Categories: Samskriti

പൊയ്‌ക്കുതിരകളുടെ കളിയാട്ടം

സാമൂഹ്യസമത്വത്തിന്റെ ദേവകല്‍പന മാറ്റങ്ങളേതുമില്ലാതെ പിന്തുടരുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിന്റെ പുരാവൃത്തങ്ങളിലൂടെ...

ളിയാട്ടം വൈവിധ്യമാര്‍ന്ന ഉത്സവ കാഴ്ചകളാണ്. മനുഷ്യമനസ്സുകളില്‍ പെയ്തിറങ്ങുന്ന നന്മയുടെ ഞാറ്റുവേലകള്‍. ഇടവപ്പാതിയുടെ വരവറിയിച്ചുകൊണ്ടാണ് മൂന്നിയൂര്‍ കളിയാട്ടം മണ്ണിലും മനസ്സിലും മഴവില്‍ കൊടിയേറ്റ് നടത്താറുള്ളത്.  

മലപ്പുറം ജില്ലയില്‍ കളിയാട്ടം നടക്കുന്ന ഈ നാടിന്റെ പേര് കളിയാട്ടമുക്ക് എന്നു തന്നെയാണ്. കടലുണ്ടിപ്പുഴയുടെ തീരത്ത് മൂന്നിയൂര്‍ പഞ്ചായത്തിലാണ് ഒരായിരം വര്‍ഷത്തെ പഴമയിലേക്ക് നമ്മെ നയിക്കുന്ന ഈ കാവുള്ളത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സാമൂഹ്യജീവിതത്തില്‍ ഭക്തിയുടെ ചാന്തിന്‍ സുഗന്ധത്തോടൊപ്പം മണ്ണിന്‍ ഗന്ധമിയലുന്ന കാര്‍ഷിക പൈതൃകവും കളിയാട്ടം പങ്കുവെയ്‌ക്കുന്നുണ്ട്.  

ഭദ്രകാളി സങ്കല്‍പമെങ്കിലും അമ്മാഞ്ചേരി ഭഗവതി എന്ന നാമധേയമാണ് ദേവിക്ക്. വിളിവെളളി തറവാട്ടു കാരണവരുടെ ഉപാസനാബലത്തില്‍ ഇവിടേക്ക് എഴുന്നള്ളി എന്നാണ് വിശ്വാസം. രോഗദുരിത നിവാരണം, ശത്രുനാശം, സാധുജനസംരക്ഷണം തുടങ്ങി ഭക്തരുടെ ഏത് അഭീഷ്ടവും സാധിപ്പിക്കുന്നതില്‍ അതീവ തല്‍പരയാണ് ദേവിയെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന കാവിലമ്മ ഒരേ സമയം നാടിന്റെ രക്ഷകയും ലോകപാലകിയുമായി ഇവിടെ കുടികൊള്ളുന്നു.  

ശാക്തേയ പൂജകള്‍ പഥ്യമായിട്ടുള്ള ദേവിക്ക് ശ്രീകോവിലില്‍ ബ്രാഹ്മണരുടെ ഉത്തമപൂജയും തിരുമുറ്റത്ത് നായര്‍ വിഭാഗങ്ങള്‍ നിര്‍വഹിക്കുന്ന മധ്യമപൂജയും പതിവുണ്ട്.  

സാമൂഹ്യസമത്വത്തിന്റെ ദേവകല്‍പന

കളിയാട്ടത്തിന് ഇടവത്തില്‍ പതിനേഴ് ദിവസവും മണ്ഡലകാലത്ത് നാല്‍പത് ദിവസവും മാത്രം നട തുറന്നിരിക്കും. ഉഗ്രതപസ്വിയുടെ ദീര്‍ഘസമാധി പോലെ കനത്തനിശ്ശബ്ദതയാണ് കാവില്‍ പിന്നീടുള്ള നാളുകളില്‍.  

ആയിരം വര്‍ഷം പഴക്കമുള്ള ഈ ദേവീ സന്നിധി സാമൂഹ്യസമത്വത്തിന്റെ വിളംബരമോതുന്നു. ദേവകാര്യങ്ങളില്‍ ഓരോ വിഭാഗക്കാരും അവരവരുടെ പങ്ക് നിര്‍വഹിക്കണമെന്ന ദേവകല്‍പന ഇന്നും ഇവിടെ തെറ്റാതെ പാലിക്കപ്പെടുന്നു. ഊരാളസ്ഥാനത്തുള്ള രണ്ടു സ്ഥാനങ്ങളെ മൂത്തപണിക്കര്‍, ഇളയപണിക്കര്‍ എന്നിങ്ങനെ പേരിട്ട് വിളിക്കുന്നു. ഇവരെ കൂടാതെ അഞ്ച് താവഴി നായന്മാര്‍, അഞ്ച് താവഴി ഈഴവര്‍, പെരുമണ്ണാന്‍ വേലന്‍ സമുദായങ്ങള്‍, മൂന്നു താവഴി ആശാരിമാര്‍, പെരിങ്കൊല്ലന്‍, രാശി പണിക്കര്‍, നര്‍ത്തകന്‍ ചേമ്പട്ടി നായര്‍, പെരുമലയന്‍ തുടങ്ങി എല്ലാ ജാതിക്കാരും ഒരുമിച്ചെത്തി വേണം ഒരു കളിയാട്ടം  

പൂര്‍ത്തിയാക്കാന്‍. ഇവര്‍ക്കെല്ലാം പ്രത്യേകം സ്ഥാനങ്ങളും ഉത്തവാദിത്വങ്ങളും കല്‍പ്പിച്ചിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തിലും ഈശ്വരനിശ്ചയത്താല്‍ ഇത് നിര്‍വിഘ്‌നം നടന്നു പോന്നു. ഇന്നും അത് തുടരുന്നു.  

പന്ത്രണ്ടാം നാള്‍ കോഴിക്കളിയാട്ടം  

ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ച കളിയാട്ടം ആരംഭിക്കും. ഇതിന് കാപ്പൊലിക്കുക എന്നാണ് പറയുന്നത്. തുടര്‍ന്ന് എല്ലാ ദിവസവും കളിയാട്ടമുണ്ടാകും. ഇത് രാത്രിയാണ് നടക്കുന്നത്.

കുരുത്തോല, മുള, വാഴനാര്, എന്നിവയ്‌ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്‌ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്. സന്ധ്യയോടു കൂടി തെക്കന്‍ വാതിലില്‍ തിരുമുടി കെട്ടി തിരുമുടിയേന്തി തോറ്റംപാട്ടില്‍ സംപ്രീതയായി ഭഗവതിയുടെ നര്‍ത്തനം വെളിച്ചപ്പാട് തുള്ളല്‍. ഇത് വേലന്‍ പെരുമണ്ണാന്‍ സമുദായക്കാര്‍ നിര്‍വഹിക്കും.  

തെക്കന്‍ വാതിലില്‍ താലപ്പൊലി എടുക്കല്‍, പന്തീരായിരത്തിന് ദ്രവ്യങ്ങളൊരുക്കല്‍, ദേവിയുടെ എഴുന്നള്ളത്തിന് നടത്തം ചൊല്ലല്‍ തുടങ്ങിയവ വേറൊരു വിഭാഗക്കാര്‍ നിര്‍വഹിക്കും.  

കളിയാട്ടത്തിനു വേണ്ടി പാലമരം മുറിക്കല്‍, ഇളമരം നാട്ടല്‍, പൂജാപാത്രങ്ങള്‍ മുതലായ സാമഗ്രികളുണ്ടാക്കല്‍ ആശാരിവിഭാഗക്കാരും മൂഹൂര്‍ത്തം കുറിക്കുന്നതും ഫലം പറയുന്നതും രാശിപ്പണിക്കരും പെരിങ്കൊല്ലന്‍ തന്റെ പങ്കും ഉത്സവത്തിനായി നിര്‍വഹിക്കും.  

പൂജാദ്രവ്യങ്ങള്‍ ഒരുക്കുന്നത് ഊരാളകുടുംബത്തിലെ വ്രതശുദ്ധിയുള്ള സ്ത്രീകളാണ്. ഒരു ദിവസത്തേക്ക് നൂറ്റി ഒന്ന് ഇടങ്ങഴി നെല്ലുകൊണ്ടുള്ള അരി, അവില്‍, മലര്‍, തവിട് എന്നിവയും ചാന്തിന് ആവശ്യമായത്രയും മഞ്ഞള്‍ പൊടിയും കുത്തി ഒരുക്കേണ്ടത് ശ്രമകരമായ ദൗത്യമാണ്.  

കളിയാട്ടത്തിലെ മുഖ്യ ആകര്‍ഷണം പന്ത്രണ്ടാം ദിവസത്തെ കോഴിക്കളിയാട്ടമാണ്. ഇതിന് പകല്‍ കളിയാട്ടമെന്നും പറയുന്നു. ഭക്തര്‍ നേര്‍ച്ചക്കോഴികളെ കൊണ്ടു വന്ന് പ്രദക്ഷിണ വഴിക്ക് പുറത്തുള്ള ബലിത്തറയില്‍ കുരുതി നല്‍കും. ഇതിന് അവകാശികള്‍ നേരത്തേ തയ്യാറായി നില്‍ക്കും.  

കീഴാള മക്കള്‍ക്കാണ്  പൊയ്‌ക്കുതിര കെട്ടി ഇറക്കാനുള്ള അവകാശം. കളിയാട്ടം ആരംഭിച്ചാല്‍ വീടുകളില്‍ കൊട്ടിപ്പാട്ടും കുതിര നിര്‍മാണവുമാണ്. കുതിരപ്പാട്ട് നേരം പുലരും വരെ നടത്തി ഭക്തിയുടെ പാരമ്യത്തില്‍ ഈ ദിവസം കാവിലെത്തും ചെറുതും വലുതുമായ സംഘങ്ങള്‍. നൂറുകണക്കിന് കുതിരകളുമായി പ്രദക്ഷിണം ചെയ്ത് ആചാരങ്ങള്‍ നടത്തും.

ആറ്  മണിയോടെ വരവുകള്‍ അവസാനിച്ചാല്‍ പതിവു പോലെ രാത്രി കളിയാട്ടം തുടങ്ങും. ഇങ്ങനെ പതിനേഴ് നാള്‍ കളിയാട്ടം.

കാഴ്ചപ്പൂരമായി കാര്‍ഷികചന്ത

കോഴിക്കളിയാട്ട ദിവസത്തെ കാര്‍ഷിക ചന്ത മറ്റൊരു കാഴ്ചപ്പൂരമാണ്. വിത്തും വിളകളും, കൃഷി മത്സ്യബന്ധന ഉപകരണങ്ങള്‍, അനുബന്ധസാമഗ്രകളുടെ ശേഖരം ഉള്‍പ്പെടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ വരെ ഇവിടെ വിപണി തേടും. കളിയാട്ടക്കാവിലമ്മയുടെ അനുഗ്രഹനിഗ്രഹശക്തി തിരിച്ചറിഞ്ഞവര്‍ വര്‍ഷാവര്‍ഷം ഇവിടെ എത്തുക തന്നെ ചെയ്യും.  

മഹാമാരിയുടെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുകൊണ്ട്  ഈ വര്‍ഷം ഭക്തര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ചടങ്ങുകള്‍ക്ക് മുടക്കമില്ല.  

കേരളത്തിലെ ശാക്തേയ കാവുകളും വള്ളുവനാട്ടിലും മറ്റുമായി കാണപ്പെടുന്ന പതിനെട്ടരക്കാവുകളും പശ്ചിമതീരഭൂവില്‍ ഓരോ ഗ്രാമവും വാഴുന്ന ഭഗവതിമാരുടെ നിറസാന്നിധ്യവും ഇന്നാട്ടില്‍ ഐശ്വര്യത്തിന്റെ മേടപ്പുലരികള്‍ നമുക്ക് സമ്മാനിക്കുന്നു. ഇത്തരം കാവുകളുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങള്‍ അലംഘനീയ വിധി നിശ്ചയമായി പരിണമിച്ചപ്പോള്‍ മനുഷ്യരിലെ ഉച്ചനീചത്വം ദേവകല്‍പനയാല്‍ മായ്‌ക്കപ്പെട്ടു.  

ആചാരങ്ങള്‍ പിറക്കുന്നതും വളരുന്നതും അമ്മയിലൂടെയാണെന്ന് തിരിച്ചറിയുമ്പോഴാണ് അമ്മദൈവങ്ങള്‍ അധിവസിക്കുന്ന ഇത്തരം കാവുകള്‍ നന്മയുടെ സുഗന്ധം പരത്തുന്നത്. 

രാധാകൃഷ്ണ ശര്‍മ നെച്ചിക്കാട്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക