Categories: Samskriti

ദേവപരിവേഷമുള്ള കടമ്പ് പൂത്തു; പൂവിന് നാട്ടുകാര്‍ കൊറോണക്കായെന്ന് പേരുമിട്ടു

രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങള്‍ നടത്തിയിരുന്നത് കടമ്പു മരത്തിനു കീഴിലായിരുന്നു എന്നാണ് ഐതീഹ്യം

വിളപ്പില്‍: ഹിന്ദുമതത്തിലെ ദേവപരിവേഷമുള്ള കടമ്പ് പൂത്തു. പൂക്കള്‍ക്ക് കൊറോണ വയറസിന്റെ ആകൃതിയുള്ളതിനാല്‍ കണ്ടുപരിചയമില്ലാത്തവര്‍ കടമ്പിന്‍ പൂവിന് കൊറോണക്കായെന്ന് പേരുമിട്ടു.  

പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളിലാണ് കടമ്പ് പൂത്തുനില്‍ക്കുന്നത്. കടമ്പ് പൂക്കുന്നത് മഴക്കാലമായതിന്റെ സൂചനയാണ്. കണ്ണശയിലെ കടമ്പിന് 8 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും മൂന്ന് വര്‍ഷം മുമ്പാണ്  ആദ്യമായി ഇതില്‍ പൂവിട്ടത്. അന്ന് വിരലിലെണ്ണാവുന്ന പൂക്കളാണ് വിരിഞ്ഞതെങ്കില്‍, ഇക്കുറി മരത്തില്‍ ഇലകാണാനാവാത്തത്ര പൂക്കള്‍ അഴകു വിരിച്ച് നില്‍ക്കുന്നു.

കൊറോണക്കാലത്തെ ഈ അപൂര്‍വ പുഷ്പം കാണാന്‍ സ്‌കൂള്‍ മുറ്റത്ത് എംഎല്‍എ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് എത്തിയത്. ചെറിയ പന്ത് പോലെ തൂങ്ങിക്കിടക്കുന്ന പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആയുസ്സെന്ന് സ്‌കൂള്‍ മനേജര്‍ ആനന്ദ് കണ്ണശ പറയുന്നു. വെള്ളകലര്‍ന്ന ചന്ദന നിറമാണ് പൂക്കള്‍ക്ക്. ചെറുസുഗന്ധവുമുണ്ട്.

കദംബ, ആറ്റുതേക്ക് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. നിത്യഹരിത വനങ്ങളിലും ആറ്റിന്‍ കരയിലുമാണ് ഇവ സാധാരണ വളരുക. ആറ്റിന്‍കരയില്‍ വളരുന്നതിനാലാണ് ആറ്റുതേക്ക് എന്ന പേരുകിട്ടിയത്.

ഹിന്ദുമതത്തിന്റെ ഭാഗമായ കടമ്പു മരം ദേവപരിവേഷമുള്ള വൃക്ഷമാണ്. വൃക്ഷ ആരാധനയിലും കൃത്യമായ സ്ഥാനം കടമ്പിനുണ്ട്. പുരാണങ്ങളില്‍ രാധയും കൃഷ്ണനും പ്രണയസല്ലാപങ്ങള്‍ നടത്തിയിരുന്നത് കടമ്പു മരത്തിനു കീഴിലായിരുന്നു എന്നാണ് ഐതീഹ്യം. പിരിഞ്ഞുപോയ കാമുകീകാമുകന്മാരെ ഒന്നിപ്പിക്കാന്‍ ഈ വൃക്ഷത്തിന് കഴിവുണ്ടെന്നും വിശ്വാസം. കടമ്പ് മരത്തിന്റെ കൊമ്പില്‍ കയറിയാണ് ശ്രീകൃഷ്ണന്‍ കാളിയമര്‍ദനത്തിനായി യമുനയാറ്റില്‍ ചാടിയത്. അങ്ങനെ ഒട്ടനവധി കഥകള്‍ ശ്രീകൃഷ്ണനുമായി ചുറ്റിപ്പറ്റി കടമ്പു മരത്തിനു പറയാനുണ്ട്.

പക്ഷിരാജാവായ ഗരുഡന്‍ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാനദിക്കരയിലെ കടമ്പ് മരത്തിലാണ് വിശ്രമിച്ചത്. ആ സമയം അല്‍പം അമൃത് മരത്തില്‍ വീഴാനിടയായി. പിന്നീട്, കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയപ്പോള്‍ കടമ്പുമരം മാത്രം ബാക്കിയായി. അമൃത് വീണതിനാലാണ് കടമ്പ് മരം കരിയാത്തതെന്നും കഥകള്‍.

ധാരാളം ഔഷധഗുണങ്ങളും കൂടി അടങ്ങിയ ഒന്നാണ് കടമ്പു മരം. കടമ്പ് മരത്തിന്റെ തൊലി, പൂവ്, കായ, വേര് എന്നിവ ഔഷധഗുണം നിറഞ്ഞതാണ്. കടമ്പിന്‍ പൂക്കള്‍ പൂജാചടങ്ങുകളില്‍ ഉപയോഗിച്ചുവരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാനും പൂക്കള്‍ ഉപയോഗിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക