Categories: Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: ആറ് പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചുവിടും, മൂന്ന്​ ഡോക്ടര്‍മാര്‍ക്കെതിരെ അച്ചടക്കനടപടി

കസ്റ്റഡിയിൽ പോലീസ്​ മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്​കുമാറിന്‍റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Published by

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ ഉള്‍പ്പെട്ട ആറ്​ പോലീസുകാരെ പ്രോസിക്യൂട്ട്​ ചെയ്യും. ഇവരെ സർവീസിൽ നിന്നും  പിരിച്ചുവിടാന്‍ സംസ്ഥാന പോലീസ്​ മേധാവിക്ക്​ നിര്‍ദേശം നല്‍കി. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്​ ​സംസ്ഥാന സര്‍ക്കാര്‍ നടപടി. കുറ്റക്കാരെന്ന്​ കണ്ടെത്തിയ മൂന്ന്​ ഡോക്​ടര്‍മാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും.  

കസ്റ്റഡിയിൽ പോലീസ്​ മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്​കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പോ ലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് മരിച്ചു.

കേസിൽ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എസ്‌.ഐ കെ.എ. സാബുവാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡില്‍വെച്ച്‌ പീഡിപ്പിച്ചതാണ് മരണകാരണമെന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ പറഞ്ഞിരുന്നു.

രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. സമാനതകളില്ലാത്ത പോലീസ് പീഡനം നടന്നുവെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക