Categories: Defence

നാവികസേന കരുത്താര്‍ജ്ജിക്കുന്നു; മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ആറ് അന്തര്‍വാഹിനി നിര്‍മിക്കുന്നു; പ്രതിരോധ മന്ത്രാലയം ടെന്‍ഡര്‍ നല്‍കി

2019 ജൂണ്‍ 20ന് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള താല്‍പര്യപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Published by

ന്യൂദല്‍ഹി : കരുത്ത് വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു. പ്രോജക്ട് 75-ഇന്ത്യ(പി-75ഐ) പ്രകാരമാണ് ഇപ്പോള്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കാനായി ഒരുങ്ങുന്നത്.  

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപ്പല്‍നിര്‍മാതാക്കളായ മസഗൊണ്‍ ഡോക്ക്സ് ലിമിറ്റഡ്, സ്വകാര്യ നിര്‍മാതാക്കളായ എല്‍ആന്‍ഡ്ടി എന്നിവര്‍ക്ക് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ നല്‍കാനാണ് ഡിഎസി അനുമതി നല്‍കിയിരിക്കുന്നത്.  

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് അഥവാ എസ്പി മോഡലിനു കീഴില്‍ നടപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് -75(ഐ). നേരത്തെ 111 നേവല്‍ യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ സേനയിലേക്ക് എസ്പി മോഡല്‍ വഴി കൂട്ടിച്ചേര്‍ത്തിരുന്നു.

റഷ്യയുടെ റോസോബോറോണ്‍ എക്സ്പോര്‍ട്ട്, ഫ്രാന്‍സിന്റെ ഡിസിഎന്‍എസ്, ടിഎംഎസ്, സ്പെയിന്റെ നവാന്‍ഷ്യ, ദക്ഷിണ കൊറിയയുടെ ദേയ്വൂ എന്നീ കപ്പല്‍നിര്‍മാണ ശാലകളുമായി സംയുക്തമായാണ് എംഡിഎല്ലും എല്‍ആന്‍ഡ് ടിയും ടെന്‍ഡര്‍ സമര്‍പ്പിക്കുക. പ്രോജക്ട് 75 ന്റെ കീഴില്‍ നിലവില്‍ ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ എംഡിഎല്‍ നിര്‍മിക്കുന്നുണ്ട്.  

2019 ജൂണ്‍ 20ന് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നതിനുള്ള താല്‍പര്യപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇവ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts