Categories: Kerala

മതം മാറി വിവാഹം; ശേഷം ജിഹാദിനായി അഫ്ഗാനില്‍; ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് വിഭാഗത്തില്‍ പ്രവര്‍ത്തനം; ഒടുവില്‍ പിടിയിലായി സൈന്യത്തിന്റെ തടവില്‍

37 വയസുകാരനായ ഇയാളാണ് 2020 ആഗസ്തില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ജയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരനെന്നാണ് സൂചന. 30 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഐജാസ് അടക്കമുള്ള ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെല്ലാം അഫ്ഗാനിലെ നഗര്‍ഹാറിലാണ് ഉണ്ടായിരുന്നത്.

Published by

കൊച്ചി: മതം മാറി ഇസ്ലാമാകുകയും ഐഎസില്‍ ചേര്‍ന്ന് ജിഹാദിന് ഇറങ്ങിത്തിരിക്കുകയും ചെയ്ത യുവതികളുടെ പോരാട്ടം ഒടുവില്‍ അവസാനിച്ചത് അഫ്ഗാന്‍ ജയിലില്‍. സിറിയയിലെ ഐഎസില്‍ ചേരാന്‍ പോയ ഇവര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ഗ്രൂപ്പായ ഖൊറാസാന്‍ ഘടകത്തിലാണ് ചേര്‍ന്നത്.

നിമിഷയും ഭര്‍ത്താവ് ഈസയെന്ന ബെക്‌സണ്‍ വിന്‍സന്റും മകള്‍ ഉമ്മക്കുല്‍സുവുമുള്ള ചിത്രം ഒരു വിദേശ ചാനലില്‍ കണ്ടാണ് ആറ്റുകാല്‍ സ്വദേശിനി ബിന്ദു മകളെയും കുടുബത്തേയും തിരിച്ചറിഞ്ഞത്. മുഖം മറച്ചതിനാല്‍ നിമിഷയെ വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും മകള്‍ തന്നെയെന്നാണ് ബോധ്യമെന്നും ബിന്ദു പറയുന്നു.

2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്ന് ഐഎസില്‍ ചേരാന്‍ പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ അമ്മ ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജിലെ  അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വച്ച് സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ച് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്ക് പോയി.

2016 മെയ് 31ന് ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുള്ളയ്‌ക്കൊപ്പമാണ് കാസര്‍കോട് സ്വദേശിനി സോണിയ സെബാസ്റ്റ്യന്‍ എന്ന അയിഷ  അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായ റാഷിദ് സഹപ്രവര്‍ത്തകയായ യാസ്മിന്‍ എന്ന ബീഹാറി യുവതിയുമായി സൗഹൃദത്തിലായി. പിന്നീട് യാസ്മിനെ റാഷിദ് തന്റെ രണ്ടാം ഭാര്യയാക്കി. 2016 മെയ് 31ന് മൂവരും മുംബൈ വഴി മസ്‌ക്കറ്റിലേക്കും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും കടന്നു. അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഐഎസിന്റെ സീക്രട്ട് ക്ലാസ്സ് വിഭാഗത്തിലാണ് സോണിയയും ഭര്‍ത്താവ് റാഷിദ് അബ്ദുള്ളയും പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ജൂണില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു. എന്‍ഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ് അയിഷ. ഇവര്‍ നാട്ടില്‍ പ്രത്യേകിച്ച് കാസര്‍കോട് പടന്നയില്‍ റംസാന്‍ സമയത്ത് ഐഎസ്, ജിഹാദി ആശയങ്ങളില്‍ രഹസ്യമായി ക്ലാസുകള്‍ എടുത്തിരുന്നു. എന്‍ജിനീയറിങ്ങ് ബിരുദധാരിയാണ് അയിഷ.

ബെക്‌സണിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സെന്റിനെയാണ് മെറിന്‍ ജേക്കബ് എന്ന മറിയം വിവാഹം കഴിച്ചത്. യഹ്യ എന്ന പേരാണ് ബെസ്റ്റിന്‍ സ്വീകരിച്ചിരുന്നത്. പാലക്കാട് സ്വദേശിയാണ്. റഫീല (നബീസ) കാസര്‍കോട്ടെ ഡോക്ടര്‍ ഐജാസ് കല്ലുകെട്ടിയ പുരയിലിനെയാണ് വിവാഹം കഴിച്ചത്. 37 വയസുകാരനായ ഇയാളാണ് 2020 ആഗസ്തില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലെ ജയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരനെന്നാണ് സൂചന. 30 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഐജാസ് അടക്കമുള്ള ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരെല്ലാം അഫ്ഗാനിലെ നഗര്‍ഹാറിലാണ് ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക