തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 16910.12 കോടി രൂപയുടെ റവന്യുകമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പൊതുകടം 24419.91 കോടി രൂപയായി വര്‍ധിച്ചെന്നു പറയുന്ന ബജറ്റില്‍, പക്ഷെ വിഭവസമാഹരണത്തിന് യാതൊരു മാര്‍ഗവും പ്രഖ്യാപിച്ചിട്ടില്ല. ബജറ്റ് അവതരണം 61 മിനിറ്റ് നീണ്ടു.
2020-21 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 3.82 ശതമാനത്തിന്റെ ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെന്ന് ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു. വളര്‍ച്ചാനിരക്ക് കുറഞ്ഞു, സംസ്ഥാനത്തിന്റെ പൊതുവരുമാനം 18.77 ശതമാനം ഇടിഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നതിലെ കാലതാമസവും നികുതി ഇനത്തിലെ കുറവും പ്രതികൂലമായി. സംസ്ഥാനത്തിന് വലിയ അളവില്‍ വായ്പ എടുക്കേണ്ടിവരും, അതുവഴി റവന്യുകമ്മി ഗണ്യമായി ഉയരും.
130981.06 കോടി രൂപയുടെ റവന്യുവരവും 147891.18 കോടി രൂപയുടെ റവന്യുചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍, അധികച്ചെലവ് കണക്കാക്കിയിരിക്കുന്നത് 1715.10 കോടിരൂപയാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം ബജറ്റിലുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ വര്‍ഷം 559 കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റുണ്ട്. ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.
നികുതി വര്‍ധനവില്ലാത്ത ബജറ്റില്‍ കടമെടുത്തായാലും മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമുണ്ട്. സര്‍ക്കാരിന് വേണമെങ്കില്‍ ചെലവ് ചുരുക്കി മാറി നില്ക്കാം. എന്നാല്‍ ഇടതുപക്ഷത്തിന്റെ സമീപനം അതല്ല. ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമേ പൊ
തുകടംഎടുക്കാവൂ എന്ന നിബന്ധന കേന്ദ്രം മാറ്റി അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചതും ലോകബാങ്ക് വായ്പയിലും കിഫ്ബിയുടെ പേരിലുള്ള വായ്പയിലുമൊക്കെയാണ് സര്‍ക്കാരിന്റെ കണ്ണ്. 821 പദ്ധതികളിലായി കിഫ്ബി 40100 കോടി രൂപയുടെ പദ്ധതികള്‍ക്കായി അംഗീകാരം നല്‍കിയെന്നും വ്യവസായപാര്‍ക്കുകള്‍ക്കും മറ്റും ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബജറ്റിലെ പദ്ധതികള്‍ തുടരുമെന്നു പ്രഖ്യാപിച്ചതോടെ കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടരുമെന്ന് വ്യക്തം.
സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയായാണ് കിഫ്ബിക്ക് വായ്പകള്‍ ലഭിക്കുക. കേരളത്തിന്റെ റവന്യുവരുമാന സ്രോതസ്സുകള്‍ നിശ്ചലമായ അവസ്ഥയില്‍ വരുംകാലത്ത് കിഫ്ബിയുടെ തിരിച്ചടവ് പ്രതിസന്ധിയിലാവുമെന്ന സാഹചര്യമാണ്. ദീര്‍ഘവീക്ഷണമില്ലാതെ കടംവാങ്ങിയുള്ള സര്‍ക്കാരിന്റെ മുന്നോട്ടു പോക്ക് കേരളത്തെ വന്കടക്കെണിയിലെത്തിക്കുമെന്ന് ബജറ്റ് പ്രസംഗം തന്നെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: