം പറയുന്നു.
മാതാ പ്രസാദ് തിവാരിയെ നമുക്കും മാതൃകയാക്കിക്കൂടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: