Categories: Samskriti

മിഥ്യാധാരണകളില്‍ നിന്ന് മുക്തനാവുക

വിവേകചൂഡാമണി 249

ശ്ലോകം 346

സമ്യക് വിവേക സ്ഫുടബോധജന്യോ

വിഭജ്യ ദൃഗ്ദൃശ്യപദാര്‍ത്ഥ തത്ത്വം

ഛിനത്തി മായാകൃത മോഹ ബന്ധം

യസ്മാത് വിമുക്തസ്യ പുനര്‍ന സംസൃതിഃ

സ്ഫുടമായ ബോധത്തില്‍ നിന്നുണ്ടായ സമ്യഗ് വിവേകം ദൃഗ്ദൃശ്യങ്ങളുടെ തത്ത്വത്തെ വേര്‍തിരിച്ച് മായാകൃതമായ മോഹബന്ധത്തെ ഛേദിച്ചുകളയുന്നു. ഈ ബന്ധനത്തില്‍ നിന്ന് മുക്തനായവന് പിന്നെ സംസാരമില്ല.

നല്ല തെളിഞ്ഞബോധം വരുമ്പോള്‍ ബ്രഹ്മം സത്യമാണെന്നും ജഗത്ത് മിഥ്യയാണെന്നും ബോധ്യമാകും. ആത്മാവിനേയും അനാത്മാവിനേയും പാലും വെള്ളവും പോലെ വേര്‍തിരിച്ച് അറിയണം. അവിദ്യ മൂലമുണ്ടായ ബന്ധനത്തെ വേരോടെ പിഴുത് കളയണം. ബന്ധനത്തില്‍ നിന്ന് മുക്തനായവന് പിന്നെ സംസാരമുണ്ടാകില്ല.

ഭഗവദ് ഗീതയിലെ പതിമൂന്നാം അദ്ധ്യായത്തില്‍ ദൃഗ് ദൃശ്യവിവേക വിചാരം ചെയ്യേണ്ടതെങ്ങനെയെന്ന് വിശദമാക്കുന്നുണ്ട്. വിവേക വിചാരത്തിനെത്തുടര്‍ന്ന് ഉണ്ടാകുന്ന സമ്യക് ജ്ഞാനത്തിന്റെ ഫലമായി ദൃശ്യത്തില്‍ നിന്ന് വേറിട്ട ദ്രഷ്ടാവിനെക്കുറിച്ചുള്ള അറിവ് ഉറയ്‌ക്കുമ്പോള്‍ എല്ലാ സംശയങ്ങളും നീങ്ങും.കാണുന്നയാളും കാഴ്ചകളും ഒരിക്കലും ഒന്നാകില്ല.

ദൃഗ്ദൃശ്യങ്ങള്‍ എന്നത് വേദാന്തത്തില്‍ പ്രയോഗിക്കുന്ന വളരെ അര്‍ത്ഥമുള്ളതായ പ്രത്യേക ശൈലിയാണ്. കേള്‍ക്കുന്നവനും കേട്ടതും അറിയുന്നവനും അറിഞ്ഞതും എന്നിങ്ങനെ തുടങ്ങി ദൃഗ്ദൃശ്യ ബോധമുള എല്ലാ ദ്വന്ദ്വങ്ങളേയും ഇത് സൂചിപ്പിക്കുന്നു.

വിവേക വിചാരം ചെയ്താല്‍ ദൃഗ്ദൃശ്യങ്ങളായി വിളങ്ങുന്ന ഇവകള്‍ക്ക് ആധാരമായ പരമാത്മാവിനെ അറിയാം. ഏകമായ പരമാത്മാവ് തന്നെയാണ് കാണുന്നവനും കാഴ്ചകളുമായി പ്രതിഭാസിക്കുന്നത്. സ്വപ്‌നത്തിലെ കാഴ്ചകളും അത് കാണുന്നവനും മനസ്സിന്റെ കളിയാണ്. സ്വപ്‌നം പോലെ തന്നെ ഈ സംസാരവും.

ശ്രുതിയുടേയും ആചാര്യന്റെയും അനുഗ്രഹത്താല്‍ മഹാവാക്യാര്‍ത്ഥ അനുഭവം ഉണ്ടാകും. ആ വിവേകം അനാത്മ വസ്തുക്കളിലെ ആത്മബുദ്ധിയെ ഇല്ലാതാക്കും. മായ മൂലമുണ്ടായ ആശയക്കുഴപ്പവും ബന്ധനവും നീങ്ങും. പാല് തൈരാക്കി അതില്‍ നിന്ന് എടുക്കുന്ന വെണ്ണ പിന്നെ വീണ്ടും പാലാകില്ല. അതുപോലെ ആത്മസ്വരൂപത്തെ പ്രാപിച്ച മനസ്സ് വീണ്ടും അനാത്മ വസ്തുക്കളിലേക്ക് പോകില്ല.

ആത്മ ദര്‍ശനം ലഭിക്കുമ്പോള്‍ അജ്ഞാനവും അതില്‍ നിന്നുണ്ടാകുന്ന കാര്യങ്ങളും ഇല്ലാതാകും. സമ്യക് ജ്ഞാനം എല്ലാ വാസനകളേയും നശിപ്പിക്കും. സത്യമറിയാതിരിക്കുക എന്ന അജ്ഞാനത്തിന്റെ കാര്യങ്ങളാണ് സംഭ്രാന്തിയും അന്യഥാ ജ്ഞാനങ്ങളും. ഒപ്പം ശരീരം, മനസ്സ്, ബുദ്ധി എന്നിവയില്‍ അഭിമാന രൂപത്തിലുള്ള ബന്ധനവുമുണ്ടാകും. ആത്മദര്‍ശനത്തില്‍ അവ നീങ്ങും. മിഥ്യാധാരണകള്‍ ഉണ്ടാക്കുന്ന പരിമിതികളില്‍ നിന്നും സാധകന്‍ മുക്തനാവും. സംസാര കാരണമായ മായയെ തരണം ചെയ്തതിനാല്‍ മുക്തന് പിന്നെ പുനര്‍ജന്മമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക