പയ്യന്നൂര്‍: എല്ലാവരും പരിസ്ഥിതി ദിനത്തില്‍ മാത്രം പ്രകൃതിയെയും മരങ്ങളെയും ഭൂമിയെയും കുറിച്ച് വാതോരാതെ സംസാരിക്കുമ്പോള്‍ തന്റെ ജീവിതം തന്നെ പാരിസ്ഥിതിക സംരക്ഷണത്തിനും ബോധവല്‍ക്കരണത്തിനുമായി ഉഴിഞ്ഞ് വെച്ച ഒരു മനുഷ്യന്‍ ഇവിടെ ജീവിക്കുന്നു. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നും റീജിയണല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച പയ്യന്നൂര്‍ പുറച്ചേരി സ്വദേശി കെ.എം.ബാലകൃഷ്ണന്‍ .
അദ്ദേഹം പ്രകൃതി സംരക്ഷണം എന്ന ദൗത്യം ഏറ്റെടുത്തത് യാദൃശ്ചികമായി അല്ല. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ ആയ നീലകണ്ഠന്‍ നമ്പീശന്റെയും ദേവകിയമ്മയുടെയും കൈപിടിച്ചു നടന്ന് അറത്തില്‍ അമ്പലത്തിലേക്കും സമീപ ക്ഷേത്രങ്ങളിലേക്കും വേണ്ട പൂക്കളും പൂജാദ്രവ്യങ്ങളും മറ്റും ശേഖരിക്കുമ്പോള്‍ ചെടികളും പൂമ്പാറ്റകളും കിളികളും ആ മനസ്സില്‍ പ്രകൃതി സ്‌നേഹത്തിന്റെ വിത്തുവിതച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കോളേജില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ജോണ്‍ സി ജേക്കബിന്റെ ശിഷ്യനായി പാരിസ്ഥിതിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പ്രകൃതി സഹവാസ ക്യാമ്പുകളിലും സൈലന്റ് വാലി പോരാട്ടങ്ങളിലും പങ്കെടുത്ത ബാലകൃഷ്ണന്‍ സുവോളജി ക്ലബ്ബിന്റെ മെമ്പറും ആയിരുന്നു. തുടര്‍ന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ഗ്രാമീണ ബാങ്കില്‍ ഉദ്യോഗം നേടി .
2017 റിട്ടയര്‍ ചെയ്യുന്നതു വരെ തന്റെ പാരിസ്ഥിതിക പ്രവര്‍ത്തനം കുറച്ചു മന്ദഗതിയില്‍ ആക്കിയെങ്കിലും 2017 ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം തന്റെ ശിഷ്ടജീവിതം പാരിസ്ഥിതിക പ്രവര്‍ത്തനത്തിനും പ്രകൃതി സംരക്ഷണത്തിനു വേണ്ടി മാറ്റിവയ്ക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളില്‍ നിന്നും രണ്ടര ലക്ഷം രൂപ പ്രകൃതി സംരക്ഷണത്തിനായി മാറ്റിവെക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം. എല്ലാവര്‍ഷവും പരിസ്ഥിതി ദിനത്തില്‍ മാത്രം വൃക്ഷങ്ങളെ പറ്റി ഓര്‍മിക്കുന്ന സമ്പ്രദായം മാറ്റി എല്ലാദിവസവും വൃക്ഷങ്ങള പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുക എന്ന് പ്രവര്‍ത്തനമാണ് സ്ഥായിയായ പ്രകൃതിസംരക്ഷണത്തിന് ഉതകുക എന്ന് മനസ്സിലാക്കിയ ബാലകൃഷ്ണന്‍ അതിനായി ഒരു പദ്ധതി രൂപീകരിച്ചു. ‘ഒരു തൈ നടാം- വളര്‍ത്താം’ എന്നതാണ് ഇദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതി.
രണ്ടര ലക്ഷം രൂപ ഇതിനായി നീക്കി വെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഇതൊരു ചിലവല്ല നിക്ഷേപമാണ്. വെള്ളവും വായുവും ഭക്ഷണവും നല്‍കി പ്രകൃതി എന്നെ 62 വര്‍ഷം ഷം വളര്‍ത്തി കഴിയാവുന്നത്ര പ്രകൃതിക്ക് തിരിച്ചു നല്‍കണം . സ്വന്തം പുരയിടം തന്നെ പ്രകൃതിക്കിണങ്ങും വിധം തയ്യാറാക്കിയ അദ്ദേഹം തുടര്‍ന്ന് തന്റെ ശ്രദ്ധ മാടായി ഉപജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും തന്റെ സന്ദേശം എത്തിക്കുക എന്നത് പ്രാവര്‍ത്തികമാക്കി.തുടര്‍ന്ന് കോറോണ മഹാവ്യാധി വരുന്നതുവരെ സ്‌കൂളുകളിലെ സയന്‍സ് ക്ലബ്ബ് മുഖേന കുട്ടികളെ ബോധവല്‍ക്കരിക്കുകയും മരങ്ങള്‍ നടാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഒരു തൈ നടൂ എന്ന് വെറുതെ പറയാതെ കായ്ഫലം ഉണ്ടാകുന്ന മാവ് പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെ രണ്ട് തൈകള്‍ വീതം നട്ടുവളര്‍ത്തുന്ന വിദ്യാര്‍ഥികള്‍ അവയുടെ ഫോട്ടോ എടുത്ത് അയച്ചാല്‍ 50 രൂപ വീതം പ്രോത്സാഹനമായി നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് ഇദ്ദേഹം ആവിഷ്‌കരിച്ചത്.
കൂടാതെ ആദ്യം കായ്ഫലം ഉണ്ടാകുന്ന പത്ത് മരങ്ങളുടെ ഉടമയ്‌ക്ക് 5000 രൂപ സമ്മാനവും പ്രഖ്യാപിച്ചു. അതിനാല്‍ വൃക്ഷങ്ങള്‍ നടുന്ന തിനൊടൊപ്പം അവയുടെ പരിപാലനവും ഉറപ്പുവരുത്താനായി. ഇതിനകം തന്നെ അമ്പത്തിയഞ്ച് സ്‌കൂളുകളിലായി 1500-ലധികം വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു കഴിഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് രണ്ട് തൈകള്‍ വച്ച് കണക്കാക്കിയാല്‍ മൂവായിരത്തിലധികം ഫലവൃക്ഷ തൈകള്‍ മാടായി ഉപജില്ലാ പരിധിയില്‍ ഇതിനകം വെച്ച് പിടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി തൈകള്‍ നടുന്നതിന്റെ യും പരിപാലിക്കുന്നതിന്റെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും പ്രഖ്യാപിച്ച തുകയില്‍നിന്ന് ഒരു ലക്ഷത്തിലധികം രൂപ ചെലവഴിക്കുകയും ചെയ്തു.
രണ്ട് വൃക്ഷതൈകള്‍ നടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ വെച്ചാണ് തൈ നടാനും സംരക്ഷിക്കാനും ആയി നല്‍കുന്നത്. ആദ്യം ഫലം ഉണ്ടാകുന്ന 10 മരങ്ങള്‍ നട്ട വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വച്ച് സമ്മാനവും നല്‍കും.കോറോണ മഹാവ്യാധി മാറിയാല്‍ ഉടനെ എല്ലാ സ്‌കൂളുകളിലും അധ്യാപകരുമായും വിദ്യാര്‍ഥികളുമായി സംവദിക്കാനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും ഒരു തൈ നടാം, വളര്‍ത്താമെന്ന പദ്ധതിയെക്കുറിച്ചും ഭക്ഷ്യ സംസ്‌കാരത്തെക്കുറിച്ചും ഒരു മണിക്കൂര്‍ ക്ലാസെടുക്കാനുള്ള പദ്ധതി ബാലകൃഷ്ണന്‍ നമ്പീശന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്.
പ്രകൃതി സംരക്ഷണം എന്ന ആശയം ഉള്‍ക്കൊള്ളുന്ന നിരവധി കവിതകള്‍ രചിച്ച് ഇദ്ദേഹം കണ്ണൂര്‍ ജില്ലാ കവിമണ്ഡലത്തിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. പുഷ്പക സേവാ സംഘത്തിന്റെ മുന്‍കേന്ദ്ര സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടും കൂടിയാണ് ഇദ്ദേഹം .ഭാര്യ സതീദേവി .മക്കള്‍ സതീഷ്. ബി. കൃഷ്ണന്‍ (ഐ എഫ് എസ്- കെയ്‌റോ ) ശ്രുതി.ബി. കൃഷ്ണന്‍ (അധ്യാപിക ബാംഗ്ലൂര്‍). പ്രകൃതിസംരക്ഷണത്തിനായും ഭാവി തലമുറയെ പ്രകൃതിസംരക്ഷകരാക്കി മാറ്റാനും തന്റെ ജീവിതം തന്നെ മാതൃകയാക്കുകയാണ് ബാലകൃഷ്ണന്‍.
ശങ്കരന്‍ കൈതപ്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക