സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിക്കു ശേഷം നിര്‍മ്മാണമാരംഭിച്ച അയോദ്ധ്യയിലെ ഭവ്യരാമക്ഷേത്രം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, അതിനെതിരായ ഹിന്ദുവിരുദ്ധ രാഷ്‌ട്രീയശക്തികളുടെ കുപ്രചാരണത്തെ പോയ ദിവസങ്ങളില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ കൊണ്ടാടിയത്. ദേശീയബോധത്തിന് പുത്തന്‍ ദിശാബോധം നല്‍കിയ രാമജന്മഭൂമി മുന്നേറ്റം ഉരുവംകൊണ്ട നാള്‍ മുതല്‍ അതിനെ തകര്‍ക്കാനുള്ള രാഷ്‌ട്രീയ മുന്നണിപ്പോരാട്ടത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയുമായിരുന്നു ഇത്തവണയും വ്യാജ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
അയോദ്ധ്യയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ശ്രീരാമജന്മഭൂമി തീര്‍ത്ഥട്രസ്റ്റിനെതിരായി സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ആദ്യം മുന്നോട്ടു വന്നത് സമാജ്വാദി പാര്‍ട്ടി എം എല്‍ എ തേജ് പ്രതാപ് പാണ്ഡേയും ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങ്ങുമാണ്. രണ്ടു കോടി രൂപ വിലമതിക്കുന്ന ഭൂമി 18.5 കോടി രൂപയ്‌ക്ക് ട്രസ്റ്റ് ഏറ്റെടുത്തു എന്നതായിരുന്നു ആരോപണം. വ്യക്തമായ തെളിവുകളൊന്നും നിരത്താന്‍ മെനക്കെടാതെ, നീതിയുടെ മൂര്‍ത്തിരൂപമായ ശ്രീരാമന്റെ പേരില്‍ അഴിമതി നടത്തുന്നത് അധര്‍മ്മമാണെന്ന ഒരു ട്വീറ്റോടു കൂടി, പതിവുപോലെ, കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയും ട്രസ്റ്റ് നടത്തിയത് അഴിമതിയാണെന്ന പ്രചാരണവുമായി മുന്നിട്ടിറങ്ങി. അതിനു പിന്നാലെ, ട്രസ്റ്റ് വിശ്വാസികളെ വഞ്ചിച്ചെന്ന പ്രിയങ്കഗാന്ധിയുടെ പ്രസ്താവനയും പുറത്തു വന്നു. ഇക്കാര്യത്തില്‍ ട്രസ്റ്റ് വിശദീകരണം നല്‍കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ആവശ്യപ്പെട്ടു. എന്നാല്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകളുടെ മാത്രം ആയുസ്സേ ഉണ്ടായിരുന്നുള്ളു. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം പുറത്തുവിട്ട ഭൂമി ഇടപാടിന്റെ യഥാര്‍ത്ഥ രേഖകളും വസ്തുതകളും ഈ രാഷ്‌ട്രീയ ആരോപണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു.
ട്രസ്റ്റിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍
രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഭൂമിക്ക് 18.5 കോടി രൂപ വില നിശ്ചയിച്ച് കണക്കില്‍ തട്ടിപ്പുനടത്തിയെന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം. ട്രസ്റ്റ് ഏറ്റെടുത്ത ക്ഷേത്രത്തോട് ചേര്‍ന്ന 1.208 ഹെക്ടര്‍ ഭൂമി സുല്‍ത്താന്‍ അന്‍സാരി എന്നയാള്‍ക്ക് മാര്‍ച്ച് മൂന്നിന് രണ്ടു കോടി രൂപയ്‌ക്കു കുസുമ് പാഠക് എന്ന വ്യക്തി കൈമാറിയതായിരുന്നെന്നാണ് ഇതിന് തെളിവായി ആരോപണം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. പിന്നീട് ഈ ഭൂമിക്ക് ഉയര്‍ന്ന വില കാണിച്ച് അന്‍സാരിയില്‍ നിന്ന് ട്രസ്റ്റ് ഏറ്റെടുത്തു എന്ന് പാണ്ഡെ ആരോപിച്ചു. ഈ അവസരം മുതലെടുത്ത് ക്ഷേത്ര നിര്‍മ്മാണ നിധിയിലേക്കുള്ള മുഴുവന്‍ സംഭാവനകളുടെയും സുതാര്യതയെ ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് വക്താക്കള്‍ പിന്നീട് ശ്രമിച്ചത്.
അതും തെളിവായി ഒരു കടലാസുകഷണം പോലും മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഹാജരാക്കാതെ. രാമജന്മഭൂമി മുന്നേറ്റത്തെ അധികാര ഗര്‍വിലും കൈക്കരുത്തിന്റെ പിന്‍ബലത്തിലും മുളയിലേ നുള്ളാന്‍ ശ്രമിക്കുകയും കേസിന്റെ നാള്‍വഴികളിലുടനീളം എതിര്‍പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തവരാണ് കോണ്‍ഗ്രസ്സും പിണിയാളുകളും. ഇപ്പോള്‍ ഇവര്‍ സാധാരണക്കാരായ വിശ്വാസികളായ ഹിന്ദുക്കളും ദേശീയവാദികളും ക്ഷേത്രനിര്‍മ്മാണ നിധിയിലേക്ക് നല്‍കിയ സംഭാവനയെ ഓര്‍ത്ത് ആശങ്കപ്പെടുന്നതിനെ സാമൂഹ്യമാധ്യമങ്ങള്‍ അങ്ങേയറ്റം പരിഹസിച്ചു.
ട്രസ്റ്റിന്റെ വിശദീകരണത്തില്‍ നിലംപരിശായ വ്യാജ ആരോപണങ്ങള്‍
ഭൂമി കൈമാറ്റത്തിന് മുന്നോടിയായി അതിനോട് ബന്ധപ്പെട്ട് നേരത്തെ നിലവിലിരുന്ന മുഴുവന്‍ കരാറുകളും നിയമപ്രകാരം ക്രമീകരിക്കുകയും കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അതിന്റെ ഉടമസ്ഥാവകാശം കയ്യാളിയിരുന്ന ഒമ്പതോളം വ്യക്തികളെ (ഇതില്‍ മൂന്നുപേര്‍ മുസ്ലീങ്ങളാണ്) വിശ്വാസത്തിലെടുത്തുകൊണ്ടുമാണ് ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിച്ചതെന്നും ആരോപണങ്ങള്‍ക്ക് മറുപടിയായി രാമക്ഷേത്ര ട്രസ്റ്റ് പ്രസ്താവിച്ചു.
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വിപരീതമായി, കുസും പാഠക്കുമായുള്ള പുതിയ ഉടമസ്ഥര്‍ക്കുള്ള കരാറുകള്‍ യഥാക്രമം 2019 ഒക്ടോബര്‍ 17 ലും 2021 മാര്‍ച്ച് 18 നും അവസാനിക്കുന്നതായിരുന്നു എന്ന് ട്രസ്റ്റ് വ്യക്തമാക്കി. പ്രസ്തുത കക്ഷികള്‍ സുപ്രീം കോടതി വിധിക്കു മുന്‍പ് തന്നെ ഭൂമി കൈമാറ്റത്തിന് തീരുമാനം എടുത്തിരുന്നു. 2019 നു ശേഷം ഭൂമി വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രസ്റ്റ് 2021 ല്‍ ഭൂമി ഏറ്റെടുത്തത്. എന്നിട്ടും, ചതുരശ്ര അടിക്കു 1423 രൂപ എന്ന താരതമ്യേന ന്യായമായ വിലക്കാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. കൂടാതെ, ഭൂമിയുടെ വിലയായ മുഴുവന്‍ തുകയും ബാങ്ക് മുഖേനയാണ് ഉടമസ്ഥര്‍ക്ക് കൈമാറ്റം ചെയ്തിരിക്കുന്നത്. ഒപ്പം, എല്ലാ അനുബന്ധ നടപടി ക്രമങ്ങളും കൃത്യമായി നിയമനുസരണമാണ് നടന്നതെന്ന് തെളിയിക്കുന്ന രേഖകളും ട്വിറ്ററിലൂടെ ട്രസ്റ്റ് പുറത്തു വിടുകയും ചെയ്തു. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വന്നതോടെ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ കഴമ്പില്ലെന്ന് തീര്‍ത്തും വ്യക്തമായി.
മേല്‍പ്പറഞ്ഞ ഭൂമി കൂടാതെ ഏകദേശം നാലോളം ഭൂമി ഇടപാടുകള്‍ വ്യത്യസ്ത ആശ്രമങ്ങളുമായും ക്ഷേത്രങ്ങളുമായും ഇതിനകം നടന്നു കഴിഞ്ഞു. നഷ്ടപരിഹാരമായി അതാത് ഇടപാടുകാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പുതിയ ഭൂമിയും പുനരധിവാസത്തിനാവശ്യമായ ആവശ്യമായ തുകയും നല്‍കാനാണ് തീരുമാനം. രാമജന്മഭൂമി ക്ഷേത്രനിര്‍മ്മാണത്തെ എക്കാലവും എതിര്‍ത്തിരുന്ന കോണ്‍ഗ്രസ്സ്,സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ നിയമവിധേയമായി നടക്കുന്ന രാമജന്മഭൂമി ക്ഷേത്രനിര്‍മ്മാണത്തെ വിവാദത്തിലാക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കെട്ടിപ്പൊക്കാന്‍ ശ്രമിച്ച നുണയുടെ കോട്ടകള്‍ സത്യത്തിനു മുമ്പില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന 10 ലളിതമായ വസ്തുതകള്‍
- 2019 ല്‍ തന്റെ ഭൂമി അന്‍സാരിക്ക് വില്‍ക്കാന്‍ കുസും തീരുമാനിച്ചു. 2019 ല്‍, കുസുമും അന്‍സാരിയും ഭൂമി വില്‍ക്കാനുള്ള കരാറില്‍ മാത്രമേ എത്തിയിരുന്നുള്ളു. ഉടമസ്ഥാവകാശം അപ്പോഴും കുസുമിന്റെ പേരിലായിരുന്നു.
- വില്‍ക്കാനുള്ള കരാറിലെത്തിയപ്പോള്‍ അന്‍സാരി കുസുമിന് 50 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി 1.5 കോടി രൂപ അന്‍സാരി കുസുമിന് 3 വര്‍ഷത്തിനുള്ളില്‍ നല്‍കേണ്ടതുണ്ടായിരുന്നു.
- സുപ്രീംകോടതിയുടെ അയോദ്ധ്യ വിധിക്ക് തൊട്ടുമുമ്പ് 2019 സെപ്റ്റംബറിലാണ് വില്‍പ്പനയ്‌ക്കുള്ള തീരുമാനം എടുത്തിരുന്നത്. ആ സമയത്ത് അയോദ്ധ്യയിലെ ഭൂമി വില കുറവായിരുന്നു.
- 2019 ലെ സുപ്രധാന വിധിക്ക് ശേഷം അയോദ്ധ്യയിലെ ഭൂമിവില കുത്തനെ ഉയര്‍ന്നു. രാമജന്മഭൂമിയുടെ ചുറ്റുമുള്ള ഭൂമിക്കും അയോദ്ധ്യയിലെ ബാക്കിഭൂമിക്കും വന്‍ വിലവര്‍ദ്ധനവുണ്ടായി. വിധി വന്നതിന് തൊട്ടുപിന്നാലെ ഭൂമിയുടെ വില ചിലയിടങ്ങളില്‍ 6 മടങ്ങിലധികം ഉയര്‍ന്നു.
- 2021 ല്‍ ക്ഷേത്ര ട്രസ്റ്റിന് ഭൂമി വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍, കുസും അന്‍സാരിയും വില്‍ക്കാനുള്ള കരാറില്‍ ഏര്‍പ്പെടുകയേ ഉണ്ടായുള്ളുവെന്നും വില്‍പ്പന കരാറില്‍ എത്തിയിട്ടുമില്ലായിരുന്നു. അതായത് ഭൂമി അന്‍സാരിയുടെ പേരിലായിരുന്നില്ല എന്നര്‍ത്ഥം.
- ഇത് മനസ്സിലായപ്പോള്‍ ക്ഷേത്ര ട്രസ്റ്റ് അന്‍സാരിയോടും കുസുമിനോടും ഒരു ‘വില്‍പ്പന കരാര്‍’ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു. അന്‍സാരി കുസുമിന് 1.5 കോടി രൂപ നല്‍കിയതോടെ ഭൂമി അന്‍സാരിയുടെ പേരിലായി.
- ഭൂമിയുടെ കൈവശാവകാശം അന്‍സാരിയിലെത്തിയ ശേഷം, ക്ഷേത്ര ട്രസ്റ്റ് ഭൂമി ഏറ്റെടുക്കുന്നതിനായി അന്‍സാരിയുമായി കരാറിലെത്തി. അന്‍സാരിയും ക്ഷേത്ര ട്രസ്റ്റും തമ്മില്‍ അതുവരെ വില്‍പ്പന കരാറുണ്ടായിരുന്നില്ല.
- ഭൂമിയുടെ പേരില്‍ പിന്നീട് അവകാശ തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.
- ഇതിലുള്‍പ്പെട്ട എല്ലാ കക്ഷികളും 2021 മാര്‍ച്ച് 18 ന് ഒരുമിച്ച് ഇരുന്നു. അന്‍സാരി കുസുമിന് നല്‍കാനുള്ള പണം നല്‍കിയതിനുശേഷം, അന്‍സാരിയും കുസുമും തമ്മില്‍ വില്‍പ്പന കരാറിലെത്തി. അതോടെ ഭൂമി അന്‍സാരിയുടെ പേരിലായി. അതേസമയം, ക്ഷേത്രട്രസ്റ്റ് ഭൂമി വാങ്ങുന്നതിനായി അന്‍സാരിയുമായി കരാറിലുമെത്തി.
- 2019 ലെ കരാര്‍ അന്നത്തെ വിലയനുസരിച്ച് സ്ഥലം കൈമാറാനുള്ള കേവലം കടലാസുപണി മാത്രമായിരുന്നു എന്നതിനാലാണ് അന്തിമ കൈമാറ്റത്തില്‍ വില വര്‍ദ്ധനവ് ഉണ്ടായത്. അയോധ്യയിലെ നിലവിലെ ഭൂമിവിലക്കനുസരിച്ചാണ് ക്ഷേത്ര ട്രസ്റ്റും അന്‍സാരിയും തമ്മില്‍ വില്‍പ്പനയ്‌ക്കുള്ള കരാറിലെത്തിയത്.
വില്‍പ്പനയുടെ വിശദാംശങ്ങള്‍
2011 മാര്‍ച്ച് നാലിന് മെഹഫൂസ് ആലം, ജാവേദ് ആലം, നൂര്‍ ആലം, അയോധ്യയിലെ ബര്‍വാരി തോല സ്വദേശിയായ മുഹമ്മദ് ആലത്തിന്റെ മകന്‍ ഫിറോസ് ആലം എന്നിവര്‍ കുസും പഥക്, ഹരീഷ് പഥക്, മുഹമ്മദ് ഇര്‍ഫാന്‍ (ഉര്‍ഫ് നാനേ മിയന്‍) എന്നിവരുമായി സര്‍വ്വെ നമ്പര്‍ (ഗാട്ട) 242, 243, 244, 246 ഭൂമി വില്‍ക്കുന്നതിനായി കരാറിലേര്‍പ്പെട്ടു. ഒരു കോടി രൂപയായിരുന്നു പ്രതിഫലം. മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍ കാലാവധി. 2011 മാര്‍ച്ച് നാലിനു തയ്യാറാക്കപ്പെട്ട കരാര്‍ 2014 മാര്‍ച്ച് നാലിനു റദ്ദാക്കപ്പെട്ടു. 2017 നവംബര്‍ ഇരുപതിന് മെഹ്ഫൂസ് ആലവും മേല്‍പറഞ്ഞ മൂന്നു പേരും ചേര്‍ന്ന് കുസും പഥക്കിനും ഭര്‍ത്താവ് ഹരീഷ് പഥക്കിനും തീരാധാരം റജിസ്റ്റര്‍ ചെയ്തു നല്‍കി (അതേ നാലു പട്ടയ നമ്പരുകള്‍. ആകെ ഭൂമി 2.334 ഹെക്ടര്‍). പ്രതിഫലം രണ്ടു കോടി രൂപയായിരുന്നു.
2017 നവംബര്‍ 21ന് കുസും പഥക്കും ഹരീഷ് പഥക്കും ഭൂമി ഇച്ഛ റാം സിങ്ങിനും ജിതേന്ദ്ര കുമാര്‍ സിങ്ങിനും രാകേഷ് കുമാര്‍ സിങ്ങിനും വില്‍ക്കാന്‍ കരാറിലെത്തി. പ്രതിഫലം 2.16 കോടി രൂപയായിരുന്നു (റജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കരാര്‍ 2019 സെപ്റ്റംബര്‍ 17നു റദ്ദാക്കപ്പെട്ടു).
ഇതേ ഭൂമി ഇച്ഛ റാം സിങ്, വിശ്വപ്രതാപ് ഉപാധ്യായ, മനീഷ് കുമാര്‍, സുബേദാര്‍, ബായ്റാം യാദവ്, രവീന്ദ്ര കുമാര്‍ ദുബെ, സുല്‍ത്താന്‍ അന്‍സാരി, റാഷിദ് ഹുസൈന്‍ എന്നിവര്‍ക്കു വില്‍ക്കാനായി കുസും പഥക്കും ഹരീഷ് പഥക്കും കരാറിലെത്തി. പ്രതിഫലം രണ്ടു കോടി രൂപയും കരാര്‍ കാലാവധി മൂന്നു വര്‍ഷവും ആയിരുന്നു (റജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ കരാര്‍ 2021 മാര്‍ച്ച് 18നു റദ്ദാക്കപ്പെട്ടു).
2021 മാര്‍ച്ച് 18ന് കുസും പഥക്കും ഹരീഷ് പഥക്കും ചേര്‍ന്ന് 243, 244, 246 എന്നീ നമ്പറുകളില്‍പ്പെട്ട 1.2080 ഹെക്ടര്‍ സ്ഥലം തീരാധാര പ്രകാരം രവി മോഹന്‍ തിവാരി, ഇര്‍ഫാ(ഉര്‍ഫ് നാനേ മിയന്‍)ന്റെ മകന്‍ സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്കു വിറ്റു. പ്രതിഫലം രണ്ടു കോടി രൂപയായിരുന്നു. സര്‍ക്കിള്‍ റേറ്റിലുള്ള മതിപ്പുവില 5.8 കോടി രൂപയായിരുന്നു. 5.8 കോടി രൂപയുടെ മതിപ്പുവിലയ്‌ക്ക് മുദ്രപ്പത്ര വില അടയ്‌ക്കുകയും ചെയ്തു.
അന്നു തന്നെ രവി മോഹന്‍ തിവാരിയും സുല്‍ത്താന്‍ അന്‍സാരിയും ഈ ഭൂമി രാമജന്മഭൂമി ട്രസ്റ്റിനു വില്‍ക്കാന്‍ കരാറിലേര്‍പ്പെട്ടു. നിശ്ചയിച്ച പ്രതിഫലം 18.50 കോടി രൂപയായിരുന്നു. മുന്‍കൂറായി 17 കോടി രൂപ ഓണ്‍ലൈനായാണ് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: