എറണാകുളം എന്‍എസ്എസ് കരയോഗത്തിന്റെ മുന്‍ പ്രസിഡന്റ് എല്‍.കെ. കൃഷ്ണന്‍കുട്ടിയുടെ നിര്യാണവാര്‍ത്ത ഏറെ നഷ്ടബോധത്തോടെയാണ് കേട്ടത്. അദ്ദേഹത്തെ എന്നും ഓര്‍ക്കുന്നത് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു ഉത്തമ മാതൃക എന്ന നിലയിലാണ്. 2004ലെ സുനാമി കാലത്താണ് കൃഷ്ണന്‍കുട്ടി ചേട്ടനുമായി സൗഹൃദം സ്ഥാപിക്കുന്നത്. കൊല്ലം-ആലപ്പുഴ-തിരുവനന്തപുരം ജില്ലകളിലെ കടലോര പ്രദേശത്ത് സുനാമി ഭീകര താണ്ഡവമാടിയപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും, ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്താനും എല്ലാ സാമൂഹ്യ സംഘടനകളും കഠിനാധ്വാനം ചെയ്തിരുന്ന കാലം. സ്വാഭാവികമായും ആര്‍എസ്എസ്സും സേവാഭാരതിയും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇ.എന്‍. നന്ദകുമാറും ഈ ലേഖകനും കരയോഗം മന്ദിരത്തില്‍ സ്ഥിരം ചെല്ലാറുണ്ടായിരുന്നു. ഏതൊരു സാമൂഹ്യ പ്രവര്‍ത്തകനും രോമാഞ്ചം നല്കുന്ന കാഴ്ചകളായിരുന്നു അവിടെ കണ്ടിരുന്നത്. അമ്മമാരും സഹോദരിമാരും രാത്രിയും പകലും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും പായ്ക്കു ചെയ്യുന്ന കാഴ്ച. അവയെല്ലാം വണ്ടികളിലായി ആലപ്പാട്ടേക്കും മറ്റും പോകുന്നു. അര്‍ഹിക്കുന്നവര്‍ക്കു തന്നെ അവ നല്കുന്ന സംഘടന എന്ന നിലയ്ക്ക് പലതും പോയിരുന്നത് സേവാഭാരതിക്ക് സ്വധീനമുള്ള കേന്ദ്രങ്ങളിലേക്ക്. നെടുനായകത്വം നല്കാന് കരയോഗം പ്രസിഡന്റ് കൃഷ്ണകുട്ടി ചേട്ടനും അന്നത്തെ സെക്രട്ടറി (ഇന്നത്തെ പ്രസിഡന്റ്) വേണുചേട്ടന് എന്നു അറിയപ്പെടുന്ന രാമചന്ദ്രനും. അങ്ങനെ ഇരുവരുമായി എന്റെ സൗഹൃദത്തിന് തുടക്കംകുറിക്കപ്പെട്ടു.
പിന്നീട് എടുത്തു പറയത്തക്ക ഒരു സംഭവം 2008ല്‍ ആയിരുന്നു. ആര്‍എസ്എസ്സിന്റെ ആ വര്‍ഷത്തെ കൊച്ചിയിലെ ഗുരുപൂജ ഗുരുദക്ഷിണ ഉല്‍സവം എറണാകുളം ടൗണ്‍ഹാളില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി. രാജന് അദ്ധ്യക്ഷനായി വരുവാന്‍ സമ്മതിച്ചു. അദ്ദേഹത്തെ കണ്ടു കാര്യങ്ങള്‍ ഫിക്സ് ചെയ്ത ആള് എന്ന നിലയില്‍ ഞാന്‍ ഒരു ‘എക്സ്ട്രാ യൂഫോറിയ’ അവസ്ഥയില്‍. എന്നാല്‍ പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് ഒരു സന്ധ്യയ്ക്ക് രാജന്‍ചേട്ടന്റെ ഫോണ്‍: അദ്ദേഹം വീട്ടില്‍ വഴുതിവീണു. അരക്കെട്ടില്‍ ഗൗരവമുള്ള ഫ്രാക്ചര്‍. കട്ടിലില്‍ കിടപ്പ് തന്നെ. അതുകൊണ്ടു പരിപാടിക്ക് വരാന്‍ വയ്യാത്ത അവസ്ഥ. അവസാന നിമിഷത്തില്‍ മറ്റൊരു അധ്യക്ഷനെ കണ്ടെത്താന്‍ എനിക്കു അനുഭവിക്കേണ്ടിവരുന്ന ടെന്‍ഷന്‍ ഓര്‍ത്ത് രാജന്ചേട്ടന് അതീവ ദുഃഖിതന്. എന്റെ കൂടെ ആ നിമിഷം ഉണ്ടായിരുന്ന ബാലഗോകുലം കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവം പ്രമുഖ പ്രവര്ത്തകന് പ്രകാശ് ബാബു(അമൃത ടിവി)വുമായി ഉടനെ അവിടെ പാഞ്ഞെത്തി.
അദ്ദേഹത്തെ സമാധാനിപ്പിച്ചു. വേഗം നടക്കാറാകട്ടെ എന്നു പ്രാര്‍ഥിച്ചു. അടുത്ത മേജര്‍ പരിപാടിക്ക് അദ്ധ്യക്ഷന്‍ അദ്ദേഹം തന്നെ എന്നു ആരോടും ആലോചിക്കാതെ തന്നെ ഞാന്‍ പ്രഖ്യാപനം നടത്തി. ”സതീശ്, താന്‍ ഇനി എന്തു ചെയ്യും” അദ്ദേഹം പരിതപി
ച്ചു. പരിപാടിക്ക് നാല്പ്പത്തെട്ട് മണിക്കൂര്‍ ഇല്ല. മനസ്സില്‍ ടെന്‍ഷന്‍ കനത്തു. പാലാരിവട്ടം സെന്റ് മാര്ട്ടിന് ചര്‍ച്ചിന്റെ മുന്നില്‍. പ്രകാശ് ബാബുവിന് ഒരു ഐഡിയ മിന്നി. അദ്ദേഹത്തിന്റെ ബൈക്കില്‍ പാഞ്ഞു, സൗത്ത് റെയില്‍വേ സ്റ്റേഷന്റെ കിഴക്കെ ഗേറ്റിലുള്ള കര്‍ഷക റോഡിലെ ഒരു വീട്ടിലേക്ക് -എല്‍.കെ. കൃഷ്ണന്‍കുട്ടി ചേട്ടന്റെ ഭവനം. അദ്ദേഹവും പത്നിയും അവരുടെ സഹോദരിയും വിദ്യാഭവനിലെ അധ്യാപികയായ മകളുമായിരുന്നു അവിടെ താമസം. ഏക മകന് അമൃതാനന്ദമയി മഠത്തില്‍ സംന്യാസി, സ്വാമി ധ്യാനാമൃതാനന്ദ.
ഞങ്ങള്‍ കാര്യം വളച്ചുകെട്ടില്ലാതെ പറഞ്ഞു. ‘പരിപാടിയുടെ സ്വഭാവം… പകരക്കാരന് എന്ന കാര്യം….! നോ പ്രോബ്ലം. മുന്‍ മാതൃഭൂമിക്കാരനായ രാജന്റെ പകരക്കാരനാകാന്‍ സന്തോഷം. ഞാനും പഴയ മാതൃഭൂമിക്കാരനാണല്ലോ, മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍. പിന്നീട് പഴയ കഥകള്‍… ജെപിയുമൊത്ത് ഭൂദാനപ്രസ്ഥാനവുമായി, വിനോബാജിയുടെ ഇടത്തും വലത്തുമായി ബംഗാളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍… തിരിച്ചു വന്ന് എറണാകുളത്തെ ഹിന്ദി പ്രചാര്‍ സഭയിലെ കൂടുസ്സു മുറിയിലെ താമസം. ഇടക്കിടെ തിരുവനന്തപുരം യാത്രാമദ്ധ്യേ ആ മുറിയില്‍ അതിഥിയായി എത്തുന്ന കേളപ്പജി. കലൂരിലെ മാതൃഭൂമിയില്‍ ചേര്‍ന്ന് ജോലി ചെയ്യാനുള്ള കേളപ്പജിയുടെ സ്നേഹപൂര്‍വമായ സമ്മര്‍ദ്ദം. അതില്‍ നിന്നു വിദഗ്ദ്ധമായ മുങ്ങല്‍…
പിന്നീട് ഒരിക്കല്‍ കലൂര്‍ മാതൃഭൂമിയുടെ മാനേജര്‍ ഹിന്ദി പ്രചാര്‍ സഭയുടെ എറണാകുളം സൗത്തിലുള്ള ഓഫീസില്‍ സൈക്കിള്‍ ചവിട്ടി എത്തി. കെ.പി. കേശവ മേനോന് വിളിച്ചിരുന്നു. മൂന്നുമണിക്കൂര്‍ കഴിഞ്ഞു വീണ്ടും വിളിക്കും.
എല്‍കെ ഉടനെ കലൂര്‍ ഓഫീസില്‍ വന്നു കാത്തിരിക്കണം. 1950കളുടെ അവസാനകാലമായിരിക്കണം. ദീര്‍ഘദൂര ഫോണ്‍ കിട്ടണമെങ്കില്‍ ബുക്ക് ചെയ്തു കാത്തിരിക്കണം.
എല്‍കെ കലൂരിലേക്ക്. അല്‍പ്പം കഴിഞ്ഞപ്പോള്‍ കേശവ മേനോന് വിളിക്കുന്നു. ആവശ്യം സിമ്പിള്‍: ”എല്‍കെ കലൂരിലെ മാതൃഭൂമി കൊച്ചി എഡിഷനില്‍ എഡിറ്റോറിയല്‍ സെക്ഷനില്‍ ഉടന്‍ ചേരണം.” അത് സുഗ്രീവാജ്ഞ. എതിര്‍വായില്ല. അങ്ങനെ എല്‍കെ മാധ്യമപ്രവര്‍ത്തകനായി. എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റുമായി. ഡെപ്യൂട്ടി എഡിറ്റര്‍ ആയി റിട്ടയര്‍ ചെയ്യുകയും ചെയ്തു. പിന്നീട് സാമൂഹ്യ രംഗത്ത് തന്നെ. എറണാകുളം കരയോഗം അദ്ദേഹത്തിന് സ്വഭവനത്തിന് തുല്യമായി. പ്രായാധിക്യം അലട്ടുന്നതു വരെ അദ്ദേഹം അതിന്റെ അമരത്ത് തന്നെ തുടര്‍ന്നു. അദ്ദേഹവും സെക്രട്ടറി വേണുചേട്ടനും ചേര്‍ന്ന ആ കൂട്ടു നേതൃത്വം ആ സ്ഥാപനത്തെ എറണാകുളത്തിന്റെ സാംസ്കാരിക കേന്ദ്രമാക്കി എന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ല.
ഏക മകന് സംന്യാസിയായി പോയതില്‍ അദ്ദേഹം അഭിമാനിച്ചു. മകന് വീട് വിട്ടു പോയതിനു ശേഷം ഒരു ദിവസം ഗേറ്റില്‍ ഒരു കാര്‍ വന്നു നില്ക്കുന്നു. സാക്ഷാല്‍ അമൃതാനന്ദമയി അമ്മ കാറില്‍ നിന്നു ഇറങ്ങി വരുന്ന കാഴ്ച. ആദ്യ സന്ദര്‍ശനമെങ്കിലും സ്വന്തം വീട് പോലെ കയറി വരുന്നു. ഫ്രിഡ്ജ് ഇരിക്കുന്ന ഉള്ളിലെ മുറിയിലേക്ക്. ഫ്രിഡ്ജ് തുറക്കുന്നു. തണുത്ത വെള്ളം കുടിക്കുന്നു. അല്‍പ്പനേരം സ്വശിഷ്യന്റെ മാതാപിതാക്കളുമായി അല്‍പ്പനേരം സംസാരിച്ചിരുന്ന ശേഷം അമ്മ യാത്രയായി.
ഗൗരവമുള്ള സാമൂഹ്യപ്രവര്ത്തനത്തിനിടയ്ക്കും അദ്ദേഹത്തിന് നര്‍മവും വഴങ്ങുമായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ”എന്റെ ഇനീഷ്യല്‍ സ്പെഷ്യല്‍ ആണ്, അതുകൊണ്ട് ആരും മറക്കില്ല. ലോകത്ത് രണ്ടേ രണ്ടു പേര്‍ക്ക് മാത്രമേ എല്‍കെ എന്ന ഇനിഷ്യല്‍ ഉള്ളൂ. ഒന്നു ഞാനും മറ്റൊരാള്‍ അദ്വാനിയും!”
എല്ലാ അര്‍ത്ഥത്തിലും എറണാകുളത്തെ യഥാര്‍ത്ഥ സാംസ്കാരിക നായകന്റെ, ആ മഹദ് വ്യക്തിയുടെ സ്മരണയ്ക്ക് മുന്പില് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: