സഹസ്രാബ്ദങ്ങളിലേക്കു നീളുന്ന ഭാരതത്തിന്റെ അഭംഗുരമായ ആയുര്‍വേദ പാരമ്പര്യത്തിലെ തിളങ്ങുന്ന കണ്ണിയാണ് വൈദ്യകുലപതി ഡോ. പി.കെ. വാര്യര്‍. മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കലില്‍ വൈദ്യപാരമ്പര്യമുള്ള കുടുംബത്തില്‍ ഇടവത്തിലെ കാര്‍ത്തിക നാളില്‍ ജനിച്ച വാര്യര്‍ക്ക് ഇന്ന് നൂറു വയസ്സ് തികയുകയാണ്. അദ്ഭുത സിദ്ധികള്‍ ആവാഹിക്കുന്ന ഒരു ശാസ്ത്രശാഖയെന്ന നിലയ്‌ക്ക് ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്‌ക്ക് നിസ്തുലമായ സംഭാവനകളാണ് ഈ ആചാര്യനില്‍നിന്നുണ്ടായത്.
കേരളത്തിനകത്തും പുറത്തും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെന്ന സ്ഥാപനം ശാഖോപശാഖകളായി വളര്‍ന്നതിന്റെയും, അതിന്റെ പ്രശസ്തി വിശ്വ ചക്രവാളം തൊട്ടതിന്റെയും ബഹുമതി ഈ ആയുര്‍വേദ മഹര്‍ഷിക്ക് അവകാശപ്പെട്ടതാണ്. കര്‍മനിരതവും ലക്ഷ്യപൂര്‍ണവുമായ തന്റെ ജീവിതത്തിലൂടെ ആയുര്‍വേദത്തെ ജനകീയമാക്കുകയും, പാശ്ചാത്യമായ ആധുനിക വൈദ്യശാസ്ത്രത്തോട് കിടപിടിക്കുന്ന സ്ഥിതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത ഈ മഹാവ്യക്തിത്വം കോട്ടയ്ക്കല്‍ എന്ന പ്രദേശത്തെ ലോകത്തിന്റെ ഭൂപടത്തില്‍ പ്രതിഷ്ഠിച്ചു. ജീവിച്ചിരിക്കുന്ന മഹദ്‌വ്യക്തികളില്‍ ഏറെ ആദരിക്കപ്പെടുന്ന വൈദ്യകുലപതിയെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും ബഹുമതികളും നിരവധിയാണ്. ലജന്റ് ഓഫ് കേരള അവാര്‍ഡ് നല്‍കി ജന്മഭൂമിയും ഈ ആയുര്‍വേദ ശാസ്ത്രജ്ഞനെ ആദരിക്കുകയുണ്ടായി. ശതപൂര്‍ണിമയുടെ നിറവില്‍ കഴിയുന്ന മഹാനുഭാവന് ഞങ്ങളുടെ ശതകോടി വന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: