കൊല്ലം: പത്തനാപുരത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ ഉള്‍വനത്തില്‍ പരിശീലനം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. സംഘടനകളുടെ ആക്രമണ സംഘം (ഹിറ്റ് സ്ക്വാഡ്) ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങളടക്കമുള്ളവയാണ് കണ്ടെത്തിയത്.
പത്തനാപുരം പാടം വനാതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം വന്‍ തോതില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതിന് സമീപത്ത് നിന്നാണ് മോട്ടോര്‍ ബൈക്കിന്റെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. തീവ്ര നിലപാടുള്ള സംഘടനകളുടെ ഹിറ്റ് സ്ക്വാഡ് അംഗങ്ങള്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ നശിപ്പിച്ച ശേഷം ഇവിടെ ഉപേക്ഷിച്ചതാകാമെന്ന് എടിഎസ് സംഘം കരുതുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതിന് മുന്‍പും കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. പാടം വനമേഖലയില്‍ ആയുധപരിശീലനം നടന്നിരുന്നു എന്ന മുന്‍നിഗമനങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച തെളിവുകള്‍. തീവ്രമത സംഘടനകളുടേതെന്ന് സംശയിക്കുന്ന തൊപ്പികളും കണ്ടെത്തി.
കേന്ദ്ര സംഘം സ്ഥലത്തെത്തി ബൈക്കിന്റെ ഭാഗങ്ങള്‍ പരിശോധിച്ചു. പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. പോലീസ് ഉള്‍പ്പെടെ വിവിധ ഏജന്‍സികളാണ് സംഭവം അന്വേഷിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.
തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം കറവൂര്‍ വനമേഖലയില്‍ നിന്ന് ബൈക്കിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: