Categories: Samskriti

കപിലാവതാരം

സ്വായംഭുവ മനുവിനും ശതരൂപയ്‌ക്കും കൂടി രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. ഉത്താനപാദനും പ്രിയവ്രതനും പുത്രന്മാരായി. ദേവഹൂതി, ആകുതി, പ്രസൂതി എന്നിവര്‍ പുത്രിമാരുമായിരുന്നു.

കര്‍ദമ പ്രജാപതി സത്‌സന്താനലബ്ധിക്ക് തപസ്സനുഷ്ഠിക്കുന്നത് ദേവഹൂതി അറിഞ്ഞു. അതിനാല്‍ സത്‌സന്താനലാഭം ആഗ്രഹിച്ച ദേവഹൂതി ഋഷിശ്രേഷ്ഠനായ കര്‍ദമനെ ഭര്‍ത്താവായി സ്വീകരിച്ചു. മനു പ്രജാപതിക്കും  പുത്രിയുടെ തീരുമാനം സ്വീകാര്യമായി.

കര്‍ദമന്‍ ദേവഹൂതിയെ വിവാഹം ചെയ്‌തെങ്കിലും അവളില്‍ ഒരു താല്‍പ്പര്യവും കാണിച്ചില്ല. കുറെക്കാലത്തേക്ക് തപസ്സു തുടരുക തന്നെ ചെയ്തു. ദേവഹൂതി ധര്‍മപത്‌നി എന്ന നിലയില്‍ കര്‍ദമ പ്രജാപതിയെ ശുശ്രൂഷിക്കുന്നതിലും പരിചരിക്കുന്നതിലും ശ്രദ്ധ ചെലുത്തി. തപസ്സിനു വിഘ്‌നം വരുത്താതെ ശ്രദ്ധിച്ചു. രാജകുമാരിയായ ദേവഹൂതി വ്രതനിഷ്ഠയാല്‍ മെലിഞ്ഞുണങ്ങി വികൃതരൂപിയായി. എന്നിരുന്നാലും ഒരാവലാതിയും കൂടാതെ കര്‍ദമനെ ശുശ്രൂഷിക്കുന്നതില്‍ അലംഭാവം കാണിച്ചില്ല. ദേവഹൂതിയുടെ വ്രതനിഷ്ഠയിലും ഹൃദയശുദ്ധിയിലും കര്‍ദമന്‍ സന്തോഷിച്ചു. അതുവരെ സഹിച്ച കഷ്ടതകളെല്ലാം ദൂരെയകന്നു. ശരീരം പുഷ്ടിപ്പെട്ടു താരുണ്യം തിരിച്ചുകിട്ടി. യോഗബലത്താല്‍ കര്‍ദമന്‍ കാമഗ എന്ന ഒരു വിമാനം സൃഷ്ടിച്ചു. അവര്‍ ദമ്പതിമാരായി നാനാദേശങ്ങളില്‍ സഞ്ചരിച്ചു. ബിന്ദുസരോവരത്തില്‍ ദേവഹൂതി സ്‌നാനം ചെയ്തു. അവളുടെ സൗന്ദര്യം പതിന്മടങ്ങു വര്‍ധിച്ചു.  

അവര്‍ക്ക് ഒമ്പതു പുത്രിമാരും ഒരു പുത്രനും ഉണ്ടായി. കര്‍ദമനെ ആത്മാര്‍ത്ഥമായി ശുശ്രൂഷിച്ചതിനാല്‍ അദ്ദേഹത്തിന്റെ തപോബല ദേവഹൂതിക്കും കിട്ടിയിരുന്നു. അതിനാലാണ് ഭഗവാന്‍ അവര്‍ക്കു പുത്രനായി പിറന്നത്. അവരുടെ പുത്രനാണ് കപിലവാസുദേവന്‍. തപോബലവും ജ്ഞാനബലവും ലോകര്‍ക്ക് കാണിച്ചുകൊടുത്തതു കപിലവാസുദേവനാണ്. സാംഖ്യശാസ്ത്രം എന്ന ജ്ഞാനശാഖയുടെ ഉപജ്ഞാതാവായി കപിലന്‍ അറിയപ്പെടുന്നു.

മുകുന്ദന്‍ മുസലിയാത്ത്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക