Categories: Samskriti

ധ്രുവചരിതം

പ്രിയവ്രതനും ഉത്താനപാദനും മനുപുത്രന്മാരാണ്. ഉത്താനപാദനാണ് ധ്രുവന്റെ പിതാവ്. മാതാവ് സുനീതിയാണ്. ഉത്താനപാദന് സുരുചി എന്ന പത്‌നിയില്‍ ഉത്തമന്‍ എന്നു പേരായ മറ്റൊരു പുത്രനും ഉണ്ടായിരുന്നു. അവര്‍ സമവയസ്‌കരായിരുന്നു.

രാജാവിന് സുരുചിയുടെ സൗന്ദര്യത്തില്‍ ഭ്രമമുണ്ടായിരുന്നതിനാല്‍ അവരുടെ ദുഃസ്വാധീനത്തില്‍ അകപ്പെട്ടു പോയിരുന്നു. സുരുചിയുടെ വാക്കിനെയും പ്രവൃത്തിയെയും തടയാന്‍ ഉത്താനപാദന്നു കഴിയുമായിരുന്നില്ല. അതിനാല്‍ ഉത്തമനു മാത്രം രാജകീയ പരിലാളന കിട്ടി. ധ്രുവന് രാജധാനിയില്‍ ഒരു സ്ഥാനവും ലഭിച്ചില്ല.

ഒരിക്കല്‍ ഉത്തമനോടൊപ്പം ധ്രുവനും രാജാവിന്റെ മടിയിലിരിക്കാന്‍ ശ്രമിച്ചു. ധ്രുവനെ സുരുചി വലിച്ചു താഴെയിട്ടു. തന്റെ ഗര്‍ഭത്തില്‍ പിറക്കാത്തവര്‍ക്ക് രാജാവിന്റെ മടിയിലും രാജസിംഹാസനത്തിലും ഇരിക്കാന്‍ യോഗ്യതയില്ലെന്നു വിളിച്ചു പറഞ്ഞു. ഉത്താനപാദനാകട്ടെ സുരുചിയെ ഉപദേശിക്കാന്‍ ധൈര്യവുമില്ലായിരുന്നു.

സുരുചി ധ്രുവനെ ശകാരിച്ചു. ‘നീ എന്റെ മകനല്ലാത്തതിനാല്‍ രാജാവിന്റെ മടിയിലിരിക്കാന്‍ യോഗ്യതയില്ല. നീ തപസ്സു ചെയ്ത് എന്റെ മകനായാല്‍ രാജാവിന്റെ മടിയിലിരിക്കാം. അതുവരെ നിന്റെ സ്ഥാനം നിലത്തു തന്നെ.’

ധ്രുവന്റെ ഇളം മനസ്സ് നൊന്തു. അവന്‍ കരഞ്ഞുകൊണ്ട് മാതാവായ സുനീതിയുടെ അടുത്തെത്തി. പാവം സുനീതിക്കും സുരുചിയെ നേരിടാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ എല്ലാം നല്ലതിനെ കാണുന്ന  സുനീതിക്ക് ഇതും ഈശ്വഹിതമെന്നു തോന്നി.  പുത്രനോടു മഹാവിഷ്ണുവിനെ തപസ്സു ചെയ്തു പ്രീതിപ്പെടുത്തുന്നതു തന്നെ ഉത്തമമെന്നു ഉപദേശിച്ചു.

ധ്രുവന്‍ മാതാപിതാക്കളെ നമസ്‌കരിച്ച് കാട്ടിലേക്ക് പുറപ്പെട്ടു. അഞ്ചുവയസ്സു മാത്രം പ്രായമുള്ള ധ്രുവന് തപസ്സിന്റെ വഴികളൊന്നും അറിഞ്ഞിരുന്നില്ല. ഇച്ഛാശക്തി മാത്രമാണ് ആ പിഞ്ചുബാലനെ മുന്നോട്ടു നയിച്ചത്.  

ഭക്തനെ രക്ഷിക്കാന്‍ ഭഗവാന്‍ ഒപ്പമുണ്ടാകും. ഇപ്രാവശ്യം നാരദന്റെ രൂപത്തിലാണ് ഭഗവാന്‍ വന്നത്. ധ്രുവന്റെ മനോഭാവം അറിയാന്‍ ആദ്യം ധ്രുവന്‍ തപസ്സില്‍ നിന്നും  പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

കാട്ടിലെ ചൂടും തണുപ്പും കാറ്റും മഴയും ക്രൂരമൃഗങ്ങളും കുട്ടികള്‍ക്ക് താങ്ങാവുന്നതല്ല. വീട്ടിലേക്കു തിരിച്ചുപോവുന്നതാണ് നല്ലത്. മുനി വാക്യം കേട്ടിട്ടും ധ്രുവന്റെ തീരുമാനത്തിന് മാറ്റമില്ലെന്നറിഞ്ഞ മുനി സന്തോഷിച്ചു. പിന്നീടു നാരദന്‍ പറഞ്ഞു.

ഹേ ഉണ്ണീ നിനക്കു വിജയം വരട്ടെ. നീ യമുനാതീരത്തിലെ മധുവനത്തില്‍ ചെന്ന് തപസ്സാരംഭിക്കുക. അവിടെ ഭഗവാന്റെ നിത്യവാസമുള്ള സ്ഥാനമാണ്. നീ കാളിന്ദിയില്‍ കുളിച്ച് ദേഹശുദ്ധി വരുത്തണം.  

പ്രാതസന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ വേളകളില്‍ സ്‌നാനം ചെയ്ത്  പ്രാണായാമം അനുഷ്ഠിക്കണം. പ്രാണനെയും മനസ്സിനെയും നിശ്ചലമാക്കണം. ഭഗവാന്റെ ദിവ്യരൂപം മനസ്സില്‍ ഉറപ്പിക്കണം. പ്രസന്നമായ മുഖവും പ്രാണനെയും മനസ്സിനെയും നിശ്ചലമാക്കണം. ഭഗവാന്റെ ദിവ്യരൂപം മനസ്സില്‍ ഉറപ്പിക്കണം. പ്രസന്നമായ മുഖവും പീലിത്തിരുമുടിയും ധ്യാനിക്കണം. ഹൃദയം ഭഗവാന്റെ പാദപത്മങ്ങളില്‍ സമര്‍പ്പിക്കുന്നതായി ചിന്തിക്കണം. ഭഗവാന്റെ കണ്ഠനാളത്തില്‍ കൗസ്തുഭവും മാറിടത്തില്‍ ശ്രീവത്സവുമുണ്ട്. കരപത്മങ്ങളില്‍ ശംഖ ചക്ര ഗദാ പത്മങ്ങള്‍ ശോഭിക്കുന്നു. ഭഗവാന്റെ കടാക്ഷം അമൃതനിഷ്യന്ദിയാണ്. മന്ദഹാസം തൂനിലാവും. ഭഗവാന്റെ ആപാദചൂഡ ഭംഗി ആസ്വദിച്ച് ധ്യാനിക്കണം. ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രം ജപിച്ച് പുരശ്ചരണം വരുത്തണം. മന്ത്രത്തില്‍ എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം പ്രാവശ്യം മന്ത്രം ജപിക്കുന്നതാണ് പുരശ്ചരണം. ഏഴു ദിവസം നിരന്തരം ജപിക്കണം.

പിന്നീടു പൂജാവിധികളും പറഞ്ഞുകൊടുത്തു. നാട്ടിലെ ശര്‍ക്കരയും വെണ്ണയും കാട്ടില്‍ കിട്ടില്ലല്ലോ. വനപുഷ്പങ്ങളും പഴങ്ങളും പകരം വെക്കാം.  

പൂജാദ്രവ്യമല്ല പൂജകന്റെ ഹൃദയമാണ് ഉത്തമമാക്കേണ്ടത്. ഹൃദയം ശുദ്ധമായാല്‍ എല്ലാം ശുദ്ധമായി. ശുദ്ധമായ ഹൃദയത്തിലേ വിഷ്ണു വസിക്കൂ. ശുദ്ധഹൃദയം തന്നെ ഭഗവാന്റെ ശ്രീകോവില്‍!

ധ്രുവന്‍ നാരദരെ ഗുരുവായി കല്‍പ്പിച്ച് പ്രദക്ഷിണം ചെയ്ത് നമസ്‌കരിച്ചു. അനുഗ്രഹം വാങ്ങി തപസ്സിനായി മധുവനത്തില്‍ പ്രവേശിച്ചു.

ധ്രുവന്‍ നാരദരുടെ ഉപദേശപ്രകാരം തന്നെ എല്ലാം ചെയ്തു. ആദ്യ ദിവസങ്ങളില്‍ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ആഹാരം കഴിച്ചു. അങ്ങനെ ഒരു മാസം കഴിഞ്ഞു. അടുത്തമാസം ആറു ദിവസത്തില്‍ ഒരു നേരം ആഹാരം എന്നായി. കാട്ടില്‍നിന്നു കിട്ടുന്ന കായ്കനികള്‍ തന്നെ ഭക്ഷണ വസ്തു. മൂന്നാം മാസത്തില്‍ ഒമ്പതു ദിവസത്തിലൊരിക്കല്‍ ആഹാരം എന്നായി. അതും ജലം മാത്രം. നാലാം മാസത്തില്‍ പന്ത്രണ്ടു ദിവസത്തിലൊരിക്കല്‍ എന്നതായി ആഹാരക്രമം. ഇപ്രാവശ്യം വായു മാത്രമാണ് ഭക്ഷിച്ചത്. അഞ്ചാം മാസത്തില്‍ പ്രാണായാമത്തിലെ കുഭകം എന്ന വായു സ്തംഭനം അഭ്യസിച്ചു. പ്രാണചലനം നിശ്ചലമായി. ആറാം മാസത്തില്‍ ഒറ്റക്കാലില്‍ തപസ്സു തുടര്‍ന്നു. ശരീരബോധം പൂര്‍ണമായും അസ്തമിച്ചു. ശ്വാസചലനം പോലും ഇല്ലാതായി. അക്ഷരബ്രഹ്മം തന്നെ ധ്രുവഹൃദയത്തില്‍ ബന്ധിതമായി. ധ്രുവന്റെ ശരീരത്തില്‍ നിന്നും ഉയര്‍ന്ന പ്രണവധ്വനി മൂന്നു ലോകത്തെയും പ്രകമ്പനം കൊള്ളിച്ചു. ധ്രുവന്റെ വൃഷ്ടി പ്രാണനും പ്രപഞ്ചത്തിന്റെ സമഷ്ടി പ്രാണനും ഒന്നായി. ധ്രുവന്റെ ശരീരഭാരം താനെ കൂടി വന്നു. ഭൂമിക്കു താങ്ങാവുന്നതിലും അധികമായി. പ്രാണന്‍ കുംഭകാവസ്ഥയിലായതിനാല്‍ വായു ചലനം പോലും ഇല്ലാതായി. സാധാരണക്കാര്‍   പ്രാണവായു കിട്ടാതെ വലഞ്ഞു. ദേവന്മാര്‍ മഹാവിഷ്ണുവിനെ  അഭയം പ്രാപിച്ചു.

ഭക്തനെ കാണാന്‍ ഭഗവാനും ധൃതിയായിരുന്നു. ഗരുഡാരൂഢനായി ഭഗവാന്‍ ധ്രുവന് ദര്‍ശനം നല്‍കി. ധ്യാനത്തിലിരുന്ന ധ്രുവന്റെ ഹൃദയകമലത്തില്‍നിന്ന് ഭഗവദ്‌രൂപം അപ്രത്യക്ഷമായപ്പോള്‍ വ്യാകുലനായ ധ്രുവന്‍ കണ്‍മിഴി തുറന്നു. മുന്നില്‍ കണ്ട രൂപം ധ്രുവനെ അതിശയിപ്പിച്ചു. സാക്ഷാല്‍ നാരായണമൂര്‍ത്തി. ധ്യാനത്തില്‍ കണ്ട അതേ രൂപം പ്രത്യക്ഷത്തില്‍! എന്തു ചെയ്യണമെന്നറിയാതെ ആ കൊച്ചു ബാലന്‍ നിര്‍വൃതിയിലാണ്ടു. ആ രൂപത്തെ കെട്ടിപ്പുണരണമോ ചുംബനഹാരം ചാര്‍ത്തണമോ, വീണു നമസ്‌കരിക്കണമോ എന്താണ് ചെയ്യേണ്ടത് എന്നു നിശ്ചയിക്കാനാകാതെ കുഴങ്ങി.

ഇതികര്‍ത്തവ്യതാമൂഢനായ ധ്രുവനെ ഭഗവാന്‍, തന്റെ ശംഖുകൊണ്ട്, കവിളില്‍ തലോടി. അതോടെ വാഗ്‌ദേവത ധ്രുവന്നു ദാസിയായി ധ്രുവന്‍ ഭഗവാനെ  സ്തുതിച്ചു.

സ്തുതിയാല്‍ പ്രീതനായ  ഭഗവാന്‍ പറഞ്ഞു. ഇതുവരെ ആര്‍ക്കും പ്രാപിക്കാന്‍ കഴിയാത്ത സ്ഥാനം നീ തപസ്സു കൊണ്ടു കൈവരിച്ചിരിക്കുന്നു. ഇനി ലോകം നിന്നെ ആശ്രയിച്ചായിരിക്കും ചുറ്റിത്തിരിയുന്നത്. ആ ധ്രുവസ്ഥാനം നീ തന്നെ. സൂര്യ-ചന്ദ്രന്മാരും നക്ഷത്രങ്ങളും നിന്നെ ചുറ്റിക്കറങ്ങും. നീ തന്നെ പ്രപഞ്ചത്തിന്റെ ഭ്രമണകേന്ദ്രം.

നീ തല്‍ക്കാലം വീട്ടിലേക്കു തിരിച്ചുപോയി മാതാപിതാക്കള്‍ക്കൊപ്പം കഴിയൂ. അവര്‍ നിന്നെ കാണാന്‍ കാത്തിരിക്കുകയാണ് അവരെ സന്തോഷിപ്പിക്കും. പ്രജകളെ രക്ഷിക്കൂ അതാണ് ഈ ജന്മത്തില്‍ സ്വധര്‍മം. സ്വധര്‍മം അനുഷ്ഠിച്ചശേഷം ധ്രുവസ്ഥാനം സ്വീകരിക്കൂ.

ഉത്സവാഘോഷത്തോടെ കൊട്ടാരവാസികള്‍ ധ്രുവനെ സ്വീകരിച്ചു. സുരുചിയും തന്റെ തെറ്റില്‍ പശ്ചാത്തപിച്ച് ധ്രുവനെ വാരിയെടുത്ത് സ്വന്തം മടിയിലിരുത്തി. അവര്‍ സന്തോഷാശ്രുക്കളാല്‍ ധ്രുവനെ കുളിപ്പിച്ചു.

ജനങ്ങള്‍ സുനീതിയെ പുകഴ്‌ത്തി ധ്രുവനെ പ്രസവിക്ക മാത്രമല്ല അവന്റെ ആഗ്രഹങ്ങളെ ഈശ്വരാര്‍പണപരമാക്കിയ ആ മാതാവിനെ ഏവരും മനസാ നമസ്‌കരിച്ചു.

മുകുന്ദന്‍ മുസലിയാത്ത്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക