വാഷിംഗ്ടൺ: ഭൂമിയില്‍ ഉഷ്ണതരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്ക, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ചൂട് അമിതമായി വര്‍ദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജൂണ്‍മാസത്തില്‍ അഞ്ച് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ചൂട് 50 ഡിഗ്രിവരെ രേഖപ്പെടുത്തി. ഇത് ഉഷ്ണതരംഗത്തെ തുടര്‍ന്നാണെന്നാണ് പഠനങ്ങള്‍. പാക്കിസ്ഥാനിലടക്കം കനത്ത ചൂടില്‍ കുട്ടികള്‍ അബോധാവസ്ഥയിലായ സംഭവങ്ങള്‍ വരെയുണ്ടായെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 486 മരണമാണ് കടുത്ത ചൂടിനെ തുടര്‍ന്ന് സംഭവിച്ചത്. ഇത് അഞ്ച് ദിവസത്തിനിടെയുള്ള കണക്കുകളാണെന്നതാണ് ഏറ്റവും ഗൗരവതരം. പടിഞ്ഞാറന്‍ കാനഡയിലും ചൂട് വര്‍ദ്ധിക്കുകയാണ്. കാനഡയിലെ തണുപ്പുള്ള പ്രദേശങ്ങളില്‍ ഇത്രയധികം ചൂട് രേഖപ്പെടുത്തുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
വടക്കു കിഴക്കന്‍ യുഎസിലും ചൂട് വര്‍ദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഇത്രയധികം ചൂടിന് കാരണമാകുന്ന ഉഷ്ണ തരംഗത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നുമുണ്ട്. ലോകരാഷ്‌ട്രങ്ങളും കാലാവസ്ഥാ വിദഗ്ദരും ഇക്കാര്യം ആശങ്കയോടെയാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: