ശാസ്താംകോട്ട: നൂറ് വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ സ്കൂളാണെങ്കിലും പ്രവേശനോത്സവത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ ഇവിടെ നാല് പേര് മാത്രമാണുള്ളത്. ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പെരുങ്ങാലം ഹയര്‍ സെക്കണ്ടറി സ്കൂളിലെ അവസ്ഥയാണ് ഇത്. ഇന്നലെ വരെ സ്കൂളില്‍ അഡ്മിഷന് എടുത്തത് നാല് പേര് മാത്രമാണ്. സ്കൂളില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയതും പതിനൊന്നു പേരാണ്. പൊതുവിദ്യാലയങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഊറ്റംകൊള്ളുമ്പോഴും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത മൂലം കുട്ടികള്‍ പോകാന്‍ മടിക്കുന്ന ജില്ലയിലെ ഒരു സ്കൂളിന്റെ കഥയാണിത്. കുന്നത്തൂര്‍ മണ്ഡലത്തിലെ മണ്‍ട്രോതുരുത്ത് പഞ്ചായത്തില്‍പ്പെട്ട പരുങ്ങാലത്താണ് സ്കൂള്‍.
പ്രകൃതിക്ഷോഭം ജനജീവിതത്തെ താറുമാറാക്കിയ മണ്ട്രോതുരുത്തിലെ ഒറ്റപ്പെട്ട തുരുത്തിലാണ് സ്കൂള്‍ എന്നത് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കുറയാന്‍ കാരണമാണ്. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കുണ്ടറ മണ്ഡലത്തിലായിരുന്ന സ്കൂള്‍ പിന്നീട് കുന്നത്തൂര്‍ മണ്ഡലത്തിന്റെ പരിധിയിലായി. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ ഒരോ ഡിവിഷന് മാത്രമാണ് ഉള്ളത്. ഈ ക്ലാസുകളിലെല്ലാം പത്തും അതില്‍ താഴയുമാണ് കുട്ടികളുടെ എണ്ണം. സ്കൂള്‍ സ്ഥിതിചെയ്യുന്ന ദ്വീപിന്റെ ഇരുവശവും ആറും കായലുമാണ്. പെരുങ്ങാലത്ത് നിവാസികള്‍ തങ്ങളുടെ കുട്ടികളെ പടിഞ്ഞാറെ കല്ലടയിലും തേവലക്കരയിലും, കോയിവിളയിലും മറ്റുമുള്ള അണ് എയിഡഡ് സ്കൂളുകളിലാണ് വിടുന്നത്.
വള്ളത്തിലിറങ്ങി ഒന്നര കിലോമീറ്ററോളം ഒറ്റയടിപാതയിലൂടെ നടന്ന് ദൂരെ ദിക്കുകളില്‍ നിന്നും സ്കൂളിലെത്തുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥികളില്ലാത്ത സ്കൂളിന്റെ അവസ്ഥയില്‍ നിസ്സഹായരാണ്. എല്‍ഡിഎഫ് മാത്രം ഭരണം നടത്തിയിട്ടുള്ള പഞ്ചായത്തില്‍ നിന്ന് എംഎല്‍എയും മന്ത്രിയും ഉണ്ടായിരുന്നിട്ടും സ്കൂള്‍ നിലവാരത്തില്‍ മാറ്റമുണ്ടാകുന്നില്ല എന്നതാണ് അധ്യാപകരുടെയും തുരുത്ത് നിവാസികളുടെയും പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: