കൊല്ലം: ‘….ഒരുപാട് കടമുണ്ട്, ആഗ്രഹം കൊണ്ടല്ല, ജീവിക്കാന്‍ വേണ്ടിയാണ് കെയര്‍ ഗിവര്‍മാരായി ഇസ്രയേലിലേക്ക് പോയത്. അവധിക്ക് 2020 മാര്‍ച്ചിലെത്തി. ഏപ്രിലില്‍ തിരിച്ചുപോകേണ്ടതായിരുന്നു. ഇവിടെയെത്തിയപ്പോള്‍ ലോക്ഡൗണായി. ഇപ്പോള്‍ ജോലിയുമില്ല, കൂലിയുമില്ല……’
ഇത് കോട്ടയം സ്വദേശിനിയായ ജയയുടെ വേദനയാണ്. ഇവര്‍ മാത്രമല്ല, കൊല്ലം രണ്ടാംകുറ്റി സ്വദേശിനി അജിതകുമാരി, കൂത്താട്ടുകുളത്തെ ടിസ്സി എന്നിവര്‍ക്കും നിസ്സഹായതയുടെയും ദുരിതങ്ങളുടെയും കഥകളാണ് പറയാനുള്ളത്. പ്ലസ്ടുവും ഡിഗ്രിയും പാസായി ഇസ്രയേല്‍ അംഗീകരിച്ച ട്രാവല്‍ ഏജന്‍സികളുടെ രോഗി പരിചരണഭാഗമായ ഒരുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സും ഇസ്രയേല്‍ എംബസിയിലെ ഇന്റര്‍വ്യൂവും കഴിഞ്ഞാണ് ഇവര്‍ ജോലിക്കായി അവിടേക്ക് പോയത്. നാലു വര്‍ഷവും മൂന്ന് മാസവുമാണ് ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളത്. കേരളത്തില്‍ ഇതുപോലെ 21 പേരാണ് മാര്‍ച്ചില്‍ എത്തിയത്.
കടവും ദുരിതവും കലശലായതിനാല്‍ പിന്നെയും കടം വാങ്ങി വീണ്ടും ട്രാവല്‍ ഏജന്‍സികള്‍ വഴി പോകുകയായിരുന്നു 13 പേരും. ഇതില്‍ പുരുഷന്മാരും ഉള്‍പ്പെടുന്നു. നാട്ടില്‍ നിന്നാല്‍ കടക്കാര്‍ ശ്വാസം മുട്ടിക്കുന്നതാണ് മിക്കവരുടെയും സങ്കടം. അവിടത്തെ ജോലിയും വേതനവും മുന്നില്‍ കണ്ട് മക്കളെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിപ്പിക്കുന്നവരും വീട് നിര്‍മാണത്തിന് ഇറങ്ങിയവരും കൂടിയാണിവര്‍. നാട്ടില്‍ നിന്നും വീണ്ടും കടം വാങ്ങി ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയാല്‍ ഇവര്‍ക്ക് വീണ്ടും ഇസ്രയേലിലേക്ക് പോകാനാകും. എന്നാല്‍ ലോക്ഡൗണില്‍ വരുമാനം പോലും ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ ലക്ഷങ്ങള്‍ കണ്ടെത്തുമെന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള ചോദ്യം. നാട്ടില്‍ ജോലിയില്ലാതെ നിന്നാല്‍ കടം പെരുകിവരുമെന്നുമാത്രം.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ക്ലാസും ഇന്റര്‍വ്യൂവും ദല്‍ഹിയിലും ദക്ഷിണേന്ത്യയിലുള്ളവരുടെത് മുംബൈയിലുമാണ് നടത്തുന്നത്. ഇതിന് മുന്നോടിയായി ട്രാവല്‍ ഏജന്‍സികള്‍ പണവും വാങ്ങും. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അകപ്പെട്ട് കിടക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര വിദേശകാര്യവകുപ്പിലും ഇമെയില്‍ വഴി ഇവര്‍ തങ്ങളുടെ ദുരിതം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: